Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുത്ത പണം തിരികെ ചോദിച്ചതിന് ബന്ധുവിനെ കരിക്കിനേത്ത് ജോസ് മർദിച്ച കേസും പൊലീസ് അട്ടിമറിച്ചു; കേസ് എന്തായെന്ന് ചോദിച്ച് ചെന്ന പരാതിക്കാരനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിരട്ടി; ജോസിന്റെയും കൂട്ടരുടെയും ഗുണ്ടായിസത്തിന് കുട പിടിച്ച് സിപിഎമ്മും

കൊടുത്ത പണം തിരികെ ചോദിച്ചതിന് ബന്ധുവിനെ കരിക്കിനേത്ത് ജോസ് മർദിച്ച കേസും പൊലീസ് അട്ടിമറിച്ചു; കേസ് എന്തായെന്ന് ചോദിച്ച് ചെന്ന പരാതിക്കാരനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിരട്ടി; ജോസിന്റെയും കൂട്ടരുടെയും ഗുണ്ടായിസത്തിന് കുട പിടിച്ച് സിപിഎമ്മും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്വന്തം കടയിലെ കാഷ്യറായിരുന്ന ബിജു പി. ജോസഫ് എന്ന ചെറുപ്പക്കാരനെ ചവിട്ടിക്കൊന്ന് കൊലവിളി നടത്തിയ കേസിൽ മാത്രമല്ല, കിട്ടാനുള്ള പണം തിരികെ ചോദിച്ച ബന്ധുവായ ചെറുപ്പക്കാരനെ പട്ടാപ്പകൽ നൂറുകണക്കിന് ആൾക്കാരുടെ മുന്നിൽ വച്ച് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പഞ്ഞിക്കിട്ട സംഭവത്തിലും കരിക്കിനേത്ത് ജോസിനെ സിപിഎമ്മും പൊലീസും ചേർന്ന് രക്ഷിച്ചു. ലോക്കൽ പൊലീസിലെ എഎസ്ഐ അട്ടിമറിച്ച കേസിന്റെ മർദനമേറ്റ യുവാവിന്റെ പരാതി പ്രകാരം ക്രൈംബ്രാഞ്ചിന് മാറ്റി നൽകിയിട്ടും നീതി ലഭിച്ചില്ല. കേസിന്റെ പുരോഗതി അറിയാൻ നേരിട്ട് ചെന്ന യുവാവിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിരട്ടി വിട്ടുവെന്നും ആരോപണം.

ജനുവരി അഞ്ചിന് രാവിലെ 11.30 നാണ് കൈപ്പട്ടൂർ ഓർത്തഡോക്സ് പള്ളി റോഡിൽ വച്ച് റോബിൻ സി വർഗീസ് എന്ന യുവാവിനെ ജോസും ഗുണ്ടകളും ചേർന്ന് കൈകാര്യം ചെയ്തത്. പള്ളി പിരിഞ്ഞ സമയത്തായിരുന്നു മർദനം. ഗുണ്ടകൾ രണ്ടു പേരും ചേർന്ന് പിടിച്ചു നിർത്തുകയും ജോസ് ഇയാളെ ക്രൂരമായി മർദിക്കുകയുമായിരുന്നു. 2014 ൽ എസ്‌ബിഐ, ഫെഡറൽ ബാങ്ക് ശാഖകൾ മുഖേനെ റോബിൻ, ജോസിന്റെ സഹോദരനും ചങ്ങനാശേരി കരിക്കിനേത്ത് ഉടമയുമായ കെസി വർഗീസിന് 75 ലക്ഷം രൂപ കടമായി നൽകിയിരുന്നു. നാളിതു വരെയായിട്ടും ഒരു പൈസ പോലും തിരികെ നൽകിയിരുന്നില്ല.

കരിക്കിനേത്ത് ടെക്സ്റ്റൈൽസിലെ കൊലപാതകവും കേസുമൊക്കെയായി ഇതിനിടെ വർഗീസ് മുങ്ങി. തിരികെ പൊങ്ങിയപ്പോൾ റോബിൻ വീണ്ടും പണം ചോദിച്ചു. പണം തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ വർഗീസ്, ജോസിനെ ഉപയോഗിച്ച റോബിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്ക് പണം കിട്ടിയേ തീരു എന്ന് റോബിൻ പറഞ്ഞതോടെയാണ് കൊന്നുകളയും എന്നാണ് ജോസ് ഭീഷണി മുഴക്കിയതും. റോബിനും കരിക്കിനേത്ത് സഹോദരങ്ങളും ബന്ധുക്കളുമാണ്. റോബിൻ തനിക്ക് കിട്ടാനുള്ള പണം ചോദിച്ച് വർഗീസിനെ ബുദ്ധിമുട്ടിച്ചതിന്റെ പേരിലായിരുന്നു ജോസ് പകരം ചോദിക്കാനെത്തിയത്.

മർദനമേറ്റ് അവശനിലയിലായ റോബിനെ അന്നു തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം പത്തനംതിട്ട പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ മൊഴിയെടുക്കാൻ പൊലീസ് ചെന്നില്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങിപ്പോയ റോബിനെ പിന്നീട് പത്തനംതിട്ട സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് മൊഴി എടുത്തത്. കേസിന്റെ ചുമതല നൽകിയ എഎസ്ഐ ഹുമയൂൺ തന്നെ അട്ടിമറിക്ക് നേതൃത്വം നൽകി. ആദ്യമെടുത്ത മൊഴി മറച്ചു വച്ച എഎസ്ഐ രണ്ടാമത് റോബിനെ വിളിച്ചു വരുത്തി എടുത്ത മൊഴിയിൽ നിന്ന് സുപ്രധാന ഭാഗങ്ങൾ നീക്കം ചെയ്തിരുന്നു. എന്നിട്ട് ഭീഷണിപ്പെടുത്തി പരാതിക്കാരനെ കൊണ്ട് ഒപ്പിടുവിക്കുകയും ചെയ്തു. കേസ് വായിച്ചു നോക്കാതെ ഒപ്പു വച്ചത് ഷാജു എന്ന എസ്ഐയായിരുന്നു.

പള്ളി പിരിഞ്ഞ സമയത്തായിരുന്നു മർദനം. ഗുണ്ടകൾ രണ്ടു പേരും ചേർന്ന് പിടിച്ചു നിർത്തുകയും ജോസ് ഇയാളെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തിനിടെ റോബിന്റെ രണ്ടു കൈയുടെയും മസിലിന് ഗുരുതരമായി പൊള്ളലേറ്റു. കൈകളിൽ പിടിച്ചിരുന്ന ഗുണ്ടകൾ എന്തോ വസ്തു കൊണ്ട് പൊള്ളലേൽപ്പിക്കുകയായിരുന്നു. സംഭവം നടന്ന അഞ്ചിന് വൈകിട്ട് ആശുപത്രിയിൽ നിന്ന് വിവരം കിട്ടിയത് അനുസരിച്ച് എഎസ്ഐ ഹുമയൂൺ എടുത്ത ആദ്യ മൊഴിയിൽ ഈ വിവരം എല്ലാം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കേസെടുക്കാൻ തയാറായില്ല.

കേസെടുക്കാൻ വൈകുന്നത് സംബന്ധിച്ച് മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് റോബിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. ആദ്യ മൊഴി പൂർണമായും ഒഴിവാക്കിയ എഎസ്ഐ ഹുമയൂൺ വീണ്ടും മൊഴി നൽകാൻ പ്രേരിപ്പിച്ചു. ഇതിൻ പ്രകാരം റോബിൻ നൽകിയ മൊഴിയിൽ പ്രസക്ത ഭാഗങ്ങൾ ഹുമയൂൺ എഴുതിയില്ല. സ്വയം എഴുതി തയാറാക്കിയ മൊഴിയിൽ ഒപ്പിടാൻ റോബിനെ ഇയാൾ നിർബന്ധിച്ചു. മൊഴി പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി ഒപ്പിടാൻ റോബിൻ വിസമ്മതിച്ചു. തന്റെ അഭിഭാഷകൻ പറയാതെ ഒപ്പിടില്ലെന്നായി റോബിൻ. ഇതോടെ ഹുമയൂൺ റോബിനെയും കൂട്ടി കൊടുന്തറയിലുള്ള അഭിഭാഷകന്റെ വീട്ടിലെത്തി. അഭിഭാഷകനും ഹുമയൂണുമായി നേരത്തേ പരിചയം ഉണ്ടായിരുന്നു. അഭിഭാഷകന്റെ സാന്നിധ്യത്തിലും ഒപ്പിടാൻ റോബിനെ ഇയാൾ പ്രേരിപ്പിച്ചു.

അഭിഭാഷകൻ ഒപ്പിടണമെന്നോ വേണ്ടെന്നോ റോബിനോട് പറഞ്ഞില്ല. തുടർന്ന് റോബിനും ഹുമയൂണും അഭിഭാഷകന്റെ വീട്ടിൽ നിന്ന് ഇറങ്ങി. ഈ സമയം, റോബിനെ ഭീഷണിപ്പെടുത്തി മൊഴിയിൽ ഒപ്പു വയ്പിക്കുകയായിരുന്നുവത്രേ. ഇതിനിടെ അഭിഭാഷകൻ റോബിന്റെ ഫോണിൽ വിളിച്ച് ഒരു കാരണവശാലും ഒപ്പിടരുതെന്നും പറഞ്ഞു. തനിക്ക് എഎസ്ഐയുമായി അടുത്ത പരിചയം ഉള്ളതു കൊണ്ടാണ് അയാളുടെ സാന്നിധ്യത്തിൽ ഒന്നും പറയാതിരുന്നതെന്നും അറിയിച്ചു. ഇതിനോടകം ഒപ്പിട്ടു പോയ റോബിൻ ഇനി എഎസ്ഐക്കെതിരേ എസ്‌പിക്ക് പരാതി നൽകി.

അങ്ങനെയാണ് എസ്‌പി കെജി സൈമൺ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് ഏൽപ്പിച്ചു കൊടുത്തത്. ഡിവൈഎസ്‌പിയാകട്ടെ റോബിന്റെ മൊഴി എടുക്കുക മാത്രമേ ചെയ്തുള്ളൂ. പിന്നാലെ കോവിഡും ലോക്ഡൗണുമെത്തി. ഇതിന്റെ പേര് പറഞ്ഞ് കേസ് നടപടികൾ ഒഴിവാക്കി വിട്ടു. കൂടെക്കൂടെ അന്വേഷണ പുരോഗതി തേടി ചെന്ന റോബിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിരട്ടുകയായിരുന്നു. തനിക്ക് നേരെ ഡിവൈഎസ്‌പി തട്ടിക്കയറിയെന്നും റോബിൻ പറയുന്നു. സിപിഎം അംഗമാണ് റോബിൻ. അടൂരിൽ നിന്നുള്ള സിപിഎം ജില്ലാ നേതാക്കൾ ഇടപെട്ടാണ് കേസ് അട്ടിമറിച്ചത്. പാർട്ടിയിൽ നിന്നുള്ള സമ്മർദം കാരണമാണ് അന്വേഷണം ഇഴയുന്നത് എന്നാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നു തന്നെയുള്ള വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP