Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഴകുളം കിഴക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു; സിപിഎമ്മിന്റെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് തിരിച്ചടി; തട്ടിപ്പിൽ ഉത്തരവാദിത്തമുള്ള സെക്രട്ടറി ഇൻ ചാർജിനെ രക്ഷിക്കാനുള്ള നീക്കം പാളി; തട്ടിപ്പിന് പ്രേരിപ്പിച്ചത് സെക്രട്ടറി ഇൻ ചാർജെന്ന മൊഴി നൽകാനുറച്ച് പ്രതിയായ പ്യൂൺ

പഴകുളം കിഴക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു; സിപിഎമ്മിന്റെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് തിരിച്ചടി; തട്ടിപ്പിൽ ഉത്തരവാദിത്തമുള്ള സെക്രട്ടറി ഇൻ ചാർജിനെ രക്ഷിക്കാനുള്ള നീക്കം പാളി; തട്ടിപ്പിന് പ്രേരിപ്പിച്ചത് സെക്രട്ടറി ഇൻ ചാർജെന്ന മൊഴി നൽകാനുറച്ച് പ്രതിയായ പ്യൂൺ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യുഡിഎഫ് ഭരണ സമിതി പിരിച്ചു വിട്ട് സിപിഎം നേതൃത്വത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി ഭരണം ഏറ്റതിന് പിന്നാലെ കോടികളുടെ തട്ടിപ്പ് നടന്ന പഴകുളം സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറി ഇൻ ചാർജിനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചടിക്കുന്നു. പ്രതികളായ ബാങ്ക് മാനേജർക്കും പ്യൂണിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതാണ് സിപിഎമ്മിന് തിരിച്ചടിയായിരിക്കുന്നത്. കുറ്റം മുഴുവൻ വനിതാ മാനേജർ ഷീല ജയകുമാർ, പ്യൂൺ മുകേഷ് ഗോപിനാഥ് എന്നിവരുടെ തലയിൽ അടിച്ചു കൊണ്ട് സിപിഎമ്മിന്റെ സന്തത സഹചാരിയായ സെക്രട്ടറി ഇൻ ചാർജ് പ്രസന്നകുമാറിനെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നീക്കമാണ് സിപിഎം നടത്തിയത്.

എന്നാൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രസന്നനെയും അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗത്തെയും പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള മൊഴി നൽകാൻ മുകേഷ് തയ്യാറെടുത്തിരിക്കുകയാണ്. ബാങ്കിന്റെ അടൂർ ഹൈസ്‌കൂൾ ജങ്ഷനിലുള്ള ശാഖയിൽ നിന്നും 45 ലക്ഷം രൂപ പ്യൂൺ മുകേഷ് ഗോപിനാഥ് തട്ടിയെടുത്തുവെന്ന് കാട്ടി അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ, ഇതിലൊക്കെ വലിയ തുക ബാങ്കിൽ നിന്ന് നഷ്ടമായിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. മൂടി വയ്ക്കാൻ ശ്രമിച്ച തട്ടിപ്പ് മാധ്യമങ്ങൾ പുറത്തു കൊണ്ടു വന്നു. ഇതോടെ സെക്രട്ടറി ഇൻ ചാർജ് പ്രസന്നനെ രക്ഷിക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമായി.

അതിന് വേണ്ടിയാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ, പൊലീസിന് പിടികൊടുക്കാതെ മുകേഷും മാനേജർ ഷീലയും ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം സമ്പാദിച്ചു. ഇവരുടെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് കോടതി തടഞ്ഞിരിക്കുകയുമാണ്. ഇതോടെയാണ് സിപിഎമ്മിന് തിരിച്ചടി നേരിട്ടത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ, തട്ടിയെടുത്ത പണം എങ്ങനെയും തിരികെ അടപ്പിച്ച് വിവാദത്തിൽ നിന്ന് തലയൂരാൻ സിപിഎം മുകേഷിന്റെ കൈയും കാലും പിടിക്കേണ്ട ഗതികേടിലാണ്. തട്ടിയെടുത്തതായി പറയുന്ന 45 ലക്ഷത്തിൽ ചെറിയൊരു തുക മാത്രമാണ് തന്റെ പക്കലെന്നും സെക്രട്ടറി ഇൻ ചാർജ്, ഡയറക്ടർ ബോർഡ് അംഗം തുടങ്ങി മറ്റു ചിലരുടെ കൈയിലാണ് ശേഷിച്ച തുകയെന്നുമാണ് മുകേഷിന്റെ നിലപാട്. തന്റെ കൈവശം വെറും 15 ലക്ഷം രൂപ മാത്രമാണുള്ളത്. അതു മാത്രമേ തിരിച്ചു നൽകാൻ കഴിയൂ. ബാക്കി കൈപ്പറ്റിയവർ തിരികെ കൊണ്ടു നൽകട്ടെയെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുകേഷ്.

തട്ടിപ്പിന്റെ ഉത്തരവാദിത്തം സെക്രട്ടറി ഇൻ ചാർജിൽ നിന്നൊഴിവാക്കി ബിജെപിക്കാരനായ മുകേഷ്, കോൺഗ്രസുകാരിയായ മാനേജർ ഷീല എന്നിവരുടെ തലയിൽ കെട്ടിവച്ച് എളുപ്പം തലയൂരാമെന്നായിരുന്നു ബാങ്കിന്റെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി വിചാരിച്ചിരുന്നത്. മുകേഷും ഷീലയും അറസ്റ്റിലാകുന്നതോടെ തട്ടിപ്പിന്റെ പാപഭാരം സെക്രട്ടറി ഇൻ ചാർജ് പ്രസന്നകുമാറിന്റെ തലയിൽ നിന്നൊഴിവാകുമെന്നും സഹകാരികൾക്ക് മുന്നിൽ മുഖം രക്ഷിക്കാമെന്നും സിപിഎം കരുതി. എന്നാൽ, ഹൈക്കോടതി പ്രതികളുടെ അറസ്റ്റ് തടഞ്ഞത് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിക്കും സിപിഎമ്മിനും തിരിച്ചടിയായി. മുകേഷിന്റെ മൊഴിയനുസരിച്ചാകും കേസിന്റെ മുന്നോട്ടുള്ള പോക്ക്.

സെക്രട്ടറി ഇൻ ചാർജിനും അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങൾക്കും തട്ടിപ്പിലുള്ള പങ്ക് മുകേഷ് നേരത്തേ പറഞ്ഞിരുന്നു. ആ നിലപാടിൽ അദ്ദേഹം ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. മാനേജർ ഷീലയ്ക്ക് തട്ടിപ്പ് സംബന്ധിച്ച് അറിയില്ലായിരുന്നുവെന്ന് നേരത്തേ തന്നെ മുകേഷ് പറഞ്ഞിരുന്നു. ഇക്കാര്യം മുദ്രപത്രത്തിൽ എഴുതി നൽകുകയും ചെയ്തിരുന്നു. എന്നിട്ടും അവരെ പ്രതിയാക്കുകയും തുല്യഉത്തരവാദിത്തമുള്ള സെക്രട്ടറി ഇൻ ചാർജിനെ ഒഴിവാക്കുകയും ചെയ്തു. സെക്രട്ടറി ഇൻ ചാർജിന് പങ്കുണ്ടെന്ന മൊഴി അന്വേഷണ സംഘത്തിന് മുൻപാകെ മുകേഷ് നൽകിയാൽ അദ്ദേഹത്തെയും പ്രസന്നനെയും പ്രതി ചേർക്കാതിരിക്കാൻ നിർവാഹമില്ല.

എത്ര രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. മുകേഷ് തട്ടിയെടുത്ത പണത്തിന്റെ കണക്ക് മാത്രംകാണിച്ചാണ് പൊലീസിൽ ബാങ്ക് അധികൃതർ പരാതി നൽകിയിരുന്നത്. 45 ലക്ഷം രൂപ തട്ടിയെന്നാണ് ആ പരാതിയിലുള്ളത്. യഥാർഥത്തിൽ അതിന്റെ ഇരട്ടി തുകയാണ് തട്ടിയെടുത്തിട്ടുള്ളത് എന്നാണ് സൂചന. ബാങ്കിലെ ഓഡിറ്റിങിലും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലും ഇക്കാര്യം വ്യക്തമാണ് എന്നാണ് അറിയുന്നത്. അതു കൂടി തട്ടിപ്പിന്റെ കണക്കിലെഴുതിയാൽ കൂടുതൽ പ്രതികൾ കേസിലുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP