Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരള ചരിത്രത്തിൽ മറ്റൊരു ഇടതുപക്ഷ സർക്കാരും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി; രാജിയല്ലാതെ മറ്റ് മാർഗമില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം; ചുറ്റിവളഞ്ഞ് കേന്ദ്ര ഏജൻസികളും; രാജിവെക്കില്ലെന്ന് ആവർത്തിക്കുമ്പോഴും സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് അന്വേഷണം ഇനി ആരിലേക്ക് എന്ന ചോദ്യം; ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടന്ന പിണറായിക്കും കാലിടറുന്നു

കേരള ചരിത്രത്തിൽ മറ്റൊരു ഇടതുപക്ഷ സർക്കാരും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി; രാജിയല്ലാതെ മറ്റ് മാർഗമില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം; ചുറ്റിവളഞ്ഞ് കേന്ദ്ര ഏജൻസികളും; രാജിവെക്കില്ലെന്ന് ആവർത്തിക്കുമ്പോഴും സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് അന്വേഷണം ഇനി ആരിലേക്ക് എന്ന ചോദ്യം; ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടന്ന പിണറായിക്കും കാലിടറുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഒരു ഇടതുപക്ഷ സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പിണറായി വിജയൻ സർക്കാർ കടന്നുപോകുന്നത്. സോളാർ കേസിൽ യുഡിഎഫ് സർക്കാർ ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുമ്പോളും എല്ലാ ധാർമ്മിക ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ തയ്യാറായി ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു എങ്കിൽ, ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടതോടെ ആവനാഴിയിലെ എല്ലാ അമ്പുകളും നഷ്ടപ്പെട്ട നിലയിലായിരുന്നു ഇടത് മുന്നണി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ആവർത്തിക്കുമ്പോഴും അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് എത്തില്ലെന്ന വിശ്വാസത്തിലായിരുന്നു എൽഡിഎഫ്. എന്നാൽ എം ശിവശങ്കറിന്റെ അറസ്റ്റോടെ എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന സർക്കാരും ഇടത് മുന്നണിയും. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കുമോ അതോ ഇനിയും ആ സ്ഥാനത്ത് തുടർന്ന് പാർട്ടിയേയും മുന്നണിയേയും സർക്കാരിനെയും കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്ന് മുഖ്യമന്ത്രിയുടെയും സിപിഎമ്മും ആവർത്തിക്കുമ്പോഴും സോളാർ വിവാ​ദകാലത്ത് ഇടത് മുന്നണി ഉയർത്തിയ മുദ്രാവാക്യങ്ങളാണ് ഇപ്പോൾ ഇടത്പക്ഷത്തെ തിരിഞ്ഞുകുത്തുന്നത്. സോളാർ തട്ടിപ്പ് കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ടെനി ജോപ്പനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം രം​ഗത്തെത്തിയിരുന്നു. 2013 ആ​ഗസ്റ്റ് 12ന് ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം ആരംഭിച്ചിരുന്നു. സർക്കാർ ഖജനാവിന് ഒരു പൈസയുടെ പോലും നഷ്ടമുണ്ടാകാത്ത കേസ് ആയിരുന്നിട്ടും ധാർമ്മികത ഉയർത്തിക്കാട്ടിയായിരുന്നു അന്ന് ഇടതുപക്ഷം ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടത്. എന്നാലിപ്പോൾ ഖജനാവിന് നഷ്ടം മാത്രമല്ല, രാജ്യദ്രോഹകുറ്റം വരെ ഉൾപ്പെടുന്ന സ്വർണക്കടത്ത് കേസിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന തെളിവുകൾ പുറത്ത് വരുന്നത്.

ആരോപണം ഉയർന്നപ്പോൾത്തന്നെ പ്രിൻസിപ്പൽ സെക്രട്ടറിയെ തത്‌സ്ഥാനത്തുനിന്ന് മാറ്റി. പിന്നീട് സസ്പെൻഡ് ചെയ്തു. അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന വിശദീകരണമാണ് സർക്കാരും പാർട്ടിയും നൽകുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായിരുന്നപ്പോൾ ചെയ്ത കാര്യങ്ങളാണ് കുറ്റകൃത്യത്തിന്റെ പട്ടികയിൽ വരുന്നത് എന്നതിനാൽ ഇത്തരം വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

രാജിയില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിപിഎം നേതൃത്വം ആവർത്തിക്കുമ്പോഴും അന്വേഷണം ഇനി ആരിലേക്ക് എന്ന ചോദ്യം സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകും. നിയമസഭാ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ വളരെ അടുത്തെത്തി. നാണം കെട്ട് രാജിവെച്ച് പുറത്ത് പോകുന്നതിലും ഭയാനകമാകും എന്നചിന്തയും നേതൃത്വത്തിനുണ്ട്.

രാജി അല്ലാതെ സന്ധിയില്ലെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജാവ് നഗ്നനായി മാറിയെന്ന് അ​ദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണേണ്ടി വരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർ നേരത്തെ ഒളിച്ചുകളി നടത്തിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവും. മുഖ്യമന്ത്രിയെയും കസ്റ്റഡിയിൽ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രം​ഗത്തെത്തി. എം ശിവശങ്കറിന്റെ അറസ്റ്റോടുകൂടി പിണറായി വിജയൻ പ്രതിക്കൂട്ടിലായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന് നിയമപരമായും ധാർമ്മികമായും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. ജനവികാരം മാനിച്ച് അദ്ദേഹം രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കിയതോടുകൂടി അടുത്ത അന്വേഷണം വരാൻ പോകുന്നത് പിണറായി വിജയനിലേക്ക് തന്നെയാണ്. ഇതിന്റെ ഒന്നാംപ്രതി പിണറായി വിജയനായി മാറുകയാണ് എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയെ തിരുത്താനുള്ള ആർജവം സിപിഎമ്മിനില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പാർട്ടി സെക്രട്ടറി തന്നെ മകന്റെ കേസുമായി ഉഴലുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'തുടക്കം മുതൽ ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്പ്രിഗ്ളർ വന്നപ്പോൾ ശിവശങ്കറെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഞങ്ങൾ ശിവശങ്കറിനെ മാറ്റിനിർത്തിയില്ലേയെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുള്ളവരിലേക്കും അന്വേഷണം നീളും'.

എങ്ങനെയാണ് മുഖ്യമന്ത്രിക്ക് പീലാത്തോസിനെ പോലെ കൈ കഴുകാനാകുന്നത്. ശിവശങ്കർ മുഖ്യന്ത്രിയുടെ മനസാക്ഷി സുക്ഷിപ്പുകാരൻ. അതുകൊണ്ടാണ് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടപ്പോഴും മാറ്റാതിരുന്നത്. നേരത്തെ പറഞ്ഞതൊന്നും ഓർമ്മയില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. സ്വപ്നയെ അറിയില്ലെന്ന് ആദ്യം പറഞ്ഞു. ഇനി ശാകുന്തളത്തിലേത് പോലെ മുദ്ര മോതിരം തെളിവായി കാണണമായിരിക്കുമെന്നും ചെന്നിത്തല പരിഹസിച്ചു. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയതോടെ മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അടുത്തുവെന്നും ചെന്നിത്തല ആരോപിച്ചു.

താനുന്നയിച്ച ഓരോ ആരോപണവും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതാണ്. ബെവ്ക്യു അഴിമതി, ഇ മൊബീലിറ്റി പദ്ധതി, പമ്പ മണൽക്കടത്ത് അഴിമതി എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതാണ്. താൻ പറഞ്ഞത് പോകട്ടേ, മുന്നണിയിലെ രണ്ടാമത്തെ കക്ഷി സിപിഐയുടെ സംസ്ഥാന സെക്രട്ടറി നേരിട്ടും കത്തിലൂടെയും ശിവശങ്കറിനെ മാറ്റാൻ ആവശ്യപ്പെട്ടു. അന്നും തയ്യാറായില്ല. അപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയതുകൊണ്ടല്ലേ ശിവശങ്കറെ മാറ്റാതിരുന്നത് എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

മുഖ്യമന്ത്രിയെ തിരുത്താനുള്ള ആർജവം സിപിഎമ്മിനില്ല. പാർട്ടി സെക്രട്ടറി തന്നെ മകന്റെ കേസുമായി ഉഴലുകയാണ്. രണ്ട് മന്ത്രിമാർക്ക് യുഎഇ കോൺസുലേറ്റുമായി അനധികൃത ബന്ധമുണ്ടെന്ന് തെളിഞ്ഞു. കോവിഡ് പറഞ്ഞ് സമരങ്ങളെ അടിച്ചമർത്തുന്നത് ഇനി നടപ്പില്ല. പ്രതിപക്ഷം സമരം തുടരും. വരും ദിവസങ്ങളിൽ പലവിധത്തിൽ സമരം നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പ്രക്ഷോഭവുമായി യുവജന സംഘടനകൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. പലയിടത്തും പ്രതിഷേധ മാർച്ച് അക്രമാസക്തമായി. യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും നേതൃത്വത്തിലാണ് പ്രതിഷേധ സമരങ്ങൾ നടക്കുന്നത്. ക്ളിഫ് ഹൗസിനും സെക്രട്ടറിയേറ്റിനും മുന്നിൽ മുദ്രാവാക്യം വിളിയുമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് ഇവർ ക്ളിഫ് ഹൗസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷിന്റെ കള്ളപ്പണത്തിന് മുഖ്യമന്ത്രിയും ശിവശങ്കറും കാവൽക്കാരാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അജണ്ടക്കനുസരിച്ച് കോവിഡ് ടെസ്റ്റുകൾ കൂട്ടുകയും കുറക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ സർവ്വാധികാരിയായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറിയെ കള്ളപ്പണത്തിന്റെ കാവൽക്കാരനായി മുഖ്യമന്ത്രി മാറ്റിയെന്നും ഇതൊരു അധോലോക സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

​ഗുരുതര ആരോപണങ്ങളുയർത്തി ബിജെപി

സ്വർണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി തവണയാണ് കസ്റ്റംസിനെ വിളിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാഗേജ് ലഭിക്കാതെ വന്നപ്പോൾ ഉദ്യോഗസ്ഥരെ ശിവശങ്കർ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞതെന്നും കെ സുരേന്ദ്രൻ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

'ഈ സംഭവം ഉണ്ടായപ്പോൾ എന്റെ സോഴ്സ് വെച്ച് കസ്റ്റംസിലെ ചിലരെ വിളിച്ചു. പരിഭ്രമത്തോടെയാണ് അവർ സംസാരിച്ചത്. പിന്നീട് മറ്റ് ചില ഉദ്യോഗസ്ഥരെ കൂടി വിളിച്ച് അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്നാണ് അറിഞ്ഞത്. അത് ആരോപണം എന്ന് മാത്രമായിരുന്നു എന്ന് അന്ന് പലരും പറഞ്ഞു. ഇടതുപക്ഷം ഇതിന്റെ പേരിൽ എന്നെ വേട്ടയാടി. മുഖ്യമന്ത്രിയുടെ ഓഫീസ് പല തവണ ബാഗേജ് വിട്ടുകിട്ടാൻ ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് ശിവശങ്കർ ഭീഷണിപ്പെടുത്തി. ഇതൊക്കെ സംബന്ധിച്ച ഡിജിറ്റൽ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ആരോപണം ഉന്നയിച്ചപ്പോൾ ഇതുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ കൊണ്ട് മുഖ്യമന്ത്രി ആരും വിളിച്ചില്ലെന്ന് പറയിപ്പിച്ചു. ആയിരം തവണ അദ്ദേഹം അത് അതാവർത്തിച്ചു. ഒരു തവണയല്ല പല തവണ മുഖ്യമന്ത്രിയുടെ ഓഫീസ് ബാഗേജ് കിട്ടാൻ വിളിച്ചു,'- കെ സുരേന്ദ്രൻ പറഞ്ഞു.

എല്ലാവരും കൈവിട്ടതോടെ എല്ലാം തുറന്ന് പറഞ്ഞ് ശിവശങ്കരൻ

നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമോയിൽ പറയുന്നു. സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമോയിൽ പറയുന്നു. ഒക്ടോബർ 15ന് നൽകിയ മൊഴിയിൽ താൻ കസ്റ്റംസിനെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചുവെന്നാണ് അറസ്റ്റ് മെമോയിൽ കാണുന്നത്. ഇതിന് മുമ്പ് സമാനമായ രീതിയിൽ 21 തവണ വന്ന ഡിപ്ലോമാറ്റിക് കാർഗോ വിട്ട് നൽകാനും ശിവശങ്കർ തന്റെ അധികാരം ഉപയോഗിച്ച് ഇടപെട്ടിരിക്കാം എന്ന് ഇഡി അനുമാനിക്കുന്നു. ഈ ബാഗേജുകളിൽ സ്വർണ്മമായിരുന്നിരിക്കാം. പക്ഷേ പരിശോധന നടത്താത്തിനാൽ ആർക്കും ഇക്കാര്യത്തിൽ ഒന്നും പറയാൻ കഴിയുന്നില്ല.

കള്ളക്കടത്തു കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടിൽ ശിവശങ്കർ താല്പര്യം കാണിച്ചുവെന്നത് കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നതിൽ സംശയം ഉണ്ടെന്നും അറസ്റ്റ് മെമോയിൽ പറയുന്നുണ്ട്. 2019-20 കാലയളവിൽ 21 തവണയാണ് ഇത്തരത്തിൽ ഇടപാട് നടന്നിട്ടുള്ളത്. ഇതിലെല്ലാം ശിവശങ്കറിന്റെ സഹായമുണ്ടായിട്ടുണ്ട്. കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കടത്തിന് കൂട്ടുനിന്നതെന്നതിലൂടെ കള്ളപ്പണ ഇടപാടിൽ ശിവശങ്കറും കുറ്റക്കാരനാണ്.

നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വർണം കടത്തിയതിന് സരിത് പി.എസ്, സ്വപ്ന പ്രഭ സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയുന്ന നിയമപ്രകാരം സെക്ഷൻ 16,17, 18 വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഈ കേസിന്റെ ഇതുവരെയുള്ള അന്വേഷത്തിൽ നിന്ന് സരിത്ത്.പി.എസ്, സ്വപ്ന സുരേഷ്, ഫൈസൽ ഫരീദ്, സന്ദീപ് നായർ എന്നിവർ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയവയിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. ഇതിൽ നിന്നും കണ്ടെത്തിയ വാട്‌സാപ്പ് ചാറ്റുകളിൽ നയതന്ത്ര ബാഗേജ് പരിശോധന കൂടാതെ വിട്ടുനൽകാനായി കസ്റ്റംസ് അധികൃതരോട് ആവശ്യപ്പെടണമെന്ന് ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെടുന്നുണ്ടെന്ന് അറസ്റ്റ് മെമോ പറയുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിനായി സ്വപ്നയെ സഹായിക്കാനായി ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി നല്ല നിലയിൽ അല്ലാതിരുന്ന സ്വപ്നയെ നല്ല ജോലി ലഭിക്കുന്നതിന് സഹായിച്ചിട്ടുള്ളതായി ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. വേണുഗോപാൽ സമർപ്പിച്ച വാട്‌സാപ്പ് ചാറ്റിൽ സ്വപ്നയുടെ ബാങ്ക്‌ലോക്കറിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ വേണുഗോപാൽ ശിവശങ്കറുമായി പങ്കുവെച്ചിരുന്നുവെന്ന് വ്യക്തമാണെന്നും അറസ്റ്റ് മെമോയിൽ പറയുന്നു

സി.എയുമൊത്തുള്ള സ്വപ്നയുടെ ജോയിന്റ് അക്കൗണ്ടിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയും മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നതായി ശിവശങ്കറിന്റെ പ്രവൃത്തികളിൽനിന്ന് വ്യക്തമാണ്. സി.എയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങളിൽ ശിവശങ്കറിന് താൽപര്യമുണ്ടായിരുന്നു. എൻ.ഐ.എ. സ്വപ്നയുടെ ലോക്കറിൽനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കാര്യത്തിൽ ഉൾപ്പെടെയാണിത്. ഒരുപക്ഷെ ഈ പണം ശിവശങ്കറിന്റേതാകാനും സാധ്യതയുണ്ട്.

കേരളത്തിൽ വളരെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കർ. കുറ്റകൃത്യത്തിലൂടെ സമാഹരിച്ച പണം വിനിയോഗിച്ചതിനെ കുറിച്ചും ഒളിപ്പിച്ചുവെച്ചതും അടക്കം അറിയാൻ കൂടുതൽ അന്വേഷണം നടത്തുന്നതിന് ശിവശങ്കറിനെ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെയും സമാഹരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ, നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ വലിയ അളവിൽ പണം സമാഹരിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണവുമായി സഹകരിക്കാൻ നിരവധി അവസരം നൽകിയിരുന്നു. എന്നാൽ നിസ്സഹകരിക്കുന്ന നിലപാടാണ് ശിവശങ്കർ സ്വീകരിച്ചത്. ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറുകയോ വഴിതെറ്റിക്കുന്ന മറുപടികൾ നൽകുകയോ ചെയ്തു. സത്യം പറയാൻ ശിവശങ്കർ തയ്യാറാകുന്നില്ല. ഇതുവരെ ശേഖരിച്ച തെളിവുകളുടെയും പി.എംഎ‍ൽഎ. നിയമത്തിലെ സെക്ഷൻ 50 പ്രകാരം വിവിധ വ്യക്തികളിൽനിന്ന് എടുത്ത മൊഴികളുടെയും അടിസ്ഥാനത്തിൽ, ശിവശങ്കർ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും അറസ്റ്റ് മെമോ പറയുന്നു.

രാജി വെക്കില്ലെന്ന് സിപിഎം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിൽ സർക്കാരിനോ പാർട്ടിക്കോ ഉത്കണ്ഠയില്ലെന്ന് സിപിഎം. നേതാവ് എം വി ഗോവിന്ദൻ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും അദ്ദേഹം തള്ളി. 120 ദിവസമായി പ്രതിപക്ഷം പറയുന്നത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ്. അതിൽ ഇപ്പോൾ ഒരു പുതുമയുമില്ല. മുഖ്യമന്ത്രി തുടക്കം മുതലേ ഏതന്വേഷണവും നടക്കട്ടെയെന്ന് പറഞ്ഞിട്ടുണ്ട്. ഉപ്പുതിന്നവൻ വെള്ളംകുടിക്കട്ടെയെന്നും മടിയിൽ കനമുള്ളവനേ ഭയപ്പെടാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞതാണ്. അത് വെറുതെ പറഞ്ഞതല്ല.

സ്വർണക്കടത്ത് പ്രശ്നം ഉയർന്നുവന്ന ആദ്യഘട്ടത്തിൽ തന്നെ ഐ.എ.എസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിനെ മാറ്റി. കൃത്യമായ വിവരം വന്നപ്പോൾ സസ്പെൻഡ് ചെയ്തു. സർക്കാരുമായി അദ്ദേഹത്തിന് ഇപ്പോൾ ഒരു ബന്ധവുമില്ല. പിന്നെ ധാർമികമായ ഉത്തരവാദിത്തത്തെ കുറിച്ച് പറയുകയാണെങ്കിൽ ആ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുമല്ലോ. ഐ.പി.എസ്- ഐ.എ.എസ് എന്നത് കേന്ദ്രകേഡർ ആണ്.

ഏതൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്നതൊക്കെ കോടതിയിൽ നിന്നും വരട്ടെ. അതിൽ ഉത്കണ്ഠയില്ല. പുതിയ പുതിയ ആരോപണങ്ങളും വാർത്തകളും അതിൽ നിന്നും വരുന്ന മൊഴികളും അറസ്റ്റും എല്ലാം നടക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥനായ അനീഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ അത് ആയുധമാക്കിയിരുന്നില്ലെ എന്ന ചോദ്യത്തിന് അതിനൊക്കെ അന്നും മറുപടി തന്നിട്ടുണ്ടെന്നായിരുന്നു ഗോവിന്ദന്മാസ്റ്റർ പറഞ്ഞത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന് പറയുന്നത് അന്നും ഇന്നും അസംബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന് അന്നും ഇന്നും പറയുന്നത് അസംബന്ധമാണ്. മൊഴി മാത്രം ഉണ്ടായാൽ പോരല്ലോ. മൊഴിയല്ലല്ലോ അടിസ്ഥാനമാകുന്നത്. മൊഴിയുടെ മേൽ പരിശോധന നടത്തട്ടെ വിവരം പുറത്തുവരട്ടെ. കെട്ടിച്ചമച്ചതാണെന്നും അല്ലെന്നും ഞങ്ങൾ പറയുന്നില്ല. എല്ലാം പരിശോധിക്കട്ടെ എന്നാണ് പറയുന്നത്. അതിനിടെ ധാർമികതയുടെ പേര് പറഞ്ഞ് വിരട്ടാൻ നോക്കണ്ട. അവസാന വിധി ഇപ്പോൾ പറയാൻ പറ്റില്ല. ഈ മൊഴി ശരിയോ തെറ്റോ എന്നൊന്നും പറയാൻ പറ്റില്ല. ജുഡീഷ്യൽ പരിശോധനയ്ക്ക് മുന്നിൽ വരട്ടെ. കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കട്ടെ.

ഏതെങ്കിലും ഒരു പ്രതിയെ സംരക്ഷിക്കേണ്ട ഒരു ഉത്തരവാദിത്തവും സിപിഐ.എമ്മിനില്ല. കൂടുതൽ തെളിവുകൾ പുറത്തുവരട്ടെ. ഒരു ഉത്കണ്ഠയും ഇക്കാര്യത്തിൽ സിപിഐ.എമ്മിനില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുമായി ഇതിന് ബന്ധമില്ലാത്തിടത്തോളം കാലം സിപിഐ.എം പ്രതിരോധത്തിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP