Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത്തവണയും എൻഡിഎ എന്ന് ശശി തരൂർ; കടിച്ചാൽ പൊട്ടാത്ത വാക്കുമായി എത്താറുള്ള എംപി ഇക്കുറി എത്തിയത് ചുരുക്കെഴുത്തിന്റെ പൂർണരൂപവുമായി

ഇത്തവണയും എൻഡിഎ എന്ന് ശശി തരൂർ; കടിച്ചാൽ പൊട്ടാത്ത വാക്കുമായി എത്താറുള്ള എംപി ഇക്കുറി എത്തിയത് ചുരുക്കെഴുത്തിന്റെ പൂർണരൂപവുമായി

മറുനാടൻ ഡെസ്‌ക്‌

കേന്ദ്രം ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഇം​ഗ്ലീഷ് ചുരുക്കെഴുത്താണ് എൻഡിഎ. ഇപ്പോഴിതാ, എൻ.ഡി.എയ്ക്ക് പുതിയ നിർവചനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എംപി. എൻ.ഡി.എ. എന്നാൽ നോ ഡേറ്റ അവെയ്‌ലബിൾ (No Data Available) ആണെന്നാണ് ശശി തരൂരിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് ആരോ​ഗ്യസേതു ആപ്പ് സംബന്ധിച്ച വിവാ​ദം ഉയർത്തിക്കാട്ടി തരൂർ കേന്ദ്രസർക്കാരിനെ പരിഹസിച്ചിരിക്കുന്നത്.

പതിവുപോലെ ഇപ്രാവശ്യവും ഒരു വിവരവും കേന്ദ്രസർക്കാരിൽനിന്ന് ലഭ്യമല്ല. പക്ഷെ, ഇത്തവണ ഇങ്ങനെ സംഭവിച്ചതിൽ തനിക്കാശ്ചര്യമുണ്ടെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. കേന്ദ്രസർക്കാർ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും നിർബന്ധിതമാക്കുകയും ചെയ്ത ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചെടുത്തതാരാണെന്ന കാര്യത്തെ കുറിച്ച് കേന്ദ്രസർക്കാരിന് യാതൊരറിവുമില്ല എന്നത് സൂചിപ്പിച്ചാണ് ശശി തരൂരിന്റെ പരിഹാസം.

കേന്ദ്ര സർക്കാരിന്റെ വിവരാവകാശ രേഖയിലാണ് ആരാണ് ആപ്പ് കണ്ടുപിടിച്ചതെന്ന് അറിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. സാമൂഹ്യപ്രവർത്തകനായ സൗരവ് ദാസ് ആണ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നത്. ആപ്പ് നിർമ്മിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച വിവരങ്ങൾ, ഇതിന്റെ അനുമതി സംബന്ധിച്ച വിവരങ്ങൾ, നിർമ്മിച്ച കമ്പനിയുടെ പേര്, ആപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തികളും സർക്കാർ വകുപ്പുകളും, ആപ്പ് ഡവലപ് ചെയ്യുന്നതിനായി പ്രവർത്തിച്ചവരുമായി നടന്നിട്ടുള്ള ആശയവിനിമയത്തിന്റെ പകർപ്പുകൾ തുടങ്ങിയവയായിരുന്നു വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ വിവിധ വകുപ്പുകൾ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ തട്ടിക്കളിക്കുകയായിരുന്നെന്നാണ് ആരോപണം. ചോദ്യത്തിന് ഐടി മന്ത്രാലയവും മറുപടി നൽകാൻ തയ്യാറായില്ല. തങ്ങളുടെ വിഭാഗവുമായി ബന്ധമുള്ളതല്ല ഈ ചോദ്യമെന്ന് ചൂണ്ടിക്കാട്ടി നാഷണൽ ഇ-ഗവേൺസ് വിഭാഗത്തിന് കൈമാറുകയായിരുന്നു ഐടി മന്ത്രാലയം ചെയ്തത്. ആരോഗ്യസേതു ആപ്പിലെ വിവരപ്രകാരം നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും ഐ.ടി മന്ത്രാലയവുമാണ് ആപ്പ് വികസിച്ചതെന്നാണ് ഉള്ളത്. എന്നാൽ വിവരാവകാശ അപേക്ഷയിൽ ഇക്കാര്യം അറിയില്ലെന്നാണ് മന്ത്രാലയം മറുപടി നൽകിയത്. മന്ത്രാലയത്തിന്റെ മറുപടി തൃപ്തികരമല്ലെന്നും വിശദീകരണം നൽകണമെന്നുമാണ് ദേശീയ വിവരാവകാശ കമ്മീഷൻ നിലപാട്. ഇത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസും കമ്മീഷൻ സർക്കാരിന് അയച്ചിട്ടുണ്ട്.

കോവിഡിനെതിരായ പോരാട്ടത്തിന്റെ പ്രധാന ആയുധമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുകയും പലസന്ദർഭങ്ങളിലും നിർബന്ധിതമാക്കുകയും ചെയ്ത മൊബൈൽ ആപ്ലിക്കേഷനായിരുന്നു ആരോഗ്യ സേതു ആപ്പ്. എന്നാൽ ആരാണ് ഈ ആപ്പ് നിർമ്മിച്ചതെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് യാതൊരു അറിവുമില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

നേരത്തെ ആരോഗ്യസേതു ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്‌ച്ചയുണ്ടെന്ന് എത്തിക്കൽ ഹാക്കർ വെളിപ്പെടുത്തിയിരുന്നു. 90 മില്യൺ ഉപഭോക്താക്കളുടെ സ്വകാര്യത അപകടത്തിലാണെന്നും തന്നെ നേരിട്ട് ബന്ധപ്പെട്ടാൽ സുരക്ഷാ വീഴ്‌ച്ചകൾ അറിയിക്കാമെന്നുമാണ് എത്തിക്കൽ ഹാക്കർ ട്വിറ്ററിലൂടെ അറിയിച്ചത്. ഫ്രഞ്ച് ഹാക്കറായ റോബർട്ട് ബാപ്റ്റിസ്റ്റാണ് വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്നും എൻക്രിപ്റ്റഡ് ആയാണ് സൂക്ഷിക്കുന്നതെന്നുമാണ് അധികൃതർ പറഞ്ഞിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP