Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പോയന്റ് ഓഫ് കോൺടാക്ട്' അറസ്റ്റിലാകുമ്പോൾ ചൂണ്ടുവിരൽ മുഖ്യമന്ത്രിക്ക് നേരെ; കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കോട്ട പൊളിക്കാൻ മറ്റ് കേന്ദ്ര ഏജൻസികളും പിന്നാലെയെത്തും; സ്വന്തം വാക്കുകൾ വിഴുങ്ങിയ പിണറായി വിജയൻ ന്യായീകരിക്കാൻ തേടുന്നത് പുതിയ ക്യാപ്‌സ്യൂളുകൾ; 'സൂപ്പർ മുഖ്യമന്ത്രി'യുടെ അറസ്റ്റിൽ ഉലഞ്ഞ് സർക്കാറും സിപിഎമ്മും

'പോയന്റ് ഓഫ് കോൺടാക്ട്' അറസ്റ്റിലാകുമ്പോൾ ചൂണ്ടുവിരൽ മുഖ്യമന്ത്രിക്ക് നേരെ; കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കോട്ട പൊളിക്കാൻ മറ്റ് കേന്ദ്ര ഏജൻസികളും പിന്നാലെയെത്തും; സ്വന്തം വാക്കുകൾ വിഴുങ്ങിയ പിണറായി വിജയൻ ന്യായീകരിക്കാൻ തേടുന്നത് പുതിയ ക്യാപ്‌സ്യൂളുകൾ; 'സൂപ്പർ മുഖ്യമന്ത്രി'യുടെ അറസ്റ്റിൽ ഉലഞ്ഞ് സർക്കാറും സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു എം ശിവശങ്കരൻ. പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ഫയലുകൾ മുഖ്യമന്ത്രിക്ക് ഒപ്പിടാൻ കൊടുത്തിരുന്ന ഉദ്യോഗസ്ഥൻ. അതുകൊണ്ട് തന്നെ അദ്ദേഹം ആ പദവിയിൽ ഇരുന്നു ചെയ്തു കൂട്ടിയ തെറ്റുകളുടെ പേരിലാണ് ഇപ്പോൾ അറസ്റ്റിലാകുന്നത്് എന്ന പ്രത്യേകതയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ശിവശങ്കരനെ തള്ളിപ്പറഞ്ഞാലും ധാർമ്മികമായ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന് മേലാണ്. മുമ്പ് സോളാർ കേസിൽ ഉമ്മൻ ചാണ്ടി രാജിവെക്കണമെന്ന് പിണറായി പറഞ്ഞത് ജോപ്പനെ അറസ്റ്റു ചെയ്തപ്പോഴാണ്. എന്നാൽ, അതേ പിണറായി ഇപ്പോൾ സ്വന്തം വാക്കു വിഴുങ്ങിയ നിലയിലാണ്.

ശിവശങ്കർ കാണാതെ മുഖ്യമന്ത്രിക്ക് മുന്നിൽ ഫയലുകൾ വരാനും സാധ്യതയില്ല. അത്രയും സുപ്രധാന സ്ഥാനത്തുള്‌ല ഉദ്യോഗസ്ഥാണ് കള്ളപ്പണ കേസിലും കുടുങ്ങിയിരിക്കുന്നത്. 'അന്വേഷണം ശരിയായ രീതിയിൽ നടക്കട്ടെ. അന്വേഷണം എന്റെ ഓഫീസിൽ എത്തുന്നെങ്കിൽ എത്തട്ടെ. തെറ്റ് ചെയ്തവർ ആരായാലും പിടിക്കപ്പെടട്ടെ. ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കും' എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനിയും ഇങ്ങനെ പറയാൻ സാധിക്കില്ല.

രാജ്യാന്തര ബന്ധമുള്ള ഒരു കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റുചെയ്തത് സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിലിയാണ്. കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ., സിബിഐ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ നടപടികൾക്കായി ഊഴംകാത്ത് നിൽക്കുമ്പോൾ ഇനി ഇവരെ പ്രതിരോധിക്കാനുള്ള മാർഗ്ഗം തേടലാകും സർക്കാറിന് മുന്നിലെ പ്രതിസന്ധി. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയർത്തി. മുഖ്യമന്ത്രി നേരിട്ട് തെറ്റ് ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിക്കുന്നില്ല. എന്നാൽ, സ്വന്തം ഓഫീസ് ഇത്തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുത്തെന്ന ആരോപണമാണ് മുഖ്യമന്ത്രിക്കെതിരേ ഉയർത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയല്ലേയെന്ന ലളിതമായ യുക്തിയാണ് ഇതിനടിസ്ഥാനം.

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നതാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും പ്രതിരോധം. ആരോപണം ഉയർന്നപ്പോൾത്തന്നെ പ്രിൻസിപ്പൽ സെക്രട്ടറിയെ തത്സ്ഥാനത്തുനിന്ന് മാറ്റി. പിന്നീട് സസ്‌പെൻഡ് ചെയ്തു. അദ്ദേഹം തെറ്റ് ചെയ്‌തെങ്കിൽ സംരക്ഷിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന വിശദീകരണമാണ് സർക്കാരും പാർട്ടിയും നൽകുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായിരുന്നപ്പോൾ ചെയ്ത കാര്യങ്ങളാണ് കുറ്റകൃത്യത്തിന്റെ പട്ടികയിൽ വരുന്നത് എന്നതിനാൽ ഇത്തരം വാദങ്ങൾക്ക് ബലം പോരെന്ന് വരാം.

പാർട്ടിയിലും സർക്കാരിലും മുന്നണിയിലും മുഖ്യമന്ത്രി പിണറായി വിജയനുള്ള മേൽക്കോയ്മ തന്നെയാണ് അദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. മുഖ്യമന്ത്രി നേരിട്ട് എന്തെങ്കിലും കുറ്റം ചെയ്തുവെന്ന ആരോപണമില്ലാത്തതിനാൽ രാജിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് സിപിഎം നിലപാട്. ഇതേസമയം അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ബിജെപി. ഇതര സർക്കാരുകൾക്കെതിരേ ഉപയോഗിക്കുന്നുവെന്ന ആരോപണം സിപിഎം., സിപിഐ. കക്ഷികൾ ഉയർത്തുന്നുണ്ട്. സർക്കാരെന്ന നിലയിൽ അന്വേഷണത്തെ തള്ളാതെയും പാർട്ടിയെന്ന നിലയിൽ രാഷ്ട്രീയമായി നേരിട്ടുമായിരിക്കും ഇനിയുള്ള നാളുകളിൽ സർക്കാരും പാർട്ടിയും നിലപാടെടുക്കുക.

വിവാദം കത്തിയപ്പോൾ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനായി ക്ഷണക്കത്ത് അയച്ച പിണറായി വിജയന്റെ രാഷ്ട്രീയ ഇച്ഛാശക്തിയാണ് സിപിഎമ്മും സർക്കാരിനെ പിന്തുണച്ചവരും പരിചയാക്കിയത്. ഇപ്പോൾ സിബിഐയെ വിലക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ. അതാകട്ടെ അന്വേഷണം വടക്കാഞ്ചേരി പദ്ധതിയിലെ കമ്മീഷൻ ഇടപാടിലൂടെ ലൈഫ് മിഷനിലേക്ക് കടന്നതോടെ. സന്തോഷ് ഈപ്പനുമായി ബന്ധപ്പെട്ട ലൈഫിനെ അന്വേഷണത്തിന് സിബിഐക്ക് വിലക്കില്ല താനും. ലൈഫ് മിഷനെതിരായ അന്വേഷണത്തിന് താത്കാലിക സ്റ്റേയുണ്ട്. ഇതിലും ശിവശങ്കറിന്റെ താത്പര്യവും ഇടപെടലും യുവി ജോസ് തന്നെ മൊഴിയായി നൽകിയിട്ടുണ്ട്.

സ്വപ്ന സുരേഷിനൊപ്പം ചടങ്ങിൽ പങ്കെടുത്തത്തിനെ കുറിച്ച് ചോദ്യം ചോദിച്ചപ്പോൾ മുഖ്യമന്ത്രി പൊട്ടിത്തെറിച്ച മുഖ്യമന്ത്രി ഇപ്പോൾ വാക്കു മാറ്റിയിട്ടുണ്ട്. രണ്ട് മാസം കഴിയുമ്പോൾ സ്വപ്ന തന്നെ പലതവണ മുഖ്യമന്ത്രിയെ കണ്ട കാര്യം മൊഴിയായി നൽകി. അപ്പോൾ സ്വപ്നയെ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ അറിയാമെന്നും യുഎഇ കോൺസുലേറ്റിലെ പോയന്റ് ഓഫ് കോൺടാക്ടായി ശിവശങ്കറെ ചുമതലപ്പെടുത്തിയിരിക്കാം എന്ന് പറഞ്ഞു. ആ പോയന്റ് ഓഫ് കോൺടാക്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. അത് സർക്കാരിന് ഒട്ടും ശുഭകരമായ വാർത്തയല്ല. സ്വപ്നയും സരിത്തും സന്ദീപും അറസ്റ്റിലായപ്പോഴും അത് ബാധിക്കില്ല എന്ന സിപിഎമ്മിന്റെയും സർക്കാരിന്റെയും വാദങ്ങൾക്ക് ബലമുണ്ടായിരുന്നു. ശിവശങ്കറിന്റെ അറസ്റ്റിൽ ആ ന്യായീകരണം മതിയാകില്ല. ശിവശങ്കറിനെ തള്ളിപ്പറഞ്ഞാലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ രക്ഷാധികാരിയായിരുന്ന ഐഎഎസ് ഓഫീസറാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്.

ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സോളിസിറ്റർ നടത്തിയ വാദത്തിൽ സ്വർണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്ന ഗുരുതരമായ കാര്യം ഉന്നയിച്ചിരുന്നു. ഇത് ശരിയെങ്കിൽ അതും ഓഫീസ് ദുരുപയോഗം ചെയ്യുന്ന ആരോപണം ശരിവെക്കലാകും.

ഉദ്യോഗസ്ഥൻ ചെയ്യുന്ന തെറ്റിന് സർക്കാർ എന്തുപഴിച്ചു എന്നാണ് സിപിഎം ചോദിക്കുന്നത്. സാധാരണ സർക്കാർ ഉദ്യോഗസ്ഥനല്ല ശിവശങ്കർ. സംസ്ഥാനത്തെ ഏറ്റവും ശക്തനായ സർക്കാർ ഉദ്യോഗസ്ഥൻ. പദവിയിൽ താഴെയാണെങ്കിലും പവറിൽ ചീഫ് സെക്രട്ടറിക്കും മുകളിൽ. കേവലം സ്വർണക്കടത്തിലും ലൈഫ് പദ്ധതിയിലും മാത്രമല്ല ശിവശങ്കറിന്റെ പങ്കിൽ സംശയം ഉയരുന്നത്. അത് കെഫോൺ പദ്ധതിയിലും ഐടി പാർക്കിലെ റിയൽ എസ്റ്റേറ്റ് ഇടപാടിലേക്കും എല്ലാം സംശയത്തിന്റെ മുന നീളുന്നു.

സ്പ്രിങ്ലർ ഇടപാട് വിവാദമായപ്പോൾ അതിനെ ന്യായീകരിക്കാൻ ശിവശങ്കർ സ്വയം രംഗത്തിറങ്ങി. കാനത്തെ ബോധ്യപ്പെടുത്താൻ എംഎൽ സ്മാരകത്തിൽ പോകുന്നത് കണ്ടു. ശിവശങ്കർ എല്ലാം വിശദീകരിച്ചിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാം ഞാൻ നേരിട്ടാണ് ചെയ്തത് നിയമവകുപ്പ് കാണേണ്ട ഫയലാണ് എന്ന് തോന്നിയില്ല എന്നായിരുന്നു ശിവശങ്കർ പറഞ്ഞത്. കരാർ പരിശോധിക്കാൻ സർക്കാർ തന്നെ വച്ച കമ്മീഷൻ കണ്ടെത്തിയത് അടിമുടി വീഴ്ചകളാണ്.

ലൈഫ് മിഷനിൽ വീടിന് അനുവദിച്ച ഫണ്ടിൽ കമ്മീഷൻ തട്ടിയെന്നത് പകൽപോലെ വ്യക്തമായി. കോടുത്തയാൾ മൊഴിയായും പരസ്യമായും തുക വെളിപ്പെടുത്തി. അതിന് പുറമെ പ്രളയത്തിൽ തകർന്ന 150 വീടുകളുടെ പുനരുദ്ധാരണത്തിന് കോൺസുലേറ്റിൽ നിന്ന് സഹായം കിട്ടി. അതിൽ സ്വപ്ന സുരേഷിന് 52 ലക്ഷം കമ്മീഷൻ ലഭിച്ചെന്നാണ് മൊഴി. ഈ വീടുകളുടെ പുനരുദ്ധാരണ കരാറാകട്ടെ ഒരു കാർപാലസ് കടയുടമയ്ക്കാണ് കിട്ടിയത്. ഈ കട ഉടമ അബ്ദുൾ ലത്തീഫ് തന്നെയാണ് യുഎഎഫ്എക്‌സ് എന്ന സ്ഥാപനത്തിന്റെയും ഉടമ. യു.എഎഫ്എക്‌സിനാണ് കോൺസുലേറ്റുമായി ബന്ധപ്പെട്ട സാറ്റാമ്പിങ്ങിന് കരാർ കിട്ടിയത്. ഈ അബ്ദുൾ ലത്തീഫ് ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ മകന്റെ ബിനാമിയാണെന്ന ആരോപണം ശക്തമാണ്. അന്വേഷണം ആ വഴിക്ക് വരാനിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP