Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിവശങ്കറിന് കോടതി ജാമ്യം നിഷേധിച്ചത് സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകളിൽ പങ്കാളിയെന്ന ശക്തമായ സൂചന നൽകി കൊണ്ട്; സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കറിന് മേൽനോട്ടമുണ്ടെന്ന ഗൗരവ നിരീക്ഷണവും; ജാമ്യം തള്ളിയതിന് പിന്നാലെ ഇഡിയുടെ ചടുല നീക്കം; ശിവശങ്കറിന്റെ മുറിയിലെത്തി നോട്ടിസ് നൽകി കസ്റ്റഡിയിലെടുത്തു; കൊച്ചിയിലേക്കുള്ള കുതിപ്പിൽ ചേർത്തലയിൽ നിന്നും വണ്ടിയും മാറ്റി

ശിവശങ്കറിന് കോടതി ജാമ്യം നിഷേധിച്ചത് സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകളിൽ പങ്കാളിയെന്ന ശക്തമായ സൂചന നൽകി കൊണ്ട്; സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കറിന് മേൽനോട്ടമുണ്ടെന്ന ഗൗരവ നിരീക്ഷണവും; ജാമ്യം തള്ളിയതിന് പിന്നാലെ ഇഡിയുടെ ചടുല നീക്കം; ശിവശങ്കറിന്റെ മുറിയിലെത്തി നോട്ടിസ് നൽകി കസ്റ്റഡിയിലെടുത്തു; കൊച്ചിയിലേക്കുള്ള കുതിപ്പിൽ ചേർത്തലയിൽ നിന്നും വണ്ടിയും മാറ്റി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എം ശിവശങ്കരനെ അറസ്റ്റു ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് ഇന്നലെ എൻഫോഴ്‌സ്‌മെന്റും കസ്റ്റംസും രംഗത്തുവന്നിരുന്നത്. ഹൈക്കോടതിയിൽ നിന്നും ഒരു യെസ് കിട്ടിയാൽ അപ്പോൾ തന്നെ അറസ്റ്റു ചെയ്യാമെന്ന ബോധ്യത്തിൽ അതിന് വേണ്ട ഒരുക്കെങ്ങളെല്ലാം ഇവർ ചെയ്തിരുന്നു. കോടതിയിൽ നിന്നും ഇഡിക്ക് പച്ചക്കൊടി കിട്ടിയതോടെ പിന്നീട് എല്ലാം വേഗത്തിലായി.

എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് അശോക് മേനോൻ നടത്തിയത് ഗൗരവതരമായ നിരീക്ഷണങ്ങൾ കൂടിയായിരുന്നു. ഈ നിരീക്ഷണങ്ങൾ തുടർന്നും കേസുകളിൽ ശിവശങ്കറിന് വിനയായി മാറാൻ സാധ്യതയുണ്ട്. ജാമ്യംതേടി ഉന്നയിച്ച ന്യായവാദങ്ങളെയൊക്കെ തള്ളിക്കൊണ്ടാണ് ശിവശങ്കറിന്റെ ഇടപെടലുകളെ കോടതി വിമർശിച്ചത്.

ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ശിവശങ്കർ നടത്തിയ ആശയവിനിമയം സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കറിന് മേൽനോട്ടമുണ്ടെന്നതിന്റെ സൂചനകൾ നൽകുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ശിവശങ്കറിന്റെയും സ്വപ്നയുടെയും വേണുഗോപാലിന്റെയും മൊഴികളാണ് ഇ.ഡി. പ്രധാനമായും ആശ്രയിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സാമ്പത്തികകാര്യങ്ങളിൽ സ്വപ്നയെ സഹായിക്കണമെന്നു നിർദ്ദേശിച്ചതും ശിവശങ്കറാണ്.

എന്നാൽ, ലോക്കർ എടുത്തുകൊടുക്കണമെന്ന് ചാർട്ടേഡ് അക്കൗണ്ടിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്നായിരുന്നു ശിവശങ്കറിന്റെ വാദം. എന്നാൽ, സ്വപ്നയുമായി ചേർന്നുള്ള കള്ളപ്പണം ഇടപാടുകളിൽ ശിവശങ്കർ പങ്കാളിയാകാമെന്നതിന്റെ ശക്തമായ സൂചനകൾ ഇ.ഡി. ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ശിവശങ്കർ പ്രതിയാണെന്നതിലോ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നതിലോ ശക്തമായ തെളിവുകൾ ഇ.ഡി.യുടെ പക്കലുണ്ടാകില്ലായിരിക്കാം. എന്നാൽ, ശിവശങ്കറിനെ ചോദ്യംചെയ്യാനുള്ള വ്യക്തമായ വസ്തുതകൾ ഇ.ഡി.യുടെ പക്കലുണ്ട്. അതിനായി മുതിർന്ന ഓഫീസറെന്ന നിലയിൽ ശിവശങ്കർ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി 'പാദം നരയിൻ അഗർവാൾ' കേസിൽ വ്യക്തമാക്കിയതുപോലെ കസ്റ്റംസിന് ശിവശങ്കറിനെ സെക്ഷൻ 108 പ്രകാരം ചോദ്യംചെയ്യാനുള്ള അവസരത്തെ മുൻകൂർജാമ്യം അനുവദിക്കുന്നതിലൂടെ ഇല്ലാതാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സമൂഹത്തെ ബാധിക്കുന്നതാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ. ഇത്തരം കേസുകളിൽ മുൻകൂർജാമ്യമെന്നത് പരിമിതമായിമാത്രം ഉപയോഗിക്കേണ്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

ഒരാളെ അറസ്റ്റുചെയ്യാൻ കസ്റ്റംസ് ഓഫീസർക്ക് നിയമപരമായ അവകാശമുണ്ട്. അതിൽ ഇടപെടാനാകില്ല. കസ്റ്റംസ് ആക്ടിലെ സെക്ഷൻ 132, 133, 135, 135 എ അല്ലെങ്കിൽ 136 പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് വിശ്വസിക്കാൻ വ്യക്തമായ കാരണങ്ങളുള്ളപ്പോഴാണ് അറസ്റ്റുനടത്തേണ്ടത്. അത്തരം കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് വ്യക്തമായ ധാരണയുള്ളപ്പോഴേ അറസ്റ്റുചെയ്യാവൂ. അല്ലാതെ താത്പര്യങ്ങളുടെയും തോന്നലുകളുടെയും അടിസ്ഥാനത്തിലായിരിക്കരുത് അറസ്റ്റെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ കാര്യങ്ങളെല്ലാം ശിവശങ്കരന്റെ കാര്യത്തിലും ഒത്തുവന്നതോടെ പിന്നീടെല്ലാം അതിവേഗത്തിലായി.

മറ്റു സാധ്യത ഒന്നു കൊടുത്തില്ല, ശിവശങ്കരനെ കയ്യോടെ പൊക്കി ഇഡി

ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിലേക്ക് ബുധനാഴ്ച രാവിലെ ജസ്റ്റിസ് അശോക് മേനോൻ വന്നിരിക്കുമ്പോൾ തന്നെ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയ എൻഫോഴ്‌സ്‌മെന്റ് അതിവേഗം തന്നെയാണ് ശിവശങ്കരനെ പൊക്കി കൊച്ചിയിലേക്ക് റാഞ്ചിയത്. ഹൈക്കോടതി വിധി വരുന്നതിനുമുമ്പേ എല്ലാ തയ്യാറെടുപ്പുകളും രണ്ട് അന്വേഷണസംഘങ്ങളും പൂർത്തിയാക്കിയിരുന്നു. ജാമ്യം തള്ളിക്കൊണ്ടുള്ള കോടതിവിധി വന്നാൽ പിന്നെ ശിവശങ്കറിന് മറ്റു 'സാധ്യതകളി'ലേക്കു തിരിയാൻ സമയം കൊടുക്കരുതെന്ന തീരുമാനത്തിലായിരുന്നു ഇവരുടെ ആസൂത്രണം.

ആദ്യം ഇ.ഡി.യുടെ കേസിലെ ജാമ്യഹർജി എടുത്ത ജസ്റ്റിസ് 'തള്ളുന്നു' എന്ന വാചകത്തിൽ വിധിപറഞ്ഞതിന് പിന്നാലെ പത്തു മിനിറ്റിനുള്ളിൽ ശിവശങ്കറിനെത്തേടി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്തുതന്നെ ഈ ഉദ്യോഗസ്ഥർ ആശുപത്രിക്കു സമീപത്ത് നിലയുറപ്പിച്ചിരുന്നു. കൊച്ചിയിൽനിന്ന് സന്ദേശം എത്തിയതോടെ ആശുപത്രിക്കുള്ളിലേക്ക് കടന്നു. ശിവശങ്കറിനെ ചികിത്സിക്കുന്ന ഡോക്ടറോട് സംസാരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും യാത്രചെയ്യാൻ തടസ്സമില്ലെന്നും മറുപടികിട്ടി. ശിവശങ്കറിന്റെ മുറിയിലെത്തിയ സംഘം അദ്ദേഹത്തിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനുള്ള നോട്ടീസ് നൽകി. പിന്നീട്ട് കൊച്ചിയിലേക്കുള്ള കുതിപ്പായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി 11 മണിക്കുമുമ്പായി എൻഫോഴ്സ്മെന്റ് സംഘം ശിവശങ്കറുമായി കൊച്ചിയിലേക്ക് തിരിച്ചു. എൻഫോഴ്‌സ്മെന്റിന്റെ രണ്ട് ഉദ്യോഗസ്ഥരാണ് വാഹനത്തിൽ ശിവശങ്കറിനൊപ്പമുണ്ടായിരുന്നത്. ദേശീയപാതയിലൂടെ പോകാതെ എം.സി. റോഡിലൂടെ സഞ്ചരിച്ച സംഘം പന്തളത്തുവെച്ച് വീണ്ടും വഴിമാറി. ചങ്ങനാശ്ശേരിയിൽനിന്ന് വീണ്ടും ദേശീയപാതയിലേക്ക്. സംഘം ഉച്ചയ്ക്ക് 2.20-ന് ചേർത്തലയിലെ ഹോട്ടലിൽ കയറി. ഭക്ഷണം കഴിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും കസ്റ്റംസിനുവേണ്ടിയുള്ള നീക്കമായിരുന്നു അത്. ഹോട്ടലിലേക്ക് കയറിയ ഇ.ഡി. സംഘം പത്തു മിനിറ്റിനകം തിരിച്ചിറങ്ങുമ്പോൾ കസ്റ്റംസ് സംഘം അവിടെയെത്തിയിരുന്നു.

കസ്റ്റംസ് കൊണ്ടുവന്ന ചുവന്ന കളറിലുള്ള വാഹനത്തിലേക്ക് ശിവശങ്കറിനെ മാറ്റിയായിരുന്നു പിന്നീടുള്ള യാത്ര. ചേർത്തലയിൽനിന്ന് ഒരു മണിക്കൂറിൽ താഴെ സമയംകൊണ്ട് സംഘം ഇ.ഡി.യുടെ കൊച്ചി ഓഫീസിലെത്തി. ശിവശങ്കർ ഇറങ്ങുമ്പോഴേക്കും പിന്നാലെ മാധ്യമപ്പടയെത്തിയെങ്കിലും ചോദ്യങ്ങൾക്കൊന്നും മറുപടിപറയാതെ അദ്ദേഹം അകത്തേക്കു കയറിപ്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP