Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് മാസത്തിനിടെ മൂന്ന് കേന്ദ്ര ഏജൻസികളായി ശിവശങ്കരനെ ചോദ്യം ചെയ്തത് 92.5 മണിക്കൂർ; അറസ്റ്റിന്റെ വക്കിൽ നിന്നും വഴുതിപ്പോയപ്പോഴും പിഴവു തിരുത്തി കുരുക്കു മുറുക്കി ഏജൻസികൾ; സ്വപ്‌നയുടെ ലോക്കറിനെ കുറിച്ചുള്ള 94ാം ചോദ്യത്തിൽ ലോക്കായി; ഡിജിറ്റൽ തെളിവുകൾ നിർണായകമായതോടെ കള്ളപ്പണ കേസിൽ ബുക്ക് ചെയ്ത് ഇഡി; ഉയരങ്ങളിൽ നിന്നുള്ള ശിവശങ്കരന്റെ വീഴ്‌ച്ച വളരെ വലുത്

നാല് മാസത്തിനിടെ മൂന്ന് കേന്ദ്ര ഏജൻസികളായി ശിവശങ്കരനെ ചോദ്യം ചെയ്തത് 92.5 മണിക്കൂർ; അറസ്റ്റിന്റെ വക്കിൽ നിന്നും വഴുതിപ്പോയപ്പോഴും പിഴവു തിരുത്തി കുരുക്കു മുറുക്കി ഏജൻസികൾ; സ്വപ്‌നയുടെ ലോക്കറിനെ കുറിച്ചുള്ള 94ാം ചോദ്യത്തിൽ ലോക്കായി; ഡിജിറ്റൽ തെളിവുകൾ നിർണായകമായതോടെ കള്ളപ്പണ കേസിൽ ബുക്ക് ചെയ്ത് ഇഡി; ഉയരങ്ങളിൽ നിന്നുള്ള ശിവശങ്കരന്റെ വീഴ്‌ച്ച വളരെ വലുത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരിക്കൽ സൂപ്പർ മുഖ്യമന്ത്രിയായി വിലസിയ ആൾ, ഇപ്പോൾ കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റിലും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ വീഴ്‌ച്ച വളരെ ഉയരങ്ങളിൽ നിന്നാണ്. ഒരു വന്മരത്തിന്റെ വീഴ്‌ച്ച തന്നെ ആയതിനാൽ അരികു പറ്റി നിൽക്കുന്ന പലർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഏറ്റവും വലിയ ആഘാഷം സൃഷ്ടിച്ചിരിക്കുന്നത് സിപിഎമ്മിനും പിണറായി ഭരിക്കുന്ന സർക്കാറിനും തന്നെയാണ്.

നാല് മാസം മുമ്പാണ് ശിവശങ്കരന്റെ പേര് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ഉയർന്നു വന്നത്. ഇതോടെ വിവാദം കത്തിപ്പടർന്നതിന് ശേഷം 114 ദിവസത്തിന് ശേഷമാണ് ശിവശങ്കരനെ അറസ്റ്റു ചെയ്യുന്നത്. ഇതിന് മുമ്പായി പലതവണ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തുവിട്ടയച്ച ശിവശങ്കരൻ ഒടുവിൽ കുടുങ്ങിയത് കള്ളപ്പണം, ബിനാമി കേസുകളിലാണ്. മൂന്ന് കേന്ദ്ര ഏജൻസികളായി 92.5 മണിക്കൂറാണ് ശിവശങ്കരനെ ചോദ്യം ചെയ്തത്. പലപ്പോഴും അറസ്റ്റിന്റെ വക്കിൽ നിന്നും അദ്ദേഹം വഴുതി പോകുകയായിരുന്നു. ഇങ്ങനെ ഓരോ തവണ വഴുതി പോയപ്പോഴും വീണ്ടും ഊതിക്കാച്ചിയ ചോദ്യങ്ങളുമായി അന്വേഷണ ഏജൻസികൾ അദ്ദേഹത്തെ വലിഞ്ഞു മുറുകി.

ഇതിനിടെ ദേഹാസ്വാസ്ഥ്യം നടിച്ചു ആശുപത്രി പ്രവേശം, മുൻകൂർ ജാമ്യാപേക്ഷ, വൈകാരിക വാദങ്ങൾ. ഇതിനെല്ലാമൊടുവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റിൽ എത്തി നിൽക്കുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ.

തുടക്കമിട്ടത് കസ്റ്റംസ്, പിന്നാലെ ഇഡിയും എൻഐഎയും

ജൂലൈ 5നു കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്തു കേസിൽ സ്വപ്ന പ്രതിയായതോടെയാണു കസ്റ്റംസ് ശിവശങ്കറിലേക്കെത്തിയത്. ജൂലൈ 14നും 15നും നടന്ന ആദ്യവട്ട ചോദ്യംചെയ്യലിൽ സ്വപ്നയുമായുള്ള അടുപ്പം മറച്ചു വയ്ക്കാതെ ശിവശങ്കർ ചോദ്യങ്ങളെ നേരിട്ടു. കള്ളക്കടത്തു സംഘം പലതവണ ഗൂഢാലോചന നടത്തിയതെന്നു പറയുന്ന തിരുവനന്തപുരത്തെ ഫ്‌ളാറ്റ് ഏർപ്പാടാക്കിയതും സ്വപ്നയ്ക്കു ബാങ്ക് ലോക്കർ എടുക്കുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സാമ്പത്തിക സഹായം നൽകിയതുമെല്ലാം ശിവശങ്കർ തുറന്നു പറഞ്ഞു.

കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർ സൗന്ദര്യ വർധക വസ്തുക്കൾ കടത്തിക്കൊണ്ടുവന്നു തിരുവനന്തപുരം മാർക്കറ്റിൽ വിൽക്കുന്നതുമടക്കമുള്ള കാര്യങ്ങൾ സ്വപ്ന പറഞ്ഞു. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ തനിക്ക് അറിയാമെന്നതാണ് അവിടത്തെ ജോലി നഷ്ടപ്പെടാൻ കാരണമെന്നും സ്വപ്ന പറഞ്ഞതായി ശിവശങ്കർ മൊഴി നൽകി. ഒരുമിച്ചു യാത്ര നടത്തിയതുമടക്കമുള്ള വിശദാംശങ്ങളും പറഞ്ഞു. എന്നാൽ, സ്വർണക്കടത്തോ സ്വപ്നയുടെ പണമിടപാടുകളോ അറിയില്ലെന്നായിരുന്നു നിലപാട്. ഇതിനെതിരായ തെളിവുകൾ ആ സമയത്തു കസ്റ്റംസിന്റെ കൈയിലില്ലായിരുന്നു. ശിവശങ്കറിന്റെ ഐഫോൺ കസ്റ്റംസ് വാങ്ങിവച്ചു.

അടുത്തത് എൻഐഎയുടെയും ഇഡിയുടെയും ഊഴമായിരുന്നു. അവർ 6 വട്ടം ശിവശങ്കറിനെ ചോദ്യം ചെയ്തു.സ്വർണക്കടത്തു കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ഈ മാസം 9ന് ശിവശങ്കറിന്റെ ഫയൽ വീണ്ടും കസ്റ്റംസ് തുറന്നു. നിർണായകമായൊരു വിവരം, ഇഡിയുടെ കുറ്റപത്രത്തിലുണ്ടായിരുന്നു: സ്വർണക്കടത്തിനു മുൻപു തന്നെ സ്വപ്നയുടെ പണമിടപാടു സംബന്ധിച്ച് ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിൽ പലതവണ വാട്‌സാപ് ചാറ്റ് നടന്നു.

സ്വർണക്കടത്തിനു മുൻപു നടന്ന വാട്‌സാപ് ചാറ്റ് കസ്റ്റംസ് പരിഗണിക്കേണ്ടതില്ല. പക്ഷേ, ശിവശങ്കർ കാര്യങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന് അവർക്കു വ്യക്തമായി. അതോടെ പണമിടപാടുകളെ പറ്റിയുള്ള അന്വേഷണത്തിലായി കസ്റ്റംസ്. 9ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിപ്പിച്ചത് ഈന്തപ്പഴം ഇറക്കുമതി, മതഗ്രന്ഥ വിതരണ കേസുകളിലാണ്. പക്ഷേ, ഉച്ച കഴിഞ്ഞപ്പോഴേക്കും ചോദ്യങ്ങൾ സ്വർണക്കടത്തിലെത്തി. 11 മണിക്കൂറിനു ശേഷം ശിവശങ്കറിനെ വിട്ടയച്ചു. പിറ്റേന്നും വരാനുള്ള നോട്ടിസ് നൽകിയാണു വിട്ടയച്ചതെന്നു മാത്രം.

10ന് ട്രിപ്പിൾ ലോക്കുമായാണു കസ്റ്റംസ് ശിവശങ്കറിനെ വരവേറ്റത്. കമ്മിഷണറേറ്റിൽ ശിവശങ്കറിനെ ചോദ്യം ചെയ്ത അതേ സമയത്ത്, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ജയിലിലും ചോദ്യം ചെയ്തു. വീണ്ടും 11 മണിക്കൂർ ചോദ്യം ചെയ്യൽ. വിദേശയാത്രകൾ സംബന്ധിച്ച് തെളിവുകൾ 13ന് ഹാജരാക്കാമെന്ന ഉറപ്പിൽ ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചു. പക്ഷേ, 13ന് ശിവശങ്കർ സമയം നീട്ടിച്ചോദിച്ചു.

1.90 ലക്ഷം ഡോളർ (1.34 കോടി രൂപ) വിദേശത്തേക്കു കടത്തിയെന്ന കേസിൽ സ്വപ്ന, സരിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി ഈ മാസം 16ന് കസ്റ്റംസ് സാമ്പത്തികക്കുറ്റ വിചാരണക്കോടതിയെ സമീപിച്ചു. അന്നു വൈകിട്ട് 6നു തിരുവനന്തപുരത്തു ചോദ്യം ചെയ്യലിനു ഹാജരാകാൻ ശിവശങ്കറിനും കസ്റ്റംസ് നോട്ടിസ് നൽകി. വെറും അര മണിക്കൂർ മുൻപു മാത്രം. ജോ. കമ്മിഷണർ വസന്തഗേശനും അന്വേഷണ ഉദ്യോഗസ്ഥനായ സൂപ്രണ്ട് വിവേക് വാസുദേവനും കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. ശിവശങ്കറിനെ വീട്ടിൽനിന്നു കാറിൽ കയറ്റി, കസ്റ്റംസ് ഉദ്യോഗസ്ഥർ ഓഫിസിലേക്കു യാത്ര തുടങ്ങി.

ആശുപത്രി വാസം ഏറ്റില്ല, മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ അറസ്റ്റ്

അറസ്റ്റുറപ്പായ ഘട്ടത്തിലാണ് ശിവശങ്കരകൻ അവശത പ്രകടിപ്പിച്ചത്. തുടർന്ന അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു നേരം കാത്തിരുന്ന ശേഷം കസ്റ്റംസ് മടങ്ങി. അടുത്ത ദിവസം തന്നെ ശിവശങ്കർ മുൻകൂർ ജാമ്യം തേടി. മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ രാവിലെ ഹൈക്കോടതി തള്ളി, നിമിഷങ്ങൾക്കകം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത ഇഡി, ഉച്ചതിരിഞ്ഞു 3.20ന് അദ്ദേഹത്തെ കൊച്ചിയിലെ ഓഫിസിലെത്തിച്ചു. രാത്രി പത്തു മണിയോടെ അറസ്റ്റ്.

കുടക്കിയത് 94ാം ചോദ്യവും ഡിജിറ്റൽ തെളിവുകളും

സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിനെ കുരുക്കിയത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ 94ാം നമ്പർ ചോദ്യത്തിനു നൽകിയ അവ്യക്തമായ ഉത്തരം. 'സ്വപ്നയുമായി സംയുക്ത ബാങ്ക് ലോക്കർ തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനോടു നിർദേശിച്ചിട്ടില്ല എന്നാണു താങ്കൾ മുൻപു പറഞ്ഞത്. ലോക്കറിൽ വയ്ക്കാൻ സ്വപ്ന എത്ര തുകയാണു വേണുഗോപാലിനു കൈമാറിയതെന്ന് അറിയില്ലെന്നും പറഞ്ഞു. ലോക്കർ ഇടപാടുകൾ ഓരോന്നും വേണുഗോപാൽ താങ്കളെ അറിയിക്കാറില്ലെന്നും പറഞ്ഞു. എന്നാൽ, വേണുഗോപാൽ നൽകിയ മൊഴികളും നിങ്ങൾ തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും താങ്കളുടെ മൊഴികൾ വാസ്തവവിരുദ്ധമാണെന്നു തെളിയിക്കുന്നു.'

ഇതിന് നൽകിയ ഉത്തരം ശിവശങ്കരന് പിഴച്ചു. മുൻ ഉത്തരങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഒരു തുക രേഖപ്പെടുത്തിയ വാട്‌സാപ് സന്ദേശം നിങ്ങളെന്നെ കാണിച്ചു. അതായിരിക്കാം കൈമാറിയ തുക. മുൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോൾ പരിശോധിക്കാനായി വാട്‌സാപ് സന്ദേശങ്ങൾ എന്റെ ഫോണിലുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ പറഞ്ഞതെല്ലാം തെറ്റാണെന്ന വാദം പൂർണമായി ന്യായീകരിക്കാൻ കഴിയില്ല. ലോക്കർ ഇടപാടുകൾ വേണുഗോപാൽ എന്നെ അറിയിച്ചതിന്റെ സൂചനയല്ല വാട്‌സാപ് സന്ദേശങ്ങൾ.' ഈ മറുപടി തൃപ്തികരമല്ലെന്ന കണ്ടെത്തലിലാണ് അദ്ദേഹത്തെ പൂട്ടിയത്.

ചാർട്ടേർഡ് അക്കൗണ്ടന്റുമായുള്ള വാട്‌സാപ് ചാറ്റുകൾ പണമിടപാടിലെ പങ്കിന് തെളിവായി. ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്. സ്വപ്നയ്ക്ക് ലോക്കർ എടുത്തുനൽകിയതും ശിവശങ്കറിനെതിരായ ശക്തമായി തെളിവാകും.

കോടതിയുടെ പച്ചക്കൊടി, പിന്നാലെ ഇഡിയുടെ ചടുലനീക്കം

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിട്ടുകൾക്കുള്ളിൽ തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഓഫസിലേക്ക് എത്തിയതാ പിന്നാലെ ചോദ്യംചെയ്യൽ. തുടർന്ന് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

രാവിലെ ശിവശങ്കർ ചികിത്സയിലായിരുന്ന വഞ്ചിയൂരിലെ ആയുർവേദ കേന്ദ്രത്തിലെത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയായിരുന്നു ഇത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകമാണ് തിരുവനന്തപുരത്തെ കേന്ദ്രത്തിൽനിന്ന് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നുവെന്ന് അറിയിച്ചതായി ആശുപത്രി അധികൃതർ പ

ഇഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിവശങ്കറിന്റെ ജാമ്യം നിഷേധിച്ചത്. ശിവശങ്കർ തന്നെയാകാം സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ കോടതിയെ ബോധിപ്പിച്ചു. സ്വർണക്കടത്തുകേസിൽ ശിവശങ്കറിനെതിരായ നിർണായക തെളിവുകൾ ഇഡി കോടതിക്കു കൈമാറിയിരുന്നു. സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു സന്ദേശങ്ങളിൽനിന്നു വ്യക്തമാകുന്നത്. ശിവശങ്കറിന്റെ പദവിയും സ്വാധീനവും പരിഗണിക്കുമ്പോൾ തെളിവു നശിപ്പിക്കുമെന്ന ആശങ്കയുണ്ട്. വൻതോതിലുള്ള കമ്മിഷനാണു ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ സമൂഹത്തിനെതിരായ പ്രവർത്തനമാണെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP