Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇത് തഴയപ്പെട്ടവന്റെ പ്രതികാരം! ബാംഗ്ലൂർ റോയൽസിനെിരെ മുംബൈ ഇന്ത്യൻസിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചത് സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സ്; ബാഗ്ലൂരിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചു പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി മുംബൈ

ഇത് തഴയപ്പെട്ടവന്റെ പ്രതികാരം! ബാംഗ്ലൂർ റോയൽസിനെിരെ മുംബൈ ഇന്ത്യൻസിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചത് സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സ്; ബാഗ്ലൂരിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചു പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി മുംബൈ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: തുടർച്ചയായി തഴയപ്പെടുന്നവനും പ്രതികാരത്തിന്റെ ഒരു ദിനമുണ്ട്. ആ ദിനമായിരുന്നു ഇന്ന്. തുടർച്ചയായി മികച്ച പ്രകടനം കാഴ്‌ച്ച വെച്ചിട്ടും സെലക്ടർമാർ ദേശീയ ടീമിൽ ഉൾപ്പെടുത്താതെ തഴയുന്നതിന്റെ പ്രതികാരം സൂര്യകുമാർ യാദവ് എന്ന മുംബൈക്കാരൻ തീർത്തത് ഉജ്ജ്വല ഇന്നിങ്‌സ് കാഴ്‌ച്ച വെച്ചുകൊണ്ട്. അർദ്ധ സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിച്ച ശേഷം ബാറ്റുകൊണ്ട് പ്രതിഷേധത്തിൽ പങ്കാളിയായി സൂര്യകുമാർ യാദവ്.

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്തെ ലീഡുയർത്തിയപ്പോൾ തിളങ്ങിയത് സൂര്യകുമാറായിരുന്നു. ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 43 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് മൂന്നു സിക്സും 10 ഫോറുമടക്കം 79 റൺസോടെ പുറത്താകാതെ നിന്നു. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി ക്വിന്റൺ ഡിക്കോക്കും ഇഷാൻ കിഷനും ശ്രദ്ധയോടെയാണ് തുടങ്ങിയത്.

സ്‌കോർ 37-ൽ നിൽക്കെ ഡിക്കോക്കിനെ പുറത്താക്കി മുഹമ്മദ് സിറാജ് മുംബൈയെ ഞെട്ടിച്ചു. 19 പന്തിൽ 18 റൺസായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം. തന്റെ ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷനെ മടക്കിയ യൂസ്വേന്ദ്ര ചാഹൽ മുംബൈയെ പ്രതിരോധത്തിലാക്കി. 19 പന്തിൽ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 25 റൺസെടുത്താണ് കിഷൻ പുറത്തായത്. കാര്യമായ സംഭാവനകളില്ലാതെ സൗരഭ് തിവാരിയും (5) പുറത്തായി. ക്രുണാൽ പാണ്ഡ്യ 10 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ 15 പന്തിൽ നിന്നും 17 റൺസെടുത്ത് പുറത്തായി. പൊള്ളാർഡ് നാലു റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ, മികച്ച തുടക്കത്തിനു ശേഷം മധ്യനിര തകർന്നടിഞ്ഞതോടെ ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസിലൊതുങ്ങുകയായിരുന്നു. 15 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന ശക്തമായ നിലയിലായിരുന്ന ബാംഗ്ലൂരിന് തുടർന്ന് 33 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്, 4 വിക്കറ്റുകൾ കൂടി നഷ്ടപ്പെടുകയും ചെയ്തു. 74 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റും, രാഹുൽ ചാഹർ, കീറോൺ പൊള്ളാർഡ്, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നേടിയ മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലിനൊപ്പം ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. മികച്ച തുടക്കമാണ് ദേവ്ദത്ത് പടിക്കൽ ജോഷ് ഫിലിപ് കൂട്ടുകെട്ട് ബാംഗ്ലൂരിന് നൽകിയത്. 5 ഓവർ പിന്നിട്ടപ്പോൾ ബാംഗ്ലൂർ വിക്കറ്റ് നഷ്ടം കൂടാതെ 42 റൺസ്.

ആറാം ഓവറിൽ ബാംഗ്ലൂർ സ്‌കോർ 50 കടന്നു. ഈ സീസണിൽ മുംബൈയ്‌ക്കെതിരെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ അർധസെഞ്ചുറി തികച്ച ഏക ടീം ബാംഗ്ലൂരാണ്. ആദ്യഘട്ട പോരാട്ടത്തിൽ ദേവ്ദത്ത് പടിക്കൽ ആരോൺ ഫിഞ്ച് കൂട്ടുകെട്ട് 81 റൺസ് നേടിയിരുന്നു. വൈകാതെ രാഹുൽ ചാഹറിന്റെ ബോളിങ്ങിൽ ക്വിന്റൻ ഡി കോക്ക് സ്റ്റംപ് ചെയ്ത് ജോഷ് ഫിലിപ്പിനെ (24 പന്തിൽ ഒരു സിക്‌സും നാലു ഫോറും സഹിതം 33 റൺസ്) പുറത്താക്കി. 71 റൺസാണ് ഓപ്പണിങ് കൂട്ടുകെട്ട് നേടിയത്.

പത്ത് ഓവർ പൂർത്തിയായപ്പോൾ ബാംഗ്ലൂർ ഒരു വിക്കറ്റ് നഷ്ടത്തിൽ 88 റൺസുമായി ശക്തമായ നിലയിലായി. വൈകാതെ ദേവ്ദത്ത് പടിക്കൽ സീസണിലെ നാലാം അർധസെഞ്ചുറി തികച്ചു. 31 പന്തിലാണ് ദേവ്ദത്ത് അർധശതകം തികച്ചത്. സീസണിൽ ദേവ്ദത്തിന്റെ വേഗമേറിയ അർധസെഞ്ചുറിയാണിത്. യഥാക്രമം 36, 37, 34 പന്തുകളിലായിരുന്നു ആദ്യ മൂന്നു അർധസെഞ്ചുറികൾ.

പിന്നാലെ വിരാട് കോലി പുറത്തായി. 9 റൺസ് മാത്രമെടുത്ത കോലിയെ ജസ്പ്രീത് ബുമ്രയുടെ ബോളിങ്ങിൽ സൗരഭ് തിവാരി ക്യാച്ചെടുക്കുകയായിരുന്നു. കോലിയുടെ വിക്കറ്റോടെ ജസ്പ്രീത് ബുമ്ര ഐപിഎലിൽ 100 വിക്കറ്റ് തികച്ചു. എബി ഡിവില്ലിയേഴ്‌സ് കൂട്ടായി എത്തിയതോടെ ദേവ്ദത്ത് ആക്രമണം കടുപ്പിച്ചു. 13 ാം ഓവറിൽ ബാംഗ്ലൂർ 100 റൺസ് കടന്നു. രാഹുൽ ചാഹർ എറിഞ്ഞ 15 ാം ഓവറിൽ 16 റൺസാണ് ദേവ്ദത്ത് നേടിയത്. ഓവർ പൂർത്തിയായപ്പോൾ ബാംഗ്ലൂർ ഒരു വിക്കറ്റ് നഷ്ടത്തിൽ 129 റൺസ്.

അടുത്ത ഓവറിൽ അക്രമകാരിയായ ഡിവില്ലിയേഴ്‌സ് (15 റൺസ്) പുറത്തായി. കീറോൺ പൊള്ളാർഡിന്റെ ബോളിങ്ങിൽ ഡിവില്ലിയേഴ്‌സിന്റെ ഷോട്ട് രാഹുൽ ചാഹറിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. 17 ാം ഓവറിൽ ശിവം ദുബെ (2 റൺസ്), ദേവ്ദത്ത് പടിക്കൽ എന്നിവരെ ജസ്പ്രീത് ബുമ്ര പുറത്താക്കി. 45 പന്തുകൾ നേരിട്ട് ഒരു സിക്‌സും 12 ഫോറും സഹിതം 74 റൺസാണ് ദേവ്ദത്ത് നേടിയത്. ഈ ഓവറിൽ റൺസൊന്നും വഴങ്ങാതെയാണ് ജസ്പ്രീത് ബുമ്ര രണ്ടു വിഴ്‌ത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP