Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിലും താരം തേജസ്വി തന്നെ; നിതീഷ് കുമാറിന് നെഞ്ചിടിപ്പേറുന്ന കണക്കുകൾ ഇങ്ങനെ

സോഷ്യൽ മീഡിയയിലും താരം തേജസ്വി തന്നെ; നിതീഷ് കുമാറിന് നെഞ്ചിടിപ്പേറുന്ന കണക്കുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: ബീഹാറിൽ ആദ്യഘട്ട പോളിങ്ങ് ആരംഭിച്ച ഇന്ന് ട്വിറ്ററിൽ വോട്ട് ഫോർ തേജസ്വി എന്ന ഹാഷ് ടാഗ് ട്രെൻഡിങ്ങായിരുന്നു. മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളും, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ആർ.ജെ.ഡിയും, കോൺഗ്രസും ഇടതു പാർട്ടികളും ഉൾപ്പെട്ട മഹാസഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയത്. കഴിഞ്ഞ 15 വർഷമായി ബീഹാർ മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാർ ഇത്തവണ വലിയ വെല്ലുവിളിയാണ് പ്രതിപക്ഷ സഖ്യത്തിൽ നിന്നും നേരിടുന്നത്. ഇപ്പോഴിതാ, സമൂഹ മാധ്യമങ്ങളിലും ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് നിതീഷിനെക്കാൾ തേജസ്വിയെ ആണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു.

ഫേസ്‌ബുക്കിൽ കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെയാണ്. കഴിഞ്ഞ് മുന്ന് മാസത്തിനിടെയാണ് തേജസ്വി യാദവിന് ഇത്രയധികം സ്വീകാര്യത ലഭിച്ചത്. ജൂലായ് 26 മുതൽ ഒക്ടോബർ 18 വരെയുള്ള തീയ്യതികൾ കമന്റായും, ലൈക്കായും, ഷെയറായും നിതീഷ് കുമാറിന് ലഭിച്ചത് 1.66 മില്ല്യൺ റിയാക്ഷനാണ്. തേജസ്വിക്കാകട്ടെ ഇത് 13.53 മില്ല്യണാണ്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാൾ ബഹുദൂരം മുന്നിലാണ് റിയാക്ഷനുകളിൽ തേജസ്വി യാദവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തേജസ്വി യാദവ് ഫേസ്‌ബുക്കിലെ സാന്നിധ്യം വലിയ രീതിയിലാണ് മെച്ചപ്പെടുത്തിയത്. നിതീഷ് കുമാർ 197 പോസ്റ്റുകളാണ് ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഇട്ടതെങ്കിൽ തേജസ്വി യാദവ് 334 പോസ്റ്റുകൾ ഫേസ്‌ബുക്കിലിട്ടു.

പേജ് ലൈക്കിന്റെ കാര്യത്തിൽ നിതീഷ്‌കുമാറാണ് മുന്നിൽ. 1.6 മില്ല്യൺ ആളുകൾ നിതീഷ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. തൊട്ട് പുറകിൽ തന്നെ തേജസ്വി യാദവുമുണ്ട്. 1.59 മില്ല്യൺ പേരാണ് തേജസ്വി യാദവിന്റെ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. ഫേസ്‌ബുക്ക് റിയാക്ഷനുകളിൽ ഹഹ, ലവ്, ലൈക്ക്, സാഡ്, ആംഗ്രി, വൗ, തുടങ്ങിയവയിൽ തേജസ്വിക്ക് ഏറ്റവും കൂടുതൽ ലഭിച്ചത് ലവ് റിയാക്ഷനാണ്. 0.04 ശതമാനം ആളുകൾ മാത്രമാണ് തേജസ്വിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് ആംഗ്രി റിയാക്ഷനിട്ടത്.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ആർ.ജെ.ഡിയുടെ തേജസ്വി യാദവ്. തൊഴിലുകൾക്കും, സുരക്ഷയ്ക്കും, സാഹോദര്യത്തിനും, പുരോഗതിക്കും, സമാധാനത്തിനും, വികസനത്തിനും, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും, വളർച്ചയ്ക്കും, വ്യവസായവത്കരണത്തിനും പുരോഗതിക്കും തേജസ്വി യാദവിന് വോട്ട് ചെയ്യണമെന്നാണ് ട്വിറ്ററിൽ നിന്നുയരുന്നു ആവശ്യം.

16 ജില്ലകളിലായി 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. കോവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പോളിങ് ആണ് ബീഹാറിലേത്. മൊത്തം 1,066 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്, 31,371 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2,14,84,787 വോട്ടർമാർ ആണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,13,51,754 പേർ പുരുഷന്മാരും 1,01,32,434 പേർ സ്ത്രീകളും 599 പേർ ട്രാൻസ്ജെന്റേഴ്സുമാണ്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും ചെറിയ നിയോജകമണ്ഡലം ഷെയ്ഖ്പുര ജില്ലയിലെ ബാർബിഗയാണ്. ഏറ്റവും വലുത് നവഡ ജില്ലയിലെ ഹിസുവയുമാണ്.

നാൽപത് വർഷത്തിന് ശേഷം രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് നേതൃത്വം നൽകിയത് തേജസ്വി യാദവാണ്. കോൺഗ്രസും, ആർ.ജെ.ഡിയും ഇടതു പാർട്ടികളും ഒരുമിച്ചാണ് എൻ.ഡി.എക്കെതിരെ ബീഹാറിൽ പോരാട്ടത്തിനിറങ്ങിയത്. അവസാനഘട്ടത്തിൽ എൻ.ഡി.എയിൽ നിന്നും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി പുറത്ത് പോയത് ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ചിരുന്നു.

നവംബർ മൂന്ന്, ഏഴ് തിയതികളിലായി ബിഹാർ നിയമസഭയിലേക്കുള്ള രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകൾ നടക്കും. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. എൻഡിഎ സഖ്യം വിട്ടില്ലെങ്കിലും എൽജെപി ഇക്കുറി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജെഡിയു മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എൽജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. അതേസമയം മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്കാണ് പാർട്ടിയുടെ പിന്തുണ.

പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായിരുന്നു. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP