Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 കമ്പനികളെ പുറത്താക്കിയെന്ന വാർത്ത അടിസ്ഥാനരഹിതം: സ്മാർട്ട്സിറ്റി കൊച്ചി

സ്വന്തം ലേഖകൻ

കൊച്ചി: വാടക കുടിശ്ശിക വരുത്തിയതിന് സ്മാർട്ട്സിറ്റി കൊച്ചിയിൽ നിന്നും 12 കമ്പനികളെ പുറത്താക്കിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാർട്ട്സിറ്റി മാനേജ്മെന്റ് വ്യക്തമാക്കി. ഇന്ന് വരെ ഒരു തരത്തിലുള്ള പുറത്താക്കൽ നടപടികളും സ്മാർട്ട്സിറ്റി ആരംഭിച്ചിട്ടില്ല. തുടർച്ചയായ കരാർ ലംഘനങ്ങൾക്ക് 3 കമ്പനികൾക്ക് കരാർ വ്യവസ്ഥകൾ പ്രകാരം ലീസ് ടെർമിനേഷൻ നോട്ടീസ് നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. മറ്റ് 6 കമ്പനികൾക്ക് വാടക കുടിശ്ശിക തീർക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയുമാണ് ചെയ്തതെന്നും സ്മാർട്ട്സിറ്റി കൊച്ചി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്മാർട്ട്സിറ്റിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ സിഇഒ കഴിഞ്ഞ ദിവസം ന്യൂസ് ചാനലുകളിലൂടെ തന്റെ കമ്പനിയെ പുറത്താക്കിയെന്ന് ആരോപിച്ചു. എന്നാൽ ആ കമ്പനിക്ക് യാതൊരു വിധ നോട്ടീസും നൽകിയിട്ടില്ലെന്നതാണ് വസ്തുത. പുറത്താക്കിയിട്ടില്ലാത്ത ഒരു കമ്പനിയുടെ പ്രതിനിധി മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ കമ്പനിയെ പുറത്താക്കിയെന്ന് പറഞ്ഞത് പൊതുജന മധ്യത്തിൽ സ്മാർട്ട്സിറ്റിയെ കരിവാരിത്തേക്കാൻ ലക്ഷ്യമിട്ടാണ്. ഇതിൽ ഒരു കമ്പനിയുടെ പ്രതിനിധി സ്മാർട്ട്സിറ്റി ഉദ്യോഗസ്ഥരെ വാക്കിലൂടെയും എഴുത്തിലൂടെയും അധിക്ഷേപിക്കാനും തയ്യാറായി. ഇക്കാര്യം സ്മാർട്ട്സിറ്റി നിയമപരമായി എടുത്തിട്ടുണ്ട്.

സ്മാർട്ട്സിറ്റി കൊച്ചി സർക്കാർ ഐടി പാർക്കല്ലെന്ന് 2020 ഒക്ടോബർ 6-ന് ഇറക്കിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ സർക്കാർ ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള 2020 ഏപ്രിൽ 27-ലെ സർക്കാർ ഉത്തരവ് സ്മാർട്ട്സിറ്റിക്ക് ബാധകമല്ലെന്ന് ഒക്ടോ. 6-ലെ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

37 കമ്പനികളാണ് നിലവിൽ സ്മാർട്ട്സിറ്റിയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 28 കമ്പനികളും സ്മാർട്ട്സിറ്റിയുമായുള്ള കരാർ വ്യവസ്ഥകൾ യാതൊരു തടസ്സവുമില്ലാതെ പൂർണമായും പാലിച്ചു പോരുന്നവരാണ്. ഇവരിൽ ചിലർ വാടക നൽകാൻ 2020 ഏപ്രിലിൽ അനുവദിച്ച സാവകാശം സ്വീകരിച്ചവരുമാണ്. പുറത്താക്കൽ നോട്ടീസ് നൽകിയിട്ടുള്ള 3 കമ്പനികൾ മൂന്ന് മാസത്തെ വാടക മാത്രമല്ല മറിച്ച് അതിന് ശേഷമുള്ള മാസങ്ങളിലെ വാടകയും കുടിശ്ശിക വരുത്തിയിട്ടുണ്ട്. നിരവധി അവസരങ്ങൾ നൽകിയിട്ടും കുടിശ്ശിക തീർക്കാൻ അവർ തയ്യാറായിട്ടില്ല. എന്നിരുന്നാലും സ്മാർട്ട്സിറ്റി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമായതിനാൽ ആ കമ്പനികളെ ബലമായി പുറത്താക്കില്ല. വാടക കുടിശ്ശിക തീർക്കുന്ന പക്ഷം അവരെ ഇവിടെ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്നതായിരിക്കും.

ഏപ്രിൽ, മെയ്‌, ജൂൺ എന്നീ മൂന്ന് മാസത്തെ വാടകയ്ക്ക് ക്രമീകരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 7 കമ്പനികളുടെ വാടക കുടിശ്ശികയുടെ കാര്യം തീർപ്പാക്കാൻ വഴിയൊരുങ്ങിയിട്ടുണ്ട്. ഇത് പ്രകാരം കമ്പനികൾ സ്മാർട്ട്സിറ്റിയുമായി പ്രശ്നം തീർപ്പാക്കാൻ മുന്നോട്ടു വരികയും കുടിശ്ശിക അടച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരം വാടകകുടിശ്ശിക സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും വകയിരുത്തുകയോ അല്ലെങ്കിൽ അവരിൽ നിന്നും ഈടാക്കുകയോ ചെയ്യുന്നതാണ്. നിലവിൽ 4 കമ്പനികളുമായി ബന്ധപ്പെട്ടാണ് പ്രശ്നം നിലനിൽക്കുന്നത്. ഇവർക്ക് കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുകളെക്കുറിച്ച് പൂർണ ബോധ്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഒക്ടോ. 6-ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വാടക കുടിശ്ശിക തീർത്ത് വാടക കരാർ പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റാൻ അവർ തയ്യാറാകേണ്ടതാണെന്നും സ്മാർട്ട്സിറ്റി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

സ്മാർട്ട്സിറ്റി കൊച്ചി സർക്കാർ സ്ഥാപനമോ പൊതുമേഖലാ സ്ഥാപനമോ അല്ല. ഇന്ത്യയിലെ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ്. കമ്പനിക്ക് സർക്കാർ ഫണ്ടോ സബ്സിഡിയോ ലഭിക്കുന്നില്ല. വായ്പകൾ എഴുതിത്ത്തള്ളുകയോ മറ്റെന്തെങ്കിലും ഇളവുകൾ നൽകുകയോ ചെയ്തിട്ടില്ല. ഭൂമി, അടിസ്ഥാനസൗകര്യങ്ങൾ, കെട്ടിടം തുടങ്ങിയവയിലേക്കായി സ്മാർട്ട്സിറ്റി വൻ തുക നിക്ഷപിച്ചിട്ടുണ്ട്. അത് തുടർന്ന് കൊണ്ടുപോകാൻ കമ്പനി പ്രതിബദ്ധമാണ്. ബിസിനസ് പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനി എന്ന നിലയിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളോടും നിക്ഷേപകരോടുമുള്ള ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ പ്രവർത്തിക്കുന്ന കമ്പനികൾക്ക് വാടകയിളവ് നൽകാൻ നിർവാഹമില്ലെന്നും സ്മാർട്ട്സിറ്റി കൊച്ചി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP