Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പക്ഷി കാഷ്ഠ ശല്യം: സ്ഥാനാർത്ഥികൾ മുൻകൈയെടുക്കണമെന്നു ടിആർഎ

പക്ഷി കാഷ്ഠ ശല്യം: സ്ഥാനാർത്ഥികൾ മുൻകൈയെടുക്കണമെന്നു ടിആർഎ

സ്വന്തം ലേഖകൻ

ആലപ്പുഴ: പട്ടണത്തിലെ റോഡു വക്കിലുള്ള വൃക്ഷങ്ങളിലെ പക്ഷികൾ തുടർച്ചയായി രാവും പകലും മഴപോലെ പാറ്റിക്കൊണ്ടിരിക്കുന്ന അതീവ ദുർഗന്ധം വമിക്കുന്ന കാഷ്ഠ ശല്യം ഒഴിവാക്കാൻ മഹാമാരി കോവിഡ് കാലത്തു പോലും അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ അതാതു പ്രദേശങ്ങളിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കച്ചകെട്ടിയിറങ്ങുന്ന സ്ഥാനാർത്ഥികൾ അതിനായി തെരഞ്ഞെടുപ്പിനു മുൻപു തന്നെ മുൻകൈയെടുക്കണമെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ എൽഡിഎഫും യുഡിഎഫും മുനിസിപ്പാലിറ്റി ഭരിച്ചിട്ടും ഇതിനൊരു ഫലപ്രദമായ പരിഹാരം കണ്ടെത്തിയിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മുൻ അനുഭവജ്ഞാനം വച്ച് അഞ്ചു വർഷത്തേക്കു പരിഹാരമുണ്ടാകാനിടയില്ലാത്തതിനാലാണ് ആത്മാർഥത തെളിയിക്കാൻ സ്ഥാനാർത്ഥികൾ ഉടനെ മുന്നോട്ടു വരണമെന്നു ആവശ്യപ്പെടുന്നത്. അതു വഴി കടന്നുപോകുന്നവരുടെ മേൽ സദാ കാഷ്ഠാഭിഷേകമാണ്.

ഇക്കാര്യം ആവശ്യപ്പെട്ടാൽ ഉടൻ തന്നെ വൃക്ഷ, പക്ഷി സ്നേഹികൾ അതിനെതിരെ രംഗത്തിറങ്ങും. ഒരിക്കലും അതുവഴി സഞ്ചരിക്കാത്തവരാണ് അഭിപ്രായം പറയാൻ മുന്നിട്ടിറങ്ങുന്നത്. അക്കൂട്ടരെ മരങ്ങൾക്കു കീഴിൽ കൊണ്ടു നിർത്തി പത്തു മിനിട്ട് തല ബലമായി മുകളിലോട്ടു പിടിപ്പിച്ചു നിറുത്തുകയാണ് വേണ്ടത്. എന്നിട്ടു വേണം അഭിപ്രായം ആരായാൻ.

തുടർച്ചയായ പക്ഷി കാഷ്ഠ വീഴ്ച മൂലം അതുവഴിയുള്ള കാൽനടക്കാരും വാഹന സഞ്ചാരികളും സഹികെടുകയാണ്. സ്വകാര്യ ബസ് സ്റ്റാൻഡ്, വില്ലേജ് ഓഫീസ് തുടങ്ങിയിടങ്ങളിലേക്കെല്ലാം സാധാരണക്കാർ നടന്നാണ് എത്തുന്നത്. സമീപ വീട്ടുകാർക്കു പുറത്തേക്കിറങ്ങാനാകില്ല. വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുത്തനെ കുറഞ്ഞു. അനുഭവിക്കുന്നവർക്ക് ഒഴികെ വേറെ ആർക്കും പ്രശ്നമില്ല!

റോഡിലേക്കു പടർന്നു നില്ക്കുന്ന ശാഖകളിൽ ചേക്കേറുന്ന പക്ഷികളുടെ കാഷ്ഠം നാട്ടുകാരെയും വന്നുപോകുന്നവരെയും മൊത്തത്തിൽ ദുരിതത്തിലാക്കിയിട്ടും അത്തരം ശിഖരങ്ങൾ ഒരിക്കലും നീക്കം ചെയ്യാറില്ല. കാൽനടക്കാരുടെ ശരീരത്തിൽ ഒരു മയവുമില്ലാതെ വീഴുന്ന ദുർഗന്ധമുള്ള കാഷ്ഠം റോഡിലാകട്ടെ മെത്തപോലെയാണ് കിടക്കുന്നത്. അത് അനുഭവിക്കുന്നവർക്കല്ലാതെ മറ്റാർക്കും പ്രശ്നമേയല്ല.

വേനൽക്കാലത്ത് പൊടിയായി പടർന്നും മഴക്കാലത്ത് വെള്ളത്തിൽ കുഴമ്പായി ഒഴുകിയും രോഗകാരണമാകുന്നു. വസ്ത്രങ്ങളിൽ കാഷ്ഠം വീഴുന്നയിടങ്ങൾ ദ്രവിക്കുകയും ത്വക്രോഗങ്ങൽക്കു കാരണമാകുകയും ചെയ്യും. കണ്ണിൽ വീണാൽ കാഴ്ചശക്തി പോകുന്നതുൾപ്പെടയുള്ള വൻ ദുരന്തമാണുണ്ടാകുക. പക്ഷികൾ കൂട്ടമായിരിക്കുന്ന അത്തരം മരങ്ങളുടെ സമീപത്തുള്ള വീട്ടുകാരും സ്ഥാപനങ്ങളുമാണ് എറെ ബുദ്ധിമുട്ടുന്നത്. അതുവഴി ഒരിക്കൽ പോലും കടന്നുപോകേണ്ടതില്ലാത്തവർ വൃക്ഷ, പക്ഷി സ്നേഹികളുടെ രൂപത്തിൽ അവതരിച്ചു പക്ഷികളെ റോഡിനു മുകളിൽ നിന്നു ഓടിക്കാനുള്ള ശ്രമങ്ങളെ തടയുകയും ചെയ്യും. ഇതു സംബന്ധിച്ചു ജില്ലാ ഭരണകൂടത്തിനടക്കം പല പ്രാവശ്യം നിവേദനം നല്കിയിട്ടുള്ളതാണ്.

നൂറുകണക്കിനു പക്ഷികളിൽ നിന്നു ദുർഗന്ധം വമിക്കുന്ന കാഷ്ഠം എപ്പോഴും വീണുകൊണ്ടിരിക്കുന്നതിനാൽ ആർക്കും റോഡിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. വാഹനങ്ങളിൽ കാഷ്ഠം വീണ് വൃത്തികേടാകും. വിചാരിക്കാതിരിക്കെ വിൻഡ്സ്‌ക്രീനിൽ കാഷ്ഠം വന്നു പതിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ പെട്ടെന്നു തിരിഞ്ഞു അപകട കാരണമാകാറുമുണ്ട്. പരിസ്ഥിതി മലിനീകരണമുണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകളൊന്നും പരിഹാരത്തിനു ശ്രമം നടത്താത്തതു ഖേദകരമാണ്. മരങ്ങൾക്കു കീഴിൽ റോഡുവക്കിൽ പാചകം ചെയ്തു വില്പന നടത്തുന്ന അനധികൃത തട്ടുകടകളിലെ ഭക്ഷണ പദാർഥങ്ങളിൽ കാഷ്ഠം വീഴുന്നതും പതിവാണ്.

പക്ഷികാഷ്ഠ ശല്യം ഒഴിവാക്കാൻ റോഡിലേക്കു പടർന്നു നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിനീക്കുകയേ നിർവാഹമുള്ളു. മരങ്ങൾ മിക്കവയും അപകടരമായാണ് നില്ക്കുന്നത്. എല്ലാ വൃക്ഷങ്ങളും വൈദ്യുതി ലൈനുകളുടെ മുകളിൽ തൊട്ടുരുമിയാണ്. ശിഖരങ്ങൾ കമ്പിയിൽ മുട്ടി വൈദ്യുതി മുടങ്ങുന്നതും പതിവാണ്. കഴിഞ്ഞ മഴക്കാലത്ത് പട്ടണത്തിലെ അനേകം വൃക്ഷങ്ങൾ കടപുഴകി അപകടങ്ങളുണ്ടായി. റോഡുകൾ പോലും തകർത്താണ് മരങ്ങൾ നിലംപറ്റിയിട്ടുള്ളത്. അവയൊക്കെ ഇപ്പോഴും വീണിടത്തു തന്നെ കിടപ്പുണ്ട്. റോഡിൽ ജനങ്ങൾക്കു ദ്രോഹമാകുന്നതെല്ലാം നീക്കം ചെയ്യുക തന്നെ വേണം.

പക്ഷികാഷ്ഠ ശല്യം ഒഴിവാക്കാൻ റോഡിനു മുകളിലേക്കുള്ള വൃക്ഷശിഖരങ്ങൾ വെട്ടിനീക്കണമെന്നു ആവശ്യപ്പെടുമ്പോൾ ചില പരിസ്ഥിതിവാദികൾ എതിർപ്പോടെ രംഗപ്രവേശനം ചെയ്യാറുണ്ട്. വൃക്ഷം വെട്ടരുതെന്നും പക്ഷികളെ ഓടിക്കരുതെന്നുമാണ് അക്കൂട്ടരുടെ ആവശ്യം. എന്നാൽ അവരൊന്നും തന്നെ ഈ വൃക്ഷങ്ങളുടെ കീഴിലൂടെ സഞ്ചരിക്കുന്നവരല്ല എന്നതാണ് വസ്തുത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP