Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക സംവരണത്തിനെതിരെ നിലപാടെടുത്ത് സംവരണ സമുദായ മുന്നണി; മുന്നോക്കകാരിലെ പിന്നാക്കക്കാർക്ക് സംവരണമല്ല, സാമ്പത്തിക സഹായം ആണ് നൽകേണ്ടതെന്നും ഉപദേശം; സുപ്രീം കോടതിയിൽ കേസ് തീരുന്നത് വരെ സാമ്പത്തിക സംവരണം നടപ്പിലാക്കരുതെന്നും മുന്നറിയിപ്പ്

സാമ്പത്തിക സംവരണത്തിനെതിരെ നിലപാടെടുത്ത് സംവരണ സമുദായ മുന്നണി; മുന്നോക്കകാരിലെ പിന്നാക്കക്കാർക്ക് സംവരണമല്ല, സാമ്പത്തിക സഹായം ആണ് നൽകേണ്ടതെന്നും ഉപദേശം; സുപ്രീം കോടതിയിൽ കേസ് തീരുന്നത് വരെ സാമ്പത്തിക സംവരണം നടപ്പിലാക്കരുതെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മുന്നോക്ക വിഭാ​ഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംവരണ സമുദായ മുന്നണി. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ നിലപാടെടുക്കാൻ ഇന്ന് ചേർന്ന യോ​ഗം തീരുമാനിച്ചു. സാമ്പത്തിക സംവരണം ഭരണ ഘടനാ വിരു​ദ്ധമാണെന്ന നിലപാടാണ് യോ​ഗം സ്വീകരിച്ചത്. കൊച്ചിയിൽ നടന്ന വിവിധ മുസ്ലിം സംഘടനകളുടെയും പിന്നാക്ക സമുദായ സംഘടനകളുടെയും സംയുക്ത യോഗത്തിൽ നിന്ന് എസ്എൻഡിപിയും ശ്രീനാരായണ സംഘടനകളും വിട്ടുനിന്നു.

സാമ്പത്തിക സംവരണം ഭരണ ഘടനാ വിരു​ദ്ധമാണെന്ന് യോ​ഗത്തിന് ശേഷം പ്രതിനിധികൾ വ്യക്തമാക്കി. മുന്നോക്കകാരിലെ പിന്നാക്കക്കാർക്ക് സംവരണമല്ല, സാമ്പത്തിക സഹായം ആണ് നൽകേണ്ടത്. സുപ്രീം കോടതിയിൽ കേസ് തീരുന്നത് വരെ സാമ്പത്തിക സംവരണം നടപ്പിലാക്കരുത്. പല ഇടത്തും സംവരണം അതിരു കടന്നു. നിലവിലെ സംവരണം പോലും പിന്നോക്കകാർക്ക് കിട്ടുന്നില്ല. ദേവസ്വം , മെഡിക്കൽ , വിദ്യാഭ്യാസ സംവരണം നിലവിൽ ഉള്ളത് പോലും പിന്നോക്കക്കാർക്ക് കിട്ടുന്നില്ല. 2021 ലെ സെൻസസ് ജാതി അടിസ്ഥാനത്തിൽ നടത്തണം. ഇല്ലെങ്കിൽ സെൻസെസ് ബഹിഷ്ക്കരിക്കുമെന്നും മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, പി ദിനകരൻ തുടങ്ങിയവർ യോ​ഗശേഷം മാധ്യമങ്ങളെ അറിയിച്ചു. 39 സംഘടനാ പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുത്തു. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും സമസ്ത അടക്കം വിവിധ മുസ്ലിം സംഘടനകളും യോഗത്തിൽ പങ്കെടുത്തു.

അതേസമയം, പൊതുമെറിറ്റിലെ അമ്പത് ശതമാനത്തിൽ നിന്നാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്തുശതമാനം സംവരണം നൽകുന്നതെങ്കിൽ എതിർക്കുന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് അങ്ങനെയാണ് മനസിലായത്. എന്നാൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ നൂറിൽ പത്താണെന്ന് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആകെയുള്ളതിൽ പത്ത് ശതമാനമാണെങ്കിൽ ശക്തമായി എതിർക്കും. നിലവിലുള്ള സംവരണത്തിൽ തൊടുന്നില്ലെങ്കിൽ എതിർക്കേണ്ട കാര്യമില്ല. സംവരണ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനർ എംഎം ഹസനും നിലപാട് വ്യക്തമാക്കാത്തതിൽ അമർഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സംവരണത്തിന്നെതിരെയുള്ള ലീഗിന്റെ എതിർപ്പ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ മറുനാടനോട് പ്രതികരിച്ചു. സംവരണ കാര്യത്തിൽ ലീഗിന്റെത് യുക്തിയില്ലാത്ത എതിർപ്പ് ആണ്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടുള്ള എതിർപ്പാണ് ലീഗിന്റെത്. മുസ്ലിം ലീഗിനെ അതിനിശിതമായി വിമർശിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം കണ്ടിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. പക്ഷെ പെരുന്തോട്ടത്തിന്റെ പ്രതികരണത്തിന്റെ തുടർച്ച തന്നെയാണ് സുകുമാരൻ നായരും നടത്തുന്നത്.

സംവരണ കാര്യത്തിൽ മുസ്ലിം ലീഗ് ഉയർത്തുന്ന എതിർപ്പ് മുന്നിൽ കാണുന്നുണ്ട്. ലീഗിന്റെ എതിർപ്പിനു പിന്നിൽ രാഷ്ട്രീയവും തിരഞ്ഞെടുപ്പും തന്നെയാണ്. മുസ്ലിം ലീഗ് അഭിപ്രായം പറഞ്ഞു. ഞങ്ങൾ ഒന്നും പ്രതികരിച്ചിട്ടില്ല. മുസ്ലിം ലീഗ് ഇപ്പോൾ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് തത്ക്കാലം പ്രതികരിക്കുന്നില്ല. കോൺഗ്രസിന്റെ നിലപാട് അറിയട്ടെ. ആ നിലപാട് ഇന്നു അറിയാം കഴിയും. അവർ യോഗം വിളിച്ചിട്ടുണ്ട്. നിലപാട് ഇന്നു പറയും എന്നാണ് കോൺഗ്രസ് പറഞ്ഞത്. അതിനു ശേഷം എൻഎസ്എസ് ഈ കാര്യത്തിൽ നിലപാട് സ്വീകരിക്കും. എസ്എൻഡിപി സാമ്പത്തിക സംവരണത്തെ എതിർക്കുന്നുണ്ട്. . അതൊന്നും ഞങ്ങളുടെ പ്രശ്‌നമല്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് എന്ത് പറയുന്നു എന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല.

ബിൽ ലോക്‌സഭയിൽ വന്നപ്പോൾ എല്ലാവരും വോട്ടു ചെയ്തതല്ലേ. പാർലമെന്റിൽ എല്ലാവരും സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. മൂന്നു പേർ ഒഴിച്ച് സർവരും അനുകൂല വോട്ടു ചെയ്തതാണ്. ആ മൂന്നു പേരിൽ എതിർത്ത് വോട്ടു ചെയ്ത രണ്ടുപേരാണ് കേരളത്തിലെ പ്രക്ഷോഭങ്ങൾക്ക് കുട പിടിക്കുന്നത്. ഞങ്ങൾക്ക് കോൺഗ്രസ് സഹായിക്കണമെന്നോ കമ്മ്യൂണിസ്റ്റ് സഹായിക്കണമെന്നോ ബിജെപി സഹായിക്കണം എന്നോ ഇല്ല. ഞങ്ങൾ ആവശ്യപ്പെടുന്നത് സാമൂഹ്യനീതിയാണ്. അതിനു പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. സാമ്പത്തിക സംവരണം എന്ന് പറഞ്ഞാൽ പുച്ചിച്ച് തള്ളുന്ന അവസ്ഥയായിരുന്നു മുൻപ് നിലവിലുണ്ടായിരുന്നത്. ആ സാഹചര്യം അന്ന് നിലനിന്നിരുന്നു. എത്രയോ മുൻപ് എൻഎസ് എസ് ഉന്നയിച്ച സാമ്പത്തിക സംവരണം എന്ന ആവശ്യം ഇന്നു യാഥാർഥ്യമായിരിക്കുന്നു എന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP