Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വ‍ർണക്കള്ളക്കടത്തിലെ ​ഗൂഢാലോചനയിൽ ഒന്നാമൻ മുഖ്യമന്ത്രി; പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

സ്വ‍ർണക്കള്ളക്കടത്തിലെ ​ഗൂഢാലോചനയിൽ ഒന്നാമൻ മുഖ്യമന്ത്രി; പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്വ‍ർണക്കള്ളക്കടത്തിൽ അറസ്റ്റിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വ‍ർണക്കള്ളക്കടത്തിലെ ​ഗൂഢാലോചനയിൽ ഒന്നാമൻ മുഖ്യമന്ത്രിയാണെന്നും പിണറായിയുടെ നിർദ്ദേശങ്ങളാണ് ശിവശങ്കർ നടപ്പാക്കിയതെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണൽ സെക്രട്ടറിമാർക്കും കള്ളക്കടത്തിൽ പങ്കുണ്ടെന്നും ഇതേക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം നടക്കണമെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

സ്വർണക്കടത്തിന് ഇടനിലക്കാരനായി നിന്നത് ശിവശങ്കറും സ്വപ്‌നയുമാണ്. മുഖ്യമന്ത്രി വിദേശത്ത് പോവുന്നതിന് മുന്നെ സ്വപ്‌നയും ശിവശങ്കറും വിദേശത്ത് പോയി. പല വ്യവസായ പ്രമുഖരുമായും ഇവർ സംസാരിച്ചിട്ടുണ്ട്. പല സന്നദ്ധ സംഘടനകളുടേയും പേര് പറഞ്ഞ് കേരളത്തിലേക്ക് പണം വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ആസൂത്രണം നടത്തിയത് ശിവശങ്കർ മാത്രമാണ് എന്ന് കരുതാൻ കഴിയില്ലെന്നും സുരേന്ദ്രൻ  പറഞ്ഞു.

മുഖ്യമന്ത്രി അറിയാതെ ശിവശങ്കറിന് വിദേശ സന്ദർശനം നടത്താൻ കഴിയില്ല. വിദേശത്ത് ആശയ വിനിമയം നടത്താൻ കഴിയില്ല. ധന സഹായം ലഭിക്കാനും പണം കേരളത്തിലേക്ക് കൊണ്ടുവരാനും കഴിയില്ല. കൊണ്ടുവന്നിട്ടുള്ള പണത്തിന്റെ ഒരുഭാഗം ലൈഫ് മിഷനിലേക്കാണ് പോയത്. ശിവശങ്കറും സ്വപ്‌ന സുരേഷും വിദേശത്ത് നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ധനസഹായം ലൈഫ് മിഷനുവേണ്ടി വന്നത്. അന്വേഷണം ശരിയായ രീതിയിൽ പൂർത്തിയാക്കണമെങ്കിൽ കേരളത്തിലേക്ക് വന്ന മറ്റ് ധനസഹായവും പരിശോധിക്കണമെന്നും ഏതൊക്കെ സംഘടനകൾ ഇതിന്റെ പിന്നിലുണ്ടെന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കേരളത്തിലേക്ക് എത്ര കോടി ധനസഹായം പ്രളയാനന്തരം എത്തിയിട്ടുണ്ട്. കള്ളക്കടത്തിന് എന്തെല്ലാം സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തുകൊടുത്തത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാത്ത ബന്ധമുണ്ട് എന്നത് മനസ്സിലായതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാൽ വഴി വിട്ട ഇടപാടിന്റെ ഭാഗമായിട്ട് മാത്രമല്ല ശിവശങ്കർ കസ്റ്റഡിയിലാവുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. വ്യക്തമായ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

സംവരണവിഷയത്തിൽ മുസ്ലിം ലീ​ഗിനെതിരെയും രൂക്ഷവിമർശനമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉയർത്തിയത്.. മുന്നോക്ക വിഭാ​ഗങ്ങളുടെ സംവരണത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ലീ​ഗും മറ്റു തീവ്ര വർഗീയ പ്രസ്ഥാനങ്ങളും ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. മുന്നാക്കസംവരണത്തിനെതിരെ ആസൂത്രിതമായ നീക്കമാണ് നിലവിൽ നടക്കുന്നത്. മുന്നോക്ക സംവരണം മോദി സ‍ർക്കാർ വിഭാവനം ചെയ്ത പോലെയല്ല കേരളത്തിൽ നടപ്പിലാക്കിയതെന്നും സംവരണത്തിനുള്ള മാനദണ്ഡങ്ങൾ ശക്തമാക്കിയതാണ് കേരളത്തിൽ പ്രശ്നം സൃഷ്ടിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP