Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംവരണം ഉള്ളവരിൽ ക്രീമിലെയർ പരിധി ഉയർത്തി നേട്ടങ്ങൾ ഉണ്ടാക്കുന്നത് ആരാണ്? സംവരണ വിഭാഗത്തിലെ പാവങ്ങൾ ഇത് മനസിലാക്കുന്നില്ല; മുന്നോക്ക സമുദായത്തിൽ 28 ജാതികളും 92 ഓളം ഉപജാതികളുമുണ്ട്; എൻ എസ് എസിന്റെ സാമൂഹിക നീതി മാത്രം; ലീഗീന്റെ എതിർപ്പിലുള്ളത് തെരഞ്ഞെടുപ്പ് രാഷ്ട്രീയവും; എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ മറുനാടനോട്

സംവരണം ഉള്ളവരിൽ ക്രീമിലെയർ പരിധി ഉയർത്തി നേട്ടങ്ങൾ ഉണ്ടാക്കുന്നത് ആരാണ്? സംവരണ വിഭാഗത്തിലെ പാവങ്ങൾ ഇത് മനസിലാക്കുന്നില്ല; മുന്നോക്ക സമുദായത്തിൽ 28 ജാതികളും 92 ഓളം ഉപജാതികളുമുണ്ട്; എൻ എസ് എസിന്റെ സാമൂഹിക നീതി മാത്രം; ലീഗീന്റെ എതിർപ്പിലുള്ളത് തെരഞ്ഞെടുപ്പ് രാഷ്ട്രീയവും; എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം കേരളത്തിൽ രാഷ്ട്രീയ യുദ്ധത്തിനു വഴി തെളിയിക്കുന്നു. സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസാകുമ്പോൾ ബില്ലിനെ എതിർത്ത് വോട്ടു ചെയ്ത മുസ്ലിംലീഗ് ആണ് കേരളത്തിൽ സാമ്പത്തിക സംവരണത്തെ എതിർത്ത് സമരമുഖം തുറക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത 326 എംപിമാരിൽ മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും മാത്രമാണ് എതിർത്ത് വോട്ടു ചെയ്തത്. ഇതേ മുസ്ലിം ലീഗ് തന്നെയാണ് സാമ്പത്തിക സംവരണത്തിന്നെതിരെയുള്ള കേരളത്തിലെ യുദ്ധവും നയിക്കുന്നത്.

മുന്നാക്ക സംവരണം പിന്നാക്കക്കാരെ കൂടുതൽ പിന്നാക്കമാക്കും എന്ന യുക്തിയില്ലാത്ത എതിർപ്പ് ആണ് മുസ്ലിം ലീഗ് ഉയർത്തുന്നത്. മുസ്ലിം ലീഗിന്റെ ഈ വർഗീയ നിലപാടിനെതിരെയാണ് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ദീപികയിൽ ലേഖനം എഴുതി പ്രതികരിച്ചത്. ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖം മൂടി മാറ്റി പുറത്ത് വരുന്നു എന്നാണ് പെരുന്തോട്ടം കുറ്റപ്പെടുത്തിയത്. മറ്റുള്ള സമുദായക്കാർക്കുള്ള സംവരണം കുറയ്ക്കാതിരിക്കുമ്പോൾ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം അനുവദിക്കുന്നതിൽ എന്താണ് കുഴപ്പം എന്നാണ് പെരുന്തോട്ടം ചോദിച്ചത്. പെരുന്തോട്ടത്തിന്റെ ലേഖനം രാഷ്ട്രീയ വിവാദമായി നിലനിൽക്കുമ്പോൾ മുസ്ലിം ലീഗിന്റെ എതിർപ്പിന്നെതിരെ പ്രതികരിച്ച് എൻഎസ്എസും രംഗത്ത് വരുകയാണ്.

പെരുന്തോട്ടത്തിന്റെ പാത പിന്തുടർന്ന് മുസ്ലിം ലീഗിനെതിരെ ശക്തമായ എതിർപ്പാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രകടിപ്പിച്ചത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സംവരണത്തിന്നെതിരെയുള്ള ലീഗിന്റെ എതിർപ്പ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്ന് സുകുമാരൻ നായർ മറുനാടനോട് പ്രതികരിച്ചു. സംവരണ കാര്യത്തിൽ ലീഗിന്റെത് യുക്തിയില്ലാത്ത എതിർപ്പ് ആണ്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടുള്ള എതിർപ്പാണ് ലീഗിന്റെത്. മുസ്ലിം ലീഗിനെ അതിനിശിതമായി വിമർശിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം കണ്ടിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. പക്ഷെ പെരുന്തോട്ടത്തിന്റെ പ്രതികരണത്തിന്റെ തുടർച്ച തന്നെയാണ് സുകുമാരൻ നായരും നടത്തുന്നത്.

സംവരണ കാര്യത്തിൽ മുസ്ലിം ലീഗ് ഉയർത്തുന്ന എതിർപ്പ് മുന്നിൽ കാണുന്നുണ്ട്. ലീഗിന്റെ എതിർപ്പിനു പിന്നിൽ രാഷ്ട്രീയവും തിരഞ്ഞെടുപ്പും തന്നെയാണ്. മുസ്ലിം ലീഗ് അഭിപ്രായം പറഞ്ഞു. ഞങ്ങൾ ഒന്നും പ്രതികരിച്ചിട്ടില്ല. മുസ്ലിം ലീഗ് ഇപ്പോൾ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് തത്ക്കാലം പ്രതികരിക്കുന്നില്ല. കോൺഗ്രസിന്റെ നിലപാട് അറിയട്ടെ. ആ നിലപാട് ഇന്നു അറിയാം കഴിയും. അവർ യോഗം വിളിച്ചിട്ടുണ്ട്. നിലപാട് ഇന്നു പറയും എന്നാണ് കോൺഗ്രസ് പറഞ്ഞത്. അതിനു ശേഷം എൻഎസ്എസ് ഈ കാര്യത്തിൽ നിലപാട് സ്വീകരിക്കും. എസ്എൻഡിപി സാമ്പത്തിക സംവരണത്തെ എതിർക്കുന്നുണ്ട്. . അതൊന്നും ഞങ്ങളുടെ പ്രശ്‌നമല്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് എന്ത് പറയുന്നു എന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല.

ബിൽ ലോക്‌സഭയിൽ വന്നപ്പോൾ എല്ലാവരും വോട്ടു ചെയ്തതല്ലേ. പാർലമെന്റിൽ എല്ലാവരും സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. മൂന്നു പേർ ഒഴിച്ച് സർവരും അനുകൂല വോട്ടു ചെയ്തതാണ്. ആ മൂന്നു പേരിൽ എതിർത്ത് വോട്ടു ചെയ്ത രണ്ടുപേരാണ് കേരളത്തിലെ പ്രക്ഷോഭങ്ങൾക്ക് കുട പിടിക്കുന്നത്. ഞങ്ങൾക്ക് കോൺഗ്രസ് സഹായിക്കണമെന്നോ കമ്മ്യൂണിസ്റ്റ് സഹായിക്കണമെന്നോ ബിജെപി സഹായിക്കണം എന്നോ ഇല്ല. ഞങ്ങൾ ആവശ്യപ്പെടുന്നത് സാമൂഹ്യനീതിയാണ്. അതിനു പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. സാമ്പത്തിക സംവരണം എന്ന് പറഞ്ഞാൽ പുച്ചിച്ച് തള്ളുന്ന അവസ്ഥയായിരുന്നു മുൻപ് നിലവിലുണ്ടായിരുന്നത്. ആ സാഹചര്യം അന്ന് നിലനിന്നിരുന്നു. എത്രയോ മുൻപ് എൻഎസ് എസ് ഉന്നയിച്ച സാമ്പത്തിക സംവരണം എന്ന ആവശ്യം ഇന്നു യാഥാർഥ്യമായിരിക്കുന്നു.

സാമ്പത്തിക സംവരണം എന്ന ആവശ്യം ഉയർത്തിയത് എൻഎസ്എസ് മാത്രമാണ്. എൻഎസ്എസ് നിലപാടിൽ ഇന്നും ഒരു മാറ്റവും വരുത്തിയിട്ടില്ല. മുന്നോക്കക്കാരന് സാമ്പത്തിക സംവരണം നൽകുന്നത് പാപമാണ് എന്ന രീതിയിലാണ് എല്ലാവരും സംവരണത്തെ കണ്ടത്. പലരും ഇത് പറഞ്ഞിരുന്നു. പക്ഷെ ഇത് യാഥാർത്യമായിരിക്കുന്നു. ഞങ്ങൾ നിലകൊള്ളുന്നത് സാമൂഹ്യ നീതിക്ക് വേണ്ടിയാണ്. സാമ്പത്തിക സംവരണം എന്ന് പറഞ്ഞാൽ നായർ സമുദായത്തിനു സംവരണം നൽകണം എന്നല്ല പറഞ്ഞത്. സാമ്പത്തിക സംവരണം എന്ന് പറഞ്ഞാൽ സമൂഹത്തിൽ സാമ്പത്തികമായി അവശതയനുഭവിക്കുന്നവർക്ക് നൽകേണ്ടുന്ന സംവരണമാണ്. ഇതാണ് എൻഎസ്എസിന്റെ പ്രഖ്യാപിത നയം. അത് നടക്കില്ല എന്ന അവസ്ഥ വന്നപ്പോഴാണ് സംവരണം ലഭിക്കുന്നവർക്ക് അത് ഒട്ടും കുറയ്ക്കാതെ തന്നെ ഇതുവരെ സംവരണം ലഭിക്കാത്ത വിഭാഗക്കാർക്ക്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അത് നൽകണം എന്ന് എൻഎസ്എസ് ആവശ്യപ്പെട്ടത്. അവരെ സഹായിക്കണം എന്ന് എൻഎസ്എസ് നിലപാട് എടുത്തു. ആ നിലപാട് ആണ് എൻഎസ്എസ് സർക്കാരുകളെ അറിയിച്ചത്. ഈ സാമ്പത്തിക സംവരണത്തിനു വേണ്ടിയാണ് ഞങ്ങൾ യുദ്ധം ചെയ്തത്. അതിനു ആരുടെ സഹായമോ എതിർപ്പോ ഞങ്ങൾക്ക് പ്രശ്‌നമല്ല.

സാമൂഹ്യ നീതിക്ക് വേണ്ടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം നൽകണം ഇതാണ് എൻഎസ്എസ് നിലപാട്. ഇതിനു വേണ്ടിയാണ് ഞങ്ങൾ യുദ്ധം ചെയ്തത്. മറ്റുള്ളവരുടെ നിലപാട് എന്താണ്? അവർ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നൊന്നും ഞങ്ങൾ കണക്കിലെടുത്തിട്ടില്ല. ഞങ്ങൾക്ക് വേറെ രക്ഷയില്ല. ഞങ്ങൾക്ക് ഇലക്ഷൻ ഇല്ല. അത് മുന്നിൽ കണ്ടുള്ള അജണ്ട ഞങ്ങൾക്ക് ഇല്ല. രാഷ്ട്രീയമില്ല. ഇതൊന്നുമില്ല. സാമൂഹ്യ നീതി. അത് മാത്രമാണ് എൻഎസ്എസ് ലക്ഷ്യം. ഞങ്ങൾ ആരെയും എതിർക്കാൻ പോകുന്നില്ല. നിലവിലെ സർക്കാരുകളോട് കാര്യങ്ങൾ പറയുക. അത് ഇത് സർക്കാർ ആണെങ്കിലും പറയും. അതേയുള്ളൂ. ആരും പറയുന്നതിന് മുൻപ് ഞങ്ങൾ പറഞ്ഞു. സാമ്പത്തിക സംവരണം എന്ന നിലപാട് ഞങ്ങൾ സ്വീകരിച്ചു. ആരൊക്കെ എതിർത്താലും ആരൊക്കെ സഹകരിച്ചാലും ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. ഞങ്ങൾ ഞങ്ങളുടെ നിലപാടുമായി മുന്നോട്ടു പോകും. ഇന്നല്ലെങ്കിൽ നാളെ സാമ്പത്തിക സംവരണം പൂർണമായി നിലവിൽ വരും.

സാമ്പത്തിക സംവരണം എന്ന് പറയുമ്പോൾ പലരുടെയും വ്യാഖ്യാനം ഇത് നായർ സമുദായത്തിനാണ് എന്നാണ്. മുന്നോക്ക സമുദായം എന്ന് പറഞ്ഞാൽ ഇരുപത്തിയെട്ട് പ്രധാന ജാതികളുണ്ട്. സമുദായങ്ങളുണ്ട്. ആ ഇരുപത്തിയെട്ട് സമുദായങ്ങൾക്ക് 92 ഓളം ഉപജാതികളുമുണ്ട്. ആ വിഭാഗത്തിൽ ഉള്ള പാവപ്പെട്ടവർക്ക് വേണ്ടിയാണ് എൻഎസ്എസ് പറയുന്നത്. എൻഎസ്എസ് പറഞ്ഞത് എല്ലാവരിലെയും പാവപ്പെട്ടവർക്ക് വേണ്ടിയാണ്. ഇത് അവർ സമ്മതിച്ചില്ല. സംവരണ വിഭാഗക്കാർക്ക് തന്നെ അത് ഇഷ്ടമല്ല. സമ്പന്നന്മാർക്കല്ല ഇത് കിട്ടേണ്ടത്. പാവങ്ങൾക്ക് ആണ് ഇത് കിട്ടേണ്ടത് എന്നാണ് ഞങ്ങൾ പറഞ്ഞു തുടങ്ങിയത്. സംവരണം ഉള്ളവരിൽ ആണെങ്കിലും സംവരണം ഇല്ലാത്തവരിൽ ആണെങ്കിലും ഇതിലെ പാവപ്പെട്ടവർക്ക് മാത്രമാണ് ആനുകൂല്യം അനുവദിക്കേണ്ടത് എന്നാണ് എൻഎസ്എസ് പറഞ്ഞത്. അതിനാലാണ് സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ വേണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സംവരണം ഉള്ളവരിൽ ക്രീമിലെയർ പരിധി ഉയർത്തിക്കൊണ്ടു നേട്ടങ്ങൾ ഉണ്ടാക്കുന്നത് ആരാണ്? സംവരണ വിഭാഗങ്ങളിലെ പാവങ്ങൾ ഇത് മനസിലാക്കുന്നില്ല. ഇവരെ മുന്നിൽ നിർത്തി സാമ്പത്തിക സംവരണം ആവശ്യപ്പെടുന്നവരെ എതിർക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്-സുകുമാരൻ നായർ പറയുന്നു.

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരവെ സാമ്പത്തിക സംവരണം തിരഞ്ഞെടുപ്പ് വിഷയമാവുകയാണ്. മുന്നാക്കവിഭാഗങ്ങളിൽനിന്ന് വലിയ പിന്തുണയാണ് സിപിഎം. ലക്ഷ്യമിടുന്നത്. മുസ്ലിം ലീഗ് എതിർഭാഗത്ത് നിൽക്കുന്നത് യുഡിഎഫിന് മുന്നിലെ വിഷയമായി മാറുകയാണ്. മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളുമായി എസ്.എൻ.ഡി.പി. യോഗം ചർച്ച നടത്താൻ തീരുമാനവുമെടുത്തിട്ടുണ്ട്. സംവരണം കത്തുമ്പോൾ തീരുമാനത്തിനു ഇന്നു കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി വിളിച്ചിട്ടുണ്ട്. ദേശീയതലത്തിൽ കോൺഗ്രസ് എടുത്ത നിലപാടിൽ നിന്നും കോൺഗ്രസിന് വിട്ടു നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ ലീഗിന് അനുകൂലമായ തീരുമാനം രാഷ്ട്രീയ കാര്യാ സമിതിയിൽ നിന്നും വരാനിടയില്ല. പക്ഷെ എക്കാലവും രാഷ്ട്രീയത്തിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന സംവരണ വിഷയം കേരളത്തിലെയും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കത്തിജ്വലിക്കാൻ തന്നെയാണ് സാധ്യതകൾ. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP