Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡു കാരണം മകളെ നാട്ടിലാക്കി മടങ്ങിയ അച്ഛൻ; എത്രയും വേഗം തിരികെ കൊണ്ടു പോകണമെന്ന ആശയുമായി പറന്നിറങ്ങിയ അമ്മ; ഈ പ്രവാസി കുടുംബത്തിന്റെ നെഞ്ചു പിളർന്നെത്തിയതുകൊച്ചു മകളുടെ അപകട മരണം; ക്വാറന്റീൻ കാലത്ത് പ്രത്യേക അനുമതിയോടെ മകളെ ജിഷ കണ്ടത് മോർച്ചറിയിൽ; അച്ഛനും ചേട്ടനും ഇന്നെത്തും; മിയ മോൾക്ക് അന്ത്യയാത്രയൊരുക്കാൻ കമ്പിളിക്കണ്ടം

കോവിഡു കാരണം മകളെ നാട്ടിലാക്കി മടങ്ങിയ അച്ഛൻ; എത്രയും വേഗം തിരികെ കൊണ്ടു പോകണമെന്ന ആശയുമായി പറന്നിറങ്ങിയ അമ്മ; ഈ പ്രവാസി കുടുംബത്തിന്റെ നെഞ്ചു പിളർന്നെത്തിയതുകൊച്ചു മകളുടെ അപകട മരണം; ക്വാറന്റീൻ കാലത്ത് പ്രത്യേക അനുമതിയോടെ മകളെ ജിഷ കണ്ടത് മോർച്ചറിയിൽ; അച്ഛനും ചേട്ടനും ഇന്നെത്തും; മിയ മോൾക്ക് അന്ത്യയാത്രയൊരുക്കാൻ കമ്പിളിക്കണ്ടം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി ഏവരുടേയും നൊമ്പരമാകുകയാണ്. മകൾ മിയയെയും കൂട്ടി തിരിച്ചുപോകാനായിരുന്നു അയർലൻഡിൽ നിന്ന് ജിഷ എത്തിയത്. പക്ഷേ വിധി കാത്തു വച്ചത് ദുരന്തമായിരുന്നു. കോതനല്ലൂരിൽ കാൽവഴുതി കിണറ്റിൽ വീണു മരിച്ച മിയയെ അമ്മ ഇന്നലെ കണ്ടത് ആശുപത്രി മോർച്ചറിയിൽ എത്തിയാണ്.

അയർലണ്ടിലേക്ക് മകളെ കൊണ്ടു പോകാനെത്തിയ അമ്മയ്ക്ക് മകളെ കാണാനായിരുന്നില്ല. ക്വാറന്റീൻ അമ്മയ്ക്കും മകൾക്കുമിടയിൽ വേലി തീർത്തു. ഏഴു ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് മകളെ കാണാൻ കാത്തിരുന്ന ജിഷയെ തേടിയെത്തിയത് ദുരന്ത വാർത്തയായിരുന്നു. ഈ വേദനയ്ക്കിടയിൽ പൊട്ടുന്ന നെഞ്ചുമായി കണ്ണുനീരോടെ മിയയെ അമ്മ കണ്ടത് ആശുപത്രി മോർച്ചറിയിലാണ്.

ജോമിയും മൂത്തമകൻ ഡോണും അയർലൻഡിലാണ്. മിയയെ അയർലൻഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാൽ മൂവാറ്റുപുഴയിലെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. നാട്ടിലെത്തിയിട്ടും മകളെ കണ്ടില്ല. ജോമി രണ്ടു മാസം മുൻപു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടിൽ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ. മകളേയും ഒപ്പം കൂട്ടാനായിരുന്നു അച്ഛന്റേയും അമ്മയുടേയും തീരുമാനം. അതിന് വേണ്ടിയാണ് കൊറോണക്കാലത്ത് അമ്മ പറന്നെത്തിയത്. അത് വെറുതേയുമായി.

ക്വാറന്റീൻ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാൻ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ എത്തിയത്. ഇന്ന് മിയയുടെ അച്ഛൻ ജോമിയും ചേട്ടൻ ഡോണും അയർലൻഡിൽ നിന്ന് എത്തും. ഇവരും കാരിത്താസ് ആശുപത്രിയിൽ മിയയെ കാണും. വിദേശത്തു നിന്ന് എത്തുന്നതിനാൽ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുമോ എന്നതിൽ അവ്യക്തതയുണ്ട്.

മിയയുടെ സംസ്‌കാര ശുശ്രൂഷകൾ ഇന്നു നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ നടക്കും. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ മണ്ടോത്തിക്കുടിയിൽ കുടുംബാംഗമാണ് ജിഷ. ഡോൺ ജോമി അയർലൻഡിലെ കിൽക്കെനിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

മിയയുടെ ഒപ്പമുണ്ടായിരുന്ന പിതാവ് രണ്ടുമാസം മുൻപാണ് അയർലണ്ടിലേക്ക് തിരികെ പോയത്. കോവിഡ് യാത്ര നിയന്ത്രണങ്ങളെ തുടർന്നുണ്ടായ സാഹചര്യം മൂലമാണ് ജോമി കുഞ്ഞിനെ കൂട്ടാതെ ഒറ്റയ്ക്ക് അയർലണ്ടിലേക്ക് തിരിച്ചുപോയത്. തുടർന്ന് ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നു മിയ മോൾ.

കോവിഡ് യാത്ര നിയന്ത്രണങ്ങൾ കഴിഞ്ഞശേഷം മോളെ അയർലണ്ടിലേക്ക് കൊണ്ടുവരാമെന്ന് പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാൽ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷാ നാട്ടിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP