Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കുമ്മനത്തെ ബിജെപി കാര്യാലയത്തിൽ നിന്ന് ഇറക്കിവിട്ടു; കേസിൽ കുടുക്കിയത് പാർട്ടിക്ക് ഉള്ളിലുള്ളവർ തന്നെ; ഇനി കുമ്മനം രാഷ്ട്രീയം പറയില്ല..ആരായിരുന്നു ബുദ്ധി കേന്ദ്രം: ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് വൈറലായ എഫ്ബി കുറിപ്പിന്റെ ലക്ഷ്യം എന്ത്? ആർ.എസ്.വിനോദിന്റെ കഥ ഇങ്ങനെ

'കുമ്മനത്തെ ബിജെപി കാര്യാലയത്തിൽ നിന്ന് ഇറക്കിവിട്ടു; കേസിൽ കുടുക്കിയത് പാർട്ടിക്ക് ഉള്ളിലുള്ളവർ തന്നെ; ഇനി കുമ്മനം രാഷ്ട്രീയം പറയില്ല..ആരായിരുന്നു ബുദ്ധി കേന്ദ്രം: ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് വൈറലായ എഫ്ബി കുറിപ്പിന്റെ ലക്ഷ്യം എന്ത്?  ആർ.എസ്.വിനോദിന്റെ കഥ ഇങ്ങനെ

എം മനോജ് കുമാർ

 തിരുവനന്തപുരം: കുമ്മനത്തെക്കുറിച്ച് ബിജെപി സഹകരണസെൽ മുൻ കൺവീനർ ആർ.എസ്.വിനോദ് ഇന്നലെ എഴുതിയ ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറൽ ആകുമ്പോൾ ബിജെപിയിൽ നിന്നും വരുന്നത് സമ്മിശ്ര പ്രതികരണങ്ങൾ. കൊണ്ട് നടന്നതും നീയെ ചാപ്പേ കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന വിധത്തിലാണ് വിനോദിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് പരിവാർ നേതാക്കൾ വീക്ഷിക്കുന്നത്. കുമ്മനത്തിന്റെ അരിക് പറ്റി എല്ലാം നടത്തി കുമ്മനത്തെ ഇല്ലാതാക്കിയിട്ട് ഇപ്പോൾ മുതലക്കണ്ണീർ പൊഴിച്ചിട്ടു എന്ത് കാര്യം എന്ന രീതിയിലാണ് പരിവാർ നേതാക്കൾ വിനോദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വീക്ഷിക്കുന്നത്. മെഡിക്കൽ കോളേജ് കോഴ വിവാദം വന്നപ്പോൾ അന്ന് സംസ്ഥാന അധ്യക്ഷൻ ആയിരുന്ന കുമ്മനം രാജശേഖരനാണ് ആർ എസ് വിനോദിനെ ബിജെപി സഹകരണ സെൽ കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. കുമ്മനത്തിനു നിലവിൽ ലഭിക്കുന്ന പിന്തുണ കൂടി ഇല്ലാതാക്കാനുള്ള കടന്നാക്രമണമാണ് വിനോദ് നടത്തിയത് എന്നാണ് നേതാക്കളുടെ അനുമാനം. തന്നെ ബിജെപിയിൽ നിന്ന് പുറത്താക്കിയ കുമ്മനത്തെ ഒന്ന് നാറ്റിക്കുക. തന്നെ ബിജെപിയിൽ നിന്ന് കുമ്മനം പുറത്താക്കി. കുമ്മനത്തിന്റെ മുറി പൂട്ടിക്കെട്ടി ബിജെപി സംസ്ഥാന കാര്യാലയത്തിൽ നിന്നും ഇപ്പോഴത്തെ അധ്യക്ഷൻ കെ.സുരേന്ദ്രൻ കുമ്മനത്തെ ഇറക്കിവിട്ടു എന്നൊക്കെ എഴുതി പഴയ പക ഒന്ന് തീർക്കുക. ഇതൊക്കെയാണ് വിനോദിന്റെ ഉദ്ദേശ്യം എന്നാണ് പരിവാർ വിലയിരുത്തൽ.

കുമ്മനത്തെ വഴിയാധാരമാകുന്നതിൽ ഒരു വലിയ പങ്ക് വഹിച്ച ആർ എസ് വിനോദിനു ഉണ്ടെന്ന നിഗമനത്തിൽ തന്നെയാണ് പരിവാർ നേതാക്കൾ. മെഡിക്കൽ കോളേജ് കോഴയുടെ സൂത്രധാരനാണ് ഈ വിനോദ്. എസ്ആർ മെഡിക്കൽ കോളേജ് ഉടമ ആർ ഷാജിയിൽനിന്ന് 5.60 കോടി രൂപ വാങ്ങിയെന്നു ബിജെപി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയതോടെയാണ് കുമ്മനം വിനോദിനെ ബിജെപിയിൽ നിന്നും പുറത്താക്കി വാർത്താക്കുറിപ്പ് ഇറക്കിയത്. ദേശീയ തലത്തിൽ ബിജെപിയുടെ അഴിമതി ചർച്ചാ വിഷയമായ വിവാദമാണിത്. കേരളത്തിലെ ബിജെപി നേതാക്കൾ കാരണം കേന്ദ്ര നേതൃത്വത്തിനു പാർലമെന്റിൽ ഉത്തരം മുട്ടിപ്പോയ വിവാദമാണിത്. അന്ന് കുമ്മനമായിരുന്നു അധ്യക്ഷൻ. വിവാദത്തിൽ നിന്നും കുമ്മനത്തിനും പുറത്ത് കിടക്കാൻ കഴിഞ്ഞില്ല. ഈ വിനോദിനെ പിന്നെ കുമ്മനം അടുപ്പിച്ചില്ല. വിനോദിന്റെ പേര് കേട്ടാൽ ആ ഭാഗത്ത് നിന്നും കുമ്മനം മുങ്ങുന്ന അവസ്ഥ തന്നെ വന്നിരുന്നു. വിനോദിന്റെ തട്ടിപ്പ് പേടിച്ചാണ് കുമ്മനം മുങ്ങുന്നത്. ഇത് പരിവാർ നേതാക്കൾക്ക് എല്ലാം അറിയാമായിരുന്നു.

ജ്യോത്സ്യനിൽ നിന്നും 30 ലക്ഷം തട്ടിയ കേസിൽ ഇപ്പോൾ കുമ്മനം ആരോപണ വിധേയനായ രീതിയിൽ ഇതേ രാഷ്ട്രീയ സാഹചര്യം മെഡിക്കൽ കോളേജ് കോഴ വിവാദത്തിലും കുമ്മനത്തെ ചൂഴ്ന്നു നിന്നു. കുമ്മനത്തിനും കൈ കഴുകാൻ കഴിയാത്ത അവസ്ഥ വന്നു. രാഷ്ട്രീയമായി കുമ്മനത്തെ തകർത്തത് ഈ കോഴ വിവാദമായിരുന്നു. അന്നും കോഴ വിവാദത്തിൽ വിശ്വാസ്യത നഷ്ടമായപ്പോൾ ഇതേ വിശ്വാസത്തകർച്ച പുതിയ വിവാദത്തിലും കുമ്മനത്തിനു വന്നു. കുമ്മനം സംസ്ഥാന അധ്യക്ഷൻ ആയി തിളങ്ങി നിൽക്കെ കുമ്മനത്തെ രാഷ്ട്രീയമായി ഇല്ലാതാക്കിയ മെഡിക്കൽ കോളേജ് കോഴ വിവാദത്തിന്റെ സൂത്രധാരനാണ് കുമ്മനത്തെ ബിജെപി കാര്യാലയത്തിൽ നിന്നും ഇറക്കിവിട്ടു. കേസിൽ കുടുക്കിയത് പാർട്ടിക്കുള്ളിൽ തന്നെയുള്ളവർ. കുമ്മനത്തെ നിശബ്ദനാക്കിയതിന് പിന്നിലെ ബുദ്ധി ആരുടെ എന്നൊക്കെ എഴുതി വൈറൽ ആക്കിയിരിക്കുന്നത്. കുമ്മനത്തിനെ മുന്നിൽ നിന്നും പിറകിൽ നിന്നും കുത്തി വിവാദ കഥാപാത്രമായ വിനോദിന്റെ കഥ ഇങ്ങനെ:

യുവമോർച്ചാ ജില്ലാ പ്രസിഡന്റ് ആയപ്പോൾ മുന്നോട്ടേക്ക് വഴി തെളിഞ്ഞു

യുവമോർച്ചയുടെ സംസ്ഥാന വെസ് പ്രസിഡന്റായിരുന്നു ആർ എസ് വിനോദ്. തിരുവനന്തപുരം ജില്ലാ യുവമോർച്ച പ്രസിഡന്റായാണ് ബിജെപി നേതൃത്വത്തിൽ സജീവമായത്. തിരുവനന്തപുരത്തെ ബിജെപി നേതാവായിരുന്ന എംഎസ് കുമാറുമായിട്ടായിരുന്നു അടുപ്പം. ബിജെപി ജില്ലാ സെക്രട്ടറിയുമായി. പിന്നെ അണിയറയിലായിരുന്നു ശ്രീകണ്ഠേശ്വരത്ത് താമസിക്കുന്ന നേതാവിന്റെ പ്രവർത്തനം. വി മുരളീധരൻ ബിജെപിയുടെ അധ്യക്ഷനായതോടെ എല്ലാ അർത്ഥത്തിലും ഒഴിവാക്കപ്പെട്ടു. ആർ എസ് എസിന്റെ അതൃപ്തിയായിരുന്നു ഇതിന് കാരണം. ബിജെപിയുടെ കോട്ടയായ ശ്രീകണ്ഠേശ്വരത്ത് പലഘട്ടത്തിലും കൗൺസിലർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെങ്കിലും സമ്മതിച്ചതുമില്ല. ഈ ഘട്ടത്തിലാണ് മെഡിക്കൽ കോളേജ് കോഴി വിവാദം പൊന്തിവരുന്നത്.

മുളപൊട്ടി മെഡിക്കൽ കോളേജ് കോഴ വിവാദം

ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുലച്ചാണ് എസ്.ആർ.മെഡിക്കൽ കോളേജ് കോഴ വിവാദം അരങ്ങു കീഴടക്കുന്നത്. മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപിയുടെ സംസ്ഥാന നേതാക്കൾ കോഴ വാങ്ങിയതായാണ് ബിജെപി നിയോഗിച്ച അന്വേഷണ സമിതി തന്നെ കണ്ടെത്തുന്നത്. വർക്കല എസ്ആർ കോളജ് ഉടമ ആർ ഷാജിയിൽനിന്ന് 5.60 കോടി രൂപ വിനോദ് വാങ്ങിയെന്നായിരുന്നു കണ്ടെത്തൽ. ഡൽഹിയിലെ സതീഷ് നായർക്ക് തുക കുഴൽപ്പണമായി കൈമാറി. ഇതിൽ മൊഴിയുണ്ട്. അന്വേഷണ കമ്മീഷന് മുമ്പിൽ വിനോദ് സമ്മതിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. ഇത് ഗുരുതരമായ സംഭവവികാസങ്ങൾക്ക് ഇടവെച്ചു. സ്വന്തമായി സഹകരണ ബാങ്കുള്ള വ്യക്തിയാണ് വിനോദ്. അതുകൊണ്ട് തന്നെ ഈ ആരോപണത്തിന്റെ വ്യാപ്തിയും കൂടി.

തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് ആർ എസ് വിനോദിന്റെ വേണാട് സഹകരണ സംഘം. ബിജെപിയിൽ നിന്ന് മാറി നിൽക്കുമ്പോഴായിരുന്നു വേണാടുമായി വിനോദ് മുന്നോട്ട് പോയത്. ചില നേതാക്കളുടെ പിന്തുണയും കിട്ടിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് മുരളീധരൻ എത്തിയപ്പോൾ കൃഷ്ണദാസ് പക്ഷം തഴയപ്പെട്ടു. ഇതോടെയാണ് വിനോദ് പാർട്ടിയിൽ തഴയപ്പെട്ടത്. നേരത്തെ ബിജെപി ഓഫീസിലെ അക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ടായിരുന്നു. ഈ സമയത്ത് കേസിലും വഴക്കിലുമൊന്നും വിനോദെന്ന യുവ നേതാവ് പെട്ടിരുന്നില്ല. എങ്കിലും ആർഎസ്എസ് എന്നും സംശയത്തോടെ കണ്ട നേതാവായിരുന്നു ഇദ്ദേഹം. അതുകൊണ്ട് തന്നെ സ്ഥാനങ്ങൾ നൽകാൻ മുരളീധരന് മേൽ സമ്മർദ്ദവും ഉണ്ടായില്ല.

എം ടി.രമേശിന്റെ വിശ്വസ്തൻ

എംടി രമേശിന്റെ വിശ്വസ്തനായിരുന്നു വിനോദ്. അധ്യക്ഷനായി കുമ്മനം എത്തിയപ്പോൾ ഭാവി നേതാവായി ആർഎസ്എസ് മുന്നിൽ കണ്ടത് എംടി രമേശിനെയാണ്. തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ രമേശിനോട് ആർഎസ്എസ് നിർദ്ദേശിച്ചു. ഇതോടെ ഭാവി സംസ്ഥാന പ്രസിഡന്റായി ഏവരും കരുതിയിരുന്ന രമേശിന് അടുത്ത് വിനോദ് എത്തി. ഈ ബന്ധമാണ് ബിജെപിയെ കുടുക്കിയത്. സഹകരണ സെൽ എന്നത് തീർത്തും അപ്രധാന ഘടകമാണ്. സഹകരണ മേഖലയിലെ പരിചയം ഉയർത്തി സെല്ലിന്റെ കൺവീനറായി വിനോദിനെ ഉയർത്തിക്കാട്ടിയതും രമേശായിരുന്നു. ഇത് കുമ്മനം അംഗീകരിച്ചു. ഈ ലേബലിലിലാണ് ബിജെപിയുടെ സംസ്ഥാന സമിതിയിലേക്കും വിനോദ് എത്തുന്നത്. ഇതിൽ രമേശ് നടത്തിയ ഇടപെടൽ എല്ലാവർക്കും അറിയാം.

വിനോദിന് എല്ലാ രാഷ്ട്രീയ പാർട്ടികളുമായും അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുമായി പോലും വിനോദിന് അടുത്ത ബന്ധമുണ്ടായിരുന്നു. സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. വിനോദിന്റെ മകളുടെ വിവാഹത്തിൽ എല്ലാ രാഷ്ട്രീയക്കാരും സജീവമായി പങ്കെടുത്തിരുന്നു. ഇതെല്ലാം വിനോദിന്റെ രാഷ്ട്രീയ സ്വാധീനത്തിന് കരുത്തായി ചൂണ്ടിക്കാട്ടുന്നു.

വിനോദിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം
വിശപ്പുമകറ്റാം മുടിയും മിനുക്കാം '
രാജേട്ടൻ ഇനി മിണ്ടില്ല.
രാജേട്ടനു വേണ്ടി ആരും മിണ്ടാതിരിക്കരുത് ......
എന്റെ ജീവിതത്തിൽ ഏറെ വിഷമിച്ച ദിവസമായിരുന്നു ഇന്നലെ .

രാജേട്ടൻ എന്ന, രാജർഷി എന്ന, കുമ്മനം രാജേട്ടനെ പൂർണ്ണമായ അർത്ഥത്തിൽ ഇന്നലെത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ഭാഷ കടം എടുത്ത് പറഞ്ഞാൽ കുമ്മനത്തെ 'ഫിനിഷ്' ചെയ്ത ദിവസം. 'അതേ, ഒരർത്ഥത്തിൽ പറഞ്ഞാൽ അത് ശരിയാണ്. സമീപദിവസങ്ങളിലെ സംഭവ വികാസങ്ങൾ പരിശോധിക്കുമ്പോൾ,ഋഷിതുല്യനായ കുമ്മനം എന്തുകൊണ്ട് ചിലർക്ക് അനഭിമതനാവുന്നു? ഇന്ന് ജീവിച്ചിരിക്കുന്നവരിൽ,തന്റെ ജീവിതം മുഴുവൻ ഒരു പ്രസ്ഥാനത്തിന് സമർപ്പിച്ച ഒരു സാമൂഹ്യ പ്രവർത്തകൻ കേരളത്തിൽ വേറെയുണ്ടോ ? ഇല്ലെന്ന് അർത്ഥശങ്കക്കിടയില്ലാതെ പറയാം. എപ്പോഴൊക്കെ രാജേട്ടൻ എന്ന മഹായോഗി ഏതെങ്കിലും മേഖലയിൽ ഔന്നത്യം നേടുന്നുവോ അപ്പോഴെല്ലാം അദ്ദേഹം നിർദാഷണ്യം വെട്ടി നിരത്തപ്പെടുന്നു. 'വെറുതേ പറഞ്ഞതല്ലാ ഒന്ന് വെറുതേ ചരിത്രം ചികഞ്ഞാൽ മതി'. പണ്ട് തനിക്ക് ലഭിച്ച ജോലി എഫ്‌സിഐ ജനറൽ മാനേജർ പോസ്റ്റ് പുല്ലു പോലെ വലിച്ചെറിഞ്ഞ് സമാജ സേവനത്തിനിറങ്ങിയ മനുഷ്യൻ പിന്നീട് ഗവർണ്ണർ പദവിയും അലങ്കരിക്കുന്നത് നാം കണ്ടു. കുമ്മനം വേട്ടയാടപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. എപ്പോഴൊക്കെ അദ്ദേഹത്തിന് ഉന്നത പദവികൾ ലഭിച്ചിട്ടുണ്ടോ അപ്പോഴേക്കും കൂർത്ത പാരകൾ പിന്നാലെ പോയിട്ടുണ്ട്. സാരമില്ല. കഴിഞ്ഞ ദിവസം വരെ ......

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനത്തെ പോസ്റ്റ് ചെയ്തു ആരായിരുന്നു അതിന്റെ ബുദ്ധി കേന്ദ്രം. അരിയാഹാരം കഴിക്കുന്നവർ മനസ്സിലാക്കട്ടെ . ജില്ലാ മജിസ്‌ട്രേറ്റ് അദ്ധ്യക്ഷനായ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിൽ കുമ്മനത്തെ ഉൾപ്പെടുത്തിയതോടു കൂടി അദ്ദേഹത്തെ എന്നേക്കുമായി വായടപ്പിച്ചു. ഇനി കുമ്മനം രാഷ്രീയം പറയില്ല. ഒരു വെടിക്ക് രണ്ട് പക്ഷി. രാജേട്ടൻ ഇനി മിണ്ടില്ല. രാജേട്ടനു വേണ്ടിയും ആരും മിണ്ടില്ല ...രാജേട്ടനെ ഗവർണർ പദവി കൊടുത്ത് നാടുകടത്താൻ ശ്രമിച്ച ക്ഷുദ്രശക്തികൾ തന്നെയാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുതിയ നിയോഗത്തിന് പിന്നിലും . ഇത് വൃത്തികെട്ട കളി കണ്ടിട്ടും കേട്ടിട്ടും മിണ്ടാതിരിക്കുന്നവർ ഓർക്കുക, പ്രസ്ഥാനത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരബലിദാനികളുടെ ചോര കൊണ്ടാണ് നിങ്ങളുടെ സിംഹാസനങ്ങൾ ബലപ്പിച്ചിട്ടുള്ളത്. ഒരു മുണ്ടും ഒരു ഷർട്ടും ഒരു തോർത്തും ഒരു കറുത്ത സഞ്ചിയും മാത്രം മതി രാജേട്ടന് . എന്നെപ്പോലെ എല്ലാർക്കും അറിയുന്ന ഇത് ഇപ്പോൾ പറയാൻ ഒരു കാരണം കൂടി ഉണ്ട്. സംഘനിർദ്ദേശപ്രകാരം ഗവർണർ പദവി ഉപേക്ഷിച്ച് വന്നതിന് ശേഷം തെരെഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹത്തെ തോല്പിച്ചു നാണം കെടുത്തിയിട്ടും അദ്ദേഹത്തിന് സംസ്ഥാന കാര്യാലയിൽ ഒരു മുറി ഉണ്ടായിരുന്നു. ആ മുറിയിൽ നിന്നും 'കടക്ക് പുറത്ത് 'എന്ന് പറഞ്ഞ പിണറായി വിജയനെപ്പോലുള്ള അഭിനവ മാടമ്പി അധ്യക്ഷന്മാർ സംഘടനയുടെ പതിനാറടിയന്തിരം കണ്ടിട്ടേ പോകൂ ..... സംസ്ഥാന കാര്യാലയത്തിൽ നിന്നും ഇറക്കി വിട്ട രാജേട്ടൻ തന്റെ തോൾ സഞ്ചിയും തുണികളുമെടുത്ത് നേരേ പോയത് ആറന്മുളയിലെ ശബരി ബാലാശ്രമത്തിലേക്കാണ് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. തെറ്റുണ്ടെങ്കിൽ തിരുത്തട്ടെ ഇറക്കി വിട്ടവർ.

എന്നെ പ്രതിയാക്കി വ്യാജ കോഴ ആരോപണം മെനഞ്ഞ് രാജേട്ടൻ അടക്കം ഉള്ള സംസ്ഥാന നേതാക്കളെ ഉൾപ്പെടുത്താൻ ശ്രമിക്കുകയും വാർത്തകൾ ചാനലുകൾക്ക് ചോർത്തി നൽകുകയും ചെയ്തു. ഈ വിഷയം പാർലമെന്റിനകത്തുപോലും ചർച്ച ചെയ്യപ്പെടുന്ന വിധത്തിലേക്ക് സ്വന്തംപാർട്ടിയെ ചെളിവാരിയെറിയാൻ ശ്രമിച്ച ശക്തികൾ ഈ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തി വെച്ചു കൊണ്ടിരിക്കുന്നു. കാലം മാപ്പു തരില്ല എന്ന് മാത്രമേ ഇതിനെ കുറിച്ച് പറയാനുള്ളൂ . കുമ്മനത്തെ ആറന്മുളയിലെ കള്ളകേസിൽ കുടുക്കിയത് ആരാണ് ?ഹരികൃഷ്ണൻ നമ്പൂതിരി എന്നാണ് ഉത്തരമെങ്കിൽ ആ മണ്ടത്തരം ഞാൻ വിശ്വസിക്കില്ല. 'പാർട്ടിക്കുള്ളിലെ ഹരികൃഷ്ണന്മാരാണ്'. ഹരികൃഷ്ണന്റെ ഫോൺ കോളുകൾ ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ, പാർട്ടി ഒരു നിഷ്പക്ഷ അന്വേഷണം നടത്തട്ടെ . അപ്പോഴറിയാം കതിരും പതിരും.നേമം പോലുള്ള വീണ്ടും ജയസാധ്യത ഉള്ള ഒരു നിയോജകമണ്ഡലത്തിൽ കുമ്മനത്തെ മത്സരിപ്പിക്കണമെന്നുള്ള ആവശ്യവും ഇതോടെ കൂമ്പടഞ്ഞു എന്ന് കരുതേണ്ടിയിരിക്കുന്നു. ആ സീറ്റ് കണ്ണുവെച്ച യുവനേതാവിന് , തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയ തീർത്താൽ തീരാത്ത പകയും കുമ്മനത്തോടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതി അംഗം എന്ന പദവി കണ്ട് സോഷ്യൽ മീഡിയയിൽ രാജേട്ടന്റെ വിവിധ ഫോട്ടോകളിട്ട് ആഘോഷിച്ചവർ ചിന്തിച്ചില്ല ഈ സാധു മനുഷ്യനോട് ചെയ്ത ചതിയുടെ ഗ്രാവിറ്റി . എന്തിനും ഏതിനും പ്രസ്ഥാനത്തിന്റെ വളർച്ചയെ സ്വന്തം അന്തസ്സായി കാണുന്ന സംഘടനക്കുവേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിരോധം തീർക്കുന്ന പാവം സൈബർ പോരാളികളായ പ്രവർത്തകരേയും വഞ്ചിച്ചു.

രാജേട്ടനെ കള്ള കേസിൽ കുടുക്കി നാലാം പ്രതിയാക്കിയപ്പോൾ ഈ വിഷയം അന്നത്തെ അന്തിചർച്ചക്ക് വിഷയമാക്കാൻ ഉച്ചയ്ക്ക് നിശ്ചയിച്ച എല്ലാ ചാനലുകളും എന്തുകൊണ്ടാണ് അതിൽ നിന്നും പിന്മാറിയത്? കാരണം പറയാം. 'ഈ വിഷയമാണെങ്കിൽ ഞങ്ങൾ ചർച്ചക്കില്ലായെന്ന് ഇടതുപക്ഷ ചർച്ചാ തൊഴിലാളികൾ ചാനലുകളെ അറിയിച്ചു'. അവർക്കും അറിയാമായിരുന്നു. ഇതൊരു ഫാബ്രിക്കേറ്റഡ് കേസ് ആണെന്ന് .ഇത് മാത്രം പോരെ കുമ്മനം എന്ന മഹാമനുഷ്യനെ മനസ്സിൽ കൊണ്ടുനടക്കാൻ എന്തുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തകർ സംഘടന വിടുന്നു? കാവിപതാക നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നവർ, കൊല്ലാൻ വാളോങ്ങുന്നവരുടെ കൊടിക്ക് കീഴിൽ ചേക്കേറുന്നു? എത്രത്തോളം നെഞ്ച് നീറിയിട്ടാവും അവർ സംഘടനയെ ഉപേക്ഷിച്ച് പോകുന്നത് ? സംഘം പരിശോധിക്കണം.
എന്നും സംഘപരിവാർ പ്രസ്ഥാനത്തോട് ചേർന്ന് നിന്നിട്ടുള്ള കേരളത്തിലെ ഒരു പ്രബല സമുദായത്തെ അവഗണിച്ചു കൊണ്ട് അതേ സമുദായ അംഗമായതിന്റെ പേരിൽ ബൂത്ത് തലം മുതൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് വരെ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടവരെ ആര് സമാധാനിപ്പിക്കും ?

ഒരു സമുദായത്തിന് മാത്രം മുൻഗണന കൊടുക്കാമെന്നും അവർക്ക് മാത്രം ചുമതലകൾ കൊടുക്കാമെന്നും ആർക്ക് മുന്നിലാണ് സംസ്ഥാന നേതൃത്വം സത്യവാങ്ങ്മൂലം സമർപ്പിച്ചിരിക്കുന്നത് ? അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന കേരളീയ സങ്കല്പത്തിന് എതിരല്ലെ? ശ്രീനാരായണഗുരുദേവൻ ഇതൊക്കെ പൊറുക്കുമോ ? രാഷ്ട്രീയ സ്വയം സേവക സംഘം മുന്നോട്ട് വെക്കുന്ന 'ഹൈന്ദവ ഏകീകരണം' എന്ന ബേസിക് ഫോർമുല തകർക്കുന്ന സംസ്ഥാന ദേശീയ നേതാക്കളുടെ ഇത്തരം സംഘടനാ വിരുദ്ധ നിലപാടുകൾക്ക് കൂച്ചുവിലങ്ങിടണ്ടേ ....? സംസ്ഥാന നേതൃത്വം ആത്മപരിശോധന നടത്തട്ടെ? മിസോറാമിൽ ഗവർണ്ണർ പദവി വഹിച്ചതിന് കേന്ദ്ര സർക്കാർ ശമ്പളമായി നൽകിയ 30 ലക്ഷം രൂപയിൽ 28 ലക്ഷം രൂപയും വിവിധ ചാരിറ്റി സംഘടനകൾക്കായി വീതിച്ച് നൽകിയ ഈ ഋഷിവര്യനെ ആർക്കാണ് ഭയം ? ആരാണ് ഭയക്കുന്നത് ? ഭയക്കുന്നവർ തന്നെയാണ് ഇദ്ദേഹത്തെ വെട്ടിനിരത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സിപിഎം. വി എസ്.അച്യുതാനന്ദനോട് ചെയ്യുന്ന അതേ ക്രൂരത തന്നെയാണ് ഇവിടെ കുമ്മനത്തോടും ചെയ്യുന്നത്. ഇന്ന് കേരളത്തിൽ വേരുറപ്പിച്ചിട്ടുള സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ആഴത്തിലുള്ള വേരോട്ടം പരിശോധിച്ചാൽ അറിയാം കുമ്മനം രാജശേഖരൻ എന്ന എതിരാളികൾ പോലും ബഹുമാനിക്കുന്ന രാജേട്ടൻ വഹിച്ച പങ്ക്.......

കുമ്മനം രാജേട്ടൻ എന്ന മഹാ മനുഷ്യന് ഇതൊക്കെ താങ്ങാനുള്ള ശക്തി ശബരിമല ശ്രീധർമ്മശാസ്താവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം അദ്ദേഹത്തിന്റെ കണ്ണുനീര് ഈ ഭൂമിയിൽ വീഴാതിരിക്കാൻ ശ്രമിക്കുക. അങ്ങനെ ഒരു തുള്ളി കണ്ണുനീരെങ്കിലും ഈ ഭൂമിയിൽ വീണാൽ ഈ പ്രസ്ഥാനം വെന്തുവെണ്ണീറായിപ്പോകും. മറക്കരുത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP