Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിസ്സായ ഒന്നര ലക്ഷത്തിന് വേണ്ടി ക്യാഷ്യറെ അടിച്ചു കൊന്ന ക്രൂരത; ഏഴു വർഷം മുൻപ് നടന്ന കൊലക്കേസിൽ വിചാരണ ഇനിയും തുടങ്ങിയില്ല: അടൂർ കരിക്കിനേത്ത് ഉടമ ജോസും കൂട്ടാളികളും ഇപ്പോഴും നാട്ടിൽ വിലസുന്നു; കേരളം കാണുന്നത് നിയമ സംവിധാനത്തിലെ ഏറ്റവും വലിയ അട്ടിമറി

മിസ്സായ ഒന്നര ലക്ഷത്തിന് വേണ്ടി ക്യാഷ്യറെ അടിച്ചു കൊന്ന ക്രൂരത; ഏഴു വർഷം മുൻപ് നടന്ന കൊലക്കേസിൽ വിചാരണ ഇനിയും തുടങ്ങിയില്ല: അടൂർ കരിക്കിനേത്ത് ഉടമ ജോസും കൂട്ടാളികളും ഇപ്പോഴും നാട്ടിൽ വിലസുന്നു; കേരളം കാണുന്നത് നിയമ സംവിധാനത്തിലെ ഏറ്റവും വലിയ അട്ടിമറി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രമാദമായ കൊലക്കേസുകൾ, ബലാൽസംഗക്കേസുകൾ എന്നിവയിൽ കാലതാമസം കൂടാതെ വിചാരണ നടത്തി പ്രതികളെ ശിക്ഷിക്കുന്ന ഒരു രീതിയാണ് കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ കണ്ടു വരുന്നത്. സൗമ്യ വധം, പെരുമ്പാവൂർ ജിഷ വധം, ചന്ദ്രബോസ് കൊലക്കേസ്, കെവിൻ വധം തുടങ്ങിയ കേസുകളിൽ വിധി ഒരു വർഷത്തിനുള്ളിൽ വന്നു.

നടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നടക്കുന്നു. ഉത്ര കൊലക്കേസിൽ ഉടൻ വിചാരണ തുടങ്ങാൻ പോകുന്നു. പക്ഷേ, ഇതിനൊക്കെ മുൻപ് നടന്ന കരിക്കിനേത്ത് കാഷ്യർ കൊലപാതക കേസ് ഇതു വരെ കോടതി വിചാരണയ്ക്ക് എടുത്തിട്ടില്ല. എന്തു കൊണ്ട് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്നില്ലെന്ന് ചോദിച്ചാൽ ആർക്കും മറുപടിയില്ല. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതിന് പിന്നിൽ വമ്പൻ അട്ടിമറിയാണുള്ളത്. ആരും ഇതിനെതിരേ പ്രതികരിക്കാത്തതാണ് കേസ് വിളിക്കാത്തതിന് കാരണമെന്നും പറയുന്നു.

2013 നവംബർ അഞ്ചിനാണ് പത്തനംതിട്ട കോളജ് റോഡിലെ കരിക്കിനേത്ത് സിൽക്സിൽ കാഷ്യറായ ആനിക്കാട് സ്വദേശി ബിജു പി. ജോസഫ്(39) അതിക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടത്. അടൂർ കരിക്കിനേത്ത് ഉടമ ജോസിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. ചവിട്ടിയും മർദിച്ചുമാണ് കൊല നടത്തിയത്. വയറിനും കഴുത്തിനുമിടയിൽ ഏറ്റ മാരകമായ ക്ഷതങ്ങളാണ് മരണ കാരണമായത്. ആന്തരികാവയവങ്ങളായ കരൾ, ശ്വാസകോശം എന്നിവ ഇടിയേറ്റ് ചതഞ്ഞു.

രാത്രിയിലാണ് കൊല നടന്നത്. കടയിൽ തന്നെയുള്ള ജീവനക്കാർ ഇതിന് സാക്ഷികളുമായി. പിന്നെയാണ് അട്ടിമറി നീക്കം നടന്നത്. അന്ന് യുഡിഎഫ് ഭരണമാണ്. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രി. കേസ് അട്ടിമറിക്കാനുള്ള സകല നീക്കവും നടന്നത് ആഭ്യന്തരമന്ത്രിയുടെ ഓഫീസും കോട്ടയത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും കേന്ദ്രീകരിച്ചായിരുന്നു. ജോസിന്റെ ഡ്രൈവർ അടക്കമുള്ളവരെ പ്രതികളാക്കി യഥാർഥ പ്രതികളെ രക്ഷിക്കാൻ പത്തനംതിട്ട പൊലീസ് ശ്രമിച്ചു. ഡിഎൈസ്പിയായിരുന്ന ആർ ചന്ദ്രശേഖരപിള്ള, പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ മധുബാബു എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. ഇവർ കരിക്കിനേത്ത് ഉടമകളുടെ അഭിഭാഷകൻ പറയുന്ന തരത്തിൽ കേസ് ഫ്രെയിം ചെയ്തു. എസ്ഐയായിരുന്ന മനുരാജ് മാത്രം ഇതിൽ പങ്കു കൊള്ളാതെ മാറി നിന്നു.

ഒരു സാധു കുടുംബത്തിന്റെ അത്താണിയായിരുന്നു ബിജു. അവർക്ക് വേണ്ടി മറുനാടൻ ഈ കേസ് ഏറ്റെടുത്തതോടെ കഥ മാറി. മറുനാടൻ തുടർച്ചയായി പ്രസിദ്ധീകരിച്ച വാർത്തകൾ ജനങ്ങൾ ഏറ്റെടുത്തു. മലയാളത്തിലെ മുൻനിര പത്രങ്ങളും ചാനലുകളുമെല്ലാം വാർത്ത മുക്കാൻ മത്സരിച്ചു. മറുനാടന്റെ ഒറ്റയാൻ പോരാട്ടം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിലെത്തി. സർക്കാരിന് പേരുദോഷം വരുമെന്ന മനസിലാക്കിയ മുഖ്യമന്ത്രി അന്വേഷണ ചുമതല എഡിജിപിയെ ഏൽപിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ പുതിയ സംഘം രൂപീകരിച്ചു.

ഡിസിആർബി ഡിവൈഎസ്‌പിയായിരുന്ന എൻ രാജേഷ്, പത്തനംതിട്ട എസ്ഐയായിരുന്ന മനുരാജ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. രാജേഷിന്റെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷണം നടന്നു. നിരവധി സമ്മർദങ്ങൾ അന്വേഷണ സംഘത്തിനുണ്ടായി. കേസ് അട്ടിമറിയുടെ ഉസ്താദായ അഭിഭാഷകൻ ഇടപെട്ട് പ്രതിപ്പട്ടികയിൽ മാറ്റത്തിന് ശ്രമിച്ചു. ജോസിന്റെ ഡ്രൈവറാണ് കൊലപാതകി എന്നു വരുത്താനുള്ള ശ്രമമായിരുന്നു. തന്നെ പിടിച്ച് അകത്തിടുമെന്ന് ഡിവൈഎസ്‌പി അഭിഭാഷകനെ അറിയിച്ചതോടെ അട്ടിമറി ശ്രമം നിലച്ചു. ജോസ് കരിക്കിനേത്ത്, പത്തനംതിട്ട കരിക്കിനേത്ത് ഉടമ ജോർജ് എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു.

ജോസിനെ അറസ്റ്റ് ചെയ്തു. മാരകരോഗം ഉണ്ടെന്ന് പറഞ്ഞ് ജോർജ് ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് ഒഴിവാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ തന്നെ വിചാരണ തുടങ്ങുന്നതിന് വേണ്ടി ഡിവൈഎസ്‌പി രാജേഷ് കുറ്റപത്രം സമർപ്പിച്ചു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നതായിരുന്നു രാജേഷിന്റെ കണക്കു കൂട്ടൽ. കരിക്കിനേത്തിലെ ജീവനക്കാരായിരുന്നു പ്രോസിക്യൂഷൻ സാക്ഷികളിലേറെയും. ജോസിന്റെ ഗുണ്ടായിസം നന്നായി അറിയാവുന്നവരാണ് ജീവനക്കാർ. ഇയാൾ പുറത്തു വന്നാൽ സാക്ഷികൾക്ക് ജീവന് ഭീഷണിയാകുമെന്നും ഡിവൈഎസ്‌പി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ, അന്വേഷണ സംഘത്തെ ഞെട്ടിച്ചു കൊണ്ട് ജോസ് അടക്കമുള്ള പ്രതികൾ ജാമ്യം നേടി പുറത്ത് ഇറങ്ങുന്നതാണ് കണ്ടത്. കസ്റ്റഡി വിചാരണ എന്ന ആവശ്യം പാടേ അട്ടിമറിക്കപ്പെട്ടു. പിന്നീടിതു വരെ ജോസിന് കോടതി കയറേണ്ടി വന്നിട്ടില്ല. കരിക്കിനേത്ത് ഉടമയ്ക്ക് വേണ്ടി എന്തു ചെയ്യാനും സിപിഎമ്മും കോൺഗ്രസും ഇപ്പോഴും തയാറാണ്. പൊലീസിൽ ഒരു വലിയ വിഭാഗം ഇപ്പോഴും ഇയാൾക്ക് സപ്പോർട്ട് ചെയ്യുന്നു. വെളിയിൽ കറങ്ങി നടക്കുന്ന ജോസിന്റെ ഗുണ്ടായിസത്തിന് യാതൊരു കുറവുമില്ല. കഴിഞ്ഞ ജനുവരിയിൽ കൈപ്പട്ടൂർ ജങ്ഷനിൽ വച്ച് ഒരു യുവാവിനെ ഇയാളും ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദിച്ചിരുന്നു.

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനായിരുന്നു മർദനം. ലോക്ഡൗൺ കാലത്ത് കിളിവാതിൽ കച്ചവടം നടത്തിയതിന് അടൂർ കരിക്കിനേത്ത് സിൽക്സിനെതിരേ കേസ് എടുത്തിരുന്നു. അന്നും ജോസിനെ ഒഴിവാക്കാൻ ശ്രമം നടന്നു. മറുനാടൻ വാർത്ത നൽകിയതിനെ തുടർന്ന് ജോസിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.

ക്രൂരമായ കൊല നടന്നതിങ്ങനെ...

നവംബർ അഞ്ചിന് രാത്രി പത്തു മണിയോടെയാണ് കടയ്ക്കുള്ളിൽ ബിജു കൊല്ലപ്പെട്ടത്. കടയിൽ നിന്ന് കാണാതായ ഒന്നരലക്ഷം രൂപ എവിടെ ഒളിപ്പിച്ചുവെന്ന് പറയിപ്പിക്കാൻ വേണ്ടി മർദിക്കുന്നതിനിടയിലാണ് ബിജു മരിച്ചത്. മരിച്ച് രണ്ടു മണിക്കൂറിന് ശേഷമാണ് പൊലീസിൽ വിവരം അറിയിച്ചത്. ഈ സമയം കൊണ്ട് കൊലപാതകം നടന്ന സ്ഥലം കടയുടയും ജീവനക്കാരും ചേർന്ന് അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തുവത്രേ.

പിറ്റേന്ന് പുലർച്ചെ മുതൽ കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ പൊലീസും കടയുടമയും ആരംഭിച്ചു. കടയ്ക്കുള്ളിൽ ഉടമയുടെയും സഹോദരന്റെയും സാന്നിധ്യത്തിലായിരുന്നു ബിജു കൊല്ലപ്പെട്ടത്. അവരുടെ പണം കണ്ടെത്താൻ, അവർ പറഞ്ഞിട്ടാണ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് ബിജുവിനെ മർദിച്ചത്. മർദനത്തിന്റെ സാന്നിധ്യത്തിൽ കടയ്ക്കുള്ളിൽ വച്ചു തന്നെ മരണവും സംഭവിച്ചു. ഇതിന് ഒരാഴ്ച മുമ്പാണ് കടയുടമയുടെ മകളുടെ വിവാഹം പരുമലയിൽ നടന്നത്.

ഇതിന്റെ തിരക്കുള്ളതിനാൽ ഉടമയ്ക്കോ ഭാര്യയ്ക്കോ മക്കൾക്കോ കടയിലെ വരവ് ചെലവ് കണക്ക് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. തിരക്കുകൾ ഒഴിഞ്ഞതിന് ശേഷം കടയിലെ സ്റ്റോക്കും വരവും പരിശോധിച്ചപ്പോൾ ഒന്നരലക്ഷം രൂപയുടെ കുറവ് കണ്ടെത്തി. അടുത്തിടെ പുതുതായി കാഷ്‌കൗണ്ടറിൽ എത്തിയ ബിജുവിനെയായിരുന്നു സംശയം. ഇയാളെക്കൊണ്ട് പണം എവിടെയാണെന്ന് പറയിക്കാൻ തിരഞ്ഞെടുത്തത് നവംബർ അഞ്ചിന് രാത്രിയാണ്.

അതിനായി ബിജുവിനെ കടയിൽ തടഞ്ഞു വച്ചു. എത്ര ചോദിച്ചിട്ടും സത്യം പറയാതെ വന്നപ്പോൾ കടയുടമ അടൂരിലുള്ള ജോസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാൾ സ്വന്തം പജേറോ ജീപ്പിൽ ഗുണ്ടകളുമായിട്ടാണ് എത്തിയത്. ഇവരാണ് ബിജുവിനെ ക്രൂരമായി മർദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP