Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മായിയപ്പൻ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി; ഭാര്യ ശതകോടീശ്വരിയായ ബിസിനസ്സുകാരി; ഇൻവെസ്റ്റ്മെന്റ് മേഖലയിലെ തിളങ്ങുന്ന നക്ഷത്രമായി സ്വന്തം ബിസിനസ്സ്; ഒടുവിൽ മന്ത്രിയായതോടെ എല്ലാം വിവാദങ്ങൾ; ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാകിന് മന്ത്രിപ്പണി വിനയാകുമ്പോൾ

അമ്മായിയപ്പൻ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി; ഭാര്യ ശതകോടീശ്വരിയായ ബിസിനസ്സുകാരി; ഇൻവെസ്റ്റ്മെന്റ് മേഖലയിലെ തിളങ്ങുന്ന നക്ഷത്രമായി സ്വന്തം ബിസിനസ്സ്; ഒടുവിൽ മന്ത്രിയായതോടെ എല്ലാം വിവാദങ്ങൾ; ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാകിന് മന്ത്രിപ്പണി വിനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ക്കഴിഞ്ഞ മാർച്ച് മാസത്തിൽ അവതരിപ്പിച്ച ആദ്യത്തെ 'കൊറോണ ബജറ്റ്'' മുതൽ തൊഴിൽ നഷ്ടങ്ങൾ കുറയ്ക്കുന്നതിനും കൊറോണയുടെ തേരോട്ടത്തിൽ അവശേഷിപ്പിച്ചതിൽ നിന്നും ഒരു പുതിയ സമ്പദ്വ്യവസ്ഥ കെട്ടിപ്പൊക്കാനുള്ള ശ്രമത്തിനുമൊക്കെ കയ്യടി വാങ്ങിപ്പോന്ന വ്യക്തിയായിരുന്നു ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാക്. എന്നാൽ കഴിഞ്ഞ 48 മണിക്കൂറുകളായി സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ഈ ശതകോടീശ്വരനായ ഇന്ത്യൻ വംശജൻ. ഇത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും, തന്റെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കുവാനുള്ള ശക്തി ഈ വിമർശനങ്ങൾക്കില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ, ബോറിസ് ജോൺസൺ തന്റെ മന്ത്രി സഭയിലേ ഏറ്റവും പ്രബലമായ രണ്ടാമത്തെ സ്ഥാനം നൽകി ആദരിക്കുമ്പോൾ വളരെ കുറച്ചു ബ്രിട്ടീഷുകാർക്ക് മാത്രമേ ഋഷി സുനാക് എന്ന ഈ ഇന്ത്യൻ വംശജനായ ബിസിനസ്സുകാരനെ അറിയുമായിരുന്നുള്ളു. ബോറിസ് ജോൺസന്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു കളിപ്പാവ മാത്രമായിട്ടായിരുന്നു അന്ന് മിക്കവരും അദ്ദേഹത്തെ വിലയിരുത്തിയത്. എന്നാൽ, മാസങ്ങൾക്കകം തന്നെ അദ്ദേഹം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ തന്റേതായ ഒരു ഇടം കണ്ടെത്തി.

പ്രതിപക്ഷത്തിന് ഒന്നും പറയുവാൻ ഇല്ലാത്ത സാഹചര്യം ഉണ്ടാക്കുകയും, ഭരണപക്ഷം കരഘോഷങ്ങളോടെ സ്വീകരിക്കുകയും ചെയ്ത ഒരു ബജറ്റ് അവതരണത്തിന് ശേഷം, അദ്ദേഹം ഉയർന്നത് ഭരണകക്ഷിയുടെ ഭാവി നേതാവ് എന്ന തലത്തിലേക്കായിരുന്നു. മഹാവ്യാധി ദുരിതം വിതച്ചുകൊണ്ട് മുന്നേറുമ്പോൾ, മറ്റേതൊരു ചാൻസലർക്കും ചിന്തിക്കാൻ പോലുമാകാത്ത വഴികളിലൂടെയായിരുന്നു സുനാകിന്റെ യാത്ര. തൊഴിൽ നഷ്ടം കുറയ്ക്കുവാനുള്ള ഫർലോ പദ്ധതി, തകർന്ന് മണ്ണടിഞ്ഞ ഹോസ്പിറ്റാലിറ്റി മേഖലയെ കൈപിടിച്ചുയർത്താനുള്ള ഈറ്റ് ഔട്ട് പദ്ധതി എന്നിവ രാഷ്ട്രീയത്തിന് അതീതമായി ആരാധകരെ അദ്ദേഹത്തിന് നേടിക്കൊടുത്തു.

ഇതെല്ലാം ചെയ്യുമ്പോഴും, കണക്ക് ബുക്കിൽ നഷ്ടം കൂടുതലാകാതെ നോക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിന്റെ ഫലമായിട്ടായിരുന്നു തുടർച്ചയായി ഓരോ അഭിപ്രായ സർവ്വേകളിലും, കഴിവുകെട്ട മന്ത്രിസഭയിലെ ഏറ്റവും വിശ്വാസയോഗ്യനായ മന്ത്രി എന്ന പദവി അദ്ദേഹത്തെ തേടി എത്തിയത്. കൺസർവേറ്റീവ് പാർട്ടിയുടെ വെബ്സൈറ്റിൽ അദ്ദേഹത്തിന്റെ റാങ്കിങ് 82 ആയിരുന്നു. തൊട്ടടുത്ത എതിരാളിയേക്കാൾ 12 പോയിന്റ്മുന്നിൽ.

ലണ്ടനിൽ 7 മില്ല്യൺ പൗണ്ടിന്റെ വീടും, യോർക്ക്ഷയറിൽ 1.5 മില്ല്യൺ പൗണ്ടിന്റെ എസ്റ്റേറ്റുംകാലിഫോർണിയയിൽ ഒഴിവുകാല വസതിയുമുള്ള ഋഷി മന്ത്രിസഭയിലെ ഏറ്റവും ധനികനായ മന്ത്രികൂടിയാണ്. ഇൻഫോസിസ് സ്ഥാപകനും ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനുമായ നാരായണമൂർത്തിയുടെ മകളാണ് സുനാക്കിന്റെ പത്നി. സ്വന്തം നിലയിൽ ഫാഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന അക്ഷതാ മൂർത്തി തന്റെ പിതാവിന്റെ വെൻചർ കാപിറ്റൽ സ്ഥാപനത്തിലെ ഡയറക്ടർ കൂടിയാണ്. ഇൻഫോസിസിൽ ഏകദേശം 185 മില്ല്യൺ പൗണ്ടിന്റെ ഓഹരിയുമുണ്ട് ഇവർക്ക്.

ലേബർ പാർട്ടിയിലെ, ആഡം മെക് നിക്കോളാസിനെ പോലെയുള്ള കമ്മ്യുണിസ്റ്റ് ആശയക്കാർക്ക് ഋഷി സുനാക് ശത്രുപക്ഷത്തെത്താൻ ഇതൊക്കെ തന്നെ ധാരാളമായിരുന്നു. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ പോലും ഉപയോഗിക്കാത്ത ഋഷിക്ക് ഒരു :പാർട്ടി ബോയ്'' പ്രതിച്ഛായ സൃഷ്ടിക്കുവാൻ ഇവർ ഏറെ കഷ്ടപ്പെടുന്നുണ്ട്. ജോലിയിൽ മുഴുകുന്ന പ്രവണത ഏറെയുള്ള വർക്കഹോളിക് ആയ ഋഷി ഈ മഹാവ്യാധികാലത്ത് ഒരു ദിവസത്തെ അവധി പോലും എടുത്തിട്ടില്ലെന്നതും ഓർക്കണം.

ഋഷിയുടെ വർദ്ധിച്ചുവരുന്ന പ്രതിച്ഛായയും, പൊതുജനസ്വീകാര്യതയും ഏറെ അസ്വസ്ഥരാക്കുന്ന ഒരു വിഭാഗം ഭരണകക്ഷിയിലും ഉണ്ട്. ഒരുപക്ഷെ, ബോറിസ് ജോൺസണ് ശേഷം, പ്രധാനമന്ത്രിയായാകാൻ സാധ്യതയുള്ള ഒരു വ്യക്തിയായാണ് ഇവർ സുനാകിനെ കാണുന്നത്. ഇത് പലരുടെയും സ്വപ്നങ്ങൾ കെടുത്തുന്നു. കഴിഞ്ഞ ദിവസം ട്രാഫിക് ലൈറ്റ് ലോക്ക്ഡൗൺ സിസ്റ്റം നേരത്തേ ചർച്ച ചെയ്ത് തീരുമാനിച്ചതാണ് എന്ന് പത്രക്കാരോട് പറഞ്ഞതിൽ ആരോഗ്യ സ്‌കെക്രട്ടറി മാറ്റ് ഹാൻകോക്കിനെ ധനകാര്യ വകുപ്പ് വിമർശിച്ചിരുന്നു. ഈ രീതിയെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതാണ് ഋഷി സുനാക്.

ഇപ്പോൾ വിദ്യാഭ്യാസ വകുപ്പാണ് ഋഷി സുനാകിനെ വിവാദത്തിലാക്കുന്ന പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്. പാവപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്ന 20 മില്ല്യൺ പൗണ്ടിന്റെ പദ്ധതിക്ക് തടസ്സം നിൽക്കുന്നത് ഋഷിയാണ് എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് ഒരു വർത്തമാന പത്രം റിപ്പോർട്ട് ചെയ്തത്. ഈ പദ്ധതി തുടരണമെന്ന് ശക്തിയായി ആവശ്യപ്പെടുന്ന പ്രശസ്ത ഫുട്ബോൾ താരം മാർക്കസ് റാഷ്ഫോർഡിനെ കൂടി ഉൾപ്പെടുത്തി ഋഷിയും റാഷിയും തമ്മിലുള്ള പോരാട്ടം എന്ന തലക്കെട്ടോടുകൂടിയായിരുന്നു ഈ വാർത്ത പ്രസിദ്ധീകരിച്ചത്.

ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വിവാദം ഋഷി സുനാക് മന്ത്രി ആയതിനു ശേഷം ഒരു ബ്ലൈൻഡ് ട്രസ്റ്റ് രൂപീകരിച്ചു എന്നതാണ്. പൊതുസ്ഥാനങ്ങളിൽ എത്തുന്ന വ്യക്തികൾ തങ്ങളുടെ സ്വകാര്യ ബിസിനസ്സ് താത്പര്യങ്ങൾ സംരക്ഷിക്കാൻ രൂപീകരിക്കുന്ന ട്രസ്റ്റാണ് ബ്ലൈൻഡ് ട്രസ്റ്റ്. ഈ ആരോപണം ഉയർന്നതിനെ തുടർന്ന് ഋഷി തന്റെ സാമ്പത്തിക താത്പര്യങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യവും ഉയര്ന്നു.

മന്ത്രി ആയതിനു ശേഷം, കഴിഞ്ഞ അഞ്ച് മാസമായി അദ്ദേഹം തന്റെ ശമ്പളം വാങ്ങിയിട്ടില്ല. കഴിഞ്ഞ ക്രിസ്ത്മസ്സിനു മുൻപായി തന്റെ എം പി ശമ്പളത്തിൽ നിന്നും 34,000 പൗണ്ട് അദ്ദേഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ തെരേസ മെയ്‌ക്ക് എതിരേയും ഇത്തരത്തിൽ ബ്ലൈൻഡ് ട്രസ്റ്റ് രൂപീകരിച്ചതായി ആരോപണമുയർന്നിരുന്നു. 1990-ൽ ടോണി ബ്ലെയർ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം ബ്ലൈൻഡ് ട്രസ്റ്റ് ഉപയോഗിച്ചതായും ആരോപണമുയർന്നിരുന്നു.

പൊതു സമൂഹത്തിനു മുന്നിൽ ഋഷി സുതാര്യമായി ഇടപാടുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട നിഴൽ മന്ത്രിസഭയിലെ ധനകാര്യ ചുമതല വഹിക്കുന്ന അബേന ഒപ്പോംഗ് അസാരെ ആവശ്യപ്പെട്ടു. മാത്രമല്ല, ഇത്തരത്തിൽ ബ്ലൈൻഡ് ട്രസ്റ്റിൽനിക്ഷേപിച്ച പണം ബ്രിട്ടനു വെളിയിലുള്ള നികുതി രഹിത പ്രദേശങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP