Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ട് വർഷത്തിനിടെ കേരളത്തിൽ നടന്നത് അയ്യായിരത്തിലധികം അവയവ തട്ടിപ്പുകൾ; അവയവം സ്വീകരിച്ചവരിൽ നിന്ന് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കിയപ്പോൾ ദാതാക്കൾക്ക് ലഭിച്ചത് പത്ത് ലക്ഷം രൂപ മാത്രം; നിർധന കുടുംബത്തിലുള്ളവരെ ചൂഷണം ചെയ്ത് അവയവ മാഫിയ തട്ടെയെടുത്തത് കോടികൾ: ഏജന്റുമാർ മുതൽ ഡോക്ടർമാർ വരെ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ

എട്ട് വർഷത്തിനിടെ കേരളത്തിൽ നടന്നത് അയ്യായിരത്തിലധികം അവയവ തട്ടിപ്പുകൾ; അവയവം സ്വീകരിച്ചവരിൽ നിന്ന് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കിയപ്പോൾ ദാതാക്കൾക്ക് ലഭിച്ചത് പത്ത് ലക്ഷം രൂപ മാത്രം; നിർധന കുടുംബത്തിലുള്ളവരെ ചൂഷണം ചെയ്ത് അവയവ മാഫിയ തട്ടെയെടുത്തത് കോടികൾ: ഏജന്റുമാർ മുതൽ ഡോക്ടർമാർ വരെ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവയവ മാഫിയയെ കുറിച്ചുള്ള അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടു പോകുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സർക്കാർ പദ്ധതിയായ മൃതസഞ്ജീവനിയെ അട്ടിമറിച്ച് വൻ അവയവ മാഫിയ കേരളത്തിൽ പ്രവർത്തിക്കുമ്പോൾ തട്ടിപ്പിനിരയാവുന്നതാവട്ടെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന നിർധന കുടുംബത്തിലുള്ളവർ. അവയവ മാഫിയയെ കുറിച്ചുള്ള അന്വേഷണം ഊർജിതമാകുമ്പോൾ കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് അയ്യായിരത്തിലധികം അവയവ തട്ടിപ്പുകൾ നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

സർക്കാർ പദ്ധതിയാണെന്നു നിർധനരെ തെറ്റിദ്ധരിപ്പിച്ചാണ് അവയവ മാഫിയ കോടികളുടെ തട്ടിപ്പു നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. അവയവം സ്വീകരിച്ചവരിൽ നിന്ന് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കിയ സംഘം അവയവദാതാക്കൾക്ക് 10 ലക്ഷം രൂപ മാത്രമാണു നൽകിയതെന്നും ബാക്കി തുക സ്വന്തമാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. കോടികൾ കൊയ്യുന്ന അവയവ മാഫിയാ സംഘത്തിൽ ഏജന്റുമാർ, ചില ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്കും പങ്കുണ്ടെന്നാണ് റിപ്പോർട്ട്. അവയവ മാഫിയയുമായി ബന്ധമുണ്ടെന്നു കരുതുന്ന ഡോക്ടർമാരടക്കമുള്ള കണ്ണികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും സംഘത്തിന്റെ ഏജന്റുമാർ നിരീക്ഷണത്തിലാണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.

വൃക്ക, കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവയുടെ പേരിലാണ് അവയവ മാഫിയയുടെ തട്ടിപ്പിൽ കൂടുതലും. പാവപ്പെട്ട കുടുംബത്തിലുള്ളവരെ പണത്തിനായി പ്രലോഭിപ്പിച്ച് ഏജന്റുമാർ വലയിലാക്കുന്നതാണ് രീതി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണു കൂടുതൽ തട്ടിപ്പു നടന്നത്. നിയമവിരുദ്ധ അയവ മാറ്റം നടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു റിപ്പോർട്ട് നൽകിയത്. തൃശൂർ ഡിഐജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്‌പി കെ.എസ്. സുദർശനനാണു കേസ് അന്വേഷിക്കുന്നത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നാണു സൂചന.

വൃക്ക വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ മൂന്ന് വിദേശികൾ ഉൾപ്പെടെ ഏഴ് പേർ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ അറസ്റ്റിലായിരുന്നു. കേരളത്തിലെ സംഘങ്ങൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്നു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. വൃക്ക ആവശ്യമുള്ളവരെ സമീപിക്കുന്ന ബെംഗളൂരുവിലെ സംഘം, നഗരത്തിലെ പ്രമുഖ ഡോക്ടർമാരുടെ പേരുപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്നു കണ്ടെത്തിയിരുന്നു. വെബ്‌സൈറ്റിലൂടെയുള്ള തട്ടിപ്പിനു മുന്നൂറിലേറെപ്പേർ ഇരയായി.

കേരളത്തിലെ ഈ അവയവ മാഫിയ തമിഴ്‌നാട്ടിലേക്ക് വരെ അവയവം കൈമാറിയതായണ് വിവരം. കേരളത്തിൽ വൻതോതിൽ നിയമവിരുദ്ധമായി വൃക്കവാണിഭ റാക്കറ്റ് പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് സർക്കാറിന് അന്വേഷണ റിപ്പോർട്ട് നൽകിയെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടനിലക്കാരും പബ്ലിക് സേവകരും ഉൾപ്പെട്ട വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.

സർക്കാർ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിനൊപ്പം നിരക്ഷരരും നിർധനരുമായ ദാതാക്കളെ ക്രൂര ചൂഷണത്തിന് വിധേയമാക്കിയുമാണ് അവയവ മാഫിയയുടെ പ്രവർത്തനം. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലെ അന്വേഷണത്തിൽ ഇതിന് തെളിവുകൾ ലഭിച്ചു എന്നാണ് സൂചന. അവയവ കൈമാറ്റത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരും നിർധനരുമായവരെയാണ് ഏജന്റുമാർ സമീപിക്കുന്നത്. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള ദാതാക്കൾക്കാണു ഡിമാന്റ്. അവർക്കാണു പണം കൂടുതൽ ലഭിക്കുന്നത്. തുശൂർ കൊടുങ്ങല്ലൂരിലെ ഒരു കോളനിയിൽനിന്നു മാത്രം അഞ്ചിലേറെ വൃക്കദാതാക്കളെ കണ്ടെത്തി. തൃശൂരും എറണാകുളവും ഉൾപ്പെടെ മധ്യകേരളത്തിലെ ജില്ലകളിൽമാത്രം ദാതാക്കളെ കണ്ടെത്താനും ഇടപാട് ഉറപ്പിക്കാനുമായി പത്തിലേറെ ഏജന്റുമാരുണ്ട്. പരസ്പര ബന്ധമില്ലാത്ത ഒന്നിലേറെ സംഘങ്ങളുടെ ഭാഗമാണിവരെന്നാണു നിഗമനം. സംശയ നിഴലിലുള്ള കൈമാറ്റങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച് അവയവ മാഫിയയുടെ കണ്ണികളിലെത്താനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം.

അതിനിടെ വൃക്കതട്ടിപ്പിൽ ചില വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപർ ടി പി നന്ദകുമാറും രംഗത്ത് എത്തി. ക്രൈം ദ്വൈവാരികയാണ് കേരളത്തിൽ നടക്കുന്ന വൃക്കവാണിഭത്തെക്കുറിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് ആദ്യമായി പുറത്തുവിടുന്നത്. 2001ലാണ് ക്രൈം ഗ്രൂപ്പിൽനിന്നും പ്രസിദ്ധീകരിക്കുന്ന ക്രൈം സ്റ്റോറി ദിനപത്രത്തിൽ ഒരു യുവതിയുടെ വൃക്ക നഷ്ടപ്പെട്ടതായി പരാതി എന്ന തലക്കെട്ടിൽ ആറ് ദിവസത്തെ പരമ്പര പ്രസിദ്ധീകരിച്ചത്.

കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നടന്ന വൃക്ക റാക്കറ്റിൽ ഇടനിലക്കാരും ഡോക്ടർമാരും ഹോസ്പ്പിറ്റൽ അധികൃതരും ഓതറൈസേഷൻ കമ്മിറ്റിയും ഉൾപ്പെട്ട വൻ മാഫിയ പ്രവർത്തിച്ചിരുന്നു എന്ന് മാത്രമല്ല ഇടുക്കിയിലെ പാവപ്പെട്ട ആദിവാസികളുടെ വൃക്ക തട്ടിയെടുക്കുന്നു എന്ന വാർത്തകൂടി പുറത്തു കൊണ്ടുവന്നിരുന്നുവെന്ന് ക്രൈം അവകാശപ്പെടുന്നു. ഈ അന്വേഷണ പരമ്പരയിൽ ഏറെ ഞെട്ടിച്ച സംഭവം ഈ കിഡ്‌നിറാക്കറ്റിന്റെ പ്രധാന സൂത്രധാരൻ മന്ത്രി കെഎം മാണിയുടെ മരുമകനും ബേബി മെമോറിൽ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റുമായ ഡോക്ടർ സുനിൽ ജോർജാണ് എന്നതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP