Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നയതന്ത്ര സ്വർണം തടഞ്ഞതോടെ പാഞ്ഞെത്തി റമീസ് പറഞ്ഞത് 'ദാവൂദ് അൽ അറബി' രക്ഷയൊരുക്കുമെന്ന്; കുറ്റം ഏറ്റെടുക്കാൻ സരിത്തിനേയും ചുമതലപ്പെടുത്തി; സ്വർണ്ണ കടത്തിലെ അദൃശ്യ സാന്നിധ്യം ഡി കമ്പനിയോ? കൊടുവള്ളിയെ രക്ഷിക്കാനും റമീസിന്റെ ബോധപൂർവ്വമായ മൊഴി; സ്വർണ്ണ കടത്തിലെ 'ദാവൂദിനെ' കണ്ടെത്താൻ എൻഐഎ

നയതന്ത്ര സ്വർണം തടഞ്ഞതോടെ പാഞ്ഞെത്തി റമീസ് പറഞ്ഞത് 'ദാവൂദ് അൽ അറബി' രക്ഷയൊരുക്കുമെന്ന്; കുറ്റം ഏറ്റെടുക്കാൻ സരിത്തിനേയും ചുമതലപ്പെടുത്തി; സ്വർണ്ണ കടത്തിലെ അദൃശ്യ സാന്നിധ്യം ഡി കമ്പനിയോ? കൊടുവള്ളിയെ രക്ഷിക്കാനും റമീസിന്റെ ബോധപൂർവ്വമായ മൊഴി; സ്വർണ്ണ കടത്തിലെ 'ദാവൂദിനെ' കണ്ടെത്താൻ എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യം. ഇത് മനപ്പൂർവ്വം ഉണ്ടാക്കുന്നതാണോ എന്ന സംശയത്തിലാണ് കേന്ദ്ര ഏജൻസികൾ. അതുകൊണ്ടാണ് പല മൊഴികളിലും അറസ്റ്റിന് കേന്ദ്ര ഏജൻസി തയ്യറാകാത്തത്. തെളിവുകൾ ശേഖരിച്ച് മൊഴികളിൽ വ്യക്തത വരുത്താനാണ് നീക്കം. കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വർണക്കടത്തിൽ പങ്കില്ലെന്നാണു മുഖ്യസൂത്രധാരൻ കെ.ടി. റമീസ് മൊഴി. ഇതിന് വിരുദ്ധമാണ് സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസൽ എന്നിവർക്കു വേണ്ടിയാണു 'റമീസ് ഭായ്' സ്വർണക്കടത്തു നടത്തുന്നതെന്നു നൽകിയ മൊഴി.

സ്വർണ്ണ കടത്തിന് പിന്നിൽ പിന്നിൽ യുഎഇ പൗരൻ 'ദാവൂദ് അൽ അറബി'യെന്ന വ്യവസായിയാണെന്നു റമീസ് മൊഴി നൽകിയിട്ടുണ്ട്.ദാവൂദ് ഇബ്രഹാമിന്റെ കേരളത്തിലെ സ്വർണക്കടത്തു ബന്ധം അന്വേഷിച്ച് എൻഐഎ മുമ്പോട്ട് പോവുകയാണ്. സംസ്ഥാനത്ത് സ്വർണക്കള്ളക്കടത്തിൽ പിടിയിലാവുന്നവർക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം എൻഐഎ ഗൗരവത്തോടെയാണ് എടുക്കുന്നത്. അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്ക്ക് കൈമാറിയത്. 2019ൽ സ്വർണക്കടത്തിൽ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിക്കും നയതന്ത്ര ചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എൻഐഎ കണ്ടെത്തിയിരുന്നു.

സ്വർണക്കടത്തിൽ പിടിയിലായ സന്ദീപിന്റെ കാർ പുനെയിൽ രജിസ്റ്റർ ചെയ്തതിനെകുറിച്ചുള്ള അന്വേഷണം ദാവൂദ് ബന്ധത്തിന്റെ സൂചനയിലാണ് എത്തിച്ചേർന്നത്. മുംബൈ-ഗോവ ഹൈവേയിൽ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവൻ ദനീഷ് പാർക്കർ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാർക്കറുടെ മകനാണ് ദനീഷ് പാർക്കർ. ഇയാൾ സഞ്ചരിച്ചിരുന്ന കാർ 2006ൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ദനീഷും ഡ്രൈവറും സംഭവസ്ഥലത്തു മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് തിരുവനന്തപുരം ബന്ധം ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് 'ദാവൂദ് അൽ അറബി'യെന്ന പേര് റമീസ് മൊഴിയായി നൽകുന്നത്.

കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്ക്കു നൽകിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമർശിക്കുന്നത്. ഇത് യഥാർഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്നു പരിശോധിച്ചു വരുന്നു. അങ്ങനെ മൊഴികളിൽ സർവ്വത്ര വൈരുദ്ധ്യം കാണുകയാണ് കേന്ദ്ര ഏജൻസികൾ. ഇതിന്റെ വ്യക്തത വരുത്താൻ റിബൻസിന്റെ അറസ്റ്റോടെ കഴിയുമെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. സ്വർണ്ണ കടത്തിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കരുതൽ തടങ്കലിൽ വയ്ക്കാൻ കസ്റ്റംസ് സമർപ്പിച്ച കോഫെപോസ രഹസ്യ റിപ്പോർട്ടിലാണ് കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിന്റേയും കാരാട്ട് ഫൈസലിന്റേയും പേരുള്ളത്.

30 കിലോ സ്വർണം ഒളിപ്പിച്ച പാഴ്‌സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവച്ച വിവരം അറിഞ്ഞ റമീസ് അഭിഭാഷകന്റെ സാന്നിധ്യത്തിൽ സന്ദീപിനെയും പി.എസ്.സരിത്തിനെയും തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ കണ്ടതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കസ്റ്റംസ് സ്വർണം പിടിച്ചാൽ സരിത് കുറ്റം ഏൽക്കണമെന്നും അതിനു പ്രതിഫലം നൽകാമെന്നും റമീസ് ഉറപ്പു നൽകി. പരമാവധി ശിക്ഷ ഒരു വർഷത്തെ കരുതൽ തടവാണെന്നും ഡൽഹിയിൽ സ്വാധീനം ചെലുത്തി 6 മാസം കഴിയുമ്പോൾ പിഴയടച്ചു മോചനം ഉറപ്പാക്കാമെന്നും റമീസ് അറിയിച്ചു.

ഒരു ഘട്ടത്തിലും കൊടുവള്ളി ബന്ധവും തന്റെയും സന്ദീപിന്റെയും പേരും വെളിപ്പെടുത്തരുതെന്നും റമീസ് പറഞ്ഞു. തങ്ങൾ പുറത്തുണ്ടായാൽ മാത്രമേ പിഴയടച്ചു കേസ് ഒതുക്കാൻ കഴിയൂ എന്നായിരുന്നു പറഞ്ഞത്. അന്വേഷണ സംഘത്തിന്റെ സമ്മർദമുണ്ടായാലും ദുബായ് സ്വദേശി ദാവൂദ് അൽ അറബിയും മലയാളിയായ ഫൈസൽ ഫരീദുമാണു കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണം കടത്തുന്നതെന്നു മൊഴി നൽകാനും റമീസ് നിർബന്ധിച്ചതായി സരിത്തും സന്ദീപും മൊഴി നൽകി. തടഞ്ഞുവച്ച പാഴ്‌സൽ കസ്റ്റംസ് തുറന്നു പരിശോധിക്കും മുൻപു റമീസ് പെരിന്തൽമണ്ണയിലേക്കു മടങ്ങി. ജൂലൈ 3 നു രാത്രി സ്വപ്നയുടെ വീട്ടിൽ ഒത്തുചേർന്ന സരിത്തും സന്ദീപും അറസ്റ്റിലായാൽ സത്യം തുറന്നു പറയാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന കസ്റ്റംസ് റിപ്പോർട്ടിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്നു കാരാട്ട് റസാഖ് എംഎൽഎ ആരോപിച്ചു. 'കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള പ്രതികളാരും എനിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. പ്രതിയുടെ ഭാര്യ മൊഴി നൽകിയെന്നാണ് കസ്റ്റംസ് ധനമന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഇത് പുറത്തുനടന്ന ഗൂഢാലോചനയാണെന്നു വ്യക്തമാണ്' റസാഖ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP