Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ ഉൾപ്പടെയുള്ള 150ലേറെ രാജ്യങ്ങൾക്ക് പല വ്യവസ്ഥകളിൽ കടം നൽകിയിട്ടുള്ളത് 1.5 ട്രില്യണിലധികം ഡോളർ; ചൈനീസ് വ്യാളിയുടെ വലയിൽ കുടുങ്ങിയത് ശ്രീലങ്കവരെ; ചൈനയുടെ കടം വീട്ടാൻ ദ്വീപകൾ എഴുതി നൽകി പാക്കിസ്ഥാനും; ലക്ഷ്യം അറബിക്കടലിനെ അധീനതിലാക്കുക

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: സഹായിക്കുക. പിന്നാലെ അധീനതയിലാക്കുക ഈ തന്ത്രമാണ് കാലാകാലങ്ങളായി ചൈന പല പല രാജ്യങ്ങൾക്കുമേൽ നടത്തിവന്നിരുന്ന നയതന്ത്രം. ഇവയ്ക്ക് ഉദാഹരണമാണ് ജിബൂട്ടി, ടോങ്ക, മാലിദ്വീപ്, കോംഗോ റിപ്പബ്ലിക്ക്, കിർഗിസ്ഥാൻ, കംബോഡിയ, നൈജർ, ലാവോസ്, സാംബിയ, സമോവ, വനൗട്ടു, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾ.ഈ രാജ്യങ്ങളുടെ ജിഡിപിയുടെ 20ശതമാനത്തിലേറെയാണ് ചൈനയുടെ കടം.

നിരവധി രാജ്യങ്ങൾക്ക് ചൈനീസ് കടത്തിൽ പടുത്തുയർത്തിയ പല തന്ത്രപ്രധാന മേഖലകളുടേയും നിയന്ത്രണാധികാരം ചൈനക്ക് കൈമാറേണ്ട ഗതികേടും വന്നിട്ടുണ്ട്. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖമാണ് ഇതിന്റെ ഉദാഹരണങ്ങളിലൊന്ന്. ചൈന അവിടെ വൻ തുറമുഖമാണ് പടുത്തുയർത്തുന്നത്. കടം വീട്ടാൻ കഴിഞ്ഞില്ലെങ്കിൽ ്ശ്രീലങ്കയ്ക്ക് ആ തുറമുഖം തന്നെ നഷ്ടമാകുന്ന ഗതികേടിലാണ്.

ചൈനയുടെ ഈ കുതന്ത്രത്തിന്റെ കെണിയിൽപ്പെട്ടവരിൽ ഒടുവിലായി എത്തിയത് പാക്കിസ്ഥാനാണ്. വൻ സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ചൈനയിൽ നിന്ന് കൂടുതൽ സഹായവും പിന്തുണയും ലഭിക്കാനായി രണ്ടു ദ്വീപുകളെയാണ് ദാനമായി നൽകുന്നത്. ഇതുതന്നെയാണ് മറ്റു രാജ്യങ്ങൾക്കും ഭാവിയിൽ നേരിടാൻ പോകുന്നത്.രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഉഭയക്ഷി ബന്ധം ചൂഷണം ചെയ്ത് ഒരു രാജ്യം മറ്റൊരു രാജ്യത്തിന് തിരിച്ചടക്കാൻ കഴിയാത്ത രീതിയിലുള്ള വായ്പകൾ നൽകി ആ രാജ്യത്തെ തങ്ങളുടെ അധീനതയിലാക്കി നിർത്തുന്ന നയതന്ത്രത്തെയാണ് ചൈനീസ് കടക്കെണി എന്നു വിളിക്കുന്നത്. കടബാധ്യതകൾ തീർക്കാൻ സാധിക്കാതെ വരുമ്പോൾ കടം എടുത്ത രാജ്യത്തെ തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനത്തിലുള്ള ഒരു പാവ രാജ്യമാക്കിമാറ്റുന്നു. പാക്കിസ്ഥാന് ഇപ്പോൾ ഈ ദുർഗതിയാണ്.

പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ ചൈനീസ് സർക്കാരിന്റെ ആവശ്യപ്രകാരം സിന്ധിലെ ബുദ്ധൂ, ബുണ്ടൽ ദ്വീപുകൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്. സിന്ധിലെ ജനങ്ങളുടെയോ സർക്കാരിന്റെയോ സമ്മതമില്ലാതെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ചൈനീസ് സർക്കാരിൽ നിന്നു ഫണ്ടുകൾ ലഭിക്കാനാണ് ഫെഡറൽ ഗവൺമെന്റിന്റെ അത്തരം അനീതിപരമായ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ചൈന-പാക്കിസ്ഥാൻ സമുദ്ര സഹകരണത്തിലൂടെ അറബിക്കടലിൽ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള ചൈനയുടെ താൽപ്പര്യമാണ് ഇതിന് പിന്നിലെന്നതും വ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാക്കിസ്ഥാൻ രണ്ട് ദ്വീപുകൾ ചൈനയ്ക്ക് വിൽക്കുന്നു എന്നതാണ് ചുരുക്കം.

കറാച്ചിയിലെയും ഗ്വാഡറിലെയും പ്രവർത്തനങ്ങൾ നിലവിലെ വേഗത്തിൽ തുടരുകയാണെങ്കിൽ, അടുത്ത 3-4 വർഷത്തിനുള്ളിൽ അറേബ്യൻ കടലിലെ ചൈനീസ് മുങ്ങിക്കപ്പൽ താവളങ്ങൾ ലോകം കാണുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ബുദ്ധൂ, ബുണ്ടൽ എന്നീ രണ്ട് ദ്വീപുകൾ കറാച്ചി, ഗ്വാഡാർ എന്നിവയുടെ വിപുലീകരണമായിരിക്കുമെന്നും സംഭവവികാസങ്ങളെക്കുറിച്ച് അറിയുന്ന ഒരു സ്രോതസ്സ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

ചൈനയുടെ നിഗൂഢ താത്പര്യങ്ങൾ ലോകരാജ്യങ്ങൾ തിരിച്ചറിയപ്പെടുന്നു എന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കപ്പെടുന്നത്. 'ചൈനയുടെ സമാധാനപരമായ വളർച്ച' എന്ന മുഖം മൂടി അഴിഞ്ഞു വീഴുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള ഭൂരിഭാഗം രാജ്യങ്ങളെയും കടം കൊടുത്ത് തങ്ങളുടെ കീഴിൽ കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കമാണ് ഇപ്പോൾ ചൈന നടത്തുന്നത്.ചൈനീസ് ചിന്തകനായ സെങ് ബിജിയാനാണ് 'ചൈനയുടെ സമാധാനപരമായ വളർച്ച' എന്ന ആശയത്തിന്റെ പ്രധാന പ്രചാരകൻ. ഉത്തരവാദിത്വമുള്ള, സമാധാന പ്രേമിയായ, ആഗോള ശക്തിയെന്ന മുഖം മൂടിയാണ് ഈ വാദം ചൈനയ്ക്ക് നൽകിയത്. കോവിഡിന്റെ പുതിയ സാഹചര്യവും ഇന്ത്യ- ചൈന അതിർത്തിയിലെ അടക്കം പ്രശ്നങ്ങളും ചൈനയുമായുള്ള ബന്ധം പുനഃപരിശോധിക്കാൻ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.

കടംകൊടുത്ത് രാജ്യങ്ങളെ വരുതിയിലാക്കുന്ന തന്ത്രം തിരിച്ചറിയാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവർ പരാജയപ്പെട്ടുവെന്ന വിമർശവും ഉയരുന്നുണ്ട്. കഴിഞ്ഞ ജനുവരി 26ന് ഹാർവാഡ് ബിസിനസ് റിവ്യു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചൈന ഏതാണ്ട് 1.5 ട്രില്യൺ ഡോളറാണ് (1,12,46,249 കോടി രൂപ) പാക്കിസ്ഥാൻ ഉൾപ്പടെയുള്ള 150ലേറെ രാജ്യങ്ങൾക്ക് പല വ്യവസ്ഥകളിൽ കടം നൽകിയിട്ടുള്ളത്. അതേസമയം, ഈ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കും യഥാർഥ കടമെന്നതാണ് മറ്റൊരു വസ്തുത.

1949 മുതൽ 2017 വരെയുള്ള കാലത്ത് ഏതാണ്ട് 3000 ഗ്രാന്റുകളും 2000 വായ്പകളുമാണ് പല രാജ്യങ്ങൾക്കായി നൽകിയിരിക്കുന്നതെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ റിപ്പോർട്ടിലുള്ളത്. അവസാനത്തെ പത്തുവർഷത്തിൽ 50 വികസ്വര രാജ്യങ്ങൾക്ക് ചൈന നൽകുന്ന കടം ഒരു ശതമാനത്തിൽ നിന്നും 15 ശതമാനമായി കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്.

ചൈന നൽകിയ വൻതുക വായ്പയുടെ അടിസ്ഥാനത്തിലാണ് ഹംബൻതോട്ടയിൽ തുറമുഖം ഉയർന്നത്. 99 വർഷത്തെ പാട്ടക്കരാറാണ് ചൈനയുമായി ശ്രീലങ്കയ്ക്ക് ഹംബൻതോട്ടക്കുള്ളത്. ഏതാണ്ട് 1.1 ബില്യൺ ഡോളർ ഇതിനകം തന്നെ ചൈന ഈ തുറമുഖത്തിനായി ചെലവാക്കിയിട്ടുണ്ട്. അതിവേഗത്തിൽ ഉയരുന്ന കടബാധ്യത ഹംബൻതോട്ട തുറമുഖത്തിലേയും അനുബന്ധമായുള്ള 15,000 ഏക്കർ ഭൂമിയിലേയും ചൈനീസ് അധിനിവേശം കൂടുതൽ ഉറപ്പിക്കുകയാണ്. അമേരിക്കൻ സൈനിക താവളമായ ഡിഗോഗാർഷ്യയേയും ഇന്ത്യയുടെ നാവികസേനയുടെ നീക്കങ്ങളേയും നിരീക്ഷിക്കാനാണ് ചൈന ഇപ്പോൾ ഈ ലങ്കൻ തുറമുഖത്തെ ഉപയോഗിക്കുന്നത്.

ലോകത്തെ പലയിടങ്ങളിലും വിവിധ മാർഗങ്ങളിലൂടെ സ്വാധീനമുറപ്പിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. സെൻകകു ദ്വീപിനെ ചൊല്ലി ജപ്പാനുമായി ചൈനയ്ക്കു പ്രശ്നങ്ങളുണ്ട്. ഹോങ്കോങിൽ നടക്കുന്ന ചൈനക്കെതിരായ ജനകീയ പ്രതിഷേധങ്ങൾ പലതവണ ലോക ശ്രദ്ധ നേടിയിട്ടുള്ളതാണ്. തായ്വാനെതിരായ ചൈനയുടെ ഭീഷണികളും തിബറ്റ് അധിനിവേശവും നടത്തിയ ചൈന തന്നെയാണ് നേപാളിലെ ഒരു ഗ്രാമം തന്നെ സ്വന്തം അധീനതയിലേക്ക് മാറ്റിയത്.

പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങൾ ചൈനീസ് കടക്കെണിയെക്കുറിച്ച് കൂടുതൽ ജാഗ്രതയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡിനെ തുടർന്ന് ചൈനക്കെതിരെ ഉയർന്ന അസംതൃപ്തി ഇന്ത്യ ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ മൂലം വർധിച്ചിട്ടേയുള്ളൂ. ഇതിന്റെ തെളിവാണ് യുഎൻ രക്ഷാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് ലഭിച്ച സ്വീകാര്യതയെന്നും വിലയിരുത്തപ്പെടുന്നു. 193 അംഗ ജനറൽ അസംബ്ലിയിൽ ഇന്ത്യ 184 വോട്ടുകൾ നേടിയാണ് വിജയിച്ചത്. സമാധാനപ്രേമിയായ വൻ ശക്തി എന്ന ചൈനയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്നാണ് ഡോ. പുനിറ്റ് സൗരഭ് സൂചിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP