Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഷങ്ങളായി ജീവിക്കുന്നത് റെയിൽവെ ട്രാക്കിനോട് ചേർന്ന വീടുകളിൽ; റെയിൽവേയുടെ നിർമ്മാണ നിയന്ത്രണങ്ങളാൽ വീട് നവീകരിക്കാനാവാതെ ദുരിതത്തിലായത് 10 പട്ടികജാതി കുടുംബങ്ങൾ; സ്ഥലം വാങ്ങി പുതിയ വീടുവെക്കാൻ പെരിന്തൽമണ്ണ നഗരസഭയുടെ കൈത്താങ്ങ്

വർഷങ്ങളായി ജീവിക്കുന്നത് റെയിൽവെ ട്രാക്കിനോട് ചേർന്ന വീടുകളിൽ; റെയിൽവേയുടെ നിർമ്മാണ നിയന്ത്രണങ്ങളാൽ വീട് നവീകരിക്കാനാവാതെ ദുരിതത്തിലായത് 10 പട്ടികജാതി കുടുംബങ്ങൾ; സ്ഥലം വാങ്ങി പുതിയ വീടുവെക്കാൻ പെരിന്തൽമണ്ണ നഗരസഭയുടെ കൈത്താങ്ങ്

ജാസിം മൊയ്തീൻ

മലപ്പുറം: റെയിൽവേയുടെ നിർമ്മാണ നിയന്ത്രണങ്ങളാൽ വീടുകൾ നവീകരിക്കാനാകാതെ പ്രയാസപ്പെട്ട ഒൻപത് പട്ടികജാതി കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകി പുനരധിവസിപ്പിക്കാൻ പെരിന്തൽമണ്ണ നഗരസഭയുടെ പദ്ധതി. നഗരസഭിയിലെ 22ാം വാർഡ് കളത്തിലക്കരയിലെ തലക്കുറിശ്ശി കോളനിയിലെ പട്ടികജാതി കുടുംബങ്ങൾക്കാണ് സമീപ പ്രദേശത്തു തന്നെ സ്ഥലം വാങ്ങി വീടുവെക്കാൻ നഗരസഭ സൗകര്യമൊരുക്കിയത്.

ഷൊർണൂർ-നിലമ്പൂർ റെയിൽവെ ട്രാക്കിനോട് ചേർന്ന് വർഷങ്ങളായി താമസിക്കുന്നവരാണ് കളത്തിലക്കരയിലെ തലക്കുറിശ്ശി കോളനി നിവാസികൾ. എന്നാൽ നിലവിലുള്ള വീടുകൾ നവീകരിക്കാനോ പുതുക്കിപണിയാനോ വർഷങ്ങളായി ഈ കുടുംബങ്ങൾക്ക് സാധിച്ചിരുന്നില്ല. റെയിൽവേയുടെ എൻ.ഒ.സി. ലഭിക്കാത്തതായിരുന്നു കാരണം. റെയിൽവേ ഭൂമിയിൽനിന്നും 35 മീറ്റർ മാറി മാത്രമേ നിർമ്മാണം അനുവദിക്കൂ എന്നാണ് റെയിൽവെ നിയമം. എൻ.ഒ.സി. ലഭിക്കാതെ നഗരാസൂത്രണ വിഭാഗം നിർമ്മാണാനുമതി നൽകുകയുമില്ല.

ഈ കുടുംബങ്ങൾക്ക് നഗരസഭ എസ്.സി. സ്‌നേഹ ഭവന പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും റെയിൽവേ അനുമതി നൽകിയില്ല. ഇതേത്തുടർന്ന് കോളനിവാസികൾ നഗരസഭാധ്യക്ഷനുമായി നടത്തിയ ചർച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.ഓരോ കുടുംബത്തിനും ഈ പ്രദേശത്തുതന്നെ വീടിന് അനുയോജ്യമായ മൂന്ന് സെന്റ് വീതം നഗരസഭ വിലയ്ക്കുവാങ്ങി നൽകാനും അവിടെ മുൻപദ്ധതിയിലെ വീട് നിർമ്മിക്കാനും തീരുമാനിച്ചു. ഒപ്പം നിലവിൽ കുടുംബങ്ങളുടെ കൈവശമുള്ള സ്ഥലം പൊതു ആവശ്യങ്ങൾക്കായി നഗരസഭയ്ക്ക് വിട്ടു നൽകാനുമാണ് ധാരണയായത്. ഈ സ്ഥലം പൂന്തോട്ടവും കളി സ്ഥലവുമാക്കി മാറ്റും. മൂന്ന് സെന്റ് സ്ഥലത്തിന് രണ്ടു ലക്ഷം രൂപയും ഭവന നിർമ്മാണത്തിന് 4.40 ലക്ഷം രൂപയും നഗരസഭ ഇതിനായി ചെലവഴിക്കും. കുംടുബശ്രീ യൂണിറ്റ് മുഖേനയാണ് നിർമ്മാണം. പദ്ധതിക്കായി 30 സെന്റ് സ്ഥലം സമീപത്ത് കണ്ടെത്തിയിട്ടുണ്ട്.

ഈ ഭൂമിയുടേയും ഭവന നിർമ്മാണത്തിന്റെയും സമ്മതപത്രം പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ എം. മുഹമ്മദ് സലീം കുടുംബങ്ങൾക്ക് കൈമാറി. ഉപാധ്യക്ഷ നിഷി അനിൽരാജ്, നഗരസഭാംഗങ്ങളായ പത്തത്ത് ആരിഫ്, അൻവർ കളത്തിൽ, അമ്പിളി മനോജ്, കെ. സുന്ദരൻ എന്നിവരും കെ. രാധാകൃഷ്ണൻ, കെ. പ്രദീഷ്, കെ.പി. അബ്ദുൾ ലത്തീഫ് തുടങ്ങിയവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP