Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്നയുടെ മൊഴികളിലെ 'ഉന്നത സ്വാധീനമുള്ള മലയാളി' പ്രവാസിയോ? സ്വർണക്കടത്തിൽ എംഎൽഎക്കും പങ്കാളിത്തമെന്ന് കസ്റ്റംസിന്റെ റിപ്പോർട്ട്; 'പിഡി 12002062020 കോഫെപോസ' എന്ന ഫയൽ നമ്പറിലുള്ള രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാം പേജിൽ എംഎൽഎയുടെ പേരെത്തിയത് കാരാട്ട് ഫൈസലിന്റെ ചോദ്യം ചെയ്യലിലൂടെയെന്ന് സൂചന; റമീസ് ഫോൺ നശിപ്പിച്ചതും ഉന്നതരെ രക്ഷിക്കാൻ; വമ്പൻ സ്രാവുകൾ ഇപ്പോഴും കാണാമറയത്ത്

സ്വപ്നയുടെ മൊഴികളിലെ 'ഉന്നത സ്വാധീനമുള്ള മലയാളി' പ്രവാസിയോ? സ്വർണക്കടത്തിൽ എംഎൽഎക്കും പങ്കാളിത്തമെന്ന് കസ്റ്റംസിന്റെ റിപ്പോർട്ട്; 'പിഡി 12002062020 കോഫെപോസ' എന്ന ഫയൽ നമ്പറിലുള്ള രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാം പേജിൽ എംഎൽഎയുടെ പേരെത്തിയത് കാരാട്ട് ഫൈസലിന്റെ ചോദ്യം ചെയ്യലിലൂടെയെന്ന് സൂചന; റമീസ് ഫോൺ നശിപ്പിച്ചതും ഉന്നതരെ രക്ഷിക്കാൻ; വമ്പൻ സ്രാവുകൾ ഇപ്പോഴും കാണാമറയത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തിൽ എംഎൽഎക്കും പങ്കാളിത്തമെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട്. മലബാറിൽ നിന്നുള്ള എംഎൽഎയാണ് സംശയ നിഴലിലുള്ളത്. കാരാട്ട് ഫൈസൽ എന്ന ഇടതുപക്ഷ കൗൺസിലറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ എംഎൽഎയെ സംശയ നിഴലിൽ നിർത്തുന്നതെന്ന സൂചനയും ഉണ്ട്. കൊടുവള്ളി മാഫിയയിലേക്ക് സ്വർണ്ണ കടത്ത് വിരൽ ചൂണ്ടുന്നതിന്റെ സാധ്യതയാണ് കസ്റ്റംസിന്റെ റിപ്പോർട്ട് ചർച്ചയാക്കുന്നത്.

സ്വർണ്ണ കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ 'കോഫെപോസ' (കള്ളക്കടത്തു തടയൽ നിയമം) ചുമത്താനുള്ള അപേക്ഷയ്‌ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലാണ് പേരു പരാമർശിക്കുന്നത്. നിലവിൽ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎൽഎയെ ഉൾപ്പെടുത്തിയിട്ടില്ല. 'പിഡി 12002062020 കോഫെപോസ' എന്ന ഫയൽ നമ്പറിലുള്ള രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാം പേജിലാണു പ്രതികളുമായി എംഎൽഎക്കുള്ള ബന്ധം പരാമർശിക്കുന്നത്. കരാട്ട് ഫൈസലിന്റെ ചോദ്യം ചെയ്യലുമായി ഇതിന് ബന്ധമുണ്ടെന്നാണ് സൂചന.

സ്വർണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് ഈ എംഎൽഎക്കു പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സ്വർണക്കടത്തിന്റെ ഭാഗമായി പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎൽഎയുടെ പങ്കു പരാമർശിക്കുന്നുണ്ട്. എന്നാൽ സ്വർണക്കടത്തിന്റെ ഒരുഘട്ടത്തിലും സ്വപ്നയും എംഎൽഎയും നേരിട്ട് ഇടപെട്ടിട്ടില്ല. റമീസ് വഴിയായിരുന്നു ഇവർ തമ്മിലുള്ള ആശയവിനിമയം. എംഎൽഎയുടെ പങ്ക് വെളിപ്പെടുത്താൻ റമീസ് ഇതുവരെ തയാറായിട്ടില്ലെന്നും വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎ പ്രതിയോ സാക്ഷിയോ ആകാത്തത്.

സ്വർണം അടങ്ങിയ നയതന്ത്ര പാഴ്‌സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് റമീസ് തന്റെ മൊബൈൽ ഫോണുകളിലൊന്നു നശിപ്പിച്ചുകളഞ്ഞു. ഈ ഫോണിലേക്കാണു ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്. ഈ സിം കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്നത് തമിഴ്‌നാട് സ്വദേശിയുടെ പേരിലാണെന്നും കസ്റ്റംസ് കണ്ടെത്തി. മൊബൈൽ ഫോൺ നശിപ്പിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് സൂചന. കേസിലെ പ്രധാനിയെ പിടികൂടാതിരിക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തൽ.

കേന്ദ്രത്തിനു നൽകിയ കസ്റ്റംസ് റിപ്പോർട്ടിന് അനുബന്ധമായി ചേർത്ത സ്വപ്നയുടെ മൊഴികളിലെ 'ഉന്നത സ്വാധീനമുള്ള മലയാളി'യെ കണ്ടെത്താൻ അന്വേഷണ സംഘങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 30 കിലോഗ്രാം കള്ളക്കടത്തു സ്വർണം അടങ്ങിയ നയതന്ത്ര പാഴ്‌സൽ കസ്റ്റംസ് തടഞ്ഞുവച്ച സന്ദർഭത്തിലാണ് അതു വിട്ടുകിട്ടാൻ ഇടപെട്ട ഉന്നതനെക്കുറിച്ചു സ്വപ്ന പരാമർശിക്കുന്നത്. ഇക്കാര്യം അറിയിച്ചതു കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്. ഇടപെട്ടതൊരു പ്രവാസിയാണെന്നും സൂചനയുള്ളതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തൽ. തൃശിനാപ്പള്ളി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സ്വർണം എത്തിച്ച് വിൽക്കുകയായിരുന്നു എന്നാണ് വിവരം. സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസൽ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നൽകിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടൽ വ്യക്തമായത്. ഇതിന് പിന്നാലെ ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡിൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയിൽ എടുത്തത്. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് ഇദ്ദേഹം. സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തിൽ യാത്ര ചെയ്തത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP