Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധൈര്യമുണ്ടെങ്കിൽ മഹാരാഷ്ട്രാ സർക്കാരിനെ മറിച്ചിടൂ; വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; നിങ്ങളുടെ ഹിന്ദുത്വം മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമാണ്; ഞങ്ങളുടേത് അത്തരത്തിൽ ഉള്ളതല്ലെന്ന് ബിജെപിക്കും വിമർശനം; പത്ത് എംഎൽഎമാർ ബിജെപി വിടുമെന്ന സൂചനകൾക്കിടെ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന; മഹാ അഖാഡി സഖ്യത്തിന് മുന്നിൽ മഹാരാഷ്ട്രയിലെ ബിജെപി രാഷ്ട്രീയം മങ്ങുമ്പോൾ

ധൈര്യമുണ്ടെങ്കിൽ മഹാരാഷ്ട്രാ സർക്കാരിനെ മറിച്ചിടൂ; വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; നിങ്ങളുടെ ഹിന്ദുത്വം മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമാണ്; ഞങ്ങളുടേത് അത്തരത്തിൽ ഉള്ളതല്ലെന്ന് ബിജെപിക്കും വിമർശനം; പത്ത് എംഎൽഎമാർ ബിജെപി വിടുമെന്ന സൂചനകൾക്കിടെ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന; മഹാ അഖാഡി സഖ്യത്തിന് മുന്നിൽ മഹാരാഷ്ട്രയിലെ ബിജെപി രാഷ്ട്രീയം മങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കേന്ദ്രസർക്കാറുമായി പല കാര്യങ്ങളിലും ഏറ്റുമുട്ടിക്കൊണ്ടു മുന്നോട്ടു പോകുന്ന ശിവസേന ബിജെപി പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് രംഗത്ത്. ധൈര്യമുണ്ടെങ്കിൽ മഹാരാഷ്ട്രാ സർക്കാരിനെ അട്ടിമറിക്കൂ എന്നാണ് ഉദ്ധവ് താക്കറെയുടെ വെല്ലുവിളി. മുംബൈയിൽ ശിവസേന സംഘടിപ്പിച്ച ദസറാ റാലിയെ അഭിസംബോധന ചെയ്യവേയാണ് ഉദ്ധവ് എതിരാളികളെ വെല്ലുവിളിച്ചത്.

'സംസ്ഥാന സർക്കാരിനെ മറിച്ചിടുമെന്ന ഭീഷണികൾ മുഖ്യമന്ത്രിയായ ദിവസം മുതൽ കേൾക്കാൻ തുടങ്ങിയതാണ്. എന്നാൽ ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഞാനിപ്പോൾ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ അത് ചെയ്തുകാണിക്കൂ' - ഉദ്ധവ് പറഞ്ഞു. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ തുറക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു. ഹിന്ദുത്വം മുൻനിർത്തി ചോദ്യങ്ങൾ ഉന്നയിക്കുന്നു. ബാലാസാഹെബ് താക്കറെ ഉയർത്തിക്കാട്ടിയതിൽനിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വമെന്ന് പറയുന്നു. നിങ്ങളുടെ ഹിന്ദുത്വം മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമാണ്. തങ്ങളുടെ ഹിന്ദുത്വം അത്തരത്തിൽ ഉള്ളതല്ലെന്നും ഉദ്ധവ് താക്കറെ പരിഹസിച്ചു.

മഹാരാഷ്ട്രാ സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. 25 വർഷം തങ്ങൾ അധികാരത്തിൽ തുടരും. ഇനിമുതൽ എല്ലാ 'മഹാ' ആയിരിക്കും. മഹാ അഖാഡി, മഹാരാഷ്ട്രാ എന്നിങ്ങനെ. ഈ 'മഹാ' ഡൽഹിയിലേക്ക് വ്യാപിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ഈ വർഷം സംസ്ഥാനത്ത് ശിവസേന മുഖ്യമന്ത്രി ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞ വർഷംതന്നെ ഞാൻ പറഞ്ഞതാണ്. ഇപ്പോൾ എന്തായി ? - ശിവസേനയുടെ ദസറ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സഞ്ജയ് റാവത്ത് ചോദിച്ചു.

ശിവസേനാ ബന്ധം അവസാനിപ്പിച്ചതിന് ശേഷം മഹാരാഷ്ട്രയിൽ ബിജെപിക്ക് ക്ഷീണമാണ് സംഭവിച്ചിട്ടുള്ളത്. കർണാടകത്തിലും മധ്യപ്രദേശിലുമൊക്കെ കോൺഗ്രസ് എംഎൽഎമാരെ മറുകണ്ടം ചാടിച്ചു കൊണ്ട് രംഗത്തുവരുമ്പോഴും മഹാരാഷ്ട്രയിൽ അത്തരമൊരു നീക്കം നടത്താൻ പോലും ബിജെപിക്കു സാധിക്കാത്തത് സേനാഭടന്മാരെ ഭയന്നു കൊണ്ടാണ്. അടിത്തട്ടിൽ ബിജെപിയേക്കാൾ ശക്തമാണ് ശിവസേന. അതുകൊണ്ട് തന്നെ പരിവാർ കുടുംബങ്ങൾ തമ്മിൽ തല്ലാൻ ആഗ്രഹിക്കുന്നില്ല. ശിവസേനയുമായി ഏറ്റുമുട്ടിയാൽ അത് ബിജെപിക്ക് തന്നെ തിരിച്ചടിയാകുമെന്ന ഭയവും ശക്തമാണ്.

മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെയും മകൾ രോഹിണിയും അനുയായികളോടൊപ്പം എൻസിപിയിൽ ചേർന്നതിന് പിന്നാലെ 10 എംഎൽഎമാരും ബിജെപി വിടുമെന്നാണ് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് പരസ്യ വെല്ലുവിളിയുമായി ഉദ്ധവ് താക്കറെ രംഗത്തുവന്നത്. മറാഠാ സമുദായ പ്രതിച്ഛായയുള്ള പാർട്ടി പിന്നാക്ക വിഭാഗത്തിന്റെ പിന്തുണയും ഖഡ്‌സേ വഴി ഉറപ്പാക്കാനുള്ള നീക്കത്തിലാണ് എൻ.സി.പി. ഖഡ്‌സേക്ക് പിന്നാലെയാണ് പത്ത് എംഎൽഎമാരും ബിജെപി വിടുമെന്ന സൂചനകൾ പുറത്തുവന്നത്.

2014ൽ മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള ആദ്യ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഖഡ്സെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു അഭ്യൂഹം. ഇതു തള്ളിയാണ് പാർട്ടി കേന്ദ്ര നേതൃത്വം ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയത്. അന്തരിച്ച ഗോപിനാഥ് മുണ്ടെയ്ക്കൊപ്പം മഹാരാഷ്ട്രയിൽ പാർട്ടിയെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്, ജൽഗാവിൽ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവായ ഖഡ്സെ.

രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും അധികാരം പിടിക്കുന്നതായിരുന്നു ബിജെപിയുടെ ശൈലി. ഓപ്പറേഷൻ കമലയിലൂടെ എതിർപക്ഷത്തെ എംഎൽഎമാരെ വിലയ്‌ക്കെടുത്തും മറ്റ് ഘടകകക്ഷികളെ മറുകണ്ടം ചാടിച്ചും ഭരണം പിടിക്കുമ്പോൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിക്ക് കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചു. ബിജെപി - ശിവസേന സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടി വിജയിച്ചപ്പോൾ പ്രതിപക്ഷത്തിരിക്കാനായിരുന്നു ബിജെപിയുടെ വിധി. മഹാരാഷ്ട്ര മുഖ്യമന്ത്രിപദം സംബന്ധിച്ച തർക്കത്തിൽ ശിവസേന കോൺ?ഗ്രസുമായും എൻസിപിയുമായും ചേർന്ന് മുന്നണിയുണ്ടാക്കി അധികാരത്തിലേറുകയായിരുന്നു.

മൂന്നു പതിറ്റാണ്ട് കാലത്തെ സഖ്യം ഉപേക്ഷിച്ചാണ് ശിവസേന കോൺഗ്രസും എൻസിപിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിച്ചത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ബിജെപി അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയും തുടർനീക്കങ്ങളുമാണ് എൻഡിഎ വിടുന്നതിലേക്കു ശിവസേനയെ എത്തിച്ചതെങ്കിലും ഏറെ കാലമായുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ട്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കാലത്ത് പാർട്ടിയുടെ നിഴലിൽ കഴിഞ്ഞിരുന്ന ബിജെപി, കഴിഞ്ഞ ഏതാനും വർഷങ്ങളായി വല്യേട്ടൻ കളിക്കുന്നുവെന്നും സേനയെ സഖ്യത്തിലെ രണ്ടാം സ്ഥാനക്കാരായി മാത്രം പരിഗണിക്കുന്നുവെന്നുവെന്ന പരാതിയും ശിവസേന ഉയർത്തിയിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ അപ്രമാദിത്വം സഖ്യകക്ഷിയായ ബിജെപി കൈയടക്കുന്നുവെന്ന തിരിച്ചറിവ് സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സർക്കാർ രൂപീകരണ ചർച്ചാവേളയിൽ മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ശിവസേന ശക്തമായി ഉന്നയിച്ചെങ്കിലും ബിജെപി വഴങ്ങാത്തതോടെ എൻസിപി, കോൺഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിന് ശിവസേന ശ്രമങ്ങൾ ആരംഭിച്ചതും അത് വിജയിപ്പിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP