Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവംബർ പത്തിന് ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്; അവർക്ക് കൃത്യമായി മറുപടി നൽകും; പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം; നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം; അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ.സി.യുവിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും കാണാം; വിമർശകരോട് കെ എം ഷാജി പറയുന്നു

നവംബർ പത്തിന് ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്; അവർക്ക് കൃത്യമായി മറുപടി നൽകും; പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം; നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം; അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ.സി.യുവിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും കാണാം; വിമർശകരോട് കെ എം ഷാജി പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കണ്ണൂർ അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന മുസ്ലിംലീഗ് എംഎൽഎ കെ എം ഷാജി തനിക്കെതിരായ ആരോപണങ്ങളിൽ മറുപടിയുമായി രംഗത്തത്തി. കേസിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ കോർപറേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതേ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വിമർശനവുമായി ഷാജി രംഗത്തെത്തി.

ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും എന്നാണ് കെ എം ഷാജി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. നവംബർ പത്താം തിയ്യതി ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റെ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യുമെന്ന് ഷാജി വ്യക്തമാക്കി.

പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം. അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ സി യു വിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാമെന്നും ഷാജി വ്യക്തമാക്കുന്നു.

ഷാജിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും, നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യും.

അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം. പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം. അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ സി യു വിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം.

ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ട്

അതേസമയം കെ.എം. ഷാജിക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ. നേതാവ് എ.എ. റഹീം രംഗത്തെത്തിയിരുന്നു. കള്ളപ്പണ ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഒരിക്കലും അനുകരിക്കാൻ പാടില്ലാത്ത ഉദാഹരണമായി കെ.എം. ഷാജി മാറിയിരിക്കുകയാണെന്ന് റഹീം ആരോപിച്ചു. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലായി അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽനിന്ന് ആസ്തിയുടെ അസാധാരണ വളർച്ച വ്യക്തമാണെന്ന് റഹീം പറഞ്ഞു.

ഈ സമ്പത്തിന്റെ സ്രോതസ് ഏതാണെന്ന് ഷാജി വെളിപ്പെടുത്തണമെന്നും റഹീം ആവശ്യപ്പെട്ടു. 2016ലെ സത്യവാങ്മൂലത്തിൽ 47.80 ലക്ഷം രൂപയാണ് ആസ്തിയായി കാണിച്ചിരിക്കുന്നത്. ഇതിൽ 10 ലക്ഷം രൂപ വായ്പയെടുത്തിട്ടുള്ള നിർമ്മാണത്തിലിരിക്കുന്ന വീടിനെപ്പറ്റിയും പറയുന്നുണ്ട്. തൊട്ടടുത്ത മാസങ്ങളിൽ പണി പൂർത്തിയായ വീട് വേങ്ങേരി വില്ലേജ് ഓഫീസർ അളക്കുന്നു. ഇതിൽ മൂന്ന് നിലകളെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5660 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ഇത്. രണ്ട് നില വീടിനുള്ള പെർമിറ്റ് മാത്രമുള്ളപ്പോളാണ് ഇതെന്നും റഹീം പറഞ്ഞു.

അന്നത്തെ കണക്കു പ്രകാരം ഈ വീടിന് നാലുകോടിയിലധികം തുക ചെലവായിട്ടുണ്ടാകാമെന്നും റഹീം ആരോപിച്ചു. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 47.80 ലക്ഷം രൂപ വരുമാനം ഉണ്ടെന്ന് പറഞ്ഞ ഷാജിക്ക് എവിടുന്നാണ് ഇത്രയും തുക മാസങ്ങൾക്കകം ലഭിച്ചതെന്ന് വ്യക്തമാക്കണം. ഇക്കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇഞ്ചിക്കൃഷിയുടെ കാര്യമാണ് അദ്ദഹം പറഞ്ഞത്. അങ്ങനെയെങ്കിൽ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇഞ്ചിക്കർഷകർക്ക് ഷാജി ഒരു വിദഗ്ധ ക്ലാസെടുത്തുകൊടുക്കണമെന്നും റഹീം പറഞ്ഞു. അതിന് ഡിവൈഎഫ്ഐ. സൗകര്യമൊരുക്കി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഞ്ചിക്കൃഷി കർണാടകയിൽ നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കിൽ 2016 ൽ അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതേപ്പറ്റി വ്യക്തമാക്കേണ്ടതുണ്ട്. അക്കാര്യം സത്യവാങ്മൂലത്തിലില്ല. ഇനി പാട്ടത്തിന് കൃഷി ചെയ്ത് പണം സമ്പാദിച്ചതാണെങ്കിൽ അങ്ങനെ ലഭിച്ച പണം കൈമാറ്റം നടത്തിയതിന്റെ ബാങ്ക് രേഖകൾ എവിടെയന്ന് വ്യക്തമാക്കണം. രണ്ടുലക്ഷം രൂപയോളം ആദായനികുതി അടച്ചതായി അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. അന്ന് ആദായനികുതി അടച്ചപ്പോൾ ഇഞ്ചിക്കൃഷിയിലൂടെ ലഭിച്ച ആദായം വ്യക്തമാക്കിയിട്ടുണ്ടോ.

ഷാജി തുടർച്ചയായി കള്ളം പറയുന്നു. പൊതുപ്രവർത്തനം സ്വത്ത് സമ്പാദിക്കാനുള്ള മാർഗമാണെന്ന് കരുതുന്ന ആളാണ് എന്നും റഹീം ആരോപിച്ചു. പാണക്കാട് തങ്ങൾ ഇക്കാര്യത്തിൽ പ്രതികരിക്കണം. ഇഞ്ചിക്കർഷകനല്ല, അധോലോക കർഷകനാണ് ഷാജിയെന്നും റഹീം ആരോപിച്ചു. അതിനാൽ തന്റെ അര എംഎ‍ൽഎ. സ്ഥാനം ഒഴിയണമെന്നും റഹീം ആവശ്യപ്പെട്ടു.

അസേമയം റഹീമിന് മറുപടിയും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് രംഗത്തെത്തിയത്. ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോൺ കാടുകളിൽ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന ഡിവൈഎഫ്ഐ. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷമെന്ന് പരിഹസിച്ചു കൊണ്ട് ഫിറോസ് പറഞ്ഞു.

ഫിറോസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനം ഒരു വലിയ തമാശയായിട്ടാണ് തോന്നിയത്. ഇക്കഴിഞ്ഞ നാലര വർഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോൺ കാടുകളിൽ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന DYFI ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം.

കെ.എം ഷാജി ഒരു വീടുണ്ടാക്കി എന്നതാണ് ഡി.വൈ.എഫ്. ഐ കണ്ടു പിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ അനോമലി ഉണ്ട് എന്നതാണ് മറ്റൊരു കണ്ടെത്തൽ. കേരളം ഭരിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും അത് പരിശോധിക്കട്ടെ. ഒരന്വേഷണ ഏജൻസിയുടെ മുമ്പിലും തലയിൽ മുണ്ടിട്ട് കെ.എം ഷാജിക്ക് പോവേണ്ടി വരില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. മാത്രവുമല്ല മയക്കുമരുന്ന് ഇടപാടുകാരുമായി ബിസിനസ് പങ്കാളിത്തമുള്ളതും കെ.എം ഷാജിക്കല്ല.

ഡിവൈഎഫ്ഐ നേതാവ് സ്വന്തം പാർട്ടി സെക്രട്ടറിയുടെയും അവരുടെ മക്കളുടെയും സ്വത്തു വിവരങ്ങളും ബെനാമി എടപാടും പുറത്ത് വിടാൻ ഒരുക്കമാണോ? അവരുടെ സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന് വ്യക്തമാക്കാൻ ഡിവൈഎഫ്ഐ തയ്യാറുണ്ടോ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP