Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിക്കാൻ വൻലോബി; വെടിവെപ്പും മരണവും ഹാപ്പിയാക്കിയത് അന്യസംസ്ഥാന ലോബികളെ; സ്വർണ്ണക്കടത്തും മോഷണവും സൽപ്പേര് കെടുത്തുമ്പോൾ ആശങ്കയിൽ ആകുന്നത് മലബാറിലെ പ്രവാസികൾ

കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിക്കാൻ വൻലോബി; വെടിവെപ്പും മരണവും ഹാപ്പിയാക്കിയത് അന്യസംസ്ഥാന ലോബികളെ; സ്വർണ്ണക്കടത്തും മോഷണവും സൽപ്പേര് കെടുത്തുമ്പോൾ ആശങ്കയിൽ ആകുന്നത് മലബാറിലെ പ്രവാസികൾ

എം പി റാഫി

കോഴിക്കോട്: റൺവേ വിപുലീകരണത്തിന് സ്ഥലപരിമിതിയും മറ്റും അനിശ്ചിതത്വത്തിലാക്കിയ സാഹചര്യം നിലനിൽക്കുമ്പോഴാണ് കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ ഇരുസേനകൾ തമ്മിലുണ്ടായ അപ്രതീക്ഷിതസംഘട്ടനങ്ങളും അക്രമസംഭവങ്ങളും ഉണ്ടായതും ഒടുവിലതു സിഐഎസ്.എഫ് ജവാന്റെ മരണത്തിൽ കലാശിച്ചതും. വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയും റൺവേ നവീകരണവും കാരണം അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടാനിരുന്ന കരിപ്പൂർ വിമാനത്താവളമാണ് ജീവനക്കാരുടെയും സിഐഎസ്.എഫ് ഉദ്യോഗസ്ഥരുടെയും തമ്മിലുള്ള സംഘട്ടനത്തെ തുടർന്ന് രാജ്യത്തിന് നാണക്കേട് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സംഘർഷം മുതലെടുത്ത് വിമാനത്താവളത്തിന്റെ ഭാവി അവതാളത്തിലാക്കാനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. കരിപ്പൂർ സംഭവം മുൻ നിർത്തിയാണ് വിമാനത്താവളം പൂട്ടിക്കാനുള്ള അന്യസംസ്ഥാന ലോബിയുടെ ശ്രമം ശക്തമാക്കിയിരിക്കുന്നത്. കേരളത്തിൽനിന്നുള്ളവരുടെ ഒത്താശയോടെയാണ് ഇവരുടെ നീക്കങ്ങൾ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളം കുത്തുപാളയെടുക്കാൻ തുടങ്ങിയതിനു പിന്നിലും വൻ ലോബികളുടെ ഇടപെടൽ ഉള്ളതായി പറയപ്പെടുന്നു.

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അന്തർദേശീയ യാത്രക്കാരുടെ കണക്കിൽ ഏഴാം സ്ഥാനവും യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തിൽ ഒമ്പതാമത്തേതുമായിരുന്നു കരിപ്പൂർ വിമാനത്താവളം. 28 വർഷം മുമ്പ് സ്ഥാപിതമായ കരിപ്പൂർ വിമാനത്താവളത്തിന് 2006 ലാണ് അന്താരാഷ്ട്രപദവി ലഭിച്ചത്. ഇതോടെ മലബാറുകാരുടെ ഏറെ നാളത്തെ ആവശ്യങ്ങൾക്ക് അറുതിയായി. കോഴിക്കോടിന്റെ പേരും മലബാറിന്റെ പെരുമയുമായി കരിപ്പൂർ വിമാനത്താവളം തഴച്ചു വളരുമ്പോൾ അതിനെ തകർക്കാനുള്ള ശ്രമങ്ങളും പല കോണുകളിൽ നിന്നും നടന്നുകൊണ്ടേയിരുന്നു. അന്യ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെ പുഷ്ടിപ്പെടുത്തുകയും വിദേശ വിമാനകമ്പനികളെ അവിടേക്ക് ആകർഷിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. പിന്നീട്, ഏറ്റവും കൂടുതൽ സ്വർണം പിടികൂടുന്ന വിമാനത്താവളമെന്ന ഖ്യാതിയും കരിപ്പൂർ നേടി. 2008ന് ശേഷമായിരുന്നു കരിപ്പൂരിലെ കസ്റ്റംസ് വിഭാഗം സ്വർണവേട്ടയിൽ പേരെടുക്കാൻ തുടങ്ങിയത്. അടിക്കടിയുള്ള സ്വർണവേട്ട വിമാനത്താവളത്തിന്റെ കുതിപ്പിനു കോട്ടമുണ്ടാക്കി.

ഇപ്പോൾ റൺവേ നിർമ്മാണമെന്ന പേരിലാണ്, വളരെ ലാഭകരമായി വിദേശത്തുനിന്നും കരിപ്പൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന വിമാനക്കമ്പനികൾ കൂട്ടത്തോടെ സർവ്വീസ് നിറുത്തിയിരിക്കുന്നത്. റൺവേ നിർമ്മാണം എപ്പോൾ തുടങ്ങുമെന്ന് അധികൃതർക്ക് പോലും നിശ്ചയമില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി. കാലവർഷം അവസാനിക്കാതെ പ്രവൃത്തി നടത്തുക ബുദ്ധിമുട്ടാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി വൻലോബിതന്നെ കരിപ്പൂർ വിമാനത്താവളത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതായാണ് സൂചന. റൺവേ പ്രവൃത്തിയുടെ പേരിൽ വലിയ വിമാനസർവ്വീസുകൾ കരിപ്പൂരിൽ നിന്നും നിർത്തലാക്കിയതോടെ ദിനം പ്രതി യാത്രക്കാരുടെ വൻകുറവ് അനുഭവപ്പെടുന്നുണ്ട്. ഒരു മാസത്തിനിടെ ഉണ്ടായിരിക്കുന്നത് ഒരു ലക്ഷം യാത്രക്കാരുടെ കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൗദി അറേബ്യയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ ഇവിടെ ആശ്രയിച്ചിരുന്നത്. കരിപ്പൂർ-സൗദി സെക്ടറിൽ എല്ലാ വിമാനങ്ങളും സർവ്വീസ് നിർത്തലാക്കിയതോടെ മലബാറിലുള്ള പ്രവാസികൾക്ക് മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.

വലിയ വിമാനങ്ങൾ പൂർണമായും പിൻവലിച്ചതോടെ വിമാനത്താവളവും നിർജീവമായിരിക്കുകയാണ്. വിമാനത്താവളത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ അന്നവും ഇതോടെ വഴിമുട്ടിയിരിക്കുകയാണ്. നൂറുകണക്കിന് ടാക്‌സി ജീവനക്കാരും ഓട്ടോ തൊഴിലാളികളും വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. ഇന്ന് ഒഴിഞ്ഞ ടെർമിനലുകൾ മാത്രമാണ് ഇവിടെനിന്നുള്ള കാഴ്ച. സർവ്വീസുകൾ നിറുത്തിയത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന വകുപ്പോ കേന്ദ്ര സർക്കാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാറും ഈ വിഷയത്തിൽ മൗനത്തിലാണ്. അധികൃതരുടെ മൗനം യാത്രക്കാരുടെ ആശങ്ക ഇരട്ടിയാക്കുന്നു. വിമാനങ്ങൾ നിർത്തലാക്കുന്നതിനു പിന്നിൽ കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢനീക്കങ്ങളും നടക്കുന്നുണ്ട്. കോഴിക്കോട്ട് നിന്നും നിർത്തലാക്കുന്ന വലിയ വിമാനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ പുതിയ സ്ലോട്ടുകൾ നൽകാനുള്ള നീക്കവും ശക്തമായിട്ടുണ്ട്. കോയമ്പത്തൂർ ഉൾപ്പടെയുള്ള വിമാനത്താവളങ്ങളിലേക്ക് വിദേശ വിമാനങ്ങളെ അടുപ്പിക്കുകയും മലബാറുകാരെ ഇവിടേക്ക് അടുപ്പിക്കുന്നതിന്റെയും ഭാഗമായാണിത്.

കരിപ്പൂരിനെ തകർക്കാനുള്ള നീക്കത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് ഉൾപ്പടെയുള്ള കമ്പനികളുടെ പങ്ക് ചെറുതൊന്നുമല്ല. രണ്ടു വർഷം മുമ്പ് കരിപ്പൂർ വഴി ഗൾഫിലേക്കും തിരിച്ചുമുള്ള 113 സർവ്വീസുകൾ റദ്ദാക്കിയാണ് എയർ ഇന്ത്യ എക്സ്‌പ്രസ്സ് ഇതിന് തുടക്കമിട്ടത്. അന്ന് ഇരുപതിനായിരം യാത്രക്കാരുടെ കുറവുണ്ടായിട്ടും പിന്നീടത് പുനരാരംഭിച്ചില്ല. എയർപോർട്ട് അഥോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ. എന്നാൽ കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ. വിമാനക്കമ്പനികളുടെ അടിക്കടിയുള്ള യാത്രാ നിരക്ക് വർദ്ധനയും യാത്രക്കാർക്ക് ഇരുട്ടടിയാകുന്നുണ്ട്. അടുത്ത വർഷം ആരംഭത്തിൽ കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും സാധാരണക്കാരായ പ്രവാസികളുടെ ത്യാഗ സമ്പൂർണ്ണമായ പ്രവർത്തനങ്ങളും ഒരു ജനതയുടെ സമരചരിത്രവും ഉറങ്ങുന്ന കരിപ്പൂർ വിമാനത്താവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ പറ്റുമോ എന്നതാണ് ഓരോരുത്തരുടെയും ആശങ്ക. കരിപ്പൂരിലുണ്ടായ പുതിയ സംഭവവികാസങ്ങളിൽ മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങൾ സജീവമാക്കി കരിപ്പൂർ വിമാനത്താവളത്തെ പൂർണമായും ഇല്ലാതാക്കാൻ വലിയ ശക്തികൾ കൈകോർത്തു പിടിക്കുന്നു എന്നത് വസ്തുതയാണ്. ഇന്ത്യയിൽനിന്നുള്ള വലിയൊരു ശതമാനം പ്രവാസികളും മലബാറുകാരാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഇടക്കിടെയുണ്ടാകുന്ന അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും പ്രവാസലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP