Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുന്നോക്ക സംവരണത്തിൽ മുസ്ലിംലീഗ് സർക്കാറിനെതിരെ; പിന്നാക്ക സംവരണത്തിന്റെ കടക്കൽ കത്തിവെച്ചെന്ന് ആരോപണം; എസ്എൻഡിപി അടക്കമുള്ള സംഘടനകളുമായി ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; മുസ്ലിം വോട്ടു ബാങ്ക് ഉറപ്പിക്കാൻ മുന്നോക്ക സംവരണം ആയുധമാക്കാൻ ലീഗ്

മുന്നോക്ക സംവരണത്തിൽ മുസ്ലിംലീഗ് സർക്കാറിനെതിരെ; പിന്നാക്ക സംവരണത്തിന്റെ കടക്കൽ കത്തിവെച്ചെന്ന് ആരോപണം; എസ്എൻഡിപി അടക്കമുള്ള സംഘടനകളുമായി ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; മുസ്ലിം വോട്ടു ബാങ്ക് ഉറപ്പിക്കാൻ മുന്നോക്ക സംവരണം ആയുധമാക്കാൻ ലീഗ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പിണറായി വിജയൻ സർക്കാറിനെതിരെ മുന്നോക്ക സംവരണ വിഷയം ആയുധമാക്കാൻ ഒരുങ്ങി മുസ്ലിംലീഗ്. മുന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം കൊണ്ടുവന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മലബാറിൽ അടക്കം വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ലീഗ് നീക്കം. ഇതിലൂടെ ലീഗ് ലക്ഷ്യമിടുന്നത് മുസ്ലിം വോട്ടുബാങ്കുകൾ തങ്ങളിലേക്ക് അടുപ്പിക്കുക എന്നതു തന്നെയാണ്. ഈ വിഷയത്തിൽ ഈഴവ, തിയ്യ സമുദായങ്ങളെയും ഒപ്പം നിർത്താനാണ് ലീഗു തീരുമാനം. അതേസമയം വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ മൗനത്തിലാണ്. എൻഎസ്എസിനെയും ക്രൈസ്തവ സമൂഹത്തെയും പിണക്കാതിരിക്കാൻ ഈ വിഷയത്തിൽ കാര്യമായ അഭിപ്രായം പറയേണ്ടെന്നാണ് കോൺഗ്രസിലെ താൽക്കാലിക തീരുമാനം.

മുന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം കൊണ്ടുവന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ എസ്.എൻ.ഡി.പിയടക്കമുള്ള സംഘടനകളുമായി ചേർന്നുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ലീഗ് വ്യക്തമാക്കി. ലീഗിന്റെ തീരുമാനത്തെ മറ്റ് മുസ്ലിം സംഘടനകളും പിന്തുണച്ചും. മുന്നാക്ക സംവരണം പിന്നാക്ക സംവരണത്തിന്റെ കടക്കൽ കത്തിവെച്ചുവെന്ന് മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം മുസ്ലിം ലീഗ് പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളെ കൂടുതൽ പിന്നാക്കമാക്കുകയാണ് മുന്നാക്ക സംവരണമെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. മുന്നാക്ക വിഭാഗകാർക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നിലവിലെ എല്ലാ സംവരണ സമുദായങ്ങൾക്കും ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്ന രീതിയിലാണ് മുന്നാക്ക സംവരണം നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് പ്രധാനമായും ലീഗു ചൂണ്ടിക്കാട്ടുന്ന കാര്യം.

ജോലിയിലും പഠനത്തെയുമെല്ലാം ഗൗരവതരമായി ബാധിക്കുന്ന വിഷയമാണിത്. ആ തീരുമാനം പുനപരിശോധിക്കണമെന്നും പി കെ കുഞ്ഞാലിക്കു്ട്ടി ആവശ്യപ്പെട്ടു. മറ്റു പിന്നാക്ക സമുദായങ്ങളോടും സംഘടനകളോടും ചർച്ച ചെയ്ത ശേഷമേ ഈ വിഷയത്തിൽ നടപടികൾ പ്രഖ്യാപിക്കാവൂവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലിം സംഘടനകൾ ചേർന്ന സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കൾ.

എൽ.ഡി.എഫിനോട് ചേർന്നുനിൽക്കുന്ന എ.പി സുന്നി വിഭാഗങ്ങൾ കൂടി ഈ സംയുക്ത യോഗത്തിൽ പങ്കെടുത്തിരുന്നു. സുന്നി, മുജാഹിദ്ദീൻ, ജമാഅത്തെ ഇസ്ലാമി തുടങ്ങി നിരവധി സംഘടനകൾ യോഗത്തിൽ പങ്കെടുത്തു. നിവേദനം നൽകുക, നിയമനടപടികൾ സ്വീകരിക്കുക തുടങ്ങിയ വിവിധ നിർദ്ദേശങ്ങൾ ചർച്ച ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. എസ്.എൻ.ഡി.പിയെ കൂടി ചേർത്തുകൊണ്ട് ഒക്ടോബർ 28ന് യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സംയുക്ത യോഗം അറിയിച്ചു.

തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കത്തിന് കുഞ്ഞാലിക്കുട്ടി തന്നെ മുൻകൈയെടുത്തത്. മലബാറിലെ മുസ്ലിംവോട്ടുകൾ ഏകീകരിച്ചു നിർത്തുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം. പുതിയ സംവരണനയത്തിനെതിരെ മുൻ സംവരണ വിഭാഗങ്ങളെ ഉൾപ്പെടുത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യോഗത്തിന്റെ തീരുമാനം. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനും ഇവർ ആലോചിക്കുന്നുണ്ട്. സംവരണത്തിൽ ആശങ്കയുള്ളത് മുസ്ലിം സംഘടനകൾക്ക് മാത്രമല്ലെന്നും അതുകൊണ്ടാണ് എല്ലാ പിന്നാക്ക സംഘടനകളുമായി ആലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കകാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണമേർപ്പെടുത്തിയാണ് വിജ്ഞാപനം.

ഇതോടെ ഇനിമുതലുള്ള എല്ലാ പി.എസ്.സി നിയമനങ്ങൾക്കും സംവരണം ബാധകമായി. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പി.എസ്.സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

നിലവിൽ പട്ടികജാതി-പട്ടികവർഗക്കാർക്കും പിന്നാക്ക സമുദായങ്ങൾക്കുമായി 50 ശതമാനം സംവരണമാണ് നൽകുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തിൽ നിന്നാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത്. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആനുകൂല്യം ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP