Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്ഷ നേടാൻ കേരളം വിട്ടു പോകൂ; സന്ദേശങ്ങളിൽ ലോക്കറിലെ ആശങ്കകൾ മാത്രം; ചോദിച്ചത് ലോക്കറിനെ കുറിച്ചെന്ന് ചോദ്യം ചെയ്യലിന് ശേഷം ചാർട്ടേഡ് അക്കൗണ്ടന്റും മെസേജ് ചെയ്തു; കസ്റ്റംസിനെ തെറ്റിധരിപ്പിക്കാൻ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ഇടപെട്ടതിന് തെളിവ്; സ്വപ്ന അറസ്റ്റിലായപ്പോൾ ഭയന്നത് ശിവശങ്കർ തന്നെ

രക്ഷ നേടാൻ കേരളം വിട്ടു പോകൂ; സന്ദേശങ്ങളിൽ ലോക്കറിലെ ആശങ്കകൾ മാത്രം; ചോദിച്ചത് ലോക്കറിനെ കുറിച്ചെന്ന് ചോദ്യം ചെയ്യലിന് ശേഷം ചാർട്ടേഡ് അക്കൗണ്ടന്റും മെസേജ് ചെയ്തു; കസ്റ്റംസിനെ തെറ്റിധരിപ്പിക്കാൻ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ഇടപെട്ടതിന് തെളിവ്; സ്വപ്ന അറസ്റ്റിലായപ്പോൾ ഭയന്നത് ശിവശങ്കർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എം ശിവശങ്കറിനെതിരായ കുരുക്ക് മുറുക്കി വാട്‌സാപ്പ് സന്ദേശങ്ങൾ. ചാർട്ടേഡ് അക്കൗണ്ടന്റെ വേണുഗോപാലുമായുള്ള ചാറ്റുകളാണ് പുറത്തു വന്നത്. ഇതോടെ ശിവശങ്കറിന് കേസുമായി ആശങ്കയുണ്ടെന്ന് വ്യക്തമാകുകയാണ്. സ്വർണ്ണ കടത്ത് കേസ് പുറത്തു വന്നതിന് ശേഷമുള്ള വാട്‌സാപ്പ് ചാറ്റുകളാണ് ചർച്ചാകുന്നത്. ജൂലൈ 21 മുതലുള്ള സന്ദേശങ്ങളാണ് ശിവശങ്കറിന് കുരുക്കാകുന്നത്. മാധ്യമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേരളം വിടാനും ചാർട്ടേഡ് അക്കൗണ്ടന്റിനെ ശിവശങ്കർ ഉപദേശിക്കുന്നു. ലോക്കറിലെ ആശങ്കയും ശിവശങ്കറിന്റെ സന്ദേശങ്ങളിൽ വ്യക്തമാണ്. ഈ വാട്‌സാപ്പ് ചാറ്റുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യ ഹർജിയിൽ തീരുമാനമെടുക്കാൻ ഇതും നിർണ്ണായക തെളിവാകും.

ജൂലൈ 21 മുതൽ ഓഗസ്റ്റ് 10 വരെയുള്ള ചാറ്റുകളാണ് കേന്ദ്ര ഏജൻസികൾ പിടിച്ചെടുത്തത്. ഇതാണ് ശിവശങ്കറിന് കുരുക്കായി മാറിയതും. ലോക്കറിനെ കുറിച്ചുള്ള ആശങ്കയാണ് ചാറ്റുകളിൽ നിറയുന്നത്. സ്വപ്‌ന അറസ്റ്റിലായ പത്ത് ദിവസത്തിന് ശേഷമുള്ള ചാറ്റുകളാണ് പുറത്തു വരുന്നത്. ഈ സമയത്ത് വേണുഗോപാലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. വളരെ വിശദമായ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടന്നു. കസ്റ്റംസിൽ നിന്ന് വിളി വന്നതിന് ശേഷവും ചർച്ച വാട്‌സാപ്പിൽ നടന്നു. ലോക്കറിനെ കുറിച്ചാണ് ചോദിച്ചതെന്നും ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് ശേഷം ചാർട്ടേഡ് അക്കൗണ്ടന്റെ വെളിപ്പെടുത്തുന്നുണ്ട്. സാമ്പത്തികത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന ഭയവും വാട്‌സാപ്പ് സന്ദേശങ്ങളിലൂണ്ട്.

സ്വർണക്കടത്തിലെ ഗൂഢാലോചനയിൽ ശിവശങ്കറിന് നേരിട്ട് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കള്ളക്കടത്തിന് ഉപയോഗിച്ചെന്നും ഇഡി. ഹൈക്കോടതിയിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള തെളിവുകൾ ഇഡി ഹൈക്കോടതിയിൽ മുദ്രവച്ച കവറിൽ കൊടുത്തു. സ്വർണം അടങ്ങിയ ബാഗ് വിട്ടു നൽകാൻ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും ഇഡി വാദിച്ചു. അതേസമയം, ഇത്തരം വാദങ്ങൾ തന്നെ സമൂഹത്തിൽ വെറുക്കപ്പെട്ടവനാക്കി മാറ്റിയെന്നും കള്ളക്കടത്തിൽ ഒരു പങ്കുമില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് നിർണ്ണായക വിവരങ്ങൾ പുറത്തു വരുന്നത്.

ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ നടന്നത് ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു. സ്വർണക്കടത്തിനുപിന്നിലും ശിവശങ്കറിന്റെ കരങ്ങളുണ്ടെന്ന ഗുരുതരമായ ആരോപണങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനായി ഡയൽഹിയിൽനിന്ന് ഹാജരായ അഡീഷണൽ സോളിസിറ്റർ ഉന്നയിച്ചത്. എന്നാൽ, അന്വേഷണ ഏജൻസികൾ പടച്ചുവിടുന്നത് കാല്പനിക കഥകളാണെന്നായിരുന്നു ശിവശങ്കറിനായി ഹാജരായ മുതിർന്ന അഭിഭാഷകന്റെ മറുപടി.

വാട്സാപ്പ് മെസേജുകളെക്കുറിച്ച് പറയുമ്പോൾ ഓർക്കുന്നില്ല, അറിയില്ല എന്നാണ് ശിവശങ്കർ പറയുന്നതെന്നാണ് ഇ.ഡി.യുടെ വാദം. സ്വപ്നയ്ക്ക് ജോലിനേടാനും ഫ്‌ളാറ്റ് നേടാനും സഹായിച്ചു. ചോദ്യം ചെയ്യാൻ ഹാജരായി എന്നുപറഞ്ഞിട്ട് കാര്യമില്ല, സത്യം പറയണം. ശിവശങ്കർ പറയുന്നത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വാട്സാപ്പ് സന്ദേശങ്ങൾ. അന്വേഷണത്തിൽ കണ്ടെത്തിയ എല്ലാ കാര്യങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാകില്ല. ചോദ്യംചെയ്യാൻ ആദ്യം ഹാജരായപ്പോഴില്ലാത്ത അറസ്റ്റ് ഭയം എന്തുകൊണ്ടാണിപ്പോൾ. മികച്ച നിലയിൽ ആസൂത്രണംചെയ്താണ് സ്വർണം കടത്തിയത്. ഗൂഢാലോചനയിൽ വളരെ സ്വാധീനമുള്ളവർ പങ്കാളിയായിട്ടുണ്ടെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു.

ഏതുകേസിന്റെ പേരിലാണ് അറസ്റ്റ് ഭയക്കുന്നതെന്നുപോലും ഹർജിയിൽ ഇല്ല. സാമ്പത്തികകുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവുനശിപ്പിക്കുന്നതിന് സഹായകമാകും . ശിവശങ്കർ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. ജാമ്യഹർജി തള്ളുകയോ തീർപ്പാക്കുകയോ വേണമെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സ്വർണക്കടത്തിൽ സ്വപ്നാ സുരേഷ് മുഖംമാത്രമായിരുന്നുവെന്നും പിന്നിൽ ശിവശങ്കറാകാമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു.

സ്വപ്ന പൂർണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടപാടുകളുടെയെല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിയത്. സ്വർണം കടത്തിയപ്പോൾ ശിവശങ്കർ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്തുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ പറഞ്ഞു. രണ്ടുമണിക്കൂറോളം വാദംകേട്ടശേഷം ജസ്റ്റിസ് അശോക് മേനോൻ ഹർജി ഒക്ടോബർ 28 -ന് വിധിപറയാനായി മാറ്റി. അതുവരെ അറസ്റ്റുപാടില്ലെന്നും കോടതി വ്യക്തമാക്കി.

സാമ്പത്തിക കുറ്റകൃത്യം സമൂഹത്തിനെതിരായ പ്രവൃത്തിയാണെന്ന് കസ്റ്റംസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. രാംകുമാർ പറഞ്ഞു. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കുറ്റപ്പെടുത്തി. എന്നാൽ എൻഫോഴ്സുമെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽപോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ ആരോപിക്കുന്നതെന്ന് ശിവശങ്കറിനായി ഹാജരായ സീനിയർ അഭിഭാഷകൻ പി. വിജയഭാനു വാദിച്ചു.

ഹോട്ടലിൽ മുറിയോ ആശുപത്രിയിൽ ചികിത്സയോ കിട്ടാത്ത തൊട്ടുകൂടാത്തവനായി ശിവശങ്കർ മാറിയിരിക്കുകയാണ്. 2018-ൽ നടന്നതൊക്കെ ഓർമിക്കാൻ കംപ്യൂട്ടറല്ല. അന്വേഷണവുമായി സഹകരിക്കാൻ എപ്പോഴും തയ്യാറാണെന്നും സീനിയർ അഭിഭാഷകൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP