Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഹമ്മദ് യാസിൻ കണ്ടെത്തിയത് ബേബി മെമോറിയലിനേയും മാണിയുടെ മരുമകനേയും വെട്ടിലാക്കുന്ന നിഗൂഡതകൾ എന്ന് ക്രൈം പത്രാധിപർ; ഐജി ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത് 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമെന്ന വസ്തുത; നേട്ടമുണ്ടാക്കുന്നത് ഇടനിലക്കാരും ആശുപത്രികളും; വൃക്ക തട്ടിപ്പിൽ വീണ്ടും അന്വേഷണം എത്തുമ്പോൾ

മുഹമ്മദ് യാസിൻ കണ്ടെത്തിയത് ബേബി മെമോറിയലിനേയും മാണിയുടെ മരുമകനേയും വെട്ടിലാക്കുന്ന നിഗൂഡതകൾ എന്ന് ക്രൈം പത്രാധിപർ; ഐജി ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത് 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമെന്ന വസ്തുത; നേട്ടമുണ്ടാക്കുന്നത് ഇടനിലക്കാരും ആശുപത്രികളും; വൃക്ക തട്ടിപ്പിൽ വീണ്ടും അന്വേഷണം എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവ മാഫിയ 35 അവയവ കൈമാറ്റങ്ങളെങ്കിലും അനധികൃതമായി നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിലേക്ക് വരെ അവയവം കൈമാറി. വൃക്കയ്ക്ക് വിലയായി നൽകിയിരുന്നത് 6 മുതൽ 12 ലക്ഷം രൂപ വരെ. പണമൊന്നും നൽകാതെ ദാതാക്കളെ കബളിപ്പിച്ചിട്ടുണ്ടന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ അവയവ കച്ചവടത്തേപ്പറ്റിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു. വിഷയത്തിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ക്രൈംബ്രാഞ്ച് തൃശ്ശൂർ എസ്‌പിയുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇടനിലക്കാർ, ആശുപത്രികൾ, സർക്കാർ ജീവനക്കാർ എന്നിവർക്ക് അവയവ മാഫിയയുമായുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് വിവരം.

കേരളത്തിൽ വൻതോതിൽ നിയമവിരുദ്ധമായി വൃക്കവാണിഭ റാക്കറ്റ് പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് സർക്കാറിന് അന്വേഷണ റിപ്പോർട്ട് നൽകിയെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടനിലക്കാരും പബ്ലിക് സേവകരും ഉൾപ്പെട്ട വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. 1994ലെ അവയവ കൈമാറ്റ നിയമമനുസരിച്ച് അന്വേഷണം നടത്തി ഇത്തരം മാഫിയകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് അദ്ദേഹം ശുപാർശ ചെയ്തിരിക്കുന്നത്. ഈ മാഫിയാ സംഘം നിയമങ്ങൾ ലംഘിച്ച് ധാരാളം ആളുകളെ വഞ്ചിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

സർക്കാർ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിനൊപ്പം നിരക്ഷരരും നിർധനരുമായ ദാതാക്കളെ ക്രൂര ചൂഷണത്തിന് വിധേയമാക്കിയുമാണ് അവയവ മാഫിയയുടെ പ്രവർത്തനം. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലെ അന്വേഷണത്തിൽ ഇതിന് തെളിവുകൾ ലഭിച്ചു എന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി നടന്ന 35 അവയവ കൈമാറ്റങ്ങളെങ്കിലും നിയമവിരുദ്ധമായിട്ടാണെന്നാണ് കണ്ടെത്തൽ. ഇങ്ങനെ അവയവങ്ങൾ സ്വീകരിച്ചവരിൽ മലയാളികൾ മാത്രമല്ല തമിഴ്‌നാട്ടുകാരുമുണ്ട്. സ്വീകരിക്കുന്നവരോടും ദാതാക്കളോടും വിലപറഞ്ഞ് ഉറപ്പിക്കുന്നത് ഏജന്റുമാരാണ്.

6 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് വൃക്ക ദാതാക്കൾക്ക് ലഭിച്ചിരുന്നത്. അവയവ കൈമാറ്റത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരും നിർധനരുമായവരെയാണ് ഏജന്റുമാർ സമീപിക്കുന്നത്. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള ദാതാക്കൾക്കാണു ഡിമാന്റ്. അവർക്കാണു പണം കൂടുതൽ ലഭിക്കുന്നത്. തുശൂർ കൊടുങ്ങല്ലൂരിലെ ഒരു കോളനിയിൽനിന്നു മാത്രം അഞ്ചിലേറെ വൃക്കദാതാക്കളെ കണ്ടെത്തി. തൃശൂരും എറണാകുളവും ഉൾപ്പെടെ മധ്യകേരളത്തിലെ ജില്ലകളിൽമാത്രം ദാതാക്കളെ കണ്ടെത്താനും ഇടപാട് ഉറപ്പിക്കാനുമായി പത്തിലേറെ ഏജന്റുമാരുണ്ട്. പരസ്പര ബന്ധമില്ലാത്ത ഒന്നിലേറെ സംഘങ്ങളുടെ ഭാഗമാണിവരെന്നാണു നിഗമനം. സംശയ നിഴലിലുള്ള കൈമാറ്റങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച് അവയവ മാഫിയയുടെ കണ്ണികളിലെത്താനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം.

അതിനിടെ വൃക്കതട്ടിപ്പിൽ ചില വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപർ ടി പി നന്ദകുമാറും രംഗത്ത് എത്തി. ക്രൈം ദ്വൈവാരികയാണ് കേരളത്തിൽ നടക്കുന്ന വൃക്കവാണിഭത്തെക്കുറിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് ആദ്യമായി പുറത്തുവിടുന്നത്. 2001ലാണ് ക്രൈം ഗ്രൂപ്പിൽനിന്നും പ്രസിദ്ധീകരിക്കുന്ന ക്രൈം സ്റ്റോറി ദിനപത്രത്തിൽ ഒരു യുവതിയുടെ വൃക്ക നഷ്ടപ്പെട്ടതായി പരാതി എന്ന തലക്കെട്ടിൽ ആറ് ദിവസത്തെ പരമ്പര പ്രസിദ്ധീകരിച്ചത്. കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നടന്ന വൃക്ക റാക്കറ്റിൽ ഇടനിലക്കാരും ഡോക്ടർമാരും ഹോസ്പ്പിറ്റൽ അധികൃതരും ഓതറൈസേഷൻ കമ്മിറ്റിയും ഉൾപ്പെട്ട വൻ മാഫിയ പ്രവർത്തിച്ചിരുന്നു എന്ന് മാത്രമല്ല ഇടുക്കിയിലെ പാവപ്പെട്ട ആദിവാസികളുടെ വൃക്ക തട്ടിയെടുക്കുന്നു എന്ന വാർത്തകൂടി പുറത്തു കൊണ്ടുവന്നിരുന്നുവെന്ന് ക്രൈം അവകാശപ്പെടുന്നു.

ഈ അന്വേഷണ പരമ്പരയിൽ ഏറെ ഞെട്ടിച്ച സംഭവം ഈ കിഡ്നിറാക്കറ്റിന്റെ പ്രധാന സൂത്രധാരൻ മന്ത്രി കെഎം മാണിയുടെ മരുമകനും ബേബി മെമോറിൽ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റുമായ ഡോക്ടർ സുനിൽ ജോർജാണ് എന്നതായിരുന്നു. ക്രൈം വാർത്ത പുറത്തുകൊണ്ടുവന്ന ഉടനെ പലതരത്തിലുള്ള ഭീഷണികളും ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നും അല്ലാതെയും എനിക്കുണ്ടായി. ഈ വാർത്ത പ്രസിദ്ധീകരിച്ചത് അപകീർത്തികരമാണെന്ന് പറഞ്ഞ് ബേബി മെമോറിയൽ ഹോസ്പിറ്റൽ ഉടമ അലക്സാണ്ടർ ക്രൈമിനെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടായി. എന്നാൽ ഇതിനോടകം തന്നെ മറ്റ് പത്രങ്ങൾ ഈ വാർത്ത ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മാത്രമല്ല സർക്കാർ ഡിഐജി മുഹമ്മദ് യാസിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ക്രൈം പുറത്തുകൊണ്ടുവന്ന വാർത്തകളെല്ലാം ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു മുഹമ്മദ് യാസിൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.-എന്നും ക്രൈം പത്രാധിപർ ഫെയ്‌സ് ബുക്കിൽ അവകാശപ്പെട്ടു.

അന്നത്തെ നിയമ മന്ത്രിയായിരുന്ന കെഎം മാണി ഇടപെട്ട് ഈ റിപ്പോർട്ട് പൂഴ്‌ത്തി വെച്ചെങ്കിലും എന്റെ ഹർജിയെ തുടർന്ന് കോടതിയിൽ ഇത് ഹാജരാക്കേണ്ടി വന്നു. എന്നാൽ ഇത് അതീവ രഹസ്യ സ്വാഭാവമുള്ള റിപ്പോർട്ടാണെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ഇന്ത്യയിൽ കലാപമുണ്ടാവുമെന്നും കാണിച്ച് സീൽ ചെയ്ത കവറിലാണ് ഈ റിപ്പോർട്ട് സർക്കാർ കോടതിയിൽ ഹാജരാക്കിയത്.
എന്നാൽ അവസാനം എന്റെ ഹർജിയെത്തുടർന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ ഇത് പൊതുതാൽപര്യമുള്ള വിഷയമാണെന്നും രാജ്യങ്ങൾ തമ്മിലോ രാജ്യസുരക്ഷയേയോ ബധിക്കില്ലെന്നും വിധിച്ചുകൊണ്ട് ഇത് പരസ്യപ്പെടുത്താൻ ഉത്തരവു പുറപ്പെടുവിക്കുകയുണ്ടായി-ക്രൈം വിശദീകരിക്കുന്നു.

അങ്ങനെ നീണ്ട പോരാട്ടത്തിനു ശേഷം പൂഴ്‌ത്തിവച്ച ആ റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ ക്രൈമിന് കഴിഞ്ഞുവെങ്കിലും സർക്കാർ യാതൊരു നിയമ നടപടിയും ഹോസ്പിറ്റലിനെതിരെയോ ഈ മാഫിയക്കെതിരെയോ എടുക്കാൻ തയ്യാറായിരുന്നില്ല. കെഎം മാണിയെപ്പോലുള്ള അഴിമതി വീരന്മാരായ രാഷ്ട്രീയ നേതാക്കന്മാരും ഭരണകൂടവും സ്വന്തം മരുമകനായ ഡോക്ടർ സുനിൽ ജോർജിനേയും അധോലോക മാഫിയാ കേന്ദ്രമെന്ന് ഡിഐജി മുഹമ്മദ് യാസിൻ വിശേഷിപ്പിച്ച ബേബി മെമോറിയൽ ഹോസ്പിറ്റലിനേയും സംരക്ഷിക്കാൻ സാദാ സന്നദ്ധരായ് നിൽക്കുമ്പോൾ സർക്കാർ മൗനത്തിന്റെ പുകമറയിൽ ഒളിക്കുന്നത് സ്വാഭാവികം മാത്രം. വൃക്ക വാണിഭം നടത്തിയവരെ ശിക്ഷിക്കുന്നതിന് പകരം വാർത്ത പുറത്തുകൊണ്ടുവന്ന ക്രൈം ചീഫ് എഡിറ്ററായ എന്നെയടക്കം ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്....! എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് കണ്ട് ഹൈക്കോടതി ഈ വിധി സ്റ്റേ ചെയ്യുകയുകണ്ടായി-ക്രൈം നന്ദകുമാർ വിശദീകരിക്കുന്നു.

എനിക്കെതിരെ ബേബിമെമോറിയൽ ഹോസ്പിറ്റൽ കൊടുത്ത കേസിൽ ജഡ്ജിക്ക് ഒരുകോടി രൂപ കൈക്കൂലി കൊടുത്തതായി ബേബിമെമോറിയൽ ഹോസ്പ്പിറ്റലിലെ ജീവനക്കാരൻ തന്നെ കുറ്റബോധം കാരണം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മാഫിയാസംഘം പ്രവർത്തിക്കുന്നത് മെഡിക്കൽ മേഖലയിലാണെന്ന് ഈ സംഭവം തെളിയിച്ചു. ഇപ്പോൾ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് നൽകിയ റിപ്പോർട്ട് പ്രകാരം വിശദമായ അന്വേഷണം നടന്നാലും ഈ റാക്കറ്റിനെതിരെ വിരലനക്കാൻ ഒരു സർക്കാറും തയ്യാറാവില്ല എന്ന് എനിക്കെന്റെ നേരിട്ടുള്ള അനുഭവത്തിൽ നിന്നും പറയാൻ ഉറപ്പിച്ചു പറയാൻ കഴിയും. കാരണം മരുന്നു മാഫിയയുടേയും ഹോസ്പിറ്റൽ മാഫിയയുടെയും സംരക്ഷകരായി പ്രവർത്തിക്കുന്നത് മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരും പൊലീസ് മേധാവികളും ഭരണകൂടവുമാണ്...-ക്രൈം നന്ദകുമാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP