Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വടക്കൻ മലബാറിലെ സമര പോരാട്ടങ്ങളുടെ എല്ലാം മുന്നിൽ നിന്നും പ്രവർത്തിച്ച വ്യക്തി; സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ലാതെ ജനങ്ങൾക്കു വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തിയ മഹാൻ: ലോക് താന്ത്രിക് ജനതാദൾ കാസർകോട് ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന് ആദരാഞ്ജലികളുമായി ആയിരങ്ങൾ

വടക്കൻ മലബാറിലെ സമര പോരാട്ടങ്ങളുടെ എല്ലാം മുന്നിൽ നിന്നും പ്രവർത്തിച്ച വ്യക്തി; സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ലാതെ ജനങ്ങൾക്കു വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തിയ മഹാൻ: ലോക് താന്ത്രിക് ജനതാദൾ കാസർകോട് ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന് ആദരാഞ്ജലികളുമായി ആയിരങ്ങൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: വടക്കൻ മലബാറിലെ സമര പോരാട്ടങ്ങളുടെ എല്ലാം മുന്നിൽ നിന്നും പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അന്തരിച്ച ലോക് താന്ത്രിക് ജനതാദൾ കാസർകോട് ജില്ലാ പ്രസിഡന്റും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.വി.രാമകൃഷ്ണ(75)ന്റേത്. കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ രംഗത്തു സജീവമായ അദ്ദേഹം സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ലാതെ ജനങ്ങൾക്കു വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തിയ മഹാനായിരുന്നു.

ആദ്യം ജനസംഘത്തിലും പിന്നീട് ജനതാപാർട്ടിയിലും ജനതാദളിലും സോഷ്യലിസ്റ്റ് ജനതയിലും പ്രവർത്തിച്ചു.ഈ പാർട്ടികളിലെല്ലാം അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റിയിലും കാസർകോട് ജില്ല രൂപവത്കരിച്ചപ്പോൾ ഇവിടുത്തെ കമ്മിറ്റിയിലും ഭാരവാഹിയായിരുന്നു. കാസർകോട് ജില്ലയുടെ വികസനത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച അദ്ദേഹം 1969-ൽ മലപ്പുറം ജില്ലാ രൂപവത്കരണത്തിനെതിരെ നടത്തിയ സമരത്തിനിടെ പൊലീസിന്റെ കൊടിയമർദനമേറ്റു. അറസ്റ്റു ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. നിരവധി സമരങ്ങൾക്ക് നേതൃത്വം കൊടുത്തു. മികച്ച സഹകാരിയായിരുന്നു അദ്ദേഹം.

ജനസംഘത്തിന്റെ അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ, ബംഗ്ലാദേശിനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ സമരം നടത്തിയപ്പോൾ അറസ്റ്റു ചെയ്ത് തീഹാർ ജയിലിലടച്ചു. പി.പരമേശ്വരനുൾപ്പടെയുള്ള നേതാക്കൾക്കൊക്കൊപ്പമായിരുന്നു ജയിൽവാസം. 1977 ൽ ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ ഈ പാർട്ടിയുടെ ഹൊസ്ദുർഗ് മണ്ഡലം സെക്രട്ടറിയായി. ജനതാപാർട്ടിയിൽ നിന്നു പഴയ ജനസംഘക്കാർ ബി.ജി.പിയിലേക്കു മടങ്ങിയപ്പോൾ രാമകൃഷ്ണൻ ജനതാപാർട്ടിയിൽ ഉറച്ചു നിന്നു.

കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും കയർ ഫെഡ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.ചന്ദ്രശേഖരൻ സ്മാരക ട്രസ്റ്റ് ചെയർമാൻ,ടി.കെ.കെ.ഫൗണ്ടേഷൻ സ്ഥാപക നേതാവും ഖജാൻജയും കെ.മാധവൻ ഫൗണ്ടേഷൻ ഖജാൻജിയുമാണ്.

വീട്ടിലെ ദാരിദ്രം മൂലം ഏഴാം ക്ലാസിൽ പഠനം നിർത്തിയ അദ്ദേഹം ഹോട്ടലിൽ ഗ്ലാസും പാത്രങ്ങളും കഴുകുന്ന പണിയായിരുന്നു ആദ്യം. പിന്നീട് ഇലക്ട്രീഷ്യന്റെ ജോലി. അമ്മാവനൊപ്പം കാസർഗോഡ് തമസിച്ച അദ്ദേഹം സോഷ്യലിസ്റ്റു പ്രവർത്തകനായിരുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള ആകർഷണവും അമ്മാവനൊപ്പമുള്ള ജീവിതം തന്നെ. എന്നാൽ ജനസംഘം നേതാവ് ഉമാനാഥ് റാവു ഉൾപ്പടെയുള്ളവരുമായുള്ള അടുപ്പം രാമകൃഷ്ണനെ കൊണ്ടെത്തിച്ചത് ജനസംഘത്തിലേക്ക്. വർഷങ്ങളോളം ജനസംഘത്തിൽ പ്രവർത്തിക്കുകയും സംഘത്തിന്റെ അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്തെത്തുകയും ചെയ്തു.

നിലപാടുകളിൽ വെള്ളം ചേർക്കാനാകില്ലെന്ന് ആവർത്തിച്ച് ജനതാപാർട്ടിയിൽ നിന്നു ജനതാദളിലേക്കും പിന്നീട് സോഷ്യലിസ്റ്റ് ജനതയിലേക്കും ഒടുവിൽ ലോക് താന്ത്രിക് ജനതാദളിലേക്കുമുള്ള രാഷ്ട്രീയ പ്രയാണം. സോഷ്യലിസ്റ്റ് ജനതയുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച പി.കോരന്മാസ്റ്റർക്കൊപ്പം ദീർഘകാലം പ്രവർത്തിച്ചു. കാസർകോട് ജില്ലയിലെ പാർട്ടിക്കാർക്കിടയിൽ ഉണ്ടാകുന്ന ഏത് അഭിപ്രായ വിത്യാസവും രാമകൃഷ്ണനു മുന്നിൽ അലിഞ്ഞില്ലാതാവുമായിരുന്നു.

പയ്യന്നൂർ കേളോത്തെ പരേതരായ കെ.പി.രാമപ്പൊതുവാളിന്റേയും എ.വി.ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: കെ.നളിനി (കാഞ്ഞങ്ങാട് ക്ഷീര സഹകരണ സംഘം മുൻ സെക്രട്ടറി).മക്കൾ: ബിന്ദു (അദ്ധ്യാപിക,കാഞ്ഞങ്ങാട് ചിത്താരി യു.പി.സ്‌കൂൾ),സിന്ധു (അദ്ധ്യാപിക,ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ),ബിജു (അദ്ധ്യാപകൻ,കാഞ്ഞങ്ങാട് രാംഗനഗർ ഗവ.ഹൈസ്‌കൂൾ).മരുമക്കൾ:പി.ഗോപാലകൃഷ്ണൻ (അദ്ധ്യാപകൻ,കുട്ടമത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ),കെ.സന്തോഷ്‌കുമാർ (ഗ്ലോബൽ അസോസിയേറ്റ്സ്,കാഞ്ഞങ്ങാട്),പി.അശ്വതി.സഹോദരങ്ങൾ:പത്മനാഭൻ(റിട്ട.ഡിവൈ.എസ്‌പി,ഹൈദരബാദ്), മനോഹരൻ(വിമുക്തഭടൻ,പയ്യന്നൂർ),ഗിരിജ,രാഗിണി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP