Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശമ്പളം 50,000 രൂപ; യോഗ്യത ഡിഗ്രിയും ടൂറിസത്തിൽ ഡിപ്ലോമയും പ്രവൃത്തി പരിചയവും; ഗസറ്റഡ് ഓഫീസർമാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്ന പതിവ് തെറ്റിച്ച് സിപിഎമ്മിന്റെ സ്വന്തക്കാർക്ക് കരാർ നിയമനം; അഞ്ച് ജില്ലകളിലെ സെക്രട്ടറിമാരായി വാഴുന്നത് എംഎക്കാരും ബിഎക്കാരും; ഡിടിപിസി നിയമനങ്ങളിൽ വിവരാവകാശരേഖ പ്രകാരമുള്ള വെളിപ്പെടുത്തൽ ഇങ്ങനെ

ശമ്പളം 50,000 രൂപ; യോഗ്യത ഡിഗ്രിയും ടൂറിസത്തിൽ ഡിപ്ലോമയും പ്രവൃത്തി പരിചയവും; ഗസറ്റഡ് ഓഫീസർമാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്ന പതിവ് തെറ്റിച്ച് സിപിഎമ്മിന്റെ സ്വന്തക്കാർക്ക് കരാർ നിയമനം; അഞ്ച് ജില്ലകളിലെ സെക്രട്ടറിമാരായി വാഴുന്നത് എംഎക്കാരും ബിഎക്കാരും; ഡിടിപിസി നിയമനങ്ങളിൽ വിവരാവകാശരേഖ പ്രകാരമുള്ള വെളിപ്പെടുത്തൽ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: ടൂറിസത്തിന്റെ സ്വന്തം നാടാണ് കേരളം. വിദേശികളെ കേരളത്തിലേക്ക് ആനയിക്കാൻ എപ്പോഴും സംസ്ഥാനം മുൻപന്തിയിലുമുണ്ട്. ജില്ലകളിൽ ടൂറിസ്റ്റുകൾ എത്തുമ്പോൾ ആവശ്യമായ സഹായങ്ങൾ നൽകേണ്ടതും വിവരങ്ങൾ ലഭ്യമാക്കേണ്ടതും ടൂറിസ്റ്റുകളുമായി ഇടപഴകേണ്ടതും ഡിടിപിസിയാണ്. ഈ ഡിടിപിസി ഭരിക്കുന്ന സെക്രട്ടറിമാരിൽ പലർക്കും സെക്രട്ടറിമാരായി ഇരിക്കാൻ വേണ്ട യോഗ്യതയില്ലെന്നാണ് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ വ്യക്തമാകുന്നത്. അമ്പതിനായിരം രൂപ ശമ്പളം വാങ്ങുന്ന പോസ്റ്റിലാണ് ടൂറിസവുമായി പുലബന്ധം പോലുമില്ലാത്ത സെക്രട്ടറിമാർ വാണരുളുന്നത്. ഡെപ്യൂട്ടേഷൻ നിയമനമാണ് ഡിടിപിസിയിലെത് എങ്കിലും കരാർ നിയമനവും ഇവിടെ നടത്താം. പക്ഷെ യോഗ്യതയുള്ളവർ വേണമെന്ന് മാത്രം. എന്നാൽ, രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ ഡെപ്യൂട്ടേഷൻ നിയമനങ്ങൾ ഒഴിവാക്കി കരാർ നിയമനങ്ങൾ നടത്തുകയും യോഗ്യതകൾ കാറ്റിൽപ്പറത്തപ്പെടുകയുമാണ് സംഭവിക്കുന്നത്.

ഗസറ്റഡ് പോസ്റ്റിലുള്ളവരാണ് ഡിടിപിസി സെക്രട്ടറിമാരായി വരേണ്ടത്. അതിനാണ് ഡെപ്യൂട്ടെഷൻ നിയമനങ്ങൾ നടത്തുന്നത്. എന്നാൽ കരാർ നിയമനം നടത്താൻ വേണ്ടി ഡെപ്യൂട്ടെഷൻ നിയമനങ്ങൾ വേണ്ടെന്നു വയ്ക്കുകയുമാണ്. ആറു ജില്ലകളിൽ ഡിടിപിസി സെക്രട്ടറിമാരായി തുടരുന്നത് കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ കരാർ നിയമനങ്ങളാണ് നടത്തിയിരിക്കുന്നത്. ഡിഗ്രിയും ടൂറിസത്തിലുള്ള ഡിപ്ലോമയും മൂന്നു വർഷം ഈ മേഖലയിലെ പ്രവർത്തി പരിചയവും ഡിടിപിസി നിയമനങ്ങളിൽ അവശ്യ യോഗ്യതകളാണ്. ഡിഗ്രിയുടെ മറവിൽ മറ്റു യോഗ്യതകൾ ഇല്ലാത്തത് മറച്ചുവച്ചാണ് വൻതുക ശമ്പളമുള്ള പോസ്റ്റിലെ നിയമനങ്ങൾ നടന്നിരിക്കുന്നത്. ഡിടിപിസി തസ്തികയിൽ സ്വന്തക്കാരെ നിയമിക്കാനാണ് യോഗ്യതകൾ കാറ്റിൽപ്പറത്തി നിയമനങ്ങൾ നടത്തിയിട്ടുള്ളത്. വിവരാവകാശ പ്രവർത്തകനായ ടി.എൻ.പ്രതാപൻ നൽകിയ അപേക്ഷയിലാണ് ഈ വിവരങ്ങൾ വെളിയിൽ വന്നത്.

ടൂറിസത്തിൽ ഒരു പ്രവർത്തി പരിചയവും ഇല്ലാത്ത സെക്രട്ടറിമാരാണ് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ടൂറിസം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് എന്ന വിവരമാണ് വിവരാവകാശം പ്രകാരം നൽകിയ മറുപടിയിൽ ടൂറിസം അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ സിപിഎമ്മിന്റെ സ്വന്തം ജില്ലയായ കണ്ണൂരിലെതും ടൂറിസത്തിന്റെ സ്വന്തം ജില്ലയായ ഇടുക്കിയിലെയും വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയില്ല. ഇതിൽ തന്നെ അധികൃതർ എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നു എന്നും വ്യക്തമാണ് .ആറു ജില്ലകളിൽ കരാർ നിയമനങ്ങളാണ് നടത്തിയിരിക്കുന്നത്.



തിരുവനന്തപുരം ജില്ലയിലെ ഡിടിപിസി സെക്രട്ടറി ബിന്ദു മണിക്ക് എംഎ മാത്രമാണ് യോഗ്യത. പത്തനംതിട്ടയിലെ ശ്രീരാജിന് ബിഎഡ്, സെറ്റ്, എംഎയാണ് യോഗ്യത. ആലപ്പുഴയിലെ മാലിന് എൽഎൽബിയും എംബിഎയുമാണ് യോഗ്യത. തൃശൂരിലെ ഡോക്ടർ കവിതയ്ക്ക് ബിടെക്കും എംബിഎയും പിച്ച്ഡിയുമാണ് ഉള്ളത്. കോഴിക്കോടെ ബീനയ്ക്ക് ബിഎ മലയാളം മാത്രമാണ് യോഗ്യത. ഇവർക്കാർക്കും തന്നെ ടൂറിസത്തിൽ ഡിപ്ലോമയോ പ്രവർത്തി പരിചയമോ ഇല്ല.ഇടുക്കി, കണ്ണൂരും സെക്രട്ടറിമാർക്ക് എന്ത് യോഗ്യത എന്ന് വിവരാവകാശ പ്രകാരം വെളിപ്പെടുത്താത്തിനാൽ അതറിയാൻ തത്ക്കാലം മാർഗവുമില്ല. ഡിടിപിസി സ്വന്തമാക്കി വെച്ച് സിപിഎം സ്വന്തം ആളുകളെ മാത്രം നിയമിക്കുന്നു എന്ന് പറഞ്ഞു സിപിഐ ഇടുക്കി ഡിടിപിസി ഓഫീസിനു മുന്നിൽ കഴിഞ്ഞ വർഷം സിപിഐ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.പ്രതിഷേധ സൂചകമായി സിപിഐ പാർട്ടി കൊടികൾ ഉയർത്തുകയാണ് ചെയ്തത്. ഈ ഇടുക്കിയിലെ ഡിടിപിസി ഓഫീസറുടെ യോഗ്യത അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP