Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം നേതാക്കൾ പറയുന്നത് നാട്ടിലെ അമ്മ പെങ്ങന്മർക്ക് കേൾക്കാനാവാത്ത ഭാഷ; ഇനി തനിക്കെതിരെ പറഞ്ഞാൽ അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ താനും പറയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ; ക്ഷേത്രത്തിൽ പോകുന്ന താൻ ആർഎസ്എസ് ആണെങ്കിൽ കോടിയേരി ബാലകൃഷ്ണനും ആർ.എസ്.എസാണെന്നും കോൺ​ഗ്രസ് നേതാവ്

സിപിഎം നേതാക്കൾ പറയുന്നത് നാട്ടിലെ അമ്മ പെങ്ങന്മർക്ക് കേൾക്കാനാവാത്ത ഭാഷ; ഇനി തനിക്കെതിരെ പറഞ്ഞാൽ അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ താനും പറയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ; ക്ഷേത്രത്തിൽ പോകുന്ന താൻ ആർഎസ്എസ് ആണെങ്കിൽ കോടിയേരി ബാലകൃഷ്ണനും ആർ.എസ്.എസാണെന്നും കോൺ​ഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: നാട്ടിലെ അമ്മ പെങ്ങന്മർക്ക് കേൾക്കാനാവാത്ത ഭാഷയാണ് സിപിഎം നേതാക്കൾ ചാനലിൽ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇനി തനിക്കെതിരെ പറഞ്ഞാൽ താൻ അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ താനും പറയുമെന്നും അത് കോടിയേരിക്ക് വിഷമമാകുമെന്നും അദ്ദേഹം പറഞ്ഞു. ചില പൂജകൾ തിരിച്ചടിക്കും, അതാണ് ഇപ്പൊ കോടിയേരിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. ”ബിജെപി യിലേക്ക് ആളെ പിടിക്കുന്നതിനുള്ള പണിയാണ് സിപിഎം നടത്തുന്നത്. ഇതൊരു രാഷ്ട്രീയ ആയുധമായി ആണ് സിപിഎം ഉപയോഗിക്കുന്നത്. അമ്പലത്തിൽ നിന്ന് പറഞ്ഞതനുസരിച്ചാണ് താൻ അന്നദാന മണ്ഡപത്തിൽ പോയത്. അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ. പനച്ചിക്കാട് ക്ഷേത്രത്തിൽ എല്ലാ മതസ്ഥരും പോകാറുണ്ട്,” തിരുവഞ്ചൂർ പറഞ്ഞു.

ക്ഷേത്രത്തിൽ പോകുന്ന താൻ ആർഎസ്എസ് ആണെങ്കിൽ കോടിയേരി ബാലകൃഷ്ണനും ആർ.എസ്.എസാണെന്നും തിരുവഞ്ചൂർ തിരിച്ചടിച്ചു. "മന്ത്രിയായിരിക്കെ കാടാമ്പുഴ ദേവി ക്ഷേത്രത്തിൽ പൂമൂടൽ വഴിപാട് നടത്തിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ. മാത്രമല്ല വി എസ് അച്യുതാനന്ദനെതിരെ ശത്രുസംഹാര പൂജയും നടത്തി. ആ പൂജ ഇപ്പോൾ തിരിച്ചടിച്ച അവസ്ഥയാണ് കോടിയേരിക്ക് ഉണ്ടായിരിക്കുന്നത്. വ്യക്തിപരമായ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നതും അതുകൊണ്ടാണ്."- തിരുവഞ്ചൂർ പറഞ്ഞു.

തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നത്. വ്യക്തിപരമായ വിഷമങ്ങൾ ആയിരിക്കാം തരംതാഴ്ന്ന വിമർശനം ഉന്നയിക്കുന്നതിന് കാരണം. ആദർശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും തമ്മിൽ ഇന്ന് പുലബന്ധം പോലുമില്ലെന്നും തിരുവഞ്ചൂർ ആരോപിച്ചു. ഏത് ആർഎസ്എസ് നേതാവുമായാണ് താൻ ചർച്ച നടത്തിയത് എന്ന് കൂടി പറയാൻ കോടിയേരി ബാലകൃഷ്ണനെ താൻ വെല്ലുവിളിക്കുന്നെന്നും തിരുവഞ്ചൂർ രാധകൃഷ്ണൻ പറഞ്ഞു. താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന മുന്നണിയാണ് എൽ.ഡി.എഫെന്നും, അതിന്റെ ലക്ഷണമാണ് ജോസ് കെ.മാണി വിഭാഗത്തെ ഇത്ര പെട്ടെന്ന് ഘടക കക്ഷിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പനച്ചിക്കാട് ആർഎസ്എസ് കാര്യാലയത്തിലെത്തി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ രാഷ്ട്രീയ ചർച്ച നടത്തി എന്ന പ്രചാരണം വിവാദമായിരുന്നു. ചിത്രങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ഇതു വലിയ പ്രചാരണം ആയത്. സിപിഎം കേന്ദ്രങ്ങളായിരുന്നു പ്രചാരണത്തിനു പിന്നിൽ. ഇതിനുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ഇന്നലെ രംഗത്തെത്തിയതോടെയാണ് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനം നടത്തിയത്.

കോടിയേരി ബാലകൃഷ്ണൻ തനിക്കെതിരെ ആർഎസ്എസ് ബന്ധം ആരോപിക്കുമ്പോൾ സിപിഎം- ബിജെപി കൂട്ടുകെട്ട് മറുപടിയായി ചൂണ്ടിക്കാട്ടുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 23 അംഗങ്ങളാണ് പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലുള്ളത്. ഇതിൽ പത്ത് പേർ മാത്രമാണ് എൽ.ഡി.എഫ്. അങ്ങനെയുള്ള മുന്നണിക്ക് എങ്ങനെ പഞ്ചായത്ത് ഭരിക്കാൻ കഴിയും. നാല് അംഗങ്ങളുള്ള ബിജെപി പിന്തുണയോടെയാണ് പനച്ചിക്കാട് പഞ്ചായത്ത് സിപിഎം ഭരിക്കുന്നത്. ഇക്കാര്യം നിയമസഭയിലുൾപ്പെടെ ചൂണ്ടിക്കാട്ടിയതാണ്. അതിന്റെ പേരിലാണ് തന്നെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP