Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈഫ് മിഷനിലെ അഴിമതി പുറത്തുവരുമെന്ന ഭയമാണ് കേരള സർക്കാറിന്; കേസുകളിൽ തടസം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന്റെ ഒരു തീരുമാനത്തിനും കഴിയില്ല; രാഷ്ട്രീയ പ്രേരിതം എന്ന വാദം ഉപയോഗിച്ച് മലയാളികളെ വിഡ്ഢികളാക്കാൻ കഴിയില്ല; സിബിഐയെ വിലക്കാനുള്ള സിപിഎം നിർദേശത്തിനെതിരെ വിമർശനവുമായി വി മുരളീധരൻ

ലൈഫ് മിഷനിലെ അഴിമതി പുറത്തുവരുമെന്ന ഭയമാണ് കേരള സർക്കാറിന്; കേസുകളിൽ തടസം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന്റെ ഒരു തീരുമാനത്തിനും കഴിയില്ല; രാഷ്ട്രീയ പ്രേരിതം എന്ന വാദം ഉപയോഗിച്ച് മലയാളികളെ വിഡ്ഢികളാക്കാൻ കഴിയില്ല; സിബിഐയെ വിലക്കാനുള്ള സിപിഎം നിർദേശത്തിനെതിരെ വിമർശനവുമായി വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ സിബിഐ കേസുകൾ ഏറ്റെടുക്കുന്ന ശൈലിക്ക് തടയിടാൻ വേണ്ടി സംസ്ഥാനത്ത് സിബിഐയെ വിലക്കണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സർക്കാറിന് മുന്നിലെത്തിയിരുന്നു. ഈ നീക്കത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി. അഴിമതി പുറത്തുവരുമെന്ന ഭയം കൊണ്ടാണ് സംസ്ഥാന സർക്കാർ സിബിഐയെ എതിർക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി.

നെടുങ്കണ്ടത്തെ രാജ്കുമാർ മരിച്ച സംഭവം, വയലിനിസ്റ്റ് ബാലഭാസ്‌ക്കർ മരിച്ച കേസ്, ചിറ്റാറിലെ മത്തായിയുടെ കേസ്, ജിഷ്ണു പ്രണോയ് കേസ് എന്നിവയെല്ലാം ഈ സർക്കാരാണ് സിബിഐക്ക് വിട്ടത്. എന്നാൽ കതിരൂർ മനോജ് കേസ് സിബിഐക്ക് വിടുന്നതിനെ സർക്കാർ ശക്തമായി എതിർത്തു.

ഷുഹൈബ് വധം സിബിഐക്ക് വിട്ട കേസിനെ മുപ്പത്തിനാല് ലക്ഷം രൂപ ചെലവിട്ടാണ് സർക്കാർ എതിർത്തത്. പെരിയ ഇരട്ടക്കൊലപാതകത്തിലെ സിബിഐ അന്വേഷണം തടയാൻ സുപ്രീംകോടതി വരെ പോയിരിക്കുകയാണ്. ലൈഫ് മിഷനിൽ സർക്കാർ ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്. അതാണ് സിബിഐയെ എതിർക്കാനുള്ള പ്രേരണയ്ക്ക് കാരണമെന്ന് മുരളീധരൻ ആരോപിച്ചു.സർക്കാരിന്റെ വലിയ തീവെട്ടി കൊള്ളകൾ സ്വതന്ത്ര ഏജൻസികൾ അന്വേഷിച്ചാൽ പുറത്തുവരാൻ സാദ്ധ്യതയുണ്ട്.

ശാരദ ചിട്ടി തട്ടിപ്പും, അമരാവതി ഭൂമിയിടപാടും ഉൾപ്പടെയുള്ള കേസുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സിപിഎമ്മാണ്. രാഷ്ട്രീയ പ്രേരിതം എന്ന വാദം ഉപയോഗിച്ച് മലയാളികളെ വിഡ്ഢികളാക്കാനാകില്ലയെന്ന് മാർക്‌സിസ്റ്റ് പാർട്ടി മനസിലാക്കണം. കേസുകളിൽ ഒരു തടസവും സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന്റെ ഒരു തീരുമാനത്തിനും കഴിയുകയില്ലെന്നും മുരളീധരൻ പറഞ്ഞു.രാജ്യത്ത് പല തരത്തിലുള്ള മത വൈരാഗ്യം വളർത്തുന്ന സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത് ഗൗരവമുള്ള കാര്യമാണ്.

രാഹുൽഗാന്ധിയുടെ നിർദേശ പ്രകാരണമാണോ ഇതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം. ഇത് കോൺഗ്രസിന്റെ ദേശീയ നയമാണോയെന്ന് അറിയാൻ താത്പര്യമുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തിൽ വന്ന രാഹുൽഗാന്ധി സിപിഎമ്മിനെ പ്രശംസിക്കുകയും ബിജെപിയെ എതിർക്കുകയും ചെയ്യുകയാണ്. പി.സി തോമസ് അടക്കമുള്ള ഘടകകക്ഷി നേതാക്കൾ എൻ.ഡി.എ വിടുന്ന കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ബംഗാൾ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ സിബിഐക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ മാതൃകയിലേക്ക് കേരളവും കടക്കണമെന്ന ആവശ്യമാണ് സിപിഎം ഇന്നലെ സർക്കാറിന് മുന്നിൽ വെച്ചത്. സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളിൽ സിബിഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നകാര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ കേസന്വേഷിക്കാമെന്ന് സർക്കാർ നൽകിയ മുൻകൂർ അനുമതിയുടെ പിൻബലത്തിലാണ് സിബിഐ. വരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുൽഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തിൽ മുൻകൂർ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സർക്കാർ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ.ക്ക് നേരത്തേ ഇതേ നിലപാടാണ്. എൽ.ഡി.എഫ്. യോഗത്തിൽ എല്ലാ ഘടകകക്ഷികളും ഇത്തരമൊരാശങ്ക പങ്കുവെച്ചിട്ടുണ്ട്. ഈ സഹാചര്യത്തിൽ നേരത്തേ നൽകിയ അനുമതി പുനഃപരിശോധിക്കണം. രാഷ്ട്രീയ ആയുധത്തിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബിജെപി. ഇതര സർക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളൊക്കെ സിബിഐ.ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കേരളവും പരിശോധിക്കേണ്ടതുണ്ടെന്ന് കോടിയേരി പറഞ്ഞിരുന്നു.

ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണു രാജ്യത്തെ അഴിമതിക്കേസുകൾ സിബിഐ അന്വേഷിക്കുന്നത്. ഇതിനു സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്നതിനാൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്കു മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി പിൻവലിക്കാനാണ് കേരളം ആലോചിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP