Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ വാക്ക് യാതൊരു വിലയുമില്ലാത്ത ചതിയായി മാറി; മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ച കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ വഞ്ചിച്ചെന്നും വാളയാറിലെ പെൺകുട്ടികളുടെ അമ്മ; മക്കൾക്ക് നിതീ തേടി കേരള ജനതയുടെ മുന്നിൽ നിൽക്കുന്ന ഒരമ്മ പറയുന്നത് കേൾക്കുക..

മുഖ്യമന്ത്രിയുടെ വാക്ക് യാതൊരു വിലയുമില്ലാത്ത ചതിയായി മാറി; മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ച കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ വഞ്ചിച്ചെന്നും വാളയാറിലെ പെൺകുട്ടികളുടെ അമ്മ; മക്കൾക്ക് നിതീ തേടി കേരള ജനതയുടെ മുന്നിൽ നിൽക്കുന്ന ഒരമ്മ പറയുന്നത് കേൾക്കുക..

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: മുഖ്യമന്ത്രിയുടെ വാക്കിന് വിലയില്ലാതായെന്ന് വാളയാറിലെ പെൺകുട്ടികളുടെ അമ്മ. വാളയാർ കേസിലെ യഥാർഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാൻ വേണ്ട നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി വാക്കു നൽകിയിരുന്നു. എന്നാൽ പിണറായി വിജയൻ കുട്ടികളുടെ അമ്മക്ക് നൽകിയ വാക്ക് പാലിച്ചില്ലെന്നാണ് അവർ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്ക് യാതൊരു വിലയുമില്ലാത്ത ചതിയായി മാറി. മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ച കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ വഞ്ചിച്ചെന്നും കുട്ടികളുടെ അമ്മ ആരോപിക്കുന്നു. പൊലീസ് തങ്ങളെ ജീവിക്കാൻ സമ്മതിക്കാത്ത അവസ്ഥയാണ്. കേസ് അട്ടിമറിക്കുന്നതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കു സ്ഥാനക്കയറ്റം നൽകിയ സർക്കാർ, യഥാർഥ പ്രതികളെ പുറത്തു കൊണ്ടുവരുമെന്നു തങ്ങൾക്കു നൽകിയ വാക്കു പാലിച്ചില്ലെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

പുനരന്വേഷണ ഉത്തരവിറങ്ങും മുൻപു കേസ് വീണ്ടും അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണ്. വനിതാ സെല്ലിൽനിന്നെന്നു പറഞ്ഞു കഴിഞ്ഞ 19നു വീട്ടിലെത്തിയ രണ്ടു വനിതാ പൊലീസുകാർ മൊഴി രേഖപ്പെടുത്തണമെന്നു വാശി പിടിച്ചു. മക്കൾ കൊല്ലപ്പെട്ടതാണെന്നു മൊഴി കൊടുത്തെങ്കിലും ‘പെൺകുട്ടികൾ മരിച്ചു തൂങ്ങിനിൽക്കുന്നു’ എന്നാണു രേഖപ്പെടുത്തിയത്. മൂത്ത മകൾ മരിച്ച ദിവസം വീട്ടിലെ ഷെഡിൽനിന്നു രണ്ടു പേർ ഇറങ്ങിപ്പോകുന്നതു കണ്ടെന്നു തന്നോട് ഇളയ മകൾ പറഞ്ഞതായി നൽകിയ മൊഴി രേഖപ്പെടുത്തിയില്ല. രണ്ടാമത്തെ മകൾ 2017 മാർച്ച് 4നു കഴുത്തിൽ കുരുക്കു മുറുകി തൂണിനോടു ചേർന്നു തറയിൽ കാലുകുത്തി മരിച്ചു നിൽക്കുന്നതു കണ്ടെന്നാണു പറഞ്ഞതെങ്കിലും പൊലീസ് രേഖപ്പെടുത്തിയതു ‘കുരുക്കിൽ തൂങ്ങിനിൽക്കുന്നു’ എന്നാണ്.

മൊഴി രേഖപ്പെടുത്തുമ്പോൾ ഉദ്യോഗസ്ഥർ അവരുടെ പേരും ഫോൺ നമ്പറും എഴുതിയിരുന്നില്ല. മൊഴിയെടുക്കുന്ന തീയതിയും രേഖപ്പെടുത്തിയില്ലെന്നതു ദുരൂഹമാണ്. കേസിൽ പ്രബലനായൊരു ആറാം പ്രതി കൂടി ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണു പൊലീസിന്റെ നീക്കങ്ങൾ. പ്രത്യേകിച്ചു സ്വാധീനമൊന്നും ഇല്ലാത്ത മറ്റ് അഞ്ച് പ്രതികളെയും രക്ഷിക്കാൻ പൊലീസ് ഇറങ്ങിത്തിരിച്ചിരിക്കുന്നതു കേസിൽ ഉണ്ടായേക്കാവുന്ന ആറാം പ്രതിക്കു വേണ്ടിയാകണംഎന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

'മക്കൾ ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന ഷെഡ് പൊളിച്ചോ എന്നാണ് പൊലീസുകാർ ആദ്യം ഫോൺ വിളിച്ച് ചോദിച്ചത്. അതൊന്ന് കാണാനാണെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പൊലീസുകരെത്തിയത്. വീട്ടിലെത്തിയപ്പോൾ മൊഴിയെടുക്കണമെന്നും കേസിൽ സംശയമുള്ളവരുടെ പേരുകൾ പറയാനും ആവശ്യപ്പെട്ടു. അഞ്ച് പ്രതികൾക്ക് പുറമേ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും ആയാളെ രക്ഷിക്കാനായാണ്‌ പിടിയിലായ അഞ്ച് പേരെ വെറുതെവിട്ടതെന്നും പൊലീസിനോട് പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളും പൊലീസ് രേഖപ്പെടുത്തിയില്ല' - പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

ഒക്ടോബർ 25, ഒക്ടോബർ 31 ദിവസങ്ങൾ താൻ ചതിക്കപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബർ 25ന് പോക്‌സോ കോടതി പ്രതികളെ വെറുതേ വിട്ടിട്ട് ഒരുവർഷം തികയും. ഒക്ടോബർ 31 മുഖ്യമന്ത്രിയെ കാണാൻ പോയി അദ്ദേഹം നടപടി ഉറപ്പുതന്ന ദിവസവും. ഈ രണ്ട് ദിവസവും വീടിന് മുന്നിൽ സമരം ഇരിക്കുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. കേസിൽ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ തിങ്കളാഴ്ച രണ്ട് പൊലീസുകാരെത്തി വീണ്ടും പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്.

അതേസമയം, വാളയാർ പെൺകുട്ടികളുടെ അമ്മ മറ്റ് ചിലരുടെ നിയന്ത്രണത്തിലാണെന്ന് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാർ കഴിഞ്ഞ ​ദിവസം പ്രതികരിച്ചിരുന്നു. കേസ് നടത്തുന്നത് ഇപ്പോഴും കെ.പി.എം.എസ് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയതിൽ സർക്കാരിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും പുന്നല ശ്രീകുമാർ‌ പറഞ്ഞു.

2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ടു പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

എന്നാൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ആദ്യ മരണത്തിൽ കേസ് എടുക്കാൻ അലംഭാവം കാണിച്ചതിനെ തുടർന്ന് വാളയാർ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെ ഒക്ടോബർ 25-ന് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. സിപിഎം പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടത് സർക്കാർ ഇടപെടൽ മൂലമാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP