Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനത്ത മഴയിൽ മുങ്ങി ബംഗളുരു നഗരം; റോഡുകളിൽ വെള്ളം കയറിയതോടെ എങ്ങും ഗതാഗതം സ്തംഭിച്ചു; 300 വീടുകൾ മുങ്ങിയപ്പോൾ 500 ഓളം വാഹനങ്ങൾ ഒലിച്ചുപോയി; പതിനായിരം കോടി സഹായം ആവശ്യപ്പെട്ട് യെദ്യൂരപ്പ; വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവിൽ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് യുവാക്കൾ

കനത്ത മഴയിൽ മുങ്ങി ബംഗളുരു നഗരം; റോഡുകളിൽ വെള്ളം കയറിയതോടെ എങ്ങും ഗതാഗതം സ്തംഭിച്ചു; 300 വീടുകൾ മുങ്ങിയപ്പോൾ 500 ഓളം വാഹനങ്ങൾ ഒലിച്ചുപോയി; പതിനായിരം കോടി സഹായം ആവശ്യപ്പെട്ട് യെദ്യൂരപ്പ; വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവിൽ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് യുവാക്കൾ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: വ്യാഴാഴ്‌ച്ച മുതൽ തുടങ്ങിയ മഴ കനത്തോടെ ബംഗളുരു നഗരം വെള്ളക്കെട്ടിൽ മുങ്ങി. ഇന്നലെയും ശക്തമായി മഴ തുടർന്നതോടെ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായി. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം പൊങ്ങി. അഴുക്കുചാലുകളും കനാലുകളും കരകവിഞ്ഞ് വെള്ളം റോഡിലേക്കു കയറിയതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. എം.ജി. റോഡ്, ഓസ്റ്റിൻടൗൺ, വിവേക്നഗർ, കോറമംഗല, ശാന്തിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വാഹനങ്ങൾക്കു മുന്നോട്ടുപോകാൻ പറ്റാത്ത അവസ്ഥയായിരുന്നു മണിക്കൂറുകൾ. ഇന്നും മഴ തുടരുന്ന അലസ്ഥയാണുള്ള്.

300ലേറെ വീടുകൾക്ക് വെള്ളം കയറി നാശം സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 500ഓളം വാഹനങ്ങൾ ഒലിച്ചുപോയി. ചിലയിടങ്ങളിൽ മരങ്ങൾ റോഡിലേക്കു വീണു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മുകളിലേക്കും മരങ്ങൾ വീണ് നാശനഷ്ടമുണ്ടായി. കോറമംഗല, ബൊമ്മനഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിലും അപ്പാർട്ടുമെന്റുകളിലും വെള്ളം കയറി. അഴുക്കുചാൽ കരകവിഞ്ഞ് മലിനജലമാണ് പലയിടങ്ങളിലും കയറിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പലതും ഭാഗികമായി മുങ്ങി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിന്റെ പലഭാഗങ്ങളിലും ശക്തമായി മഴപെയ്തു വരികയാണ്. വരും ദിവസങ്ങളിലും ബെംഗളൂരുവിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ശനിയാഴ്ച ശക്തമായി മഴ പെയ്തു. പലയിടങ്ങളിലും ഇടിയോടു കൂടിയ മഴയാണ് പെയ്തത്. വടക്കൻ കർണാടകത്തിൽ മഴ തുടരുന്നതിനാൽ പ്രളയഭീതി വിട്ടുമാറിയിട്ടില്ല. ബെലഗാവി, ബല്ലാരി, ചിക്കമഗളൂർ, ദക്ഷിണ കന്നഡ, ദാവനഗെരെ, ധാർവാഡ്, ഗദഗ്, ഹാസൻ, ഹാവേരി, കൊപ്പാൾ എന്നീ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. തീരദേശ മേഖലയിലും മലനാട് മേഖലയിലും കനത്ത മഴയാണ് ലഭിച്ചത്. ഞായറാഴ്ച വരെ ഈ പ്രദേശത്ത് മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രപാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും കാലാവസ്ഥ മാറ്റം കാരണമാണ് ഒക്ടോബറിലേക്ക് കാലവർഷം നീണ്ടുപോകാൻ കാരണമായത്.

സംസ്ഥാനത്തെ പ്രളയദുരിതാശ്വാസത്തിനായി 10,000 കോടി രൂപ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വടക്കൻകർണാടകത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം സാഹചര്യം വിലയിരുത്തിയാണ് സഹായധനം ആവശ്യപ്പെട്ടത്. മുൻ വർഷങ്ങളേക്കാൾ രൂക്ഷമാണ് ഇത്തവണത്തെ സാഹചര്യമെന്ന് മുഖ്യമന്ത്രി വിലയിരുത്തി.

തെരുവിൽ ഒലിച്ചുപോയ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് യുവാക്കൾ

കനത്ത മഴ ബാധിച്ച ബംഗളൂരുവിൽനിന്ന് രക്ഷാപ്രവർത്തനത്തിന്റേതടക്കം നിരവധി വൈറൽ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. പുതുതായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് ബംഗളൂരുവിലെ വെള്ളപ്പൊക്കത്തിൽ നിന്നും നവജാത ശിശുവിനെ യുവാക്കൾ സംരക്ഷിക്കുന്ന ദൃശ്യമാണ്.

യുവാക്കൾ നവജാത ശിശുവിന് രക്ഷകരാകുന്ന ദൃശ്യം ഹൊസാകരെഹള്ളി പ്രദേശത്തുനിന്നാണെന്ന് പറയുന്നു. തോളറ്റം ഉയർന്ന വെള്ളത്തിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് മുകളിൽ പിടിച്ച് ഒരു സ്ത്രീക്ക് കൈമാറുന്നതാണ് ദൃശ്യം. നേരത്തെ തെക്കൻ ബെംഗളൂരു പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്ടിൽനിന്ന് പെൺകുഞ്ഞിനെ യുവാക്കൾ രക്ഷിച്ചിരുന്നു. വീടുകളിൽനിന്ന് ഒഴിഞ്ഞ് പോകാനും ഇവർ പ്രദേശവാസികളോട് ആവശ്യപ്പെട്ടിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വാഹനങ്ങളടക്കം ഒഴുകിപോകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP