Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജലത്തിന്റെ ​ദുരുപയോ​ഗം ശിക്ഷാർഹമായ കുറ്റം; നിർണായക തീരുമാനവുമായി കേന്ദ്രം

ജലത്തിന്റെ ​ദുരുപയോ​ഗം ശിക്ഷാർഹമായ കുറ്റം; നിർണായക തീരുമാനവുമായി കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജലത്തിന്റെ ​​​ദുരുപയോ​ഗം തടയാൻ ശക്തമായ നടപടികളുമായി കേന്ദ്ര സർക്കാർ. കുടിവെള്ളവും ഭൂഗർഭജലവും പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവർ ഇനി മുതൽ ശിക്ഷാർഹരാണ്. ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അഥോറിറ്റി(സി.ജി.ഡബ്ല്യൂ.എ.)യാണ് ഇത് സംബന്ധിച്ച് നിലപാടെടുത്തത്. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ അഞ്ച് പ്രകാരമാണ് സി.ജി.ഡബ്ല്യൂ.എ. വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂഗർഭ ജലം പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാക്കണം എന്ന് ആവശ്യപ്പെട്ട് രാജേന്ദ്ര ത്യാഗി എന്നയാൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. വിഷയത്തിൽ 2019 ഒക്ടോബർ അഞ്ചിന് ട്രിബ്യൂണൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സി.ജി.ഡബ്ല്യൂ.എയുടെ വിജ്ഞാപനം വന്നിരിക്കുന്നത്.

ഭൂഗർഭജലത്തിൽനിന്ന് എടുക്കുന്ന കുടിവെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജൽ ബോർഡ്, ജൽ നിഗം, മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പൽ കൗൺസിൽ, പഞ്ചായത്ത് തുടങ്ങി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഇനി ദുരുപയോഗമോ പാഴാക്കലോ ഉണ്ടായാൽ അതിനെ നേരിടാനുള്ള മാർഗങ്ങൾ രൂപവത്കരിക്കാനും നിർദ്ദേശിക്കുന്നു.

രാജ്യത്തെ ഒരാളും ഭൂഗർഭജലത്തിൽനിന്ന് ശേഖരിക്കുന്ന കുടിവെള്ളം ദുരുപയോഗം ചെയ്യുകയോ പാഴാക്കുകയോ ചെയ്യരുതെന്നും ഒക്ടോബർ എട്ടിന് ഇറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഒരുലക്ഷം രൂപയും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിൽ രാജേന്ദ്ര ത്യാഗിയെ പ്രതിനിധീകരിച്ച അഭിഭാഷകൻ ആകാശ് വസിഷ്ഠയെ ഉദ്ധരിച്ച് ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു. തുടർച്ചയായ നിയമലംഘനം ഉണ്ടാകുന്ന പക്ഷം പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 പ്രകാരം അധിക ഫൈൻ അടയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP