Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാമറിയുന്നവൻ ശിവശങ്കരൻ! സ്വപ്നയെ മുൻനിർത്തി സ്വർണ്ണക്കടത്തു നിയന്ത്രിച്ചത് ശിവശങ്കരനെന്ന് ഇഡി; തെളിവുകളായി കൈമാറിയത് രഹസ്യ വാട്‌സ് ആപ്പ് സന്ദേശങ്ങൾ; 'ഒരിടത്തൊരു രാജകുമാരൻ രാവിലെ പൂന്തോട്ടത്തിൽ നടക്കാനിറങ്ങിയപ്പോൾ ഒരു തവളയെ കണ്ടു' എന്ന വിധത്തിലുള്ള കെട്ടുകഥകളെന്ന് മുൻ ഐടി സെക്രട്ടറിയും

എല്ലാമറിയുന്നവൻ ശിവശങ്കരൻ! സ്വപ്നയെ മുൻനിർത്തി സ്വർണ്ണക്കടത്തു നിയന്ത്രിച്ചത് ശിവശങ്കരനെന്ന് ഇഡി; തെളിവുകളായി കൈമാറിയത് രഹസ്യ വാട്‌സ് ആപ്പ് സന്ദേശങ്ങൾ; 'ഒരിടത്തൊരു രാജകുമാരൻ രാവിലെ പൂന്തോട്ടത്തിൽ നടക്കാനിറങ്ങിയപ്പോൾ ഒരു തവളയെ കണ്ടു' എന്ന വിധത്തിലുള്ള കെട്ടുകഥകളെന്ന് മുൻ ഐടി സെക്രട്ടറിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനാണോ? അതേയെന്ന വിധത്തിലാണ് എൻഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ ബോധിപ്പിച്ചിരിക്കുന്ന കാര്യം. സ്വർണക്കടത്തിൽ സ്വപ്നാ സുരേഷ് മുഖംമാത്രമായിരുന്നുവെന്നും പിന്നിൽ മുൻ ഐ.ടി. സെക്രട്ടറി ശിവശങ്കറാകാമെന്നുമായിരുന്നു എൻഫോഴ്‌സ്‌മെന്റിന്റെ വാദം.

സ്വപ്ന പൂർണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടപാടുകളുടെയെല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിയത്. സ്വർണം കടത്തിയപ്പോൾ ശിവശങ്കർ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്തുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ പറഞ്ഞു. ഇ.ഡി.യും കസ്റ്റംസും അറസ്റ്റുചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർജാമ്യം തേടി മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഹർജിയിലെ വിശദവാദത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടുമണിക്കൂറോളം വാദംകേട്ടശേഷം ജസ്റ്റിസ് അശോക് മേനോൻ ഹർജി ഒക്ടോബർ 28 -ന് വിധിപറയാനായി മാറ്റി. അതുവരെ അറസ്റ്റുപാടില്ലെന്നും കോടതി വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യം സമൂഹത്തിനെതിരായ പ്രവൃത്തിയാണെന്ന് കസ്റ്റംസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. രാംകുമാർ പറഞ്ഞു. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കുറ്റപ്പെടുത്തി.

എന്നാൽ എൻഫോഴ്സുമെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽപോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ ആരോപിക്കുന്നതെന്ന് ശിവശങ്കറിനായി ഹാജരായ സീനിയർ അഭിഭാഷകൻ പി. വിജയഭാനു വാദിച്ചു. ഹോട്ടലിൽ മുറിയോ ആശുപത്രിയിൽ ചികിത്സയോ കിട്ടാത്ത തൊട്ടുകൂടാത്തവനായി ശിവശങ്കർ മാറിയിരിക്കുകയാണ്. 2018-ൽ നടന്നതൊക്കെ ഓർമിക്കാൻ കംപ്യൂട്ടറല്ല. അന്വേഷണവുമായി സഹകരിക്കാൻ എപ്പോഴും തയ്യാറാണെന്നും സീനിയർ അഭിഭാഷകൻ അറിയിച്ചു.

'സ്വർണക്കള്ളക്കടത്ത് നടക്കുമ്പോൾ എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. അതിനാൽ മറ്റൊരാളെ മറയാക്കണമായിരുന്നു. അതിനായി സ്വപ്നയെ ഉപയോഗിച്ചതിനാണ് സാധ്യത'' -കേസിൽ നിർണായകമായി ഇഡി അഭിഭാഷകൻ ഉയർത്തി വാദം ഇതായിരുന്നു.

ശിവശങ്കർ കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്ന് 302 പേജുള്ള റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ശിവശങ്കറിനായി ഹാജരായ സീനിയർ അഭിഭാഷകൻ പി. വിജയഭാനു ബോധിപ്പിച്ചു. ശിവശങ്കറും സ്വപ്നാസുരേഷും തമ്മിലുള്ള വാട്സാപ്പ് സന്ദേശത്തിൽ പറയുന്നത് 2018-ൽ ലോക്കറിൽ 30 ലക്ഷം രൂപ വെച്ചതിനെക്കുറിച്ചാണ്. ആ പണം മൂന്നോ നാലോ മാസത്തിനുള്ളിൽ പിൻവലിച്ചിരുന്നു. അതിനുശേഷം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പക്കൽനിന്ന് ലോക്കറിന്റെ താക്കോൽ സ്വപ്ന വാങ്ങിയിരുന്നു. പിന്നെ എന്തുനടന്നുവെന്ന് അറിയില്ല.

അതേസമയം ഈഘട്ടത്തിൽ ലോക്കർ ഇപ്പോഴുമില്ലേയെന്ന് കോടതി ചോദിച്ചു. ലോക്കർ ഉണ്ട് എന്നാൽ, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനുപോലും എന്താണ് പിന്നീട് നടന്നതെന്ന് അറിയില്ല. ലോക്കർ സ്വപ്നയുടെയും വേണുഗോപാലിന്റെയും പേരിൽ അല്ലേയെന്നും കോടതി ആരാഞ്ഞു. ലോക്കർ തുറക്കാൻ വേണുഗോപാലാണ് പണം നൽകിയത്. അതിനാലാണ് രണ്ടുപേരുടെയും പേരിൽ ലോക്കർ തുറന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വിശദീകരിച്ചു.

സ്വർണക്കടത്തുകേസിൽ ശിവശങ്കറിനെതിരായ നിർണായക തെളിവുകൾ കോടതിക്കു കൈമാറിയ രഹസ്യരേഖയിലുണ്ടെന്നാണ് ഇഡിയുടെ വാദം. സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു സന്ദേശങ്ങളിൽനിന്നു വ്യക്തമാകുന്നത്. അതേസമയം കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ പി. വിജയഭാനു വാദിച്ചു

'ഒരിടത്തൊരു രാജകുമാരൻ രാവിലെ പൂന്തോട്ടത്തിൽ നടക്കാനിറങ്ങിയപ്പോൾ ഒരു തവളയെ കണ്ടു' എന്ന രീതിയിൽ അവിശ്വസനീയ രീതിയിലാണ് അന്വേഷണ ഏജൻസികൾ കഥ മെനയുന്നത്. സ്വപ്നയുടെ പണം കൈകാര്യം ചെയ്യാൻ ചാർട്ടേഡ് അക്കൗണ്ടന്റിന് വാട്‌സാപ് സന്ദേശങ്ങൾ അയച്ചെന്നു പറയുന്ന ഇഡി, സംഭവങ്ങൾ തെറ്റിദ്ധരിപ്പിക്കും വിധം വളച്ചൊടിക്കുകയാണെന്നും വാദിച്ചു.

2018 ൽ ലോക്കറിൽ 30 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതിനെക്കുറിച്ചാണു വാട്‌സാപ് സന്ദേശങ്ങളിൽ പറയുന്നത്. അതു മൂന്നോ നാലോ മാസത്തിനുള്ളിൽ പിൻവലിക്കുകയും തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പക്കൽനിന്ന് ലോക്കറിന്റെ കീ സ്വപന വാങ്ങുകയും ചെയ്തു. സമൂഹത്തിലെ സ്ഥാനത്തെ മാത്രമല്ല, കുടുംബജീവിതത്തെയും കേസ് ബാധിച്ചെന്ന് ശിവശങ്കർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP