Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇൻജക്ഷൻ എടുക്കാനിട്ടിരുന്ന ക്യാനുലയുടെ ക്യാപ്പ് അടക്കാതിരുന്നതിനെ തുടർന്ന് രക്തം ചീറ്റിത്തെറിച്ചു; രക്തം കയറി മൊബൈലിനും കേടു പാടുണ്ടായി; രക്തത്തിൽ ഓക്‌സിജന്റെ കുറവുള്ള കോവിഡ് രോഗിക്ക് നേരിടേണ്ടി വന്നത് സമാനതളില്ലാത്ത അനാസ്ഥ; കളമശ്ശേരിയിൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ തന്നെ; നഴ്‌സുമാരുടെ ക്രൂരത മറുനാടനോട് വെളിപ്പെടുത്തി ഖാദറിന്റെ മക്കൾ

ഇൻജക്ഷൻ എടുക്കാനിട്ടിരുന്ന ക്യാനുലയുടെ ക്യാപ്പ് അടക്കാതിരുന്നതിനെ തുടർന്ന് രക്തം ചീറ്റിത്തെറിച്ചു; രക്തം കയറി മൊബൈലിനും കേടു പാടുണ്ടായി; രക്തത്തിൽ ഓക്‌സിജന്റെ കുറവുള്ള കോവിഡ് രോഗിക്ക് നേരിടേണ്ടി വന്നത് സമാനതളില്ലാത്ത അനാസ്ഥ; കളമശ്ശേരിയിൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ തന്നെ; നഴ്‌സുമാരുടെ ക്രൂരത മറുനാടനോട് വെളിപ്പെടുത്തി ഖാദറിന്റെ മക്കൾ

ആർ പീയൂഷ്

കൊച്ചി: കോവിഡ് രോഗിയോട് കളമശ്ശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ കാട്ടിയ ക്രൂരത തുറന്നു പറഞ്ഞ് ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞ് ഒരാഴ്ചയിലേറായി ചികിത്സയിൽ കഴിഞ്ഞ പെരുമ്പാവൂർ സ്വദേശി അബ്ദുൾ ഖാദർ(68)ന്റെ മക്കളായ അനീഷാണ് കഴിഞ്ഞ ഒരാഴ്ച പിതാവിന് ആശുപത്രിയിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ മറുനാടനോടു തുറന്നു പറഞ്ഞത്. നഴ്സുമാരുടെ അനാസ്ഥ മൂലം പിതാവിന്റെ ശരീരത്തിൽ രക്തം കട്ടപിടിച്ച നിലയിലും ഇൻജക്ഷൻ എടുക്കാനിട്ടിരുന്ന ക്യാനുലയുടെ ക്യാപ്പ് അടക്കാതിരുന്നതിനെ തുടർന്ന് രക്തം ചീറ്റിത്തെറിച്ച് മൊബൈൽ ഫോൺ ഉൾപ്പെടെ കേടു വന്നു എന്നും അനീഷ് പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇടയ്ക്ക് വിളിച്ച് വിവരം അറിയിക്കാമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ആരും വിളിക്കാതായതോടെ പിതാവിന്റെ ഫോണിലേയ്ക്ക് വിളിച്ച് വിവരം തിരക്കി. മൂന്നാമത്തെ ദിവസം മുതൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ എന്തായി എന്നറിയാതെ വിഷമത്തിലായി. ഒടുവിൽ മറ്റു പലരെയും ബന്ധപ്പെട്ട് മെഡിക്കൽ സൂപ്രണ്ടിനെ വിളിച്ചാണ് പിതാവ് കിടക്കുന്ന ഐസിയുവിലേയ്ക്ക് വിളിക്കാൻ സാധിച്ചത്. കുഴപ്പമൊന്നുമില്ല, രക്തത്തിൽ ഓക്സിജൻ കുറവുണ്ട്, വേറെ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. എന്നാൽ പിതാവുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നു ദിവസം കഴിഞ്ഞതോടെയാണ് ചില രാഷ്ട്രീയക്കാരെ സ്വാധീനിച്ച് ആശുപത്രിയിൽ കടന്ന് പിതാവിനെ കാണാൻ ശ്രമിച്ചത്.

പി.പി.ഇ കിറ്റ് ധരിച്ച് നേരിട്ട് കാണുമ്പോൾ ചോര സമീപത്ത് കെട്ടി നിൽക്കുന്നത് കണ്ടപ്പോഴാണ് എന്താണെന്ന് ചോദിക്കുന്നത്. 'നിങ്ങൾ എവിടെയായിരുന്നു ഇത്ര ദിവസം, എന്നെ ഇവിടെ ഇട്ട് കൊല്ലാക്കൊല ചെയ്യുകയായിരുന്നു എന്നാണ് പിതാവ് പറഞ്ഞത്. ക്യാനുല അടയ്ക്കാതെ പോയതിനെ തുടർന്ന് ചോര തെറിച്ച് മൊബൈൽ ഫോൺ പോലും കേടു വന്നു. അത് തെളിവിനു വേണ്ടി സൂക്ഷിച്ചിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്ന് പറയുമ്പോഴാണ് ക്യാനുലയിലൂടെ ഇത്രയധികം രക്ത നഷ്ടമുണ്ടായിരിക്കുന്നത്. ഫോണിൽ വിളിക്കാൻ സാധിക്കാത്തത് ചോദിച്ചപ്പോൾ ചാർജ് തീർന്നതിനാലാണ്, കുത്തിയിടാൻ സാധിക്കില്ല എന്നായിരുന്നു മറുപടി. പിതാവിന്റെ ദയനീയ സ്ഥിതി നേരിട്ട് മനസ്സിലായതോടെ രണ്ടു ലക്ഷം രൂപ കടം വാങ്ങി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.

കഴിഞ്ഞ 11ന് രാത്രിയിലാണ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അബ്ദുൾ ഖാദറിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടും ചുമയും കൂടിയതിനെ തുടർന്ന് കളമശേരിയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് മുമ്പ് ആശുപത്രിയിൽ എത്തിയെങ്കിലും രാത്രി 11മണിക്കാണ് ഐസിയുവിലേയ്ക്ക് മാറ്റിയത്. എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്ന് പേടിക്കേണ്ട എന്നും അധികൃതർ പറഞ്ഞു. സഹായത്തിന് ആരും നിൽക്കേണ്ട ആവശ്യമില്ലെന്നും എല്ലാത്തിനും വേണ്ട ജീവനക്കാർ ഉണ്ടെന്നും പറഞ്ഞിരുന്നു. ഈ വാക്ക് വിശ്വസിച്ച് പോയതാണ് തങ്ങൾ ചെയ്ത തെറ്റെന്നും അവർ മറുനാടനോട് പറഞ്ഞു.

പത്തിലേറെ നഴ്സുമാർ ഐ.സി.യുവിലുണ്ട്, എല്ലാവരും വേണമെങ്കിൽ മതി എന്ന മട്ടിലാണ് പെരുമാറിയത്. എന്തെങ്കിലും ചോദിച്ചാൽ മര്യാദയ്ക്ക് ഒരു കാര്യവും പറയില്ല. തർക്കുത്തരം മാത്രമേ പറയൂ. ഒരു നഴ്സുമാർ പോലും രോഗികളുടെ അടുത്തേയ്ക്ക് പോകുന്നത് ആ സമയം ഞാൻ കണ്ടില്ല. അത്ര ഗൗരവമില്ലാതെയാണ് അവർ രോഗിതളെ കൈകാര്യം ചെയ്യുന്നത്. ഗുരുതരമായ അനാസ്ഥയാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്. ഏറ്റവും മോശം ചികിത്സയും മോശം പെരുമാറ്റവുമാണ് ആശുപത്രിയുടെ ഉള്ളിൽ കാണാൻ കഴിഞ്ഞത്.

പിതാവിന് ആദ്യം ന്യൂമോണിയ ഇല്ല എന്നാണ് പറഞ്ഞതെങ്കിൽ പിന്നീട് ന്യൂമോണിയ കൂടുതലാണെന്നു പറഞ്ഞു. ഇതോടെ പിതാവിനെ ഇനി ഇവിടെ കിടത്തുന്നത് ശരിയല്ലെന്നു മനസിലായി. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചു. ആശുപത്രി മാറുന്നതിന് ആരും തടസം പറഞ്ഞില്ല എന്നും അനീഷ് പറയുന്നു. ഈ ദിവസങ്ങളിലാണ് ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുറത്തു വന്നതും ആരോപണങ്ങൾ ഉയർന്നതും. ചൊവ്വാഴ്ച പുലർച്ചെ തന്നെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഒരുപാട് പാവപ്പെട്ട രോഗികൾ അവിടെയുണ്ട്. ഇപ്പോഴെങ്കിലും ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ അവർക്കും ഇതേ ഗതിയായിരിക്കും ഉണ്ടാകുക. അവർക്കെങ്കിലും നല്ല ചികിത്സ കിട്ടണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വൈകാതെ അധികൃതർക്ക് പരാതി നൽകാനാണ് തീരുമാനം. ഇപ്പോൾ പിതാവിനൊപ്പം നിൽക്കേണ്ടതിനാലാണ് പരാതി നൽകാൻ വൈകുന്നതെന്നും അനീഷ് വ്യക്തമാക്കി.

ഇതോടെ കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ ജൂനിയർ റെസിഡന്റ് ഡോക്ടർ നജ്മ സലീം ഉന്നയിച്ച ആരോപണങ്ങൾക്ക് കൂടുതൽ ബലം പകരുകയാണ്. കൂടുതൽ രോഗികളും ബന്ധുക്കളും മെഡിക്കൽ കോളേജിനെതിരെ പരാതിയുമായെത്തുമ്പോൾ അധികൃതർ കൂടുതൽ പ്രതിരോധത്തിലുമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP