Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

28 കവലകളും പ്രധാന ടൗണുകളും ഉൾപ്പെടെ നവീകരിച്ചുള്ള റോഡ് വികസനം; 14 മീറ്റർ വീതിയിലുള്ള പാതയുടെ ഇരുവശവും രണ്ടു മീറ്റർ നടപ്പാതയും; ടൗണുകളിൽ ബസ് ബേയും സ്കൂളുകളുടെ ഭാ​ഗത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളും; 737.64 കോടി രൂപ ചെലവിൽ പുനലൂർ- പൊൻകുന്നം പാത പൂർത്തിയാകുന്നതോടെ ചിറക് വെക്കുന്നത് പത്തനംതിട്ട ജില്ലയുടെ വികസന കുതിപ്പിന്

28 കവലകളും പ്രധാന ടൗണുകളും ഉൾപ്പെടെ നവീകരിച്ചുള്ള റോഡ് വികസനം; 14 മീറ്റർ വീതിയിലുള്ള പാതയുടെ ഇരുവശവും രണ്ടു മീറ്റർ നടപ്പാതയും; ടൗണുകളിൽ ബസ് ബേയും സ്കൂളുകളുടെ ഭാ​ഗത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളും; 737.64 കോടി രൂപ ചെലവിൽ പുനലൂർ- പൊൻകുന്നം പാത പൂർത്തിയാകുന്നതോടെ ചിറക് വെക്കുന്നത് പത്തനംതിട്ട ജില്ലയുടെ വികസന കുതിപ്പിന്

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പുനലൂർ- പൊൻകുന്നം പാത പൂർത്തിയാകുന്നതോടെ പത്തനംതിട്ട ജില്ലയുടെ വികസന കുതിപ്പിന് വേ​ഗമേറും. ലോകബാങ്ക് സഹായത്തോടെ 737.64 കോടി രൂപ ചെലവിൽ കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നടത്തുന്ന റോഡ് വികസനം നടക്കുന്നതും അതിവേ​ഗത്തിലാണ്. ജില്ല കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റോഡ് വികസനം പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡെന്ന ഖ്യാതിയും ഇതിന് സ്വന്തമാകും. പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82.11 കിലോമീ​റ്റർ വികസനമാണ് കെ.എസ്.ടി.പി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

28 കവലകളും പ്രധാന ടൗണുകളും ഇതോടൊപ്പം നവീകരിക്കുന്നുണ്ട്. 114 കലുങ്കുകൾ വികസിപ്പിക്കാനും മൂന്ന് ചെറിയ പാലങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. പൊൻകുന്നം മുതൽ മൂവാ​റ്റുപുഴ വരെയുള്ള ഭാഗം നേരത്തെ പി.പി.പി ( പബ്ളിക് പ്രൈവറ്റ് പാട്ണർഷിപ്പ്) മാതൃകയിൽ നിർമ്മിച്ചിരുന്നു.

737.64 കോടി രൂപയാണ് അടങ്കൽ തുക. കോന്നി മുതൽ പ്ലാച്ചേരി വരെ 30.16 കിലോമീ​റ്ററിന് 274.24 കോടി രൂപയും പുനലൂർ മുതൽ കോന്നി വരെയുള്ള 29.84 കിലോമീ​റ്ററിന് 226.61 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 14 മീ​റ്റർ വീതി യുള്ള റോഡിന്റെ ടാറിങ് 10 മീ​റ്ററാണ്. രണ്ടു മീ​റ്റർ നടപ്പാതയും ചേർന്നതാണ് പണിപൂർത്തിയാകുന്ന പുനലൂർ- പൊൻകുന്നം പാത. ടൗണുകളിൽ ബസ് ബേയും സ്കൂളുകളുടെ ഭാ​ഗത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളും ചേർന്നതാണ് പുനലൂർ- പൊൻകുന്നം പാതയുടെ വികസനം.

കോന്നി, ചി​റ്റൂർ മുക്ക്, മല്ലശേരി മുക്ക്, കുമ്പഴ വടക്ക്, മൈലപ്റ, മണ്ണാറക്കുളഞ്ഞി, ഉതിമൂട്, മന്ദിരം പടി, കുത്തുകല്ലുംപടി, ബ്‌ളോക്കുപടി, തോട്ടമൺകാവ്, റാന്നി പെരുമ്പുഴ ബസ് സ്​റ്റാൻഡ്, മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, മന്ദമരുതി, മക്കപ്പുഴ തുടങ്ങിയ 28 ജംഗ്ഷനുകളും ടൗണുകളുമാണ് വികസിപ്പിക്കുന്നത്. ടൗണുകളിൽ 6.5 കിലോമീ​റ്റർ ദൂരത്തിൽ നടപ്പാതയും കൈവരിക്കും സ്ഥാപിക്കും.‌ ഇതിന്റെയെല്ലാം പ്രവർത്തനങ്ങൾ ധ്രുത​ഗതിയിലാണ് നടക്കുന്നത്.

യന്ത്ര സഹായത്തോടെ നടത്തുന്ന പണികൾ ഓരോ ദിവസവും റോഡിന് വലിയ രൂപമാറ്റമാണ് വരുത്തുന്നത്. മലയും കുന്നും ഇടിച്ചും കരിങ്കല്ലുകൾ പൊട്ടിച്ചു നീക്കിയും കൊക്കയുടെ വശങ്ങൾ കെട്ടി ഉയർത്തി നടത്തുന്ന പണികൾ ജില്ല കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ റോഡ് വികസനമാണ്. കുമ്പഴ വടക്ക് മുതൽ മണ്ണാരക്കുളഞ്ഞി ഭാഗത്തേക്ക് റോഡ് വീതി കൂട്ടുന്ന പണികൾ തീർന്ന ഭാഗത്ത് കോൺക്രീറ്റ് ഓട സ്ഥാപിക്കലും നടക്കുന്നു. ഇതിനു പുറമേ വൈദ്യുതി പോസ്റ്റുകൾ വശത്തേക്ക് മാറ്റുന്നതും ശുദ്ധജല കുഴലുകൾ ഇടുന്നതും നടക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയായ ശേഷം പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനാണിത്. റോഡിന്റെ കരാറുകാർ തന്നെയാണ് പൈപ്പിടുന്നതും വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതും.

മൈലപ്രയ്ക്കും മണ്ണാരക്കുളഞ്ഞിക്കും മധ്യേ ഗതാഗതം പൂർണമായും നിരോധിച്ചുള്ള പണികളാണ് നടക്കുന്നത്. റോഡിന് ഏറ്റവും വലിയ രൂപ മാറ്റം വന്നത് രണ്ടാം കലുങ്ക് ഭാഗത്താണ്. ഇവിടുത്തെ ‘എസ്’ ആകൃതിയിലുള്ള വളവ് നേരെയാക്കാൻ പാറപൊട്ടിച്ച് നീക്കുകയാണ്. 6 മീറ്റർ വരെ ഉയരത്തിൽനിന്നു തൂക്കായി കരിങ്കല്ല് പൊട്ടിച്ചു നീക്കി. തയ്യിൽ പടിക്കു സമീപത്തെ ഒന്നാം കലുങ്ക് പുതിയ അലൈന്മെന്റ് അനുസരിച്ച് മാറ്റിയാണ് പണിയുന്നത്.

മൂഴിയാർമുക്കു മുക്ക് മുതൽ വെളിവയൽ പടി വരെയുള്ള ഭാഗം അപകട മേഖലയാണ്. ഇവിടെ മലയുടെ ഭാഗം ഇടിച്ച് വീതി കൂട്ടി. കല്ലുകൾ പൊട്ടിച്ചു നീക്കുന്ന പണികൾ നടക്കുന്നു. ഒപ്പം കൊക്കയുടെ ഭാഗത്ത് ഇരുമ്പ് വലയിൽ കരിങ്കല്ല് അടുക്കിയാണ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. വലിയ വളവ് ഉള്ള ഭാഗത്ത് കലുങ്കിന്റെ പണികളും നടക്കുന്നു. ഉതിമൂട് ജംക്‌ഷൻ മുതൽ വലിയ കലുങ്ക് വരെയുള്ള വീതികൂട്ടൽ 60 ശതമാനമായി. കോൺക്രീറ്റ് ഓട സ്ഥാപിക്കൽ, കലുങ്ക് നിർമ്മാണം എന്നിവയും വേഗത്തിലാണ് പൂർത്തിയാകുന്നത്.

രണ്ടാം കലുങ്ക് മുതൽ മണ്ണാരക്കുളഞ്ഞി ചന്ത വരെയുള്ള ഭാഗത്തുകൊക്കയുള്ള വശം കെട്ടി ഉയർത്തി മണ്ണിട്ട് നികത്തിയെടുക്കാനുള്ള പണികൾ നടക്കുന്നു. മണ്ണാരക്കുളഞ്ഞി ചന്തയ്ക്കു സമീപത്തെ കൊടുംവളവ് നേരെയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു, സ്ഥലം ഏറ്റെടുത്ത് കലുങ്ക് നിർമ്മിച്ചാണ് ഇവിടെ വളവ് നേരെയാക്കുന്നത്. മണ്ണാരക്കുളഞ്ഞി ആശുപത്രിക്കും മൂഴിയാർ മുക്കിനും മധ്യേ റോഡ് നിർമ്മാണത്തിൽ വലിയ പുരോഗതിയാണ് ഉള്ളത്. ഇവിടെ റോഡിന്റെ ഒരുവശം കെട്ടി ഉയർത്തി മണ്ണിട്ടു. മേക്കൊഴൂർ വഴിയുള്ള റോഡ് ചേർന്ന ഭാഗത്ത് വലിയ വീതിയിലാണ് വെട്ടുന്നത്.

ഇവിടെ വലിയ ഉരുളൻ കല്ലുകൾ യന്ത്രസഹായത്തോടെ വശം കെട്ടാൻ പാകത്തിൽ പൊട്ടിച്ചു മാറ്റുകയാണ്. മേക്കൊഴൂർ റോഡ് ചേരുന്ന ഭാഗം മുതൽ മൂഴിയാർ മുക്ക് വരെ കരിങ്കല്ല് അടുക്കി വശം കെട്ടി ഉയർത്തുന്ന ജോലികൾ പുരോഗമിക്കുന്നു.ഏറ്റവും ആകർഷകമായ പണികൾ നടക്കുന്നത് വാളിപ്ലാക്കൽ എൻഎംഎൽപി സ്കൂളിന് സമീപത്താണ്. വശം കെട്ടി ഉയർത്തുന്ന ജോലികളാണ് ഇവിടെയും നടക്കുന്നത്. റാന്നി വൈക്കം ഗവ. യുപി സ്കൂളിന്റെ മുറ്റം മുഴുവൻ റോഡിനായി എടുത്തു. കോൺക്രീറ്റ് ഭിത്തി കെട്ടുന്ന ജോലിയാണ് ഇവിടെ നടക്കുന്നത്. അതേസമയം, റാന്നി ബ്ലോക്ക് പടിക്കും ഉതിമൂടിനും ഇടയിൽ വളവുകൾ നേരെയാക്കി പുതിയ അലൈന്മെന്റിലൂടെ റോഡ് നിർമ്മിക്കുന്ന ജോലികൾ നേരത്തെ തുടങ്ങിയതാണെങ്കിലും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞാണു നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP