Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുണ്ടയും റൗഡിയുമായി ആരേയും ജയിലിൽ അടയ്ക്കാം; കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നൽകണമെന്ന ആവശ്യത്തെ ഐഎഎസുകാർ അംഗീകരിക്കില്ല; ഭരണം മാറിയാൽ സഖാക്കളേയും ഒരു കൊല്ലം അഴിക്കുള്ളിലാക്കാൻ നിയമം പൊലീസ് ഉപയോഗിക്കുമോ എന്ന ഭയം സിപിഎമ്മിലും സജീവം; കാപ്പയിൽ പൊലീസിന് കൂടുതൽ അധികാരം കിട്ടുമോ?

ഗുണ്ടയും റൗഡിയുമായി ആരേയും ജയിലിൽ അടയ്ക്കാം; കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നൽകണമെന്ന ആവശ്യത്തെ ഐഎഎസുകാർ അംഗീകരിക്കില്ല; ഭരണം മാറിയാൽ സഖാക്കളേയും ഒരു കൊല്ലം അഴിക്കുള്ളിലാക്കാൻ നിയമം പൊലീസ് ഉപയോഗിക്കുമോ എന്ന ഭയം സിപിഎമ്മിലും സജീവം; കാപ്പയിൽ പൊലീസിന് കൂടുതൽ അധികാരം കിട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറ്റവാളികൾക്കെതിരേ സമൂഹവിരുദ്ധനിയമം(കാപ്പ) ചുമത്തുന്നതിനുള്ള അധികാരം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് പൊലീസ്, ജയിൽ പരിഷ്‌കരണസമിതി റിപ്പോർട്ട് വിവാദമാകും. ഇതോടെ ഇഷ്ടമില്ലാത്ത ആരേയും പൊലീസിന് ദീർഘകാലം ജയിൽ അഠയ്ക്കാനാകും. കളക്ടർമാരുടെ ജോലിഭാരം കൂടിയ സാഹചര്യത്തിലും കാപ്പ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടുന്നതിനാലും ഡി.ഐ.ജി. മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് ഈ നിയമം ചുമത്തുന്നതിനുള്ള അധികാരം നൽകണമെന്നാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതിയുടെ ശുപാർശ

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ മഹാരാഷ്ട്രയിലുള്ളതുപോലെ സംസ്ഥാനത്തും സംഘടിത കുറ്റകൃത്യനിയന്ത്രണനിയമം നിർമ്മിക്കണമെന്നും പൊലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കഴിവില്ലാത്തവരെയും പിരിച്ചുവിടണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഇതൊന്നും നടത്താതെ കാപ്പയിലെ ശുപാർശമാത്രം നടപ്പാക്കാനാണ് നീക്കം. ഇതാണ് വിവാദത്തിന് സാധ്യത ഒരുക്കുന്നത്. 16 ലക്ഷത്തിലേറെ കേസുകളാണു സംസ്ഥാനത്തു തെളിയിക്കാനുള്ളതെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി. കുറ്റകൃത്യം തടയുന്നതും കേസുകൾ തെളിയിക്കുന്നതുമാണു പൊലീസിന്റെ പ്രധാന കടമ. അതിനു സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു സമയം നൽകണം. കുറ്റകൃത്യം മുൻകൂട്ടി കണ്ടെത്തി തടയുന്നതിനു തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സേവനം പൊലീസ് തേടണമെന്നും ശുപാർശയുണ്ട്.

എന്നാൽ ജില്ല കളക്ടർമാരിൽ നിന്ന് കാപ്പ അധികാരം എടുത്തു കളയാനുള്ള നീക്കത്തെ ഐഎഎസുകാർ അനുകൂലിക്കാൻ ഇടയില്ല. നേരത്തെ തിരുവനന്തപുരത്ത് കമ്മീഷർക്ക് അമിതാ അധികാരം നൽകാനുള്ള നീക്കത്തേയും ഇവർ പൊളിച്ചിരുന്നു. ഇതിന് സമാനമായ സാഹചര്യം വീണ്ടും ഉണ്ടാക്കും. പൊലീസ് ഏകാധിപത്യ സ്വഭാവത്തോടെ പ്രവർത്തിക്കാതിരിക്കാനാണ് കാപ്പയിലെ അധികാരം ജില്ലാ ഭരണകൂടത്തിന് നൽകുന്നത്. ഇതു മാറ്റുന്നതുൾപ്പെടെ പല പരിഷ്‌കാരങ്ങളും കമ്മീഷൻ റിപ്പർട്ടിലുണ്ട്. ഇപ്പോൾ പൊലീസിന് കാപ്പ ചുമത്താനുള്ള അധികാരം നൽകിയാൽ ഭരണമാറ്റമുണ്ടായാൽ അത് സിപിഎം നേതാക്കൾക്കെതിരേയും പ്രവർത്തകർക്കെതിരേയും ഉപയോഗിക്കാനുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ സർക്കാരും തീരുമാനം എടുക്കൂ

2007- ലാണ് കേരള ആന്റിസോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്( കാപ്പ) നിലവിൽ വന്നത്. പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്നവരെ ഈ നിയമം ചുമത്തി ഒരുവർഷംവരെ ജയിലിലടയ്ക്കാം. ഗുണ്ട, റൗഡി എന്നീ വിഭാഗമായി പരിഗണിച്ചാണ് ശിക്ഷ തീരുമാനിക്കുന്നത്. കേസിൽ ഉൾപ്പെടുത്താവുന്നവരെ സംബന്ധിച്ച് 2014-ൽ നിയമഭേദഗതി വന്നു. ഒരാൾക്കുമേൽ ജില്ലാ പൊലീസ് മേധാവി കളക്ടർക്ക് നൽകുന്ന ശുപാർശയോടെയാണ് നടപടികൾക്ക് തുടക്കമാകുന്നത്. സാമൂഹികസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരക്കാരെ കാപ്പനിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ കളക്ടറാണ് ഉത്തരവിടുന്നത്. ഈ ചുമതല പൊലീസിന് നൽകണമെന്നാണ് ആവശ്യം.

തടവുകാരെ നേരിട്ട് കോടതിയിൽ ഹാജരാക്കുന്നതിന് പകരം വീഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗിക്കണം. എല്ലാ കോടതിവളപ്പുകളിലും ജയിൽസെല്ലുകൾ ആരംഭിക്കണമെന്നും മുൻ ജയിൽമേധാവി ഡോ. അലക്സാണ്ടർ ജേക്കബ്, സൈബർ സുരക്ഷാവിദഗ്ധൻ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവർ അംഗങ്ങളായ സമിതി റിപ്പോർട്ടിലുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വിവരശേഖരണവും ബോധവത്കരണവും നടത്തണം. കേസ് ഡയറികൾ പൂർണമായും ഡിജിറ്റലാക്കണം. കെട്ടിക്കിടക്കുന്ന കേസുകൾ പൂർത്തിയാക്കാൻ പ്രത്യേക സംവിധാനമൊരുക്കണം. ക്രമസമാധാനപാലനവും അന്വേഷണവും രണ്ടുവിഭാഗമാക്കണം. വസ്തുതർക്കം, കുടുംബതർക്കം തുടങ്ങിയ ചെറിയതർക്കങ്ങൾ സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിയുമായി ചേർന്ന് പരിഹരിക്കാനുള്ള ശ്രമങ്ങൾ വേണമെന്നും ആവശ്യപ്പെടുന്നു.

സാമ്പത്തികതട്ടിപ്പുകൾ തടയുന്നതിനായി കേരള പൊലീസിൽ ഒരു സാമ്പത്തിക നിരീക്ഷണവിഭാഗം രൂപവത്കരിക്കണം. നിക്ഷേപങ്ങൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ നിയമാനുസൃതമാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുകയും വേണം. പൊലീസ് നിയമത്തിന്റെ ചട്ടങ്ങൾ എത്രയുംവേഗം പ്രസിദ്ധപ്പെടുത്തണം. കേസന്വേഷണങ്ങൾക്ക് സൈബർതെളിവുകൾ, സൈബർ പരിശോധനകൾ തുടങ്ങിയവ ശക്തമാക്കണം. ജയിലുകളിൽ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കണം. പുരുഷനഴ്സുമാരുടെ കുറവ് ഉൾപ്പടെയുള്ളവ വർധിപ്പിക്കണം. ജയിലുകളിൽ കൃഷി, ഭക്ഷണനിർമ്മാണം എന്നിവയിലെ ഉത്പാദനം വർധിപ്പിക്കണം. തടവുകാർക്ക് ഇൻസെന്റീവ് നൽകണം.

സംസ്ഥാനതലത്തിൽ ജയിൽ ഉപദേശകസമിതി രൂപവത്കരിക്കണമെന്നും വിരമിച്ച ജഡ്ജിയെ സമിതിയുടെ അധ്യക്ഷനാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. എല്ലാ ജില്ലകളിലും മൊബൈൽ ഫൊറൻസിക് ലാബുകൾ ആരംഭിക്കുന്നതിനൊപ്പം വിരലടയാള പരിശോധനാ ബ്യൂറോകൾ ആധുനികവത്കരിക്കാനും സമിതി ശുപാർശ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP