Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാധ്യമങ്ങളിൽ പറയുന്ന ആ ഓൺലൈൻ പത്രം മറുനാടനാണ്; പഞ്ചരത്‌നങ്ങളിലെ നാളെ വിവാഹിതരാകുന്ന മൂന്ന് പേരിൽ ഒരാൾ മറുനാടൻ ലേഖിക; ഉത്തരയും രണ്ട് സഹോദരിമാരും നാളെ ഗുരുവായൂരിലെ വിവാഹ വേദിയിലേക്ക്

മാധ്യമങ്ങളിൽ പറയുന്ന ആ ഓൺലൈൻ പത്രം മറുനാടനാണ്; പഞ്ചരത്‌നങ്ങളിലെ നാളെ വിവാഹിതരാകുന്ന മൂന്ന് പേരിൽ ഒരാൾ മറുനാടൻ ലേഖിക; ഉത്തരയും രണ്ട് സഹോദരിമാരും നാളെ ഗുരുവായൂരിലെ വിവാഹ വേദിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പഞ്ചരത്‌നങ്ങളിൽ മൂന്നു പേരുടെ വിവാഹമാണ് നാളെ. രാവിലെ 7.45 ന് കണ്ണന്റെ തിരുനടയിൽ 'പഞ്ചരത്‌നങ്ങളി'ൽ മൂന്നു പേർക്കു മാംഗല്യ സൗഭാഗ്യം. കൃഷ്ണ ഭക്തയായ അമ്മ രമാദേവിയുടെ പ്രാർത്ഥനാ സാഫല്യം. അമ്മയും മക്കളും ഇന്നലെ വൈകിട്ടോടെ ഗുരുവായൂരിൽ എത്തി. ഏപ്രിൽ 26 ന് നടത്താനിരുന്ന വിവാഹം കോവിഡ് വ്യാപനത്തിൽ വരന്മാർ വിദേശത്തു കുടുങ്ങിയതോടെ നീട്ടി വയ്ക്കുകയായിരുന്നു.

ഒരുമിച്ചു പിറന്നു വാർത്തകളിൽ ഇടം നേടിയ പഞ്ചരത്‌നങ്ങളിൽ മൂന്നു സഹോദരിമാരാണു നാളെ വിവാഹിതരാകുന്നത്. ഫാഷൻ ഡിസൈനറായ ഉത്രയെ മസ്‌കത്തിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്.അജിത്കുമാറും ഓൺലൈൻ മാധ്യമപ്രവർത്തന രംഗത്തുള്ള ഉത്തരയെ കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ കെ.ബി.മഹേഷ് കുമാറും അനസ്തീസിയ ടെക്‌നിഷ്യൻ ആയ ഉത്തമയെ മസ്‌കത്തിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി ജി.വിനീതും താലികെട്ടും. മനോരമയിലെ വാർത്തയാണ് ഇത്. ഇതിൽ ഉത്തര ജോലി ചെയ്യുന്നത് ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയിലാണ്. മറുനാടന്റെ ലേഖികയാണ് ഉത്തര.

കൊച്ചി അമൃത മെഡിക്കൽ കോളജിൽ അനസ്തീസിയ ടെക്‌നിഷ്യൻ ആയ ഉത്രജയുടെ വിവാഹം പിന്നീടു നടക്കും. വരൻ കുവൈത്തിൽ അനസ്തീസിയ ടെക്‌നിഷ്യനായ പത്തനംതിട്ട സ്വദേശി ടി.ആകാശിന് ഇനിയും നാട്ടിലെത്താനായിട്ടില്ല. ഏക മകൻ ഉത്രജൻ കാരണവർ സ്ഥാനത്തു നിന്നു സഹോദരിമാരുടെ കൈ പിടിച്ചേൽപ്പിക്കും. പ്രേംകുമാർ-രമാദേവി ദമ്പതികളുടെ മക്കളായി 1995 വൃശ്ചിക മാസത്തിലെ (നവംബർ 18) ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അഞ്ചു പേരുടെയും ജനനം. കേരളം ഏറെ ചർച്ച ചെയ്തതാണ് പഞ്ചരത്‌നം കഥ.

മക്കളുടെ ഒൻപതാം വയസ്സിൽ പ്രേംകുമാർ ജീവിതം അവസാനിപ്പിച്ചതോടെ വൻ കടബാധ്യതയ്ക്കു നടുവിൽ നിസ്സഹായരായിപ്പോയ കുട്ടികളെ മലയാളികൾ നെഞ്ചോട് ചേർത്തു. ചുമതലകളും ബാധ്യതകളും താങ്ങാനാകാതെ അമ്മ രമാദേവിയുടെ ഹൃദയതാളവും തെറ്റി. പിന്നീടു പേസ്‌മേക്കറിന്റെ സഹായത്തോടെയായി ജീവിതം. ജില്ലാ സഹകരണ ബാങ്ക് പോത്തൻകോട് ശാഖയിൽ രമാദേവിക്കു ജോലി ലഭിച്ചതും ആശ്വാസമായി. അവിടെ നിന്നായിരുന്നു ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള യാത്ര. ഈ യാത്രയിൽ രമാദേവിക്ക് കരുത്തയാത് കൃഷ്ണ ഭക്തി കൂടിയാണ്. അതുകൊണ്ടാണ് മക്കളുടെ വിവാഹ വേദിയായി ഗുരുവായൂരപ്പന്റെ നട തെരഞ്ഞെടുത്തതും.

1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിക്കും മക്കൾ ജനിക്കുന്നത്. എന്നാൽ കുട്ടികൾക്ക് 10 വയസാകും മുൻപേയായിരുന്നു പ്രേംകുമാറിന്റെ അപ്രതീക്ഷിത വിയോഗം. അതിന് ശേഷവും ഹൃദ്രോഗത്തിന്റെ രൂപത്തിൽ പഞ്ചരത്‌നത്തിലേക്ക് വിധിയൂടെ ക്രൂരത കടന്നുവന്നു. പെയ്‌സ്‌മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. ആ സമയത്താണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രമാദേവിക്കും മക്കൾക്കും ആശ്വാസത്തിന്റെ തണലൊരുക്കുന്നത്. രമാദേവിക്ക് സഹകരണ ബാങ്കിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ ജോലി ലഭിച്ചു. ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു അഞ്ച് കൺമണികളുടേയും ജനനം. നാല് പെൺമക്കൾക്ക് കൂട്ടായുള്ള സഹോദരൻ ഉത്രജനാണ് അച്ഛന്റെ സ്ഥാനത്ത് നിന്നും വിവാഹം നടത്തുന്നത്.

അമ്മയാണ് ഞങ്ങൾക്ക് എല്ലാം. അമ്മയുടെ ശക്തികൊണ്ടാണ് ഇവിടം വരെ എത്തിയത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് അമ്മ ഞങ്ങളെ വളർത്തിയത്. അതൊന്നും ഒരിക്കലും മറാക്കാനാകില്ല. ഞങ്ങൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ ചില രാത്രികളിൽ അമ്മയ്ക്ക് വയ്യാതാകുമായിരുന്നു. ആ അവസ്ഥയിലും അമ്മയുടെ ആത്മധൈര്യമാണ് മൂന്നോട്ട് നയിച്ചത്. ഞങ്ങളെ വളർത്താൻ അമ്മ കഷ്ടതകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.-ഇതാണ് അമ്മയുടെ കരുതലിനെ കുറിച്ച് ഉത്തരയ്ക്ക് പറയാനുള്ളത്.

വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ ഞങ്ങളെക്കുറിച്ചും ഞങ്ങളുടെ സ്‌നേഹത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കുന്നവർ വേണമെന്നുണ്ടായിരുന്നു. എല്ലാവർക്കും ഏകദേശം ഒരേസമയത്താണ് ആലോചന വരുന്നത്. ഓരേ ദിവസം തന്നെ വിവാഹിതരാകാനാണ് ആഗ്രഹമെന്ന് ആദ്യമേ പറഞ്ഞിരുന്നു. അത് എല്ലാവർക്കും സമ്മതമായി. ഞങ്ങളുടെ ഭാവിവരന്മാരുടെ വീട്ടുകാരും ഈ സ്‌നേഹം ഇതുപോലെ തന്നെ നിലനിർത്തണമെന്ന് തന്നെയാണ് പറയുന്നത്. വീട് കല്യാണത്തിന്റെ തിരക്കിലേക്ക് എത്തുന്നതേയുള്ളൂ. എല്ലാ ആഘോഷങ്ങൾക്കും ഞങ്ങൾ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്.

കല്യാണദിവസവും എല്ലാവരും ഓരേ പോലെ തന്നെ പന്തലിലേക്ക് കയറണമെന്നാണ് ആഗ്രഹം. അച്ഛനില്ലാത്തതിന്റെ കുറവ് നികത്തുന്നത് ഉത്രജനാണ്. അവനാണ് ഞങ്ങളുടെ ബലം. അവനു വിദേശത്ത് ജോലി ശരിയായിട്ടുണ്ട്. ഞങ്ങളുടെ വിവാഹശേഷം അവനും അവിടേക്ക് പോകും-ഉത്തര പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP