Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കമ്പനി ഉടമയെ അറിയാമായിരുന്നെന്നും സംരഭം തുടങ്ങിയപ്പോൾ നിക്ഷേപകരെ നിർദേശിച്ചെന്നും സമ്മതിച്ച് പിഎ; പരിവാർ നേതാവിനെ കുടുക്കാൻ ശ്രമിച്ചത് സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയിച്ച് ആർ എസ് എസ്; പണം കൊടുത്ത് കേസ് പിൻവലിക്കാൻ നീക്കം; കുമ്മനത്തെ പ്രതിരോധിക്കാൻ സുരേന്ദ്രനും; ആറന്മുള കേസും ചർച്ചയാക്കുന്നത് ബിജെപിയിലെ വിഭാഗീയത

കമ്പനി ഉടമയെ അറിയാമായിരുന്നെന്നും സംരഭം തുടങ്ങിയപ്പോൾ നിക്ഷേപകരെ നിർദേശിച്ചെന്നും സമ്മതിച്ച് പിഎ; പരിവാർ നേതാവിനെ കുടുക്കാൻ ശ്രമിച്ചത് സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയിച്ച് ആർ എസ് എസ്; പണം കൊടുത്ത് കേസ് പിൻവലിക്കാൻ നീക്കം; കുമ്മനത്തെ പ്രതിരോധിക്കാൻ സുരേന്ദ്രനും; ആറന്മുള കേസും ചർച്ചയാക്കുന്നത് ബിജെപിയിലെ വിഭാഗീയത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ പ്രതിയാക്കിയതിന് പിന്നിലെ ബിജെപിയിലെ ഉൾ പാർട്ടി പ്രശ്‌നങ്ങൾക്കും പങ്കുണ്ടെന്ന സംശയത്തിൽ ആർ എസ് എസ്. കുമ്മനത്തെ പ്രതിരോധിക്കാൻ ബിജെപി ഔദ്യോഗിക നേതൃത്വം രംഗത്തു വന്നത് ഇതിന്റെ ഭാഗമാ്. സംസ്ഥാന സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതികരിച്ചു കഴിഞ്ഞു. ബിജെപിയെ തകർക്കാനാണു ശ്രമമാണിത്. കുമ്മനത്തിന് എതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. കുമ്മനം സംശുദ്ധ രാഷ്ട്രീയത്തിനുടമയാണ്. പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗമാകാൻ കുമ്മനം യോഗ്യനാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിനിടെയിലും സംശയങ്ങൾ പുകയുകയാണ്.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്‌സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ.ഹരികൃഷ്ണന്റെ പരാതിയിലാണു കുമ്മനത്തിനെതിരെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും പൊലീസ് കേസെടുത്തത്. കുമ്മനം അടക്കം 9 പേരാണ് പ്രതികൾ. കുമ്മനത്തിന്റെ മുൻ പിഎ പ്രവീൺ ഒന്നാം പ്രതിയാണ്. സാമ്പത്തിക തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കും ആണ് ആറന്മുള പൊലീസ് കേസെടുത്തത്.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള സ്വദേശിയുടെ പരാതിയിലാണു കേസ്. കുമ്മനം നാലാം പ്രതിയാണ്. ശബരിമല ദേവപ്രശ്നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷിയാണ് പരാതിക്കാരനായ പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണൻ. ഇദ്ദേഹത്തെ അറിയാമെന്നും സാമ്പത്തിക ഇടപാടിൽ പങ്കെടുത്തിട്ടില്ലെന്നും കുമ്മനം വിശദീകരിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീർക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, കേസിലേക്ക് കുമ്മനം രാജശേഖരനെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി പ്രവീൺ വി.പിള്ള പറഞ്ഞു. മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിലാണ് കുമ്മനം രാജശേഖരനെ പ്രതി ചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കുമ്മനത്തെ പ്രതി ചേർത്തുള്ള കേസ് രാഷ്ട്രീയ വിവാദമായതോടെയാണ് പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് പണമിടപാടുകൾ നടത്തി ഒത്തു തീർപ്പിനായി ബിജെപി ശ്രമിക്കുന്നത്. പാലക്കാട്ടുള്ള ന്യൂ ഭാരത് ബയോടെക്‌നോളജി എന്ന കമ്പനിക്കെതിരെയാണ് ആറന്മുള സ്വദേശി പിആർ ഹരികൃഷണൻ പരാതി നൽകിയത്.

ഈ കമ്പനിയുടെ ഉടമ വിജയൻ പരാതിക്കാരന് നൽകാനുള്ള മുഴുവൻ പണവും നൽകാമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ തന്നെ സാന്നിധ്യത്തിൽ എത്രയും വേഗം ഇടപാടുകൾ തീർക്കാനാണ് തീരുമാനം. കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീൺ വി.പിള്ളയുടെ നിർദേശപ്രകാരമാണ് പരാതിക്കാരൻ കമ്പനിയിൽ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചർച്ച നടത്തിയിരുന്നെന്ന് പരാതിയിൽ പരാമർശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോൾ നിക്ഷേപകരെ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീൺ പറയുന്നത്.

അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെ ഉയർന്ന കേസിൽ ബിജെപിക്കുള്ളിലും ചേരിതിരിഞ്ഞുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പരാതിക്കാരനുമായി അടുപ്പമുള്ള പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവിനെതിരെയും ബിജെപി വിരൽ ചൂണ്ടുന്നു. ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഈ കേസുണ്ടാക്കിയെടുത്തതെന്നാണ് ആർ എസ് എസ് വിലയിരുത്തൽ.

കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ നയതന്ത്ര ചട്ടലംഘന പരാതി ഉയർന്നിരുന്നു. ഇതിന് പിന്നിലും സംസ്ഥാന ബിജെപിയിലെ ചിലരാണെന്ന വാദം സജീവമായിരുന്നു. ഈ കേസിൽ പ്രധാനമന്ത്രി മുരളീധരന് ക്ലീൻ ചിറ്റ് നൽകി. തൊട്ട് പിന്നാലെയാണ് കുമ്മനത്തെ പ്രതിയാക്കുന്ന കേസും വന്നത്. വ്യക്തമായ ഗൂഢാലോചന പാർട്ടിക്കുള്ളിൽ നടക്കുന്നുവെന്നാണ് വിലയിരുത്തൽ. അതിനിടെ കുമ്മനത്തിനെതിരായ കേസ് ഒതുക്കാൻ അണിയറയിൽ നീക്കം സജീവാണ്. നേരത്തെ മെഡിക്കൽ കോഴയിലും കുമ്മനത്തിന്റെ പേര് ചർച്ചയാക്കിയിരുന്നു. സംസ്ഥാന വിജിലൻസിന് ഈ കേസിൽ തെളിവ് കണ്ടെത്താനായിട്ടില്ല.

അതിനിടെ കുമ്മനത്തിനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ വെള്ളിയാഴ്ച ബിജെപി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ഉയർത്തി പ്രവർത്തകർ പ്രതിഷേധിക്കും. സ്വർണക്കടത്തിൽ നാണംകെട്ട സർക്കാർ കുമ്മനത്തിനെതിരെ കേസെടുത്ത് ബിജെപി വേട്ട നടപ്പിലാക്കുകയാണെന്നു സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കുമ്മനത്തെ അതിശക്തമായി പ്രതിരോധിക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. 2018 ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു വേളയിലാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ ശബരിമലയിലെത്തിയപ്പോഴും ചർച്ച നടത്തി. കുമ്മനത്തിന്റെ പഴ്‌സനൽ സെക്രട്ടറി പ്രവീണും പാർട്‌നർഷിപ് എടുക്കാൻ നിർബന്ധിച്ചു. കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കനറാ ബാങ്ക് ശാഖയിലേക്കു 36 ലക്ഷം രൂപ കൈമാറി.

പങ്കാളിത്ത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. 500 രൂപയുടെ പത്രത്തിൽ കരാർ എഴുതി ബ്ലാങ്ക് ചെക്ക് സഹിതം നൽകി. പണം മടക്കി ചോദിച്ചപ്പോൾ പലപ്പോഴായി 4 ലക്ഷം കിട്ടി. ശേഷിച്ച പണം കിട്ടാതെ വന്നപ്പോഴാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, ബിജെപി എൻആർഐ സെൽ കൺവീനർ എൻ.ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണു കേസിലെ മറ്റു പ്രതികൾ.

അതിനിടെ പരാതിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനെ ദീർഘനാളായി അറിയാമെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. കമ്പനി ആരംഭിക്കുന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെങ്കിലും താൻ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. പിഎ പ്രവീണിന് ഇക്കാര്യത്തിൽ ബന്ധമുണ്ടായിരുന്നോ എന്നറിയില്ല. തന്നെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്. പരാതി ഉണ്ടായപ്പോൾ തന്നോടു പ്രാഥമികമായി അന്വേഷിക്കാൻ പോലും പൊലീസ് തയാറായില്ലെന്നും കുമ്മനം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP