Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട് ഭാര്യ ആശ ഷാജിയുടെ പേരിൽ; കോർപറേഷനിൽ നിന്ന് അനുമതി വാങ്ങിയത് 3000 ചതുരശ്ര അടിയുള്ള വീട് നിർമ്മിക്കാൻ; അനുമതി ലംഘിച്ച് നിർമ്മിച്ചത് 5220 ചതുരശ്ര അടിയുള്ള ആഡംബര വീട്; രണ്ട് നില വീടിന്റെ അനുമതി വാങ്ങി മൂന്ന് നിലയും നിർമ്മിച്ചു; ആഡംബര നികുതിയും വെട്ടിച്ചു

കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട് ഭാര്യ ആശ ഷാജിയുടെ പേരിൽ; കോർപറേഷനിൽ നിന്ന് അനുമതി വാങ്ങിയത് 3000 ചതുരശ്ര അടിയുള്ള വീട് നിർമ്മിക്കാൻ; അനുമതി ലംഘിച്ച് നിർമ്മിച്ചത് 5220 ചതുരശ്ര അടിയുള്ള ആഡംബര വീട്; രണ്ട് നില വീടിന്റെ അനുമതി വാങ്ങി മൂന്ന് നിലയും നിർമ്മിച്ചു; ആഡംബര നികുതിയും വെട്ടിച്ചു

ജാസിം മൊയ്തീൻ

കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരം കോഴിക്കോട് നഗരസഭ ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തിയ അഴീക്കോട് എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട് ഭാര്യ ആശ ഷാജിയുടെ പേരിൽ. കോഴിക്കോട് നഗരസഭയിൽ ഉൾപ്പെടുന്ന വേങ്ങേരി താലൂക്കിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കോർപറേഷൻ നൽകിയ അനുമതികൾ ലംഘിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃതം ആഡംബര നികുതി അടക്കേണ്ട കെട്ടിടമാണ് ഈ വീട്. എന്നാൽ നാളിതുവരെയും ഈ ഇനത്തിൽ നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തി.

വേങ്ങേരി വില്ലേജിൽ സർവ്വെ നമ്പർ 62 ലാണ് വീട് നിർമ്മാണത്തിനായി കോഴിക്കോട് കോർപറേഷൻ പെർമിറ്റ് നൽകിയിരിക്കുന്നത്. 3000 ചതുരശ്ര അടിക്ക് താഴെയുള്ള വീട് നിർമ്മിക്കുന്നതിനാണ് കോർപറേഷനിൽ നിന്നും അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഭാര്യ ആശ ഷാജിയുടെ പേരിൽ കെഎം ഷാജി എംഎൽഎ നിർമ്മിച്ചിരിക്കുന്നത് 5220 ചതുരശ്ര അടി വലിപ്പമുള്ള ആഡംബര വീടാണ്. 2016ൽ തന്നെ ഇത്തരത്തിൽ അനുമതിയിൽ പറയുന്നതിനേക്കാൾ വലിപ്പത്തിൽ വീട് നിർമ്മിച്ചത് കണ്ടെത്തിയിരുന്നു. 2016ൽ വില്ലേജ് ഓഫീസർ ഇത് അളന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

നിയമപ്രകാരം 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് ആഡംബര നികുതി അടക്കണമെന്നാണ് ചട്ടം. ഇത് കാണിച്ച് 2016ൽ തന്നെ കെട്ടിട ഉടമ ആശ ഷാജിക്ക് കോർപറേഷൻ അധികൃതർ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും ഈ ഇനത്തിലേക്ക് കോർപറേഷനിൽ ഇവർ നികുതി അടച്ചിട്ടില്ല. രണ്ട് നിലയുള്ള വീടാണ് നിർമ്മിക്കുന്നത് എന്ന് കാണിച്ചാണ് നേരത്തെ കോർപറേഷനിൽ അനുമതിക്ക് അപേക്ഷ നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് നിലയുള്ള വീട് നിർമ്മിക്കാനുള്ള അനുമതിയാണ് കോർപറേഷൻ നൽകിയത്. എന്നാൽ ഈ വീട് ഇപ്പോഴുള്ളത് മൂന്ന് നിലകളായിട്ടാണ്. മാത്രവുമല്ല വീട് നിർമ്മാണത്തിന് അനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ച് കോർപറേഷനിൽ അതു സംബന്ധിച്ച വിവരം രേഖാമൂലം നൽകണം. ഇല്ലെങ്കിൽ അനുമതി റദ്ദാകുമെന്നും ചട്ടമുണ്ട്.

എന്നാൽ ഇത്രയും കാലത്തിനിടയിൽ വീട് നിർമ്മാണം പൂർത്തീകരിച്ചതുമായി ബന്ധപ്പെട്ട കടലാസുകൾ കെഎം ഷാജി കോർപറേഷനിൽ നൽകിയിട്ടില്ലെന്നാണ് കോർപറേഷൻ ടൗൺപ്ലാനിങ് വിഭാഗത്തിൽ നിന്നും അറിയുന്നത്. അതു കൊണ്ട് തന്നെ വേങ്ങേരിയിലെ കെഎം ഷാജിയുടെ വീട് നിർമ്മാണം അനധികൃതമാണെന്നും കോർപറേഷൻ വിലയിരുത്തുന്നു. മാത്രവുമല്ല നിയമാനുസൃതം അടക്കേണ്ട ആഡംബര നികുതി അടക്കാത്തതും സംബന്ധിച്ച് വരും ദിവസങ്ങളിൽ കെഎം ഷാജിക്ക് കോഴിക്കോട് കോർപറേഷൻ വിശദീകരണ നോട്ടീസ് നൽകും.

ഇന്ന് ഉച്ചയോടെയാണ് അഴീക്കോട് എംഎൽഎ കെഎം ഷാജിയുടെ കോഴിക്കോട് നഗരസഭയിലെ വേങ്ങേരി വില്ലേജിൽ ഉൾപ്പെട്ട വീടും പറമ്പും കോർപറേഷൻ അധികൃതരെത്തി അളന്നു തിട്ടപ്പെടുത്തിയത്. കണ്ണൂർ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. പരിശോധന നടക്കുമ്പോൾ എംഎൽഎ വീട്ടിലുണ്ടായിരുന്നില്ല. അളവെടുപ്പിനെ സംബന്ധിച്ച് നേരത്തെ നോട്ടീസ് നൽകിയിരുന്നുമില്ല.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും പരിശോധനക്കായി ഷാജിയുടെ വീട്ടിലെത്തിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP