Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'കവി വെള്ളം കുടിക്കാൻ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്; ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്റെതുപോലെ ഒരുമൂന്നുനഖപ്പാട് എന്റെ തുടയിലും തെളിഞ്ഞത്; ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല'; കവി എ. അയ്യപ്പനെ വീണ്ടും വിചാരണ ചെയ്ത് സോഷ്യൽ മീഡിയ

'കവി വെള്ളം കുടിക്കാൻ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്; ആ നിമിഷമാണ്  പാലേരി മാണിക്യത്തിലെ ചീരുവിന്റെതുപോലെ ഒരുമൂന്നുനഖപ്പാട് എന്റെ തുടയിലും തെളിഞ്ഞത്; ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല'; കവി എ. അയ്യപ്പനെ വീണ്ടും വിചാരണ ചെയ്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മലയാളികളുടെ പ്രിയ കവി എ. അയ്യപ്പന്റെ പത്താം ചരമവാർഷികമായിരുന്നു ഇന്നലെ കടന്നുപോയത്. 2010 ഒക്ടോബർ 21നാണ്, ലഹരി ആവാഹിച്ച ശരീരവുമായി കേരളം മുഴുവൻ അലഞ്ഞ് നടന്നിരുന്ന ആ കവി മരിച്ചത്. എന്നാൽ മാറിയ കാലത്ത് അയ്യപ്പന്റെ കവിതകളും സംഭാവനകളുമല്ല, അദ്ദേഹത്തിന്റെ അരാജകജീവിതമായിരുന്നു സോഷ്യൽ മീഡിയ ചർച്ചചെയ്തത്. കള്ളും കഞ്ചാവുമില്ലെങ്കിൽ കവിത വരില്ലെന്ന തെറ്റിദ്ധാരയുണ്ടാക്കി ഒരു സമൂഹത്തെ നശിപ്പിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് അയ്യപ്പന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പത്താം വയസിൽ തനിക്ക് അയ്യപ്പനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്നും അന്ന് ഞാൻ ശ്വാസം അടക്കി അനങ്ങാതെ കിടന്നെന്നും എന്നാൽ പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോഴും വന്നെന്നും നിമ്ഗന എന്ന യുവതി ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞിരുന്നു. അതുപോലെ എഴുത്തുകാരി എച്ച്മുക്കുട്ടിയും ഗുരുതരമായ ആരോപണമാണ് അയ്യപ്പനെതിരെ ഉന്നയിച്ചത്. എഴുത്തുകാരും യുക്തിവാദി നേതാവുമായ രാജഗോപൽ വാകത്താനം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അയ്യപ്പനെ നിശിതമായി വിമർശിച്ചതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.

രാജഗോപാൽ വാകത്താനത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്:

അരാജകവാദം ആഘോഷമാകുമ്പോൾ

എന്റെ അംഗീകാരം അയ്യപ്പന് ആവശ്യമില്ല എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇതെഴുതുന്നത്. ആരാണീ മഹാകവി ? കുടിച്ചു കൂത്താടി പെണ്ണുപിടിച്ചു നടന്നവരെയൊക്കെ മഹത്വവൽക്കരിക്കുന്നത് അരാജകവാദികൾക്ക് ഉന്മാദമായിരിക്കാം. അതു സമൂഹത്തിനു നൽകുന്ന സന്ദേശമെന്താണ്? കുറെ കവിതയെഴുതിയിട്ടുണ്ടാകാം. കവിതയെഴുതണമെങ്കിൽ കള്ളുകുടിക്കണമെന്നു പഠിപ്പിക്കപ്പെട്ടിട്ടുള്ളവർക്ക് മഹാനുമാകാം. അതിനെ ആഘോഷിക്കേണ്ടതുണ്ടോ. കള്ളുകുടിച്ച് മാത്രം അകാലത്തിൽ സ്വയം കൊന്നവരെത്ര? അതൊക്കെയൊരു മഹത്വമാണോ?

എന്നാൽ ഇപ്പോൾ രാജഗോപാൽ വാകത്താനം തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് ഇട്ട പുതിയ പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു. 'ഈ പോസ്റ്റ് പിൻവലിക്കുന്നു. അന്തരിച്ച ഒരാളെപ്പറ്റി എഴുതേണ്ടതില്ലായിരുന്നു എന്ന പുനർചിന്തയിൽ ഈ പോസ്റ്റ് ഖേദപൂർവ്വം പിൻവലിക്കുന്നു. ഇനി ഇതിൽ കമന്റ് ചെയ്യരുതെന്നു് അഭ്യർത്ഥിക്കുന്നു'. പക്ഷേ ആ പോസ്റ്റിലും ചർച്ചകൾ പരോഗമിക്കയാണ്. എച്ച്മുക്കുട്ടിയുടെയും നിമ്ഗനയുടെയും 2018ലെ പോസ്റ്റുകളാണ് പലരും കമന്റായി ഇടുന്നതും. മരിച്ചു എന്നതുകൊണ്ടുമാത്രം ഇത്തരം വിഷയങ്ങൾ അവസാനിക്കുന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അയ്യപ്പനെ ഒരു കവി എന്ന നിലയിൽ മാത്രം കണ്ടാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

എച്ച്മുക്കുട്ടിയുടെ പോസ്റ്റ്‌ ഇങ്ങനെയാണ്

#metoo Sexual assault കവി അയ്യപ്പൻ

പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് എന്നെ ഗർഭിണിയാക്കിയ ആളുടെ അടുത്ത സുഹൃത്ത് മഹാകവി അയ്യപ്പൻ കുഞ്ഞിനെ കാണാൻ വന്നത്. പൊതുവേ മദ്യപനായ കവി അപ്പോൾ മദ്യപിച്ചിരുന്നില്ല. തുടുത്തു കൊഴുത്ത കുഞ്ഞിനെ സ്നേഹത്തോടെ തലയിൽ കൈ പതിപ്പിച്ച് അനുഗ്രഹിച്ചു. എന്നെ അമ്മയായതിൽ അഭിനന്ദിച്ചു. എനിക്കും സന്തോഷമായി. കവിയുടെ വരികൾ എനിക്ക് മന:പാഠമായിരുന്നുവല്ലോ.

പെറ്റിട്ട് ഇരുപത്തെട്ട് ആയപ്പോഴെക്കും ഞാൻ കോളേജിൽ പോയി പഠിക്കാൻ തുടങ്ങി, അതിലും അധികം അവധി അമ്മയാവലിനു കിട്ടിയിരുന്നില്ല. പാഡുവെച്ച ബ്രാ ധരിച്ചും സാരിയിൽ മൂടിപ്പൊതിഞ്ഞുമാണ് പോയതെങ്കിലും രണ്ട് മണിക്കുർ കഴിയുമ്പോഴെക്കും മാറിടങ്ങൾ ചുരക്കും. എനിക്കാകെ മുലപ്പാലിന്റെയും കുഞ്ഞിന്റെയും മണമായിത്തീരും.

ആയിടയ്ക്ക് ഒരു നാൾ മദ്യപിച്ച് ഉന്മത്തനായ കവി എന്റെ ക്ലാസ് മുറിയിലേക്കെത്തിച്ചേർന്നു. ഏതോ ഒരു അദ്ധ്യാപകനെ കാണാനായി എത്തിയ കവിക്ക് എന്നെ അവിടെ കണ്ടപ്പോൾ എന്തു പറ്റിയെന്നറിഞ്ഞില്ല. കവി വിഷമമേതും കൂടാതെ എന്റെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച് അപ്പോൾ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു. മുല കുടിച്ച് കുടിച്ച് നറും പാൽ പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്. അമ്പേ തളർന്ന് നാണം കെട്ടുപോയ എന്റെ ചുരക്കുന്ന മാറിടത്തിൽ കൈയമർത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിർന്നു.

എനിക്ക് മരിക്കണമെന്ന് തോന്നി. നാലാം നിലയിലെ ക്ലാസ് റൂമിൽ നിന്ന് കീഴോട്ട് ചാടണമെന്ന് തോന്നി. എന്നെ ഗർഭം ധരിപ്പിച്ചയാൾ കവിക്ക് ഒരു അമ്പതു രൂപയും നൽകി അയാളെ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോൾ കവി കൂടുതൽ ഉത്തേജിതനായി. അങ്ങനെ കവി

വീണ്ടും വന്നു.

അപ്പോൾ ഞാൻ അടുക്കളയിലിരുന്നു തേങ്ങാ ചിരകുകയായിരുന്നു. കവി വെള്ളം കുടിക്കാൻ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്. ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്റെ തുടയിലേപ്പോലെ ഒരു മൂന്നുനഖപ്പാട് എന്റെ തുടയിലും തെളിഞ്ഞത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു. ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല

കവി അയ്യപ്പനോട് യാതൊരു ബഹുമാനവും എനിക്ക് തോന്നീട്ടില്ല. എല്ലാവരും കവിയെ ആഘോഷിക്കുമ്പോൾ ഞാൻ എന്നും മൗനിയായിരുന്നു. കള്ളുകുടിയും അലഞ്ഞുതിരിയലും പെൺകൂട്ടുകാരും വിപ്ലവവും അരാജകത്വവും എന്നൊക്കെ പറഞ്ഞറിയുമ്പോഴും എനിക്ക് ആദരവൊന്നും തോന്നീട്ടില്ല...

നിമ്ഗന പോസ്റ്റ് ഇങ്ങനെയാണ്

കവി എ അയ്യപ്പൻ #metoo
*Child Sexual Abuse

ഏകദേശം പത്ത് വയസ് കാണും എനിക്കന്ന്. ഒരു വൈകുന്നേരം അയ്യപ്പൻ മാമൻ വീട്ടിൽ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛൻ. കവിതകളെഴുതുന്ന മാമനാണ്. കുട്ടികളെ വല്യ ഇഷ്ടാണ്. കവിതകൾ ചൊല്ലിത്തരും. പഠിപ്പിച്ചു തരും. കവിതകളെഴുതുന്ന അച്ഛന് കവിതകളെഴുതുന്ന കൂട്ടുകാർ കുറേയുണ്ട്.

അന്ന് വരുന്നത് ചില്ലറക്കാരനല്ലാന്ന് അച്ഛന്റെ സംസാരത്തിൽ നിന്ന് പിടി കിട്ടി. ഞങ്ങൾ അയ്യപ്പൻ മാമനെ കാത്തിരുന്നു. ഇരുട്ടായപ്പോൾ അച്ഛന്റെ കൂടെ വീട്ടിൽ കയറി വന്നു. കള്ളിന്റെ മണമുള്ള നരച്ച കുറ്റിത്താടിയുള്ള ചപ്രത്തലയുള്ള ചിരിക്കുമ്പോൾ കണ്ണ് വരപോലെ കാണുന്ന അയ്യപ്പൻ മാമൻ.

ഞങ്ങൾക്ക് കുട്ടിക്കവിതകൾ താളത്തിൽ ചൊല്ലിത്തന്നു മാമൻ. ഞങ്ങളെയും പഠിപ്പിച്ചു. താളം തെറ്റിച്ചപ്പോൾ വഴക്കു പറഞ്ഞു. കവിതയും പാട്ടുമൊക്കെയായി എപ്പോളോ ഉറങ്ങിപ്പോയ ഞാൻ ഉറക്കം ഉണരുമ്പോൾ അയ്യപ്പൻ മാമന്റെ അടുത്താണ്.മാമൻ എന്നെ തൊട്ടു കിടക്കുവാണ്. മാമന്റെ കൈ എന്റെ തുടകൾക്കിടയിലാണ്. വിരലുകൾ കൊണ്ട് അമർത്തുന്നുണ്ട് . എന്റെ ശബ്ദം പുറത്തു വരുന്നില്ല. കുതറാൻ നോക്കിയപ്പോൾ 'ഇപ്പൊ കഴിയും ഇപ്പൊ കഴിയൂട്ടോ ' എന്ന് വാത്സല്യത്തോടെ പറഞ്ഞു.എന്റെ പിൻകഴുത്ത് പൊള്ളി വിയർത്തു. ശ്വാസം അടക്കി അനങ്ങാതെ കിടന്നു. മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പക്ഷേ പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോളും വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP