Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാഹുൽ ​ഗാന്ധി പ്രാദേശിക വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല; അതിന് ഞങ്ങളൊക്കെ ഇവിടുണ്ടല്ലോ എന്നും പ്രതിപക്ഷ നേതാവ്; കോവിഡ് പ്രതിരോധത്തിൽ കേരളത്തെ അഭിനന്ദിച്ച വയനാട് എംപിയുടെ പരാമർശത്തിന് മറുപടി ഇങ്ങനെ

രാഹുൽ ​ഗാന്ധി പ്രാദേശിക വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല; അതിന് ഞങ്ങളൊക്കെ ഇവിടുണ്ടല്ലോ എന്നും പ്രതിപക്ഷ നേതാവ്; കോവിഡ് പ്രതിരോധത്തിൽ കേരളത്തെ അഭിനന്ദിച്ച വയനാട് എംപിയുടെ പരാമർശത്തിന് മറുപടി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങൾ പറയാൻ തങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച രാഹുൽ ​ഗാന്ധിയുടെ പരാമർശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ ഈ മറുപടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുൽ പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു. ‘പിന്നെ, രാഹുൽ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുമുള്ളത്. അദ്ദേഹം അത് അങ്ങനെ പറഞ്ഞാൽ മതി. ഞങ്ങൾ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങൾ പറയാൻ. അദ്ദേഹം പറയുമ്പോൾ, അദ്ദേഹം ആ നിലയിൽനിന്നു കൊണ്ട് പറഞ്ഞാൽ മതി. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൽ എല്ലാം ഉണ്ട്’- എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.

സ്വന്തം മണ്ഡലമായ വയനാട് സന്ദർശിക്കവെ ആയിരുന്നു രാഹുൽ ​ഗാന്ധി കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പുകഴ്‌ത്തിയത്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മോശമെന്ന് വിമർശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധനെ അദ്ദേഹം വിമർശിച്ചു. കൊവിഡിനെതിരെ പോരാടുന്നതിൽ കേരളത്തിന് വീഴ്ചയുണ്ടായെന്ന ഹർഷ വർധന്റെ പ്രസ്താവന നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

'കേന്ദ്രമന്ത്രി ഹർഷവർധന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന നിർഭാഗ്യകരമാണ്. രാജ്യം കൊവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്നത്. അതിന് ഒരു ഭാഗം മാത്രം നോക്കി കുറ്റം പറയുന്നത് ശരിയായ നടപടിയല്ലെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലും വയനാട്ടിലും കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

'കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്. ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, പഞ്ചായത്ത് തല പ്രവർത്തനങ്ങൾ തുടങ്ങി മികച്ച പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും ഉണ്ടാകുന്നത് പോലെയുള്ള പ്രതിസന്ധികളുണ്ടാകും.എന്നാലും അടുത്തകാലങ്ങളായി അറിയുന്ന കാര്യങ്ങൾ വെച്ച് കേരളത്തിൽ നിന്ന് ഒരു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വയനാട്ടിൽ കോവിഡ് പ്രതിരോധത്തെ കുറച്ച് കൂടി പ്രത്യേകമായി കാണേണ്ടതുണ്ട്. ഇവിടെ പിന്നാക്ക വിഭാഗങ്ങളുണ്ട്, ആദിവാസി ജനസമൂഹമുണ്ട്. അവർക്ക് കൂടുതൽ പിന്തുണകൊടുത്തു കൊണ്ട് കാര്യങ്ങളെ കുറച്ച് കൂടി ശ്രദ്ധയോടെ കാണേണ്ടതുണ്ട്. ഇന്ന് ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പൊതുവിൽ വയാനാട്ടിലെയും കോവിഡ് പ്രതിരോധം തൃപ്തികരമാണ്,' രാഹുൽ ഗാന്ധി പറഞ്ഞു.

സ്‌കൂൾ കെട്ടിട ഉദ്ഘാടനം ഒഴിവായതിൽ പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആശയപരമായി കേരളത്തിലെ സർക്കാരുമായി വിയോജിപ്പുണ്ടാകാം. അത് പക്ഷെ കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനകരമായ ഒരു കാര്യം പങ്കുവെക്കുന്നതിൽ നിന്നും തന്നെ തടുക്കില്ലെന്നും രാഹുൽ പറഞ്ഞു. കാർഷിക നിയമങ്ങൾ രാജ്യത്തെ കാർഷിക വ്യവസ്ഥയെ മൊത്തം തകിടം മറിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പഞ്ചാബിൽ അതിനെതിരെ ഒരു പടി എടുത്തുവെച്ചു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ കർഷകരാണ് രാജ്യത്തിന്റെ നട്ടെല്ല്. കൊവിഡിനിടയിൽ കേന്ദ്ര സർക്കാർ ചെയ്ത ഏറ്റവും വലിയ ദുരന്തമാണ് കാർഷിക നിയമം പാസാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഈ നിയമങ്ങൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്വർണക്കടത്ത് കേസിൽ സത്യം പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായിരുന്നു രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. കൊവിഡുമായി ബന്ധപ്പെട്ട് രാഹുൽ മലപ്പുറം ജില്ലാ കളക്ടറുമായും വയനാട് ജില്ലാ കളക്ടറുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP