Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അഭിനയം വിലയിരുത്താനും ആരോഗ്യകരമായി വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്; എന്നാൽ സമൂഹമാധ്യമങ്ങളിൽ എങ്ങനെ ഒരാളെ അപകീർത്തിപ്പെടുത്താം, അപമാനിക്കാം എന്നെല്ലാം നോക്കിയിരിക്കുന്ന നിരവധിപേരുണ്ട്;സൈബർ അറ്റാക്കിനെതിരെ പ്രതികരിച്ച് ഷെമി മാർട്ടിൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: താരങ്ങളുടെ വ്യക്തിജീവിതത്തിൽ കടന്നുകയറി നടത്തുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് നടി ഷെമി മാർട്ടിൻ. സമൂഹമാധ്യമങ്ങളിലെ നീചമായ പ്രവണതകൾക്കെതിരെ നടി ഷെമി മാർട്ടിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ രോഷത്തോടെ പ്രതികരിക്കുന്നത്.ജീവിതത്തിൽ വ്യത്യസ്തമായ കാഴ്പ്പാടുകൾ ഉണ്ടായാൽ പ്രശ്‌നം, ഫാഷനബിൾ ആയാൽ പ്രശ്‌നം,മനസ്സറിഞ്ഞ് ഒന്നു ഡാൻസ് ചെയ്താൽ പ്രശ്‌നം. അതിനെ ഏതെങ്കിലുമൊരു ആംഗിളിൽ നിന്നെടുത്ത് അശ്ലീല മുദ്ര കുത്താനുള്ള ശ്രമം. എന്താണിതൊക്കെ ?' തുടർച്ചയായി നേരിടേണ്ടി വരുന്ന സൈബർ ആക്രമണവും വ്യാജപ്രചാരണങ്ങളും അപകീർത്തികരമായ പരാമർശങ്ങളും കൊണ്ടു മനംമടുത്താണ് ഷെമി ഇങ്ങനെയൊരു വിഡിയോ ചെയ്തത്.

ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ആളല്ല ഞാൻ. എങ്കിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. 9 വർഷം മുമ്പ് ചെയ്ത 'നന്ദന'ത്തിലെ ഓറഞ്ച് എന്ന വളരെ ബോൾഡായ കഥാപാത്രത്തിലൂടെയാണ് ആളുകൾ എന്നെ ഇപ്പോഴും തിരിച്ചറിയുന്നത്. അതിനുശേഷം ബ്രേക് എടുത്തു. വിവാഹിതയായി. രണ്ട് കുട്ടികളുടെ അമ്മയായി. പിന്നീട് ജീവിതത്തിൽ ചില പ്രതിസന്ധികളും ഡിപ്രഷൻ പോലുള്ള പ്രശ്‌നങ്ങളുമുണ്ടായി. ഒരുപാട് സമയമെടുത്തും കഷ്ടപ്പെട്ടുമാണ് അതിനെയെല്ലാം മറികടന്നത്. ജീവിതം തന്നെ വേണ്ട എന്നു തോന്നുന്ന അവസ്ഥയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചു കയറുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നര വർഷം മുമ്പാണ് അഭിനയ ലോകത്തേക്കു തിരിച്ചുവന്നത്. അഭിനയത്തോടുള്ള പാഷൻ ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവാണ് അതിന് കാരണമായത്. തിരിച്ചു വരവിൽ മക്കൾ, അരയന്നങ്ങളുടെ വീട്, പൗർണമിതിങ്കൾ എന്നീ സീരിയലുകളിൽ അഭിനയിച്ചു.

പക്ഷേ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നതും തകർക്കുന്നതുമായ സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽനിന്നുണ്ടാകുന്നത്. നമ്മുടെ അഭിനയം വിലയിരുത്താനും ആരോഗ്യകരമായി വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ എങ്ങനെ ഒരാളെ അപകീർത്തിപ്പെടുത്താം, അപമാനിക്കാം എന്നെല്ലാം നോക്കിയിരിക്കുന്ന നിരവധിപേരുണ്ട്. നടിമാരുടെ വിധി ആയിരിക്കാം ഇത്. അവരുടെ ശരീരപ്രകൃതി, വ്യക്തിജീവിതം, കുടുംബം, സ്വഭാവം, അവരെക്കുറിച്ചുള്ള അപസർപ്പക കഥകൾ എന്നിവയിലാണ് ആളുകൾക്ക് താൽപര്യം.

എനിക്കു പോലും അറിയാത്ത കാര്യങ്ങളാണ് ചില വിഡിയോകൾക്കു താഴെ എന്നെക്കുറിച്ചു കമന്റായി വരുന്നത്. ഇവൾ അങ്ങനെയാണ്, ഇങ്ങനെയാണ്, ഇങ്ങനെ നടന്നിട്ടുണ്ട്, അങ്ങനെ നടന്നിട്ടുണ്ട് എന്നിങ്ങനെ പലതരം കമന്റുകൾ, കഥകൾ. പലരും ആധികാരികമായാണ് ഇതെല്ലാം പറയുന്നത്. ഇനി അഭിനയം വിലയിരുത്തുന്ന ചിലരാകട്ടെ, നമ്മൾ മെച്ചപ്പെടണം എന്നല്ല നശിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നു തോന്നും.

ഈ നടിമാരും മനുഷ്യരാണെന്നും അവർക്കും കുടുംബമുണ്ടെന്നും ഇവർ ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു പരത്തുമ്പോൾ എന്തു സുഖമാണ് ഇവർക്ക് ലഭിക്കുന്നത്? കഥകൾ സത്യമാണെങ്കിൽക്കൂടി, അവരുടെ വ്യക്തിജീവിതം എങ്ങനെയാണ് മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്‌നമാകുന്നത്. പുറമേ സന്തോഷവതിയും കരുത്തയുമായി തോന്നുമെങ്കിലും ഇതെല്ലാം വായിക്കുമ്പോൾ അവരുടെ ഹൃദയം തകരുന്നില്ലെന്നും അവരുടെ വേണ്ടപ്പെട്ടവർ വേദനിക്കുന്നില്ലെന്നും നിങ്ങൾക്ക് ഉറപ്പാണോ?

ചില യുട്യൂബ് ചാനലുകളുടെ പ്രവർത്തനം ശരിക്കും അസ്വസ്ഥതയും അറപ്പും സൃഷ്ടിക്കുന്നതാണ്. സീരിയലിലെയോ ഏതെങ്കിലും പൊതുപരിപാടിക്കിടയിലെയോ വിഡിയോകളിൽനിന്ന് ഒരു ഭാഗമെടുത്ത് സൂം ചെയ്തും സ്ലോമോഷൻ ആക്കിയും മ്യൂസിക്കിട്ടും പ്രചരിപ്പിക്കുക. ചിലപ്പോൾ വളരെയേറെ അഭിനയപ്രാധാന്യമുള്ള, നമ്മൾ കഷ്ടപ്പെട്ട് അഭിനയിച്ച ഒരു രംഗമായിരിക്കും ഇങ്ങനെ ഹോട്ടാക്കി ചിത്രീകരിക്കുന്നത്. എന്തൊരു ഭീകരമായ അവസ്ഥയാണിത്.

ഇത്തരം വിഡിയോകൾക്ക് വരുന്ന കമന്റുകളാണെങ്കിൽ അതിലേറെ അസഭ്യം നിറഞ്ഞതും. ചിലതിന്റെ പ്രവർത്തനം മറ്റൊരു രീതിയിലാണ്. നമ്മൾ ഏതെങ്കിലും ചാനലിനു നൽകുന്ന അഭിമുഖത്തിൽനിന്ന് ഒരു ഭാഗം എടുത്ത് വളച്ചൊടിച്ച് അവരുടെ നിരീക്ഷണങ്ങളും ചേർത്ത് ടൈറ്റിലും കവർ ചിത്രവും നൽകും. വോയിസ്ഓവറിനൊപ്പം നമ്മുടെ ചിത്രങ്ങൾ സൂം ചെയ്ത് കാണിക്കും. വിഡിയോ കഴിയുമ്പോൾ ടൈറ്റിലുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. എങ്ങനെയായാലും കുഴപ്പമില്ല വിഡിയോകൾക്ക് കാഴ്ചക്കാരെ കിട്ടിയാൽ മതി എന്ന രീതി.

തങ്ങളുടെ വീട്ടിലെ ഒരാളാണ് ഇങ്ങനെയുള്ള അതിക്രമം നേരിടുന്നതെങ്കിലോ എന്നു ചിന്തിക്കാൻ ഇതു ചെയ്യുന്നവർക്കു സാധിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു. അഭിനയം ഒരു തൊഴിലാണ്. ജീവിക്കാൻ വേണ്ടിയും കലയോടുള്ള അഭിനിവേശം കൊണ്ടുമാണ് ഇത് ചെയ്യുന്നത്. ആത്മാഭിമാനത്തോടു കൂടിയാണ് ചെയ്യുന്നത്. എന്നിട്ടും വ്യാജ പ്രൊഫൈലുകളിൽ മറഞ്ഞിരുന്ന് ഒരു സ്ത്രീയെന്നു പോലും പരിഗണിക്കാതെ നടിമാരെ വേട്ടയാടുന്ന ഈ രീതി എന്ന് അവസാനിക്കും. ഒരു ശരീരം മാത്രമല്ല, ഏതൊരാളെ പോലെയും മനസ്സും ചിന്തകളും വികാരങ്ങളും ഒക്കെയുള്ളവരാണ് നടിമാർ.

സമൂഹമാധ്യമങ്ങളിൽ ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായപ്പോഴൊന്നും പ്രതികരിക്കാൻ സാധിച്ചില്ല. അല്ലെങ്കിൽ അതിനു ധൈര്യം ഉണ്ടായില്ല. നമ്മളെ കുറിച്ചുള്ള മോശം കമന്റുകൾ വായിച്ച് വേദനിക്കുക എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. അനുഭവങ്ങൾ പങ്കുവച്ചും പ്രതികരിച്ചുമുള്ള ചില നടിമാരുടെ വിഡിയോകൾ കണ്ടപ്പോഴാണ് എനിക്കും വിഡിയോ ചെയ്യാൻ ധൈര്യം ലഭിച്ചത്. അത് ഒന്നും തെളിയിക്കാൻ വേണ്ടിയല്ല, ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അത് വലിയ കാര്യമാകുമെന്ന വിശ്വാസം കൊണ്ടു മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP