Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമ സ്വാതന്ത്ര്യം- സൈബർ സെക്യൂരിറ്റി; ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ചൂടേറിയ ചർച്ച: തരംഗമായി വന്ദേമാതരം

മാധ്യമ സ്വാതന്ത്ര്യം- സൈബർ സെക്യൂരിറ്റി; ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ചൂടേറിയ ചർച്ച: തരംഗമായി വന്ദേമാതരം

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു മാധ്യമ സ്വാതന്ത്ര്യത്തെയും സൈബർ സെക്യൂരിറ്റിയെയും കുറച്ചു നടന്ന സെമിനാറുകൾ ശ്രദ്ധേയമായി. അമേരിക്കയിലേയും ഇന്ത്യയിലേയും മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ദി ഹിന്ദു പത്രത്തിന്റെ മുൻ എഡിറ്ററും ദ വയറിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാർഥ വരദരാജ് സംസാരിച്ചു.

പത്രസ്വാതന്ത്ര്യമിപ്പോൾ പേപ്പറിൽ മാത്രം ഒതുങ്ങിയ ഒന്നാണെന്നു അദ്ദേഹം പറഞ്ഞു. പല മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളുടെയും സർക്കരിന്റെയും സാമ്പത്തിക സമ്മർദ്ദത്തിന് വിധേയരായി പ്രവർത്തിക്കുകയാണ്. ചുരുക്കം ചില മാധ്യമങ്ങൾ മാത്രമാണ് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നത്. സാമ്പത്തിക സമ്മർദ്ദത്തിലൂടെ ഇവരെയും സമ്മർദ്ദത്തിലാക്കാൻ ബാഹ്യശക്തികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ചെങ്കിലും പത്രസ്വാതന്ത്ര്യം ഉള്ളത് അമേരിക്കയിലാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ടീയ പരിസ്ഥിതിയിൽ വാർത്തകൾ പലതും വളച്ചൊടിച്ചതും രാഷ്ട്രീയ താൽപ്പര്യമുള്ളതുമാണെന്നും സിദ്ധാർഥ വരദരാജ് പറഞ്ഞു. ആസാദ് ജയൻ മോഡറേറ്ററായിരുന്നു. നീതു തോമസ് ആയിരുന്നു എംസി.

തുടർന്നു സൈബർ സെക്യൂരിറ്റിയെക്കുറിച്ചു നടന്ന സെമിനാർ ഏറെ വിജ്ഞാന പ്രദമായിരുന്നു. സൈബർ സെക്യൂരിറ്റി വിദഗ്ദ്ധരായ ജോസഫ് പൊന്നോളിയും ബിനോഷ് ബ്രൂസുമാണ് സെമിനാർ നയിച്ചത്. രാജ്യങ്ങൾ തന്നെ സൈബർ സെക്യൂരിറ്റി ഹനിക്കുന്നതായി ജോസഫ് പൊന്നോളി പറഞ്ഞു. സൈബർ ക്രിമിനലുകളും വൻകിട കോർപറേറ്റുകളും സൈബർ സെക്യൂരിറ്റി ഹനിക്കുന്നുണ്ട്. സൈബർ ക്രൈമുകൾ ലോകവ്യാപകമായി വർധിച്ചുവരികയാണ്. സോഷ്യൽ മീഡിയ സൈബർ ക്രൈമിന്റെ വിളനിലമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സൈബർ ഇടത്തിൽ വിവരങ്ങൾ നൽകുമ്പോൾ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒഎൽഎക്സ് പോലുള്ള സൈറ്റുകളിൽ പങ്കുവയ്ക്കുന്ന വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്ന് ബിനോഷ് ബ്രൂസ് പറഞ്ഞു. വ്യക്തിവിവരങ്ങൾ പൂർണമായും സോഷ്യൽ മീഡിയയിൽ നൽകണമെന്നില്ല. വ്യക്തികൾ വീടു വിട്ടുപോകുമ്പോൾ അക്കാര്യങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുത്. കൂടാതെ സ്ത്രീകൾ അവരുടെ ചിത്രങ്ങൾ സെൽഫികളായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ചിത്രങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസി വൈസ് ചെയർമാൻ ഡോ. മാത്യു ജോയിസ് മോഡറേറ്ററായിരുന്നു . കല്യാണി നായരായിരുന്നു എംസി.

തുടർന്നുനടന്ന കൾച്ചറൽ പ്രോഗ്രാം വന്ദേമാതരം ഏറെ ശ്രദ്ധയാകർഷിച്ചു. നാട്ടിൽനിന്നുള്ള പ്രമുഖ ഗായകരടങ്ങിയ സംഘം നയിച്ച പ്രോഗ്രാം ഐഎപിസിയുടെ ഫേസ്‌ബുക്ക് പേജിലുൾപ്പടെ ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. പ്രമുഖ പിന്നണി ഗായകരായ രഞ്ജിനി ജോസ്, അഫ്‌സൽ, അഭിജിത്ത്, സൗരവ്, പ്രിയ ജെർസൺ എന്നിവരാണ് പ്രോഗ്രാമിന് നേതൃത്വം നൽകിയത്. അമേരിക്കയിലെ പ്രമുഖ ഇവന്റ് ഗ്രൂപ്പായ ഹെഡ്ജ് ഇവന്റ്‌സ് ആണ് പരിപാടി നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP