Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നിതീഷ് കുമാറിന് ശാരീരികവും മാനസികവുമായ ആരോ​ഗ്യമില്ലെന്ന് തേജസ്വി യാദവ്; 15 വർഷമായി ബീഹാറിൽ കുറവില്ലാത്തത് ദാരിദ്ര്യത്തിന് മാത്രമെന്നും ആർജെഡി നേതാവ്

നിതീഷ് കുമാറിന് ശാരീരികവും മാനസികവുമായ ആരോ​ഗ്യമില്ലെന്ന് തേജസ്വി യാദവ്; 15 വർഷമായി ബീഹാറിൽ കുറവില്ലാത്തത് ദാരിദ്ര്യത്തിന് മാത്രമെന്നും ആർജെഡി നേതാവ്

മറുനാടൻ ഡെസ്‌ക്‌

പാട്ന: ബീഹാറിനെ നയിക്കാനുള്ള ശാരീരികവും മാനസികവുമായ ആരോ​ഗ്യം നിതീഷ് കുമാറിനില്ലെന്ന് പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. സംസ്ഥാനത്തിന്റെ സകല മേഖലയിലും കഴിഞ്ഞ 15 വർഷം കൊണ്ട് പിന്നോട്ട് പോക്ക് മാത്രമാണെന്നും എന്തടിസ്ഥാനത്തിലാണ് നിതീഷ് ജനങ്ങളോട് വോട്ട് ചോ​ദിക്കുന്നതെന്നും തേജസ്വി ചോ​ദിച്ചു. സംസ്ഥാനത്ത് ​ദുരന്തമുഖങ്ങളിലൊന്നും ജനങ്ങൾക്ക് ആശ്വാസമായി മുഖ്യമന്ത്രി എത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിതീഷ് കുമാർ തളർന്നിരിക്കുകയാണ്. സംസ്ഥാനത്തെ നയിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. ശാരീരികമായും മാനസികമായും സംസ്ഥാനത്തെ നയിക്കുന്നതിൽ അ​ദ്ദേഹം ക്ഷീണിതനാണ്. തേജസ്വി യാദവ് കുറ്റപ്പെടുത്തി. ബീഹാറിൽ ഒരു ദുരന്തമുണ്ടായപ്പോൾ അദ്ദേഹം എവിടെയായിരുന്നു എന്നും എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം വോട്ട് ചോ​ദിക്കുന്നതെന്നും എല്ലാവരും ചോദിക്കുന്നു. കഴിഞ്ഞ 15 വർഷമായി ഇവിടെ തൊഴിലവസരങ്ങളൊന്നും എത്തിയിട്ടില്ല. വ്യവസായം സ്ഥാപിച്ചിട്ടില്ല. ദാരിദ്ര്യത്തിന് കുറവില്ല. കുടിയേറ്റം വർദ്ധിച്ചിരിക്കുകയാണ്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 50 ആക്കിയ വിജ്ഞാപനം തങ്ങൾ അധികാരത്തിൽ എത്തിയാൽ റദ്ദാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. കോവിഡ് 19 സാഹചര്യത്തിൽ റാലിയിൽ വൻ ജനക്കൂട്ടം എത്തിച്ചേരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് സാഹചര്യം അനുകൂലമല്ലെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനെകുറിച്ച് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നതായും തേജസ്വി പറഞ്ഞു. 'ഞങ്ങൾക്ക് തിരക്കൊന്നുമുണ്ടായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനായിരുന്നു ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. ജനങ്ങൾ റാലിയിൽ പങ്കെടുക്കാൻ എത്തുന്നത് അവസാനിപ്പിക്കാൻ സാധിക്കില്ല.' തേജസ്വി യാദവ് പറഞ്ഞു.

നേരത്തേ, നിതീഷ് കുമാറിനെ പരസ്യ സംവാ​ദത്തിന് ക്ഷണിച്ച് തേജസ്വി യാദവ് രം​ഗത്തെത്തിയിരുന്നു. ഒരു പുതിയ രാഷ്ട്രീയ സംസ്കാരം ആരംഭിക്കാൻ താൻ ആ​ഗ്രഹിക്കുന്നു എന്നും കഴിഞ്ഞ 15 വർഷത്തെ ബീഹാറിന്റെ വികസനത്തെ കുറിച്ച് പരസ്യ സംവാ​ദത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ തയ്യാറാകണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. അധികാരത്തിലിരുന്ന 15 വർഷത്തിനിടയിൽ ജെ.ഡി.യു സർക്കാർ അവകാശപ്പെടുന്ന ഏതൊരു നേട്ടത്തെ കുറിച്ചും തുറന്ന ചർച്ചയ്ക്ക് നിതീഷ് കുമാർ തയ്യാറാകണമെന്നാണ് തേജസ്വിയുടെ ആവശ്യം. മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ തമ്മിലുള്ള പരസ്യ സംവാദമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായിരുന്നു. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

ആകെയുള്ള 243 സീറ്റിൽ 75 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോൺഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു. അതിൽ 27 ഇടത്ത് വിജയിക്കാൻ കോൺഗ്രസിനായി. ഈ കണക്കു പറഞ്ഞാണ് 75 സീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആർജെഡി നിലപാട് എടുത്തത്. തീരുമാനം ഉടൻ വന്നില്ലെങ്കിൽ സ്വന്തം കാര്യം നോക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വിഭജനത്തിൽ കടുംപിടുത്തം ഉപേക്ഷിക്കാൻ ആർജെഡി തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP