Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർണാബിനെ രക്ഷിക്കാൻ കേന്ദ്രത്തിന്റെ സിബിഐ കടകൻ, തടയിടാൻ ഉദ്ധവിന്റെ പൂഴിക്കടകനും! ടിആർപി റേറ്റിങ്ങിൽ തട്ടിപ്പിൽ സിബിഐ അന്വേഷണം തുടങ്ങിയതോടെ അനുമതി ഇല്ലാതെ സിബിഐ അന്വേഷണം പറ്റില്ലെന്ന് മഹാരാഷ്ട്ര സർക്കാർ; അർണാബിനെ ചൊല്ലി ബിജെപിയും ശിവസേനയും നേർക്കുനേർ

അർണാബിനെ രക്ഷിക്കാൻ കേന്ദ്രത്തിന്റെ സിബിഐ കടകൻ, തടയിടാൻ ഉദ്ധവിന്റെ പൂഴിക്കടകനും! ടിആർപി റേറ്റിങ്ങിൽ തട്ടിപ്പിൽ സിബിഐ അന്വേഷണം തുടങ്ങിയതോടെ അനുമതി ഇല്ലാതെ സിബിഐ അന്വേഷണം പറ്റില്ലെന്ന് മഹാരാഷ്ട്ര സർക്കാർ; അർണാബിനെ ചൊല്ലി ബിജെപിയും ശിവസേനയും നേർക്കുനേർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സംസ്ഥാനത്തെ കേസുകൾ സിബിഐ നേരിട്ടു ഏറ്റുടുക്കുന്ന ശൈലിക്ക് തടയിടാൻ മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തെ കേസുകൾ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാൻ സിബിഐക്ക് നൽകിയിരുന്ന അനുമതി മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. റിപബ്ലിക് ടി.വിയെ രക്ഷിക്കാൻ വേണ്ടി ടി ആർപി തട്ടിപ്പിലെ അന്വേഷണം സിബിഐക്ക് വിട്ടതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാറും പൂഴിക്കകടകൻ പ്രയോഗിച്ചത്. റിപ്പബ്ലിക് ടിവി അടക്കം മൂന്നു ചാനലുകൾ ടിആർപി റേറ്റിങ്ങിൽ കൃത്രിമം നടത്തിയെന്ന കേസിൽ മഹാരാഷ്ട്ര പൊലീസ് അന്വേഷണം നടത്തുകയും അർണാബ് ഗോസ്വാമിയോട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് അർണാബിന്റെ രക്ഷകരായി കേന്ദ്രസർക്കാർ എത്തിയത്. ടി.ആർ പിയുമായി ബന്ധപ്പെട്ടു യുപിയിൽ ഒരു കേസ് രജിസ്റ്റർ ചെയ്ത ശേഷം ആ കേസ് സിബിഐക്ക് വിടുകയാണ് ചെയ്തത്. ഇതോടെ സാങ്കേതികമായി സിബിഐ അന്വേഷണ പരിധിയിലായി മഹാരാഷ്ട്രയിലെ റേറ്റിങ് തട്ടിപ്പു കേസും. എന്നാൽ, മഹാരാഷ്ട്ര സർക്കാർ കേസുമായി മുന്നോട്ടു പോകുമെന്ന് ഉറപ്പിച്ചു കൊണ്ടാണ് സിബിഐയെ വിലക്കി ഉത്തരവിട്ടത്.

സംസ്ഥാനത്തെ കേസുകൾ സിബിഐക്ക് അന്വേഷിക്കണമെങ്കിൽ അനുമതി തേടിയിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ ഉത്തരവ്പുറത്തിറക്കിയത്. ടിആർപി റേറ്റിങ് കേസിൽ സിബിഐ അന്വേഷണം ആരംഭിക്കുകയും എഐആർ സമർപ്പിക്കുകയും ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴാണ് താക്കറെ സർക്കാർ സിബിഐക്ക് തടയിട്ട് ഉത്തരവിറക്കിയത്.

ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്(1956) നൽകുന്ന പ്രത്യേക അധികാരമുപയോഗിച്ച് ഡൽഹി സ്‌പെഷ്യൽ പൊലീസ് സേന അംഗങ്ങൾ കേസ് അന്വേഷിക്കുന്നതിലുള്ള അനുമതി മഹാരാഷ്ട്രസർക്കാർ പിൻവലിക്കുന്നതായി ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്ക്ക് വാദ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് സിബിഐ അന്വേഷണം.

ലക്‌നൗവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് ടിആർപി കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് ഉത്തർപ്രദേശ് സർക്കാർ അത് സിബിഐയ്ക്ക് കൈമാറി. വിഷയത്തിൽ വിശദീകരണം നൽകാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യാഴാഴ്ച മാധ്യമങ്ങളെ കാണും.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം സംബന്ധിച്ച കേസിലും ടിആർപി കേസിലും നിലവിൽ നടന്നുവരുന്ന അന്വേഷണങ്ങളെ മഹാരാഷ്ട്ര സർക്കാരിന്റെ ഉത്തരവ് ബാധിക്കാനിടയില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. സുശാന്തിന്റെ മരണത്തിൽ മുംബൈ പൊലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാൽ സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാർ സർക്കാർ കേസ് സിബിഐക്ക് വിട്ടു. രാജസ്ഥാനും പശ്ചിമ ബംഗാളും സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP