Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

യുഎഇ കോൺസുലേറ്റിൽ താൻ ആകെ പോയത് രണ്ട് തവണ മാത്രം; ഒരിക്കൽ പോയത് കോൺസുലേറ്റിന് മുന്നിലെ ട്രാഫിക് കുരുക്ക് പരിഹരിക്കാനായി; സ്വപ്നാ സുരേഷ് കോൺസുലേറ്റിനെ മറയാക്കി പലതും ചെയ്തു; ഇപ്പോഴാണ് പലതും പുറത്തറിഞ്ഞതെന്ന് മാത്രം; വിവാദം സൃഷ്ടിക്കുന്നവർ തന്നെയും മറയാക്കുന്നു; കോൺസുലേറ്റ് വിവാദത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുനാടനോട്

യുഎഇ കോൺസുലേറ്റിൽ താൻ ആകെ പോയത് രണ്ട് തവണ മാത്രം; ഒരിക്കൽ പോയത് കോൺസുലേറ്റിന് മുന്നിലെ ട്രാഫിക് കുരുക്ക് പരിഹരിക്കാനായി; സ്വപ്നാ സുരേഷ് കോൺസുലേറ്റിനെ മറയാക്കി പലതും ചെയ്തു; ഇപ്പോഴാണ് പലതും പുറത്തറിഞ്ഞതെന്ന് മാത്രം; വിവാദം സൃഷ്ടിക്കുന്നവർ തന്നെയും മറയാക്കുന്നു; കോൺസുലേറ്റ് വിവാദത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമായ വിധത്തിലാണ് യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് പിറവിയെടുത്തത്. യുഎഇ കോൺസുലെറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഡൽഹി വരെ പോകേണ്ട ഗതികേട് ഒഴിവാക്കാൻ കോൺസുലെറ്റിന്റെ പിറവികൊണ്ട് ദക്ഷിണേന്ത്യക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. പിണറായി സർക്കാർ അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ തന്നെയാണ് കോൺസുലേറ്റ് ഉദ്ഘാടനം കഴിയുന്നത്. ഗവർണർ പി.സദാശിവം ഉദ്ഘാടകനായപ്പോൾ മുഖ്യാഥിതി മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. യുഎഇ കോൺസുലേറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമായപ്പോൾ കോൺസുലെറ്റ് സ്ഥിതി ചെയ്യുന്ന കേരളത്തിലെ സർക്കാരിന് കുരിശായി മാറുകയാണ് ഉണ്ടായത്.

പ്രോട്ടോക്കോൾ പാലിക്കാതെ മറ്റൊരു രാജ്യത്തിന്റെ ഓഫീസിൽ സർക്കാരുമായി ബന്ധപ്പെട്ടവർ മാറിമാറി ഇടപഴകി. വിവാദം വന്നപ്പോൾ എല്ലാം കടുത്ത പ്രോട്ടോക്കോൾ ലംഘനമായി മാറി. മന്ത്രി കെ.ടി.ജലീലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമാണ് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങൾ പതിവാക്കിയത്. ഇതെല്ലാം കേന്ദ്ര ഏജൻസികൾ കണ്ടുപിടിക്കുകയും ചെയ്തു. ഈ വിവാദത്തിനൊപ്പമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂടി യുഎഇ കോൺസുലെറ്റിൽ എത്തിയെന്ന മൊഴി പുറത്ത് വന്നത്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്നാ സുരേഷ് കേന്ദ്ര ഏജൻസികൾക്ക് നൽകിയ മൊഴിയിലാണ് കടകംപള്ളി സുരേന്ദ്രന്റെ പേര് കൂടി പുറത്ത് വന്നത്. മന്ത്രി ജലീലും ശിവശങ്കറും നടത്തിയ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങളുടെ വാർത്തയിലേക്ക് ആണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേര് കൂടി വലിച്ചിഴയ്ക്കപ്പെട്ടത്.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ കോൺസുലെറ്റുമായി തനിക്ക് ഉള്ള ബന്ധം മറുനാടനോട് വ്യക്തമാക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ.. തന്റെ പേര് കൂടി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതിൽ ദുഃഖമുണ്ടെന്നാണ് കടകംപള്ളി പറഞ്ഞത്. എന്താണ് ആ ബന്ധം എന്ന് കടകംപള്ളി വിശദമാക്കുന്നു. തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് താൻ. കോൺസുലേറ്റ് ഇരിക്കുന്നത് തിരുവനന്തപുരത്തും. 2016 ലാണ് കോൺസുലേറ്റ് പിറവിയെടുക്കുന്നത്. അതിനു മുൻപ് ഡൽഹിയിലാണ് കോൺസുലേറ്റ് ഉണ്ടായിരുന്നത്. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആളുകൾ നടത്തിയിരുന്നത് ഏജന്റുമാർ വഴിയും ഡൽഹിയിൽ പോയിട്ടുമാണ്. ഈ ദുരിതമാണ് കോൺസുലേറ്റ് എത്തിയപ്പോൾ അവസാനമായത്. അഞ്ച് സംസ്ഥാനങ്ങൾക്ക് ആയാണ് കോൺസുലേറ്റ് തിരുവനന്തപുരത്ത് വന്നത്. 2016-17 കാലഘട്ടത്തിൽ ഒരു പാട് പ്രതിസന്ധികൾ അവർക്ക് വന്നിട്ടുണ്ട്. കോൺസുലേറ്റ് വന്നത് തന്നെ ശരിയായ സ്ഥലത്തല്ല.

മണക്കാട് ഏറ്റവും തിരക്കുപിടിച്ച സ്ഥലത്ത് റോഡിനോട് ചേർന്നാണ് കോൺസുലേറ്റ് വരുന്നത്. അവിടെ രണ്ടു കാർ ഒരുമിച്ച് വന്നാൽ പോലും പാർക്ക് ചെയ്യാൻ കഴിയാത്ത ഇടമാണ്. റോഡിനു പുറത്ത് ആണെങ്കിൽ വാഹനങ്ങളുടെ ഒഴുക്കും. അവർ വലുതായി തന്നെ ബുദ്ധിമുട്ടി. പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. അകത്തുമില്ല. ഇത് വളരെയധികം ബുദ്ധിമുട്ടികൾ ആണ് അവർക്ക് സൃഷ്ടിച്ചത്. ആയിരക്കണക്കിന് ആളുകളാണ് ദിവസവും അവിടെ വരുന്നത്. അവിടെ ട്രാഫിക് പ്രശ്‌നങ്ങൾ സ്ഥിരമായി. ജനങ്ങൾക്കും കോൺസുലെറ്റിൽ ഉള്ളവർക്കും അത് ബുദ്ധിമുട്ടായി മാറി. ഈ ഘട്ടത്തിലാണ് മന്ത്രി എന്ന നിലയിൽ കോൺസുലേറ്റ് അധികൃതർ എന്നെ സമീപിക്കുന്നത്. അവർ എന്നെ ഈ പ്രശ്‌നങ്ങൾ ഉന്നയിച്ച് എന്നെ കോൺസുലെറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു.

രണ്ടു തവണ മാത്രമാണ് ഞാൻ അവിടെ പോയത്. 2016-17 കാലഘട്ടത്തിൽ മാത്രമാണ് ഞാൻ പോയത്. മന്ത്രിയായ ഈ കാലയളവിൽ ആകെ പോയത് ഈ രണ്ടു തവണമാത്രമാണ്. ഈ പ്രശ്‌നങ്ങൾ മുൻനിർത്തി മാത്രമാണ് ഞാൻ പോയത്. കോൺസുലെറ്റിൽ ഉള്ളവർ അനുഭവിക്കുന്ന ട്രാഫിക് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ഇതിനു പരിഹാരം സൃഷ്ടിക്കാനും മാത്രമാണ് അവരുടെ ക്ഷണപ്രകാരം ഞാൻ പോയത്. ഞാൻ അവിടെ പോയി പൊലീസുമായി ബന്ധപ്പെട്ടു ട്രാഫിക് പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കി. യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്തിനു ലഭിച്ച അഭിമാനകരമായ ഒരു നേട്ടമാണ്.

അതിന്റെ ഗുണഭോക്താക്കൾ കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളാണ്. ഇത് അറിഞ്ഞു തന്നെയാണ് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ മുന്നിൽ നിന്നത്. 2016-17 കാലഘട്ടം കഴിഞ്ഞു മൂന്നു വർഷം പിന്നിട്ടു. പിന്നീട് ഞാൻ കോൺസുലെറ്റിൽ പോയിട്ടുമില്ല. വിവാദത്തിൽ എന്റെ മകന്റെ പേര് കൂടി ചേർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. മകൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുവേണ്ടി പോയതാണ്. മകനും അവന്റെ കൂട്ടുകാരനും കൂടിയാണ് പോയത്. മകൻ യുഎഎയിൽ അല്ല ഖത്തറിൽ ആണ് ജോലി ചെയ്തത്. വിവാദത്തിനു വേണ്ടി വിവാദം സൃഷ്ടിക്കുന്നവർ തന്നെ കൂടി മറയാക്കി മാറ്റുകയാണ് ചെയ്തത്. അല്ലാതെ കോൺസുലെറ്റുമായി ബന്ധപ്പെട്ടു ഉയർന്ന വിവാദങ്ങളിൽ ഒരു പങ്കുമില്ല.

സ്വപ്നാ സുരേഷ് കോൺസുലെറ്റിനെ മറയാക്കി പലതും ചെയ്തു. ഇപ്പോഴാണ് അതിൽ പലതും പുറത്തറിഞ്ഞത്. പക്ഷെ കോൺസുലെറ്റിനു എതിരെ ഒരു വികാരം രൂപപ്പെടുന്നത് മലയാളികൾ അടക്കമുള്ളവർക്ക് ഗുണകരമാകില്ല. ഇപ്പോൾ ഉയരുന്ന വിവാദം മന്ത്രി അങ്ങനെ പോകാമോ? പ്രോട്ടോക്കോൾ ലംഘനമല്ലേ? തിരുവനന്തപുരത്തിന്റെ മന്ത്രി എന്ന നിലയിൽ പലയിടത്തും പോകാനും പല ആളുകളെ സന്ദർശിക്കുകയും ഒക്കെ ചെയ്യാറുണ്ട്. തട്ടുകടക്കാർ വിളിച്ചാൽ വരെ ഞാൻ പോകുമെന്ന് തിരുവനന്തപുരത്തുകാർക്ക് അറിയുകയും ചെയ്യും.

ജനകീയ നേതാക്കൾക്ക് എല്ലായിടത്തും പോയേ പറ്റൂ എന്ന അവസ്ഥയുണ്ട്. അതും മറക്കരുത്. അവിടെ പോകാൻ കഴിയില്ല, ഇവിടെ പോകാൻ കഴിയില്ല എന്ന അവസ്ഥ വരരുത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും. യുഎഇ കോൺസുലേറ്റ് വിവാദത്തിൽ എന്നെ കൂടി ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഞാൻ ഈ രീതിയിലാണ് പ്രശ്‌നങ്ങളെ നോക്കിക്കാണുന്നത്. ഒരു വർഷം ഒരു സ്ഥലത്ത് പോയപ്പോൾ അഞ്ച് വർഷം കഴിഞ്ഞു അവർ വിവാദത്തിൽപ്പെടുമെന്ന് ആർക്ക് ഊഹിക്കാൻ കഴിയും-കടകംപള്ളി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP